Month: December 2018

വഴുതന കിലോക്ക് 20 പൈസ; രണ്ടേക്കര്‍ വഴുതനപ്പാടം വെട്ടിനശിപ്പിച്ച് കര്‍ഷകന്‍

രാംനാഥ് ചാവ്‌ല-
മുംബൈ: ആശിച്ച് കൃഷിചെയ്ത വഴുതന വിളവെടുത്തപ്പോള്‍ കിട്ടിയ തുച്ഛവിലയില്‍ മനംനൊന്ത് രണ്ടേക്കര്‍ പാടത്തെ കൃഷി കര്‍ഷകന്‍ വെട്ടിനശിപ്പിച്ചു. മറ്റൊരു കര്‍ഷകന്‍ ഏഴര ക്വിന്റല്‍ ഉള്ളി വിറ്റു കിട്ടിയ നിസ്സാരതുക, പ്രധാനമന്ത്രിക്ക് അയച്ചു കൊടുത്ത് പ്രതിഷേധിച്ചതിന് പിന്നാലെയാണ് മഹാരാഷ്ട്രയില്‍ പുതിയ സംഭവം.
അഹമ്മദ് നഗര്‍ ജില്ലയിലെ സാകുരി ഗ്രാമത്തില്‍ രാജേന്ദ്ര ബാവക്കെ എന്ന കര്‍ഷകനാണ് വഴുതനക്കൃഷി നശിപ്പിച്ചത്. മൊത്തവ്യാപാരകേന്ദ്രത്തില്‍ വഴുതന വില്‍ക്കാനെത്തിച്ചപ്പോള്‍ കിലോയ്ക്ക് 20 പൈസ നിരക്കിലാണ് കിട്ടിയത്. രണ്ടു ലക്ഷം രൂപ മുതല്‍മുടക്കി കൃഷിചെയ്തിട്ട് നേടാനായത് 65,000 രൂപ മാത്രമാണെന്ന് രാജേന്ദ്ര പറയുന്നു. നിരാശനായ ഇദ്ദേഹം അടുത്ത വിളപ്പെടുപ്പിനായി നട്ട വഴുതനച്ചെടികള്‍ മുഴുവന്‍ വെട്ടിനശിപ്പിക്കുകയായിരുന്നു.
ആധുനിക കൃഷിരീതികള്‍ അവലംബിച്ചാണ് കൃഷി തുടങ്ങിയത്. വളവും മരുന്നും വാങ്ങിയ വകയില്‍ കടക്കാരന് 35,000 രൂപ നല്‍കാനുണ്ട്. കടം എങ്ങനെ വീട്ടുമെന്ന ആധിയിലാണ് താനെന്നും രാജേന്ദ്ര പറയുന്നു.
നാസിക്ക്, സൂറത്ത് എന്നിവിടങ്ങളിലെ മൊത്തവ്യാപര കമ്പോളങ്ങളിലാണ് വഴുതനങ്ങ വില്‍ക്കാന്‍ പോയത്. രണ്ടിടത്തും കിലോക്ക് 20 പൈസ പ്രകാരമാണ് വഴുതനക്കച്ചവടക്കാര്‍ പറഞ്ഞത്. ഇനിയുമൊരു നഷ്ടം സഹിക്കാന്‍ കഴിയാത്തതു കൊണ്ടാണ് അടുത്ത വിള നശിപ്പിച്ചതെന്ന് രാജേന്ദ്ര പറയുന്നു.

