Month: December 2018

ജിഎസ്ടിയുടെ മറവില്‍ ഹാജിമാര്‍ക്ക് ചൂഷണം

ഫിദ-
കോഴിക്കോട്: ഹജ്ജ് യാത്ര സബ്‌സിഡി നിര്‍ത്തലാക്കിയതിന് പിന്നാലെ ജി.എസ്.ടിയുടെ പേരില്‍ ഹാജിമാര്‍ക്ക് കൊടിയ ചൂഷണം. ഹജ്ജ് കമ്മിറ്റി മുഖേന പോകുന്ന തീര്‍ഥാടകരില്‍നിന്ന് വിമാന ചാര്‍ജില്‍ ഈടാക്കുന്നത് 18 ശതമാനം ജി.എസ്.ടിയാണ്. ഇതര യാത്രക്കാര്‍ അഞ്ചു ശതമാനം ജി.എസ്.ടി നല്‍കുമ്പോഴാണ് തീര്‍ഥാടകരില്‍നിന്ന് ഇത്രവലിയ സംഖ്യ ഈടാക്കുന്നത്. ഇതിന് ഒരു ന്യായീകരണവും ബന്ധപ്പെട്ടവരില്‍നിന്ന് ലഭിക്കുന്നില്ല. ഭീമമായ ജി.എസ്.ടിക്ക് പുറമെ വിമാനത്താവള നികുതിയും തീര്‍ഥാടകര്‍ നല്‍കേണ്ടിവരുന്നു. വിമാന ചാര്‍ജില്‍ തീര്‍ഥാടകര്‍ക്ക് നല്‍കിവന്നിരുന്ന നേരിയ സബ്‌സിഡി കഴിഞ്ഞ വര്‍ഷമാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയത്.
എയര്‍ ഇന്ത്യയും മറ്റു വിമാന കമ്പനികളും ഈടാക്കിയിരുന്ന കഴുത്തറുപ്പന്‍ നിരക്കിന് ചെറിയൊരു ആശ്വാസം നല്‍കുന്നതായിരുന്നു സബ്‌സിഡി. കാലങ്ങളായി നല്‍കിവന്ന ഈ ഇളവ് പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍, ജി.എസ്.ടിയുടെ മറവില്‍ കൂടുതല്‍ ചൂഷണത്തിന് ഹാജിമാരെ ഇരയാക്കുകയാണ് ഇപ്പോള്‍. ഹജ്ജ് കമ്മിറ്റി മുഖേന കേരളത്തില്‍നിന്ന് പോയവരില്‍നിന്ന് ഇക്കഴിഞ്ഞ ഹജ്ജിന് യാത്രാനിരക്ക് ഈടാക്കിയത് 80,648 രൂപയാണ്. ഇതില്‍ 11,757 രൂപ ജി.എസ്.ടിയാണ്. 3,572 രൂപ വിമാനത്താവള നികുതിയും.
രാജ്യത്തെ ഇതര തീര്‍ഥാടക മേഖലയോട് കാണിക്കുന്ന ഉദാരതയും തുറന്ന സമീപനവും ഹജ്ജ് തീര്‍ഥാടകര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നില്ല. കൈലാസ്മാനസ സരോവര്‍ യാത്രക്ക് ഓരോ തീര്‍ഥാടകനും 50,000 രൂപ കഴിഞ്ഞ വര്‍ഷങ്ങളില്‍ സബ്‌സിഡി നല്‍കിയിരുന്നു. ഹരിദ്വാറിലും ഉജ്ജയിനിലുമുള്ള കുംഭമേളകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ 1150 കോടി രൂപ അനുവദിച്ചു. നാസിക് കുംഭമേളക്ക് 2500 കോടിയാണ് നല്‍കിയത്. ഇതര മതസമൂഹങ്ങളുടെ തീര്‍ഥ യാത്രക്കും ചടങ്ങുകള്‍ക്കും ഇപ്രകാരം സര്‍ക്കാര്‍ ഖജനാവില്‍നിന്ന് കോടികള്‍ ചെലവഴിക്കുമ്പോള്‍ ഹജ്ജ് തീര്‍ഥാടകരോടുള്ള സമീപനം നേര്‍വിപരീതമാണ്. ഹജ്ജ് തീര്‍ഥാടകരെ ജി.എസ്.ടിയുടെ പേരില്‍ പീഡിപ്പിക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം സംസ്ഥാന നിയമസഭയില്‍ ശബ്ദമുയര്‍ന്നു. ജി.എസ്.ടിയുമായി ബന്ധപ്പെട്ട് ചില മേഖലകളില്‍ നിലനില്‍ക്കുന്ന അസമത്വവും വൈരുധ്യവും ചൂണ്ടിക്കാട്ടി വി.കെ.സി. മമ്മദ്‌കോയ കൊണ്ടുവന്ന ബില്ലിന്റെ ചര്‍ച്ചയിലാണ് ഹജ്ജ് യാത്രയിലെ ജി.എസ്.ടി വിഷയമായത്.
ജി.എസ്.ടിയുടെ മറവില്‍ ഹാജിമാരെ ചൂഷണം ചെയ്യുന്നത് പി.ടി.എ. റഹീമും കാരാട്ട് റസാഖും ചൂണ്ടിക്കാട്ടി. വിഷയം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. ചൂഷണത്തിനെതിരെ വിവിധ സാമൂഹിക സംഘടനകളും രംഗത്തെത്തി.

