Month: July 2018

നോട്ട് നിരോധനത്തിന് പിന്നാലെ ഹൈദരബാദിലെ കമ്പനി വെളുപ്പിച്ചെടുത്തത് 3178 കോടി

വിഷ്ണു പ്രതാപ്-
ഹൈദരാബാദ്: നോട്ട് നിരോധനത്തിന് പിന്നാലെ ഹൈദരബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനി വെളുപ്പിച്ചെടുത്തത് 3178 കോടി എന്ന് റിപ്പോര്‍ട്ടുകള്‍. ഹൈദരാബാദിലെ ഇറഗണ്ടയില്‍ ഡ്രീം ലൈന്‍ മാന്‍ പവര്‍ സൊല്യൂഷന്‍ എന്ന വ്യജ പേരിലാണ് കമ്പനി കള്ളപ്പണം വെളുപ്പിച്ചത്.
നോട്ട് നിരോധനത്തിന് പിന്നാലെ 2017 നവംബര്‍ 15ന് സംശയാസ്പദമായി പ്രവര്‍ത്തിക്കുന്ന 18 കമ്പനികള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അതിലൊന്നാണ് ഡ്രീം ലൈന്‍ മാന്‍ പവര്‍ സൊല്യൂഷന്‍. ബാങ്കുകള്‍ നല്‍കിയ വിവരമനുസരിച്ച് 100 കോടിയിലധികം പണം നിക്ഷേപിച്ച് പിന്‍വലിച്ചവരാണ് ഈ കമ്പനികളെല്ലാം.
പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്. തുടര്‍ന്ന് മാന്‍ പവര്‍ സൊല്യൂഷന്‍ പേരുമാറ്റി നിത്യാന്‍ക് ഇന്‍ഫ്രാപവര്‍ ആന്റ് മള്‍ട്ടി വെന്‍ച്യുവേഴ്‌സ് എന്ന പേരിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തി. ടാക്‌സ് കണ്‍സല്‍ട്ടന്‍സി, നിയമ സഹായം, ഓഹരി മാര്‍ക്കറ്റിംഗ് തുടങ്ങിയ മേഖലകളിലാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. യെസ് ബാങ്കില്‍ നിന്ന് 1700 കോടി രൂപ കമ്പനി കടമെടുത്തിട്ടുള്ളതായും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.

ഭാരതില്‍ സല്‍മാനൊപ്പം കത്രീന കെയ്ഫ്

രാംനാഥ് ചാവ്‌ല-
സല്‍മാന്‍ ഖാന്‍ നായകനാകുന്ന ഭാരതില്‍ കത്രീന കെയ്ഫ് നായിക. പ്രിയങ്ക ചോപ്ര പിന്‍മാറിയ സാഹചര്യത്തിലാണിത്.അമേരിക്കന്‍ ഗായകന്‍ നിക്ക് ജോനാസുമായുള്ള പ്രിയങ്കയുടെ വിവാഹം ഈ വര്‍ഷമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഇതാണത്രേ സെപ്തംബറില്‍ ചിത്രീകരണം തുടങ്ങുന്ന ഭാരതില്‍ നിന്ന് പിന്‍മാറാന്‍ പ്രിയങ്കയെ പ്രേരിപ്പിച്ചത്. പ്രിയങ്കയ്ക്ക് പകരം കത്രീന നായികയാകുന്ന വിവരം സംവിധായകന്‍ അലി അബ്ബാസ് സഫര്‍ ട്വിറ്ററിലൂടെയാണ് അറിയിച്ചത്.
സല്‍മാന്‍ ഖാനും കത്രീനയും ഒന്നിച്ച ടൈഗര്‍ സിന്ദാ ഹെയും ഏക് ദാ ടൈഗറും വന്‍ ഹിറ്റുകളായിരുന്നു. തബു, ദിഷാ പട്ടാനി, സുനില്‍ ഗ്രോവര്‍ തുടങ്ങിയവരാണ് ഭാരതിലെ മറ്റ് പ്രധാന താരങ്ങള്‍. 2014 ല്‍ റിലീസായ ദക്ഷിണ കൊറിയന്‍ ചിത്രം ഓഡ് ടു മൈ ഫാദര്‍ എന്ന ചിത്രത്തിന്റെ റീമേക്കാണ് ഭാരത്. അബുദാബിയും പഞ്ചാബുമാണ് പ്രധാന ലൊക്കേഷനുകള്‍.

കുരുമുളക് ഉല്‍പ്പാദനം കൂടും

ഗായത്രി-
കൊച്ചി: സംസ്ഥാനത്ത് കാലവര്‍ഷം അനുകൂലമായതിനാല്‍ കുരുമുളക് ഉത്പാദനം അടുത്ത വര്‍ഷം ഉയരാനുള്ള സാധ്യതകള്‍ തെളിയുന്നു. ചിങ്ങം പിറക്കുന്നതോടെ മഴ അല്പം കുറഞ്ഞാല്‍ കൊടികളില്‍ കുരുമുളക് മണികള്‍ മികവ് കാണിക്കുമെന്ന വിശ്വാസത്തിലാണ് കര്‍ഷകര്‍. പിന്നിട്ട സീസണിലെ ഉത്പാദനത്തില്‍ വലിയൊരു പങ്ക് ഉത്പാദകരുടെ പത്തായങ്ങളില്‍ നീക്കിയിരിപ്പുണ്ട്. കുരുമുളകുവില ഉയരുന്നതും കാത്ത് ചരക്ക് സൂക്ഷിച്ച അവര്‍ ഓഫ് സീസണില്‍ മുളക് വില്പനക്ക് ഇറക്കാനാവുമെന്ന പ്രതീക്ഷയിലാണ്.
ഓഗസ്റ്റ്ഒക്‌ടോബറിലെ ഉത്സവകാലവേളയില്‍ ഉത്തരേന്ത്യയില്‍നിന്ന് സുഗന്ധവ്യഞ്ജനങ്ങള്‍ക്ക് വന്‍ ഡിമാന്റ് അനുഭവപ്പെടാറുണ്ട്. ഇക്കുറിയും അവിടെനിന്ന് കൂടുതല്‍ ആവശ്യക്കാര്‍ എത്തുമെന്ന വിശ്വാസത്തിലാണ് ഹൈറേഞ്ചിലെയും ഇതര ഭാഗങ്ങളിലെയും കര്‍ഷകര്‍. കുരുമുളകിനു മാത്രമല്ല, ചുക്കും മഞ്ഞളും ഏലക്കയും ജാതിക്കയുമെല്ലാം ഈ കാലയളവില്‍ ഉയര്‍ന്ന അളവില്‍ വിറ്റഴിക്കാറുണ്ട്.

 

75 രൂപക്