ജാവ ബൈക്കുകള്‍ ബുക്കിംഗ് ഡിസംബര്‍ 15 ന് തുടങ്ങും

ഫിദ-
കൊച്ചി: ജാവ മോട്ടോര്‍സൈക്കിള്‍സ് ഡീലര്‍ഷിപ്പ് ലെവല്‍ ബുക്കിങ് ഡിസംബര്‍ 15 ന് തുടങ്ങും. മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ക്ലാസിക് ലെജന്‍ഡ്‌സ് കമ്പനിയാണ് വിപണിയില്‍ ജാവ ബൈക്കുകള്‍ എത്തിക്കുകക്കുക. ജാവ, ജാവ ഫോര്‍ട്ടി ടു, പെറാക്ക് എന്നീ മൂന്ന് മോഡലുകളുമായി കമ്പനി ഇന്ത്യന്‍ വപണിയില്‍ തിരിച്ചെത്തുന്നത്. 1.55 ലക്ഷം രൂപ വിലയുള്ള ജാവ ഫോര്‍ട്ടി ടു, 1.64 ലക്ഷം രൂപ വിലയുള്ള ജാവ മോഡലുകളെ 5,000 രൂപ മുന്‍കൂര്‍ പണമടച്ചു ഉപഭോക്താക്കള്‍ക്ക് ബുക്ക് ചെയ്യാം. 293 സിസി ലിക്വിഡ് കൂള്‍ഡ് എഞ്ചിനിലാണ് ജാവ, ജാവ ഫോര്‍ട്ടി ബൈക്കുകള്‍ വിപണിയില്‍ എത്തുക. എഞ്ചിന് 27 യവു കരുത്തും 28 എന്‍ എം ടോര്‍ക്കും പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്. രണ്ടു വര്‍ഷത്തിനു ശേഷം 2020ല്‍ മലിനീകരണ നിയന്ത്രണത്തില്‍ ഭാരത് സ്‌റ്റേജ് ആറ്(ബി എസ് ആറ്) നിലവാരം നടപ്പാവുന്ന സാഹചര്യത്തില്‍ ഈ നിലവാരത്തിലുള്ള എന്‍ജിനോടെയാവും ജാവ ബൈക്കുകള്‍ വിപണിയിലെത്തുക. 293 സി സി, ഫോര്‍ സ്‌ട്രോക്ക്, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ജാവയില്‍. 1.89 ലക്ഷം രൂപയാണ് പെറാക്കിന് വില. 2019 ജനുവരിയോടെ ഇവ ഉപഭോക്താക്കള്‍ക്ക് കൈമാറി തുടങ്ങും. രാജ്യത്താകമാനം ആദ്യ ഘട്ടത്തില്‍ 105 ഡീലര്‍ഷിപ്പുകള്‍ ആരംഭിക്കുമെന്ന് ലോഞ്ചിങ് വേളയില്‍ ജാവ വ്യക്തമാക്കിയിരുന്നു. പുണെ, ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു എന്നിവടങ്ങളിലാണ് ആദ്യം ജാവ ഡീലര്‍ഷിപ്പുകള്‍ പ്രവര്‍ത്തനം തുടങ്ങുക. പുണെ, ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, നാലു ജാവ ഡീലര്‍മാരെ വീതം ലഭിക്കും. രണ്ടാംഘട്ടത്തില്‍ ബംഗലൂരു, ചെന്നൈ, കൊല്‍ക്കത്ത നഗരങ്ങളിലേക്കും പുതിയ ഡീലര്‍ഷിപ്പുകള്‍ ജാവ ആരംഭിക്കും. ബംഗലൂരുവില്‍ അഞ്ചു ഡീലര്‍ഷിപ്പുകളായിരിക്കും ആരംഭിക്കുക. ചെന്നൈയില്‍ നാലും.