കുട്ടികള്‍ ഒറ്റക്ക് യാത്ര ചെയ്യാന്‍ പ്രത്യേക ഫീസ്

അളക ഖാനം-
ദുബായ്: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ കുട്ടികള്‍ക്ക് ഒറ്റക്ക് യാത്ര ചെയ്യാന്‍ പ്രത്യേക ഫീസ്. രക്ഷിതാക്കളില്ലാതെ കുട്ടികള്‍ ഒറ്റക്ക് യാത്ര ചെയ്യുന്നതിന് വണ്‍ വേ ടിക്കറ്റിന് യാത്രാ നിരക്കിന് പുറമെ 165 ദിര്‍ഹവും റിട്ടേണ്‍ ടിക്കറ്റിന് 330 ദിര്‍ഹവും അധികമായി ഈടാക്കുമെന്നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്. ട്രാവല്‍ ഏജന്റുമാര്‍ക്ക് എയര്‍ ഇന്ത്യ നല്‍കിയ സര്‍ക്കുലറിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്. ദുബായ് വിമാനത്താവളത്തിന് മാത്രമായിരിക്കും ഇത് ബാധകം. ദുബായ് വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്റ്‌ലിങ് ഏജന്‍സി രക്ഷിതാക്കളില്ലാതെ യാത്ര ചെയ്യുന്ന കുട്ടികള്‍ക്കുള്ള നിരക്ക് വര്‍ദ്ധിപ്പിച്ചതാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് കാരണമായി പറയുന്നത്. ഇത് അവധിക്ക് കുട്ടികളെ തനിച്ച് നാട്ടിലേക്ക്‌വിടുന്ന രക്ഷിതാക്കള്‍ക്ക് തിരിച്ചടിയാകും. മാത്രമല്ല, ഇവര്‍ക്കുള്ള ടിക്കറ്റുകള്‍ എയര്‍പോര്‍ട്ട് ഓഫീസില്‍ നിന്നും, എയര്‍ ഇന്ത്യ ഓഫീസില്‍ നിന്നും മാത്രമേ ബുക്ക് ചെയ്യാന്‍ സാധിക്കൂ. ട്രാവല്‍ ഏജന്റ് വഴിയും എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്‌സൈറ്റ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇനി പറ്റില്ല. നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്തവരാണെങ്കില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഓഫീസിലെത്തി അധിക തുക അടക്കേണ്ടി വരും. യാത്ര റദ്ദാക്കിയാല്‍ തുക തിരികെ ലഭിക്കില്ല, എന്നാല്‍, യാത്ര മറ്റൊരു ദിവസത്തേക്ക് മാറ്റുകയാണെങ്കില്‍ തുക വീണ്ടും അടക്കേണ്ടതില്ല. അഞ്ചു മുതല്‍ 12 വയസ് വരെയുള്ള കുട്ടികളെയാണ് അണ്‍ അക്കമ്പനീഡ് മൈനര്‍ വിഭാഗത്തില്‍ വിമാനത്തില്‍ തനിച്ച് യാത്രചെയ്യാന്‍ അനുവദിക്കുക. ഇതിനായി മാതാപിതാക്കളുടെ പാസ്‌പോര്‍ട്ട് കോപ്പി ഉള്‍പ്പെടെയുള്ള രേഖകള്‍ സമര്‍പ്പിക്കണം.

