ജിഎസ്ടിയുടെ മറവില്‍ ഹാജിമാര്‍ക്ക് ചൂഷണം

ജിഎസ്ടിയുടെ മറവില്‍ ഹാജിമാര്‍ക്ക് ചൂഷണം

ഫിദ-
കോഴിക്കോട്: ഹജ്ജ് യാത്ര സബ്‌സിഡി നിര്‍ത്തലാക്കിയതിന് പിന്നാലെ ജി.എസ്.ടിയുടെ പേരില്‍ ഹാജിമാര്‍ക്ക് കൊടിയ ചൂഷണം. ഹജ്ജ് കമ്മിറ്റി മുഖേന പോകുന്ന തീര്‍ഥാടകരില്‍നിന്ന് വിമാന ചാര്‍ജില്‍ ഈടാക്കുന്നത് 18 ശതമാനം ജി.എസ്.ടിയാണ്. ഇതര യാത്രക്കാര്‍ അഞ്ചു ശതമാനം ജി.എസ്.ടി നല്‍കുമ്പോഴാണ് തീര്‍ഥാടകരില്‍നിന്ന് ഇത്രവലിയ സംഖ്യ ഈടാക്കുന്നത്. ഇതിന് ഒരു ന്യായീകരണവും ബന്ധപ്പെട്ടവരില്‍നിന്ന് ലഭിക്കുന്നില്ല. ഭീമമായ ജി.എസ്.ടിക്ക് പുറമെ വിമാനത്താവള നികുതിയും തീര്‍ഥാടകര്‍ നല്‍കേണ്ടിവരുന്നു. വിമാന ചാര്‍ജില്‍ തീര്‍ഥാടകര്‍ക്ക് നല്‍കിവന്നിരുന്ന നേരിയ സബ്‌സിഡി കഴിഞ്ഞ വര്‍ഷമാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയത്.
എയര്‍ ഇന്ത്യയും മറ്റു വിമാന കമ്പനികളും ഈടാക്കിയിരുന്ന കഴുത്തറുപ്പന്‍ നിരക്കിന് ചെറിയൊരു ആശ്വാസം നല്‍കുന്നതായിരുന്നു സബ്‌സിഡി. കാലങ്ങളായി നല്‍കിവന്ന ഈ ഇളവ് പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍, ജി.എസ്.ടിയുടെ മറവില്‍ കൂടുതല്‍ ചൂഷണത്തിന് ഹാജിമാരെ ഇരയാക്കുകയാണ് ഇപ്പോള്‍. ഹജ്ജ് കമ്മിറ്റി മുഖേന കേരളത്തില്‍നിന്ന് പോയവരില്‍നിന്ന് ഇക്കഴിഞ്ഞ ഹജ്ജിന് യാത്രാനിരക്ക് ഈടാക്കിയത് 80,648 രൂപയാണ്. ഇതില്‍ 11,757 രൂപ ജി.എസ്.ടിയാണ്. 3,572 രൂപ വിമാനത്താവള നികുതിയും.
രാജ്യത്തെ ഇതര തീര്‍ഥാടക മേഖലയോട് കാണിക്കുന്ന ഉദാരതയും തുറന്ന സമീപനവും ഹജ്ജ് തീര്‍ഥാടകര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നില്ല. കൈലാസ്മാനസ സരോവര്‍ യാത്രക്ക് ഓരോ തീര്‍ഥാടകനും 50,000 രൂപ കഴിഞ്ഞ വര്‍ഷങ്ങളില്‍ സബ്‌സിഡി നല്‍കിയിരുന്നു. ഹരിദ്വാറിലും ഉജ്ജയിനിലുമുള്ള കുംഭമേളകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ 1150 കോടി രൂപ അനുവദിച്ചു. നാസിക് കുംഭമേളക്ക് 2500 കോടിയാണ് നല്‍കിയത്. ഇതര മതസമൂഹങ്ങളുടെ തീര്‍ഥ യാത്രക്കും ചടങ്ങുകള്‍ക്കും ഇപ്രകാരം സര്‍ക്കാര്‍ ഖജനാവില്‍നിന്ന് കോടികള്‍ ചെലവഴിക്കുമ്പോള്‍ ഹജ്ജ് തീര്‍ഥാടകരോടുള്ള സമീപനം നേര്‍വിപരീതമാണ്. ഹജ്ജ് തീര്‍ഥാടകരെ ജി.എസ്.ടിയുടെ പേരില്‍ പീഡിപ്പിക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം സംസ്ഥാന നിയമസഭയില്‍ ശബ്ദമുയര്‍ന്നു. ജി.എസ്.ടിയുമായി ബന്ധപ്പെട്ട് ചില മേഖലകളില്‍ നിലനില്‍ക്കുന്ന അസമത്വവും വൈരുധ്യവും ചൂണ്ടിക്കാട്ടി വി.കെ.സി. മമ്മദ്‌കോയ കൊണ്ടുവന്ന ബില്ലിന്റെ ചര്‍ച്ചയിലാണ് ഹജ്ജ് യാത്രയിലെ ജി.എസ്.ടി വിഷയമായത്.
ജി.എസ്.ടിയുടെ മറവില്‍ ഹാജിമാരെ ചൂഷണം ചെയ്യുന്നത് പി.ടി.എ. റഹീമും കാരാട്ട് റസാഖും ചൂണ്ടിക്കാട്ടി. വിഷയം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. ചൂഷണത്തിനെതിരെ വിവിധ സാമൂഹിക സംഘടനകളും രംഗത്തെത്തി.

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | Powered by : Swap IT Solutions Pvt. Ltd.