റിസര്‍വ് ബാങ്ക് ധനനയ പ്രഖ്യാപനം 5ന്

ഗായത്രി-
കൊച്ചി: റിസര്‍വ് ബാങ്കിന്റെ നടപ്പു സാമ്പത്തിക വര്‍ഷത്തെ അഞ്ചാമത്തെ ധനനയം ബുധനാഴ്ച പ്രഖ്യാപിക്കും. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ അധ്യക്ഷനായ ആറംഗ ധനനയ നിര്‍ണയ സമിതിയുടെ (എം.പി.സി) യോഗം ഇന്നു മുതല്‍ അഞ്ചുവരെ നടക്കും. തുടര്‍ന്ന്, അഞ്ചിന് ഉച്ചയ്ക്ക് 2.30നാണ് ധനനയ പ്രഖ്യാപനം. റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാരും തമ്മിലെ പോര് മറനീക്കി പുറത്തുവന്ന ശേഷം നടക്കുന്ന, ഈ യോഗത്തെ ഏവരും ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.
ക്രൂഡോയില്‍ വിലക്കുതിപ്പ്, ദുര്‍ബലമായ രൂപ, പലിശ കൂട്ടുന്ന ട്രെന്‍ഡ് സ്വീകരിച്ച മറ്റു പ്രമുഖ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകളുടെ നിലപാട് എന്നിങ്ങനെ പലിശനിരക്ക് ഉയര്‍ത്താനുള്ള സര്‍വ സാഹചര്യവുമുണ്ടായിട്ടും ഒക്‌ടോബറിലെ ധനനയ നിര്‍ണയ യോഗത്തില്‍ റിസര്‍വ് ബാങ്ക് മുഖ്യപലിശ നിരക്കുകള്‍ നിലനിറുത്തിയത് ഏവരെയും അമ്പരപ്പിച്ചിരുന്നു. വിപണിയിലെ ചലനങ്ങള്‍ കാത്തിരുന്ന് കാണാമെന്നും ആഗോളഘടകങ്ങളാണ് രൂപയുടെ തകര്‍ച്ചയ്ക്ക് പിന്നിലെന്നുമാണ് അന്ന് ഉര്‍ജിത് അഭിപ്രായപ്പെട്ടത്.
എന്നാല്‍, ഒക്‌ടോബറില്‍ നിന്ന് ഡിസംബറിലേക്ക് എത്തുമ്പോള്‍ കാര്യങ്ങള്‍ നേരെ വിപരീതമാണ്. ഒക്‌ടോബറില്‍ ബാരലിന് 86 ഡോളര്‍ വരെ ഉയര്‍ന്ന ക്രൂഡ് വില കഴിഞ്ഞവാരം 14 മാസത്തെ താഴ്ചയായ 49 ഡോളറിലെത്തി. ഡോളറിനെതിരെ 73 വരെ തകര്‍ന്ന രൂപ, ഇപ്പോഴുള്ളത് 69.58ല്‍. പലിശനിര്‍ണയത്തിന്റെ മുഖ്യഘടകമായ റീട്ടെയില്‍ നാണയപ്പെരുപ്പം നാല് ശതമാനത്തില്‍ നിയന്ത്രിക്കുകയാണ് റിസര്‍വ് ബാങ്കിന്റെ ലക്ഷ്യം. ഇതാകട്ടെ, ഒക്‌ടോബറില്‍ ഒരു വര്‍ഷത്തെ താഴ്ചയായ 3.31 ശതമാനവുമാണ്.
നടപ്പുവര്‍ഷത്തെ ആദ്യപാദമായ ഏപ്രില്‍ജൂണില്‍ 8.2 ശതമാനം ജി.ഡി.പി വളര്‍ച്ച നേടിയ ഇന്ത്യ, രണ്ടാംപാദത്തില്‍ (ജൂലായ്-സെപ്തംബര്‍) 7.1 ശതമാനത്തിലേക്ക് കൂപ്പുകുത്തിയിരുന്നു. സാമ്പത്തിക വളര്‍ച്ചയ്ക്ക് കുതിപ്പേകാന്‍ പലിശഭാരം കുറയണമെന്ന ധനമന്ത്രാലയത്തിന്റെ ആവശ്യവും നിലനില്‍ക്കുന്നു. ഫലത്തില്‍, പലിശനിരക്ക് നിലനിറുത്താനല്ല, കുറയ്ക്കാന്‍ തന്നെ അനുകൂലമാണ് സാഹചര്യം. എങ്കിലും, ‘കാത്തിരുന്ന് കാണാം’ എന്ന നിലപാടിലുറച്ച് റിസര്‍വ് ബാങ്ക് ഇക്കുറിയും നിരക്കുകള്‍ നിലനിറുത്താനാണ് സാധ്യത.

പല രാത്രികളിലും കരഞ്ഞ് തളര്‍ന്ന് ഉറങ്ങേണ്ടി വന്നു

രാംനാഥ് ചാവ്‌ല-
സിനിമക്കായി മുംബൈയിലെത്തിയ കാലം അരുതാത്ത പലതിനും സാക്ഷ്യം വഹിക്കേണ്ടി വന്നതായി നടി കൃതി സനോന്‍. വീട് വിട്ട് പുറത്തേക്ക് പോവുക അപൂര്‍വ്വമായിരുന്നു. സുഹൃത്തുക്കളും കുറവായിരുന്നു. മുംബൈയില്‍ ഒറ്റക്കായിരുന്നു. അരുതാത്ത പലതിനും സാക്ഷ്യം വഹിക്കേണ്ടി വന്നു. കരഞ്ഞ് കരഞ്ഞ് ഉറങ്ങിപ്പോയ ഒരുപാട് രാവുകള്‍ ഓര്‍മ്മയില്‍ തന്നെ വേട്ടയാടുകയാണെന്നും അവര്‍ പറഞ്ഞു.
നടിയായതിന് ശേഷം തനിക്ക് തെരുവോരത്തുള്ള കടകളില്‍ കയറി പാനിപൂരി കഴിക്കാന്‍ പറ്റുന്നില്ല. ഷോപ്പിംഗ് മാളുകളില്‍ പോകാന്‍ പറ്റുന്നിന്നും കൃതി പറഞ്ഞു. ആരും ശ്രദ്ധിക്കില്ലെന്ന് തോന്നുമ്പോള്‍ സൗണ്ട് കൂട്ടി സംഗീതത്തിനൊത്ത് നൃത്തംചെയ്യുകയാണ് പതിവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘കിക്‌സ്’ന്റെ പുതിയ പതിപ്പുകള്‍ 2019 ജനുവരിയില്‍