ആധാര്‍ നമ്പര്‍ പിന്‍വലിക്കാന്‍ ജനങ്ങള്‍ക്ക് അവസരം ഉടനുണ്ടാകുമെന്ന് സൂചന

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ഓരോരുത്തരുടേയും ആധാര്‍ നമ്പറും ബയോമെട്രിക് രേഖയും പിന്‍വലിക്കാനുള്ള നിയമഭേദഗതി ഉടനുണ്ടാകുമെന്ന് സൂചന. ആധാര്‍ നിയമം ഇത്തരത്തില്‍ ഭേദഗതി ചെയ്യുന്നതിനായുള്ള നീക്കം അന്തിമഘട്ടത്തിലാണെന്നാണറിയുന്നത്. സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് പുതിയ നടപടി ഉണ്ടായിരിക്കുന്നത്. ഒരാള്‍ക്ക് 18 വയസ്സാകുമ്പോള്‍ അയാളുടെ ആധാര്‍ വിവരങ്ങള്‍ പിന്‍വലിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവസരം നല്‍കണമെന്ന് അതോറിറ്റി ആദ്യ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഈ സൗകര്യം എല്ലാ പൗരന്‍മാര്‍ക്കും നല്‍കണമെന്ന് നിയമ മന്ത്രാലയം നിലപാട് സ്വീകരിക്കുകയായിരുന്നു. പ്രത്യേക പ്രായപരിധിയിലുള്ളവര്‍ക്ക് മാത്രമാക്കരുതെന്നായിരുന്നു ഇതിനോട് ചേര്‍ന്ന് പറഞ്ഞിരുന്നത്. ഉടന്‍ ഇത് കേന്ദ്ര കാബിനറ്റിന്റെ പരിഗണനക്ക് സമര്‍പ്പിക്കാനിരിക്കുകയാണ്.

 

നിസാന്റെ ലീഫ് 2 ഇന്ത്യന്‍ വിപണിയില്‍

വിഷ്ണു പ്രതാപ്-
നിസാന്റെ ഇലക്ട്രിക് വാഹനമായ ലീഫ് 2 ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. നിസാന്റെ രണ്ടാം തലമുറ മോഡലിനെയാണ് ഇന്ത്യന്‍ വിപണിയില്‍ ഇറക്കിയിരിക്കുന്നത്. ഇലക്ട്രിക് കാറുകള്‍ക്ക് ഇന്ത്യയില്‍ പ്രിയമേറിവരുന്ന സാഹചര്യത്തില്‍ ലീഫ്‌ന്റെ വന്‍വിജയമാകും എന്ന പ്രതീക്ഷയാണ് നിസാന്‍ന്ന് ഉള്ളത്. നിസാന്റെ മറ്റു മോഡലകളൊടൊന്നും സാമ്യം തോന്നാത്ത ഡിസൈന്‍ ശൈലിയിലാണ് വാഹനം ഒരുക്കിയിരിക്കുന്നത്.
ഒറ്റ ചാര്‍ജിങ്ങില്‍ 378 കിലോമീറ്റര്‍ സഞ്ചരിക്കാനാകും എന്നതാണ് നിസാന്‍ ലിഫിന്റെ ഏറ്റവും വലിയ പ്രത്യേകത. ഗ്ലോസി ബ്ലാക്ക് ഫിനീഷിലുള്ള ഗ്രില്ലില്‍ വി ഷേപ്പ് ക്രോമിയം ലൈനുകള്‍ക്കുള്ളിണ് നിസാന്റെ സിഗ്‌നേച്ചര്‍ ലോഗോ നല്‍കിയിരിക്കുന്നത്. കാഴ്ചയില്‍ ഇലക്ട്രിക് വഹനമാണെന്ന് തോന്നാത്ത ഡിസൈന്‍ ശൈലിയാണ് വാഹനത്തിനുള്ളത്. ഡുവല്‍ ബീം ഹെഡ്‌ലാമ്പുകളും ബമ്പറിന്റെ താഴെ ഭാഗത്തായുള്ള ഫോഗ് ലാമ്പും ചേര്‍ന്നാണ് ലീഫിന്റെ മുന്‍വശത്തെ ആകര്‍ഷകമാക്കുന്നത്. ത്രികോണാകൃതിയിലുള്ള ടെയില്‍ ലാമ്പും ബോഡിയിലേക്ക് ഇറങ്ങിയിട്ടുള്ള വിന്‍ഡ് ഷീല്‍ഡ്, ബ്ലാക്ക് ഫിനീഷിങ് റൂഫ് സ്‌പോയിലര്‍ എന്നിവയുമാണ് പിന്‍ഭാഗത്തിന് അലങ്കാരമായി നല്‍കിയിരിക്കുന്നത്. 350 വാട്ട്, ലിതിയം അയേണ്‍ ബാറ്ററിയാണ് വാഹനത്തിന് കുതിപ്പിന് ഊര്‍ജം നല്‍കുക. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലെത്തുന്ന ലീഫിന് 148 ബിഎച്ച്പി കരുത്തും 320 എന്‍എം ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് കരുത്തുപകരുന്നത്.

 

ഇന്ത്യന്‍ ബാങ്ക് സ്ഥിരം നിക്ഷേപത്തിനുളള പലിശ നിരക്ക് വര്‍ധിപ്പിച്ച്

ഫിദ-
ചെന്നൈ: സ്ഥിരം നിക്ഷേപത്തിനുളള പലിശ നിരക്ക് ഇന്ത്യന്‍ ബാങ്ക് വര്‍ദ്ധിപ്പിച്ചു. 91 ദിവസം മുതല്‍ 180 ദിവസം വരെയുളള കാലയളവിലേക്ക് അഞ്ചു കോടി രൂപയില്‍ താഴെയുളള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 0.25 ശതമാനമായാണ് വര്‍ധിപ്പിച്ചത്. ഇതോടെ 91 മുതല്‍ 120 ദിവസം വരെ കാലയളവിലുളള ഒരു കോടി രൂപയില്‍ താഴെയുളള നിക്ഷേപങ്ങളുടെ പലിശ ആറ് ശതമാനത്തില്‍ നിന്ന് 6.25 ശതമാനമാക്കി. 121 ദിവസം മുതല്‍ 180 ദിവസം വരെ കാലയളവിലേക്കുളള ഒരു കോടി രൂപയില്‍ താഴെയുളള നിക്ഷേപങ്ങള്‍ക്ക് 6.25 ശതമാനമായിരുന്ന പലിശ 6.50 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്. തിങ്കളാഴ്ച്ച മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വന്നു.

കത്രീനയുടെ ലിപ് ലോക്കില്‍ കിംഗ് ഖാനും വീണു

രാംനാഥ് ചാവ്‌ല-
കത്രീനയുടെ ലിപ് ലോക്കില്‍ അമ്പരന്ന് ഷാറൂഖ്. ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന സീറോ എന്ന ചിത്രത്തിലാണ് കത്രീനയുടെ അപ്രതീക്ഷിത ലിപ് ലോക്ക്. അനുഷ്‌ക ശര്‍മ്മയും, കത്രീന കൈഫുമാണ് ചിത്രത്തിലെ നായികമാര്‍. സല്‍മാന്‍ ഖാനും ചിത്രത്തിലുണ്ട്. ഷാരുഖ് ഖാന്‍ കുള്ളനായി എത്തുന്നു എന്നതാണു ചിത്രത്തിന്റെ പ്രത്യേകത.
ഇസാഖ് ബാസി എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഇര്‍ഷാദ് കാമിലാണ്. അജ് അതുലാണ് സംഗീത സംവിധാനം. ആനന്ദ് എല്‍. റായ് ആണ് സംവിധാനം. സുഖ്വിന്ദര്‍ സിങ്ങും ദിവ്യ കുമാറും ചേര്‍ന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. ബബിത കുമാരി എന്റെ ചുണ്ടുകളില്‍ ചുംബിച്ചു എന്ന് ഉറക്കെ വിളിച്ചു പറയുകയാണ് ഷാരുഖിന്റെ കഥാപാത്രം. ഈ ചുംബനത്തിന്റെ ലഹരിയില്‍ എനിക്കിപ്പോള്‍ പാടണമെന്നു പറയുകയാണു ഗാനത്തിന്റെ തുടക്കത്തില്‍ ഷാരൂഖിന്റെ കഥാപാത്രം. അയാളുടെ സന്തോഷവും ആനന്ദവുമാണ് ഗാനത്തിന്റെ പ്രമേയം. റിലീസ് ചെയ്തു മണിക്കൂറുകള്‍ക്കകം തന്നെ നാലരലക്ഷം പേരാണു ഗാനം യൂട്യൂബില്‍ കണ്ടത്. ഷാരൂഖ് ഖാന്റെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമാണ് സീറോ. ഡിസംബര്‍ 21 ന് ചിത്രം തീയറ്ററുകളിലെത്തും.

അയേണ്‍ ലേഡിയായി നിത്യാ മേനോന്‍

ഗായത്രി-
ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് അയേണ്‍ ലേഡി. മിഷ്‌കിന്റെ അസോസിയേറ്റ് ആയിരുന്ന എ പ്രിയദര്‍ശിനിയാണ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നടി നിത്യാ മേനോനാണ് ജയലളിതയായി വേഷമിടുന്നത്. ഇപ്പോള്‍ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. പോസ്റ്ററിലെ താരത്തെ കണ്ട് ആരാധകരെല്ലാം അമ്പരന്നിരിക്കുകയാണ്. പ്രിയദര്‍ശിനി തന്നെയാണ് ചിത്രത്തിന്റെ ഫസ്‌ററ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചത്. നിത്യാമേനോന്റെ പുതിയ മെയ്ക്ക്ഓവറാണ് ഇപ്പോള്‍ ചലച്ചിത്രലോകത്തെ പ്രധാന ചര്‍ച്ചാവിഷയം. 2019 ഫെബ്രുവരി 24 ജയലളിതയുടെ ജന്മദിനത്തില്‍ അയേണ്‍ ലേഡി ചിത്രീകരണം ആരംഭിക്കും. ഇതുകൂടാതെ എ എല്‍ വിജയ്, ഭാരതിരാജ എന്നീ സംവിധായകരും ജയലളിതയുടെ ജീവിതം സിനിമയാക്കാനുള്ള ഒരുക്കത്തിലാണ്. ജയലളിതയുമായി ഏറെ സാമ്യം തോന്നുന്ന തരത്തിലുള്ളതാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്ററിലെ നിത്യാമേനോന്റെ രൂപം. മുഖസാദൃശ്യത്തില്‍ മാത്രമല്ല വസ്ത്രധാരണത്തില്‍പോലും നിത്യമേനോന്‍ പോസ്റ്ററില്‍ ജയലളിതയായി മാറിയിരിക്കുകയാണ്. ജയലളിതയുടെ സിനിമാ ജീവിതവും രാഷ്ട്രീയ ജീവിതവും മരണവും സിനിമയുടെ ഭാഗമാകുമെന്ന് സംവിധായിക വ്യക്തമാക്കി. പേപ്പര്‍ടെയില്‍ പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

 

ജനുവരിയില്‍ കാര്‍ വില കൂട്ടാനൊരുങ്ങി ടൊയോട്ട

രാംനാഥ് ചാവ്‌ല-
ജനുവരിയില്‍ കാര്‍ വില കൂട്ടാനൊരുങ്ങിയിരിക്കുകയാണ് ടൊയോട്ട. 2019 ജനുവരി ഒന്നുമുതല്‍ മുഴുവന്‍ മോഡലുകളിലും നാലു ശതമാനം വരെ വിലവര്‍ധിപ്പിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. വാഹന നിര്‍മ്മാണ ഘടകങ്ങള്‍ക്ക് വില ഉയര്‍ന്നതും ഉത്പാദന ചിലവുകള്‍ വര്‍ധിച്ചതും കാറുകളുടെ വില കൂട്ടാന്‍ തങ്ങളെ നിര്‍ബന്ധിതരാക്കുകയാണെന്നാണ് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കുന്നത്. രൂപയുടെ മൂല്യത്തിലുള്ള തകര്‍ച്ചയും ഉത്പാദന ചിലവുകള്‍ വര്‍ധിക്കാനുള്ള കാരണമായി കമ്പനി ചൂണ്ടിക്കാട്ടുന്നുണ്ട്. നിലവില്‍ എത്തിയോസ് ലിവ, എത്തിയോസ് സെഡാന്‍, യാരിസ്, കൊറോള ആള്‍ട്ടിസ്, കാമ്രി ഹൈബ്രിഡ്, ഫോര്‍ച്യൂണര്‍ എസ്‌യുവി, ഇന്നോവ ക്രിസ്റ്റ എംപിവി, ലാന്‍ഡ് ക്രൂയിസര്‍, പ്രിയുസ് ഹൈബ്രിഡ് എന്നിവര്‍ ഉള്‍പ്പെടുന്നതാണ് ടൊയോട്ടയുടെ ഇന്ത്യന്‍ മോഡല്‍ നിര. നാലു ശതമാനം വില വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ പ്രാരംഭ മോഡല്‍ എത്തിയോസ് ലിവയ്ക്കു 16,000 രൂപ വരെ വിലവര്‍ധനവ് പ്രതീക്ഷിക്കാം. എസ്‌യുവി നിര അടക്കിവാഴുന്ന ഫോര്‍ച്യൂണറില്‍ 81,000 രൂപ വരെ വിലവര്‍ധനവ് പ്രാബല്യത്തില്‍ വരുമെന്നു സൂചനയുണ്ട്. അടുത്തിടെയാണ് ഫോര്‍ച്യൂണര്‍, ഇന്നോവ മോഡലുകളുടെ വില കമ്പനി വര്‍ധിപ്പിച്ചത്. കൂടുതല്‍ അടിസ്ഥാന ഫീച്ചറുകള്‍ നല്‍കിയെന്ന കാരണത്താല്‍ ഇന്നോവ ക്രിസ്റ്റയ്ക്ക് 30,000 രൂപയും ഇന്നോവ ക്രിസ്റ്റ ടൂറിങ്ങ് സ്‌പോര്‍ടിന് 44,000 രൂപയും കമ്പനി കൂട്ടിയിരുന്നു.
ടെയോട്ടയ്ക്കു പുറമെ ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യുവും അടുത്തവര്‍ഷം മുതല്‍ ഇന്ത്യന്‍ മോഡലുകളുടെ വില കൂട്ടുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്ന്നാണ് റിപ്പോര്‍ട്ട്. നാലു ശതമാനം വരെയാണ് ബിഎംഡബ്ല്യു കാറകുളുടെയും വില വര്‍ധിക്കുക. എന്നാല്‍, ബിഎംഡബ്ല്യുവിന്റെ ഉടമസ്ഥതയിലുള്ള മിനി, ബിഎംഡബ്ല്യു മോട്ടോറാഡ് ബ്രാന്‍ഡുകള്‍ മോഡലുകളുടെ വില കൂട്ടില്ലെന്നും സൂചനയുണ്ട്.

ഇന്ത്യക്കും യുഎഇക്കും ഇനി സ്വന്തം കറന്‍സിയില്‍ വിനിമയമാവാം

അളക ഖാനം-
അബുദാബി: ഇന്ത്യയും യു.എ.ഇയും കറന്‍സി സ്വാപ് കരാറില്‍ ഒപ്പിട്ടു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സ്വന്തം കറന്‍സിയില്‍ വിനിമയം സാധ്യമാക്കുന്നതാണ് കരാര്‍. ഇന്ത്യയു.എ.ഇ ജോയിന്റ് കമീഷന്‍ യോഗത്തിലാണ് കരാര്‍ ഒപ്പിട്ടത്. ഡോളര്‍ പോലുള്ള കറന്‍സികള്‍ അടിസ്ഥാനമാക്കാതെ തന്നെ ഇടപാട് സാധ്യമാകും എന്നതാണ് ഇതിന്റെ പ്രത്യേകത. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജും യു.എ.ഇ. വിദേശ കാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായദ് ആല്‍ നഹ്‌യാനും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചക്കൊടുവിലാണ് ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചത്.
ഇന്ത്യന്‍ രൂപയും യു.എ.ഇ. ദിര്‍ഹവും തമ്മില്‍ കൈമാറാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയെയും യു.എ.ഇ. സെന്‍ട്രല്‍ ബാങ്കിനെയും അനുവദിക്കുന്നതാണ് സ്വാപ് കരാര്‍. ഇത് പ്രാബല്ല്യത്തിലാകുന്നതോടെ ഡോളറിന്റെ ഇടനിലയില്ലാതെ രൂപയിലും ദിര്‍ഹത്തിലും ഇറക്കുമതിയും കയറ്റുമതിയും സാധ്യമാകും. സാമ്പത്തികഫസാങ്കേതിക സഹകരണത്തിനുള്ള ഇന്ത്യ, യു.എ.ഇ. സംയുക്ത സമിതിയുടെ 12ാം സമ്മേളനത്തില്‍ പങ്കെടുക്കാന്‍ തിങ്കളാഴ്ച വൈകിട്ടായിരുന്നു ഉന്നതതല സംഘത്തോടൊപ്പം സുഷമ യു.എ.ഇയില്‍ എത്തിയത്.
ഡോളറിന്റെ ഉയര്‍ച്ചയും താഴ്ചയും ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള വിനിമയത്തെ ബാധിക്കില്ല. യു.എ.ഇ. വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രാലയത്തിലെ സാമ്പത്തിക, വാണിജ്യ വിഭാഗം സഹ മന്ത്രി മുഹമ്മദ് ഷറഫും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിലെ സാമ്പത്തിക വിഭാഗം സെക്രട്ടറി ടി.എസ്. തിരുമൂര്‍ത്തിയുമാണ് ഇരുരാജ്യങ്ങള്‍ക്കും വേണ്ടി ധാരണാപത്രം ഒപ്പിട്ടത്.
ആഫ്രിക്കയുടെ വികസനത്തില്‍ ഇരു രാജ്യങ്ങളുടെയും സഹകരണം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ചാണ് രണ്ടാമത്തെ കരാര്‍. ഇതിന് പുറമെ ഊര്‍ജം, സുരക്ഷ, വാണിജ്യം, നിക്ഷേപം, ബഹിരാകാശ ഗവേഷണം, പ്രതിരോധം തുടങ്ങി വിവിധ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കാനും ധാരണയായിട്ടുണ്ട്. ചടങ്ങില്‍ യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ സായിദ് അല്‍ ഫലാസി, യു.എ.ഇയിലെ ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിങ് സൂരി എന്നിവരും സന്നിഹിതരായിരുന്നു.

