ഓണ്‍ലൈനിന് മൂക്കുകയര്‍; വ്യാപാരികള്‍ക്ക് ഗുണം ചെയ്യും

ഓണ്‍ലൈനിന് മൂക്കുകയര്‍; വ്യാപാരികള്‍ക്ക് ഗുണം ചെയ്യും

ഫിദ-
കൊച്ചി: ഉപഭോക്താക്കളുടെ ഇകോമേഴ്‌സ് സൈറ്റ് പ്രണയം തങ്ങളുടെ വയറ്റത്തടിക്കുന്നതായി വ്യാപാര മേഖലയില്‍നിന്ന് പരാതി ഉയരാന്‍ തുടങ്ങിയിട്ട് ഏറയായി. ഇകോമേഴ്‌സ് സൈറ്റുകള്‍ ഉയര്‍ത്തുന്ന അനാരോഗ്യകരമായ മത്സരത്തിന് കടിഞ്ഞാടിണമെന്നും വ്യാപാര മേഖല ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇത് ചെവിക്കൊള്ളാതിരുന്ന കേന്ദ്രത്തിന്റെ കണ്ണ് തുറപ്പിച്ചത് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലംകൂടിയാണ് എന്നാണ് സൂചന.
ഹിന്ദി ഹൃദയഭൂമിയില്‍ തങ്ങള്‍ക്കേറ്റ തിരിച്ചടിക്ക് പിന്നില്‍, കര്‍ഷക രോഷത്തിനൊപ്പം വ്യാപാരി പ്രതിഷേധംകൂടിയുണ്ട് എന്ന തിരിച്ചറിവാണ് ഓണ്‍ലൈന്‍ വ്യാപാരത്തിന് മൂക്കുകയറിടാന്‍ കേന്ദ്ര സര്‍ക്കാറിനെ പ്രേരിപ്പിച്ചത്. ഫെബ്രുവരി ഒന്നുമുതല്‍ ഓണ്‍ലൈന്‍ വിപണിയില്‍ കാതലായ നിയന്ത്രണങ്ങളും മാറ്റങ്ങളുമാണ് വരാന്‍ പോകുന്നത്.
വ്യാപാര രംഗത്തെ വിദേശ നിക്ഷേപം സംബന്ധിച്ച് കര്‍ശന നിബന്ധനകളാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്റ്് പ്രൊമോഷന്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. ഇതനുസരിച്ച്, കമ്പനികള്‍ പുതുതായി പുറത്തിറക്കുന്ന ഉല്‍പന്നങ്ങള്‍ ഏതെങ്കിലും ഒരു ഇകോമേഴ്‌സ് സൈറ്റ് വഴി മാത്രമായി എക്‌സ്‌ക്ലൂസിവ് വില്‍പന നടത്താന്‍ പാടില്ല.
ഇകോമേഴ്‌സ് സൈറ്റ് നടത്തിപ്പ് കമ്പനികള്‍ക്ക് ഓഹരി പങ്കാളിത്തമുള്ള കമ്പനികളുടെ ഉല്‍പന്നങ്ങളും തങ്ങളുടെ ഓണ്‍ലൈന്‍ സൈറ്റ് വഴി വില്‍പന നടത്താന്‍ പാടില്ല. ഇതോടെ, അവിശ്വസനീയ വിലക്കിഴിവ് നല്‍കിയുള്ള വില്‍പന നിലക്കുമെന്നാണ് പ്രതീക്ഷ. ഉപഭോക്താക്കള്‍ക്ക് വന്‍ വിലക്കിഴിവിനുള്ള അവസരമാണ് ഇല്ലാതാകുന്നതെങ്കിലും റീട്ടെയില്‍ വ്യാപാര രംഗത്ത് അച്ചടക്കം കൊണ്ടുവരാന്‍ ഉപകരിച്ചേക്കും.

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | Powered by : Swap IT Solutions Pvt. Ltd.