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: നിസാന്റെ പുതിയ സബ് കോംപാക്ട് എസ്.യു.വിയായ ‘കിക്‌സ്’ 2019 ജനുവരിയില്‍ വിപണിയിലെത്തും. ഫൈവ് സീറ്റര്‍ മോഡലിന്റെ പെട്രോളു ഡീസലും പതിപ്പുകള്‍ ഇന്ത്യന്‍ നിരത്തിലിറക്കാനുള്ള ടെസ്റ്റിങ് പുരോഗമിക്കുകയാണ്. ആഗോളതലത്തില്‍ നിസാന്‍ കിക്‌സ് വില്‍പ്പന ആരംഭിച്ചെങ്കിലും ഏറെ പ്രത്യേകതകളുമായാണ് മോഡലിന്റെ ഇന്ത്യന്‍ പതിപ്പ് വിപണിയിലെത്തുക. വിമോഷന്‍ ഗ്രില്ലാണ് കിക്‌സില്‍. പിന്നോട്ട് വലിഞ്ഞുനില്‍ക്കുന്ന വലിയ ഹെഡ്‌ലാമ്പുകളും എല്‍.ഇ.ഡി. ഡേടൈം റണ്ണിങ് ലൈറ്റുകളും, വലിയ ടെയ്ല്‍ലാമ്പുകള്‍, ബൂട്ടിന് വിലങ്ങനെയുള്ള കട്ടിയേറിയ ക്രോം ലൈനിങ്ങ്, ഉയര്‍ത്തിയ വിന്‍ഡ്ഷീല്‍ഡ്, ഷാര്‍ക്ക് ഫിന്‍ ആന്റീന, സ്‌കിഡ് പ്ലേറ്റ് എന്നിവ ഈ മോഡലിന്റെ സവിശേഷതകളാണ്. 1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളിലായിരിക്കും കിക്‌സ് വിപണിയിലുണ്ടാകുക. പെട്രോള്‍ എന്‍ജിന് 104 യവു കരുത്തും 142 ചാീേൃൂൗാ. 108 യവു കരുത്തും 240 എന്‍എം ടോര്‍ക്ക് ഡീസല്‍ എന്‍ജിന്‍ ഉത്പാദിപ്പിക്കും. പെട്രോള്‍ മോഡലില്‍ അഞ്ച് സ്പീഡും ഡീസലില്‍ ആറ് സ്പീഡും മാനുവല്‍ ഗിയര്‍ബോക്‌സും ഒരുക്കും. 9.5 മുതല്‍ 14.5 ലക്ഷം രൂപ വരെ മോഡലിന് വില പ്രതീക്ഷിക്കാം. ഗ്രാഫേന്‍ ബോഡി ഘടന യാത്രക്കാരെ കൂടുതല്‍ സുരക്ഷിതരാക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. നിസാന്റെ ഡയനാമിക് സോണിക് പ്ലസ് ഡിസൈന്‍ ശൈലിയാണ് കിക്‌സും തുടരുന്നത്.

78 രൂപയുടെ എന്‍ട്രി ലെവല്‍ പ്ലാനുമായി ബിഎസ്എന്‍എല്‍

രാംനാഥ് ചാവ്‌ല-
മുംബൈ: തങ്ങളുടെ പ്രീപെയ്ഡ് വരിക്കാര്‍ക്കായി ബിഎസ്എന്‍എല്‍ വീണ്ടും ആകര്‍ഷണീയമായ പ്ലാന്‍ അവതരിപ്പിച്ചു. 78 രൂപയുടെ എന്‍ട്രി ലെവല്‍ പ്ലാനാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. ഈ പ്ലാനില്‍ പ്രതിദിനം 2ജിബി ഡേറ്റ, ലോക്കല്‍ എസ്റ്റിഡി അണ്‍ലിമിറ്റഡ് കോള്‍ എന്നിവ ലഭിക്കുന്നു. ഓഫറിന്റെ വാലിഡിറ്റി 10 ദിവസത്തേക്കായിരിക്കും. മൊത്തത്തില്‍ 20ജിബി ഡേറ്റയാണ് ലഭിക്കുക. എന്നാല്‍ ഈ പ്രീപെയ്ഡ് പ്ലാന്‍ ഡല്‍ഹി, മുംബൈ എന്നീ സര്‍ക്കിളുകളില്‍ മാത്രമാണ് ലഭ്യമാകുന്നത്. ഈയിടെയാണ് തങ്ങളുടെ 29 രൂപ പ്ലാന്‍ ബിഎസ്എന്‍എല്‍ പരിഷ്‌കരിച്ചത്. ഈ പ്ലാനില്‍ നിലവില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോളുകള്‍, 300എസ്എംഎസ്, 1ജിബി ഡേറ്റ എന്നിവ ഏഴു ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.