കോളിസ്റ്റിന്‍ ആന്റിബയോട്ടിക്; ചിക്കന്‍ വ്യാപാരം മന്ദഗതിയിലായേക്കും

ഗായത്രി-
കൊച്ചി: ബ്രോയലര്‍ ചിക്കന്‍ അതിവേഗത്തില്‍ വളരുന്നതിന് ഉപയോഗിച്ചുവരുന്ന കോളിസ്റ്റിന്‍ ആന്റിബയോട്ടിക് രാജ്യത്ത് നിരോധിച്ചേക്കും. കോഴിയില്‍ വ്യാപകമായി മരുന്ന് ഉപയോഗിക്കുന്നത് മനുഷ്യരില്‍ ആന്റിബയോട്ടിക്കിന് പ്രതിരോധം സൃഷ്ടിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. മനുഷ്യരില്‍ ആന്റിബയോട്ടിക്കിന് പ്രതിരോധം സൃഷ്ടിക്കപ്പെടുന്നതിനാല്‍ പലരോഗങ്ങള്‍ക്കും ചികിത്സ ഫലപ്രദമാകുന്നില്ലെന്ന് പൊതുജനാരോഗ്യ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസം ഇന്ത്യയില്‍ നടത്തിയ അന്വേഷണത്തില്‍ കോഴിയില്‍ അതിശക്തമായ ആന്റിബയോട്ടിക്കിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
കോഴിയിറച്ചി ഉത്പന്നങ്ങള്‍ ധാരാളം ഉപയോഗിക്കുന്ന മക്‌ഡോംണാള്‍ഡ്, പിസ്സ ഹട്ട്, കെഎഫ്‌സി തുടങ്ങിയ കമ്പനികളുടെ ചിക്കന്‍ വിഭവങ്ങളില്‍ ആന്റിബയോട്ടിക്കിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. മൃഗസംരക്ഷണ വകുപ്പ്, ഡയറി ആന്റി ഫിഷറീസ്, ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ, മിനിസ്ട്രി ഓഫ് അഗ്രിക്കള്‍ച്ചര്‍ ആന്റ് ഫാമേഴ്‌സ് വെല്‍ഫെയര്‍, മിനിസ്ട്രി ഓഫ് ഹെല്‍ത്ത് ആന്റ് ഫാമിലി വെല്‍ഫെയര്‍, ഡ്രഗ് കണ്‍ട്രോളര്‍ തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകള്‍ ഇക്കാര്യത്തെക്കുറിച്ച് അന്വേഷണം നടത്തി കോളിസ്റ്റിന്‍ ആന്റിബയോട്ടിക് ഉപയോഗിക്കരുതെന്ന് ശുപാര്‍ശ ചെയ്തിരുന്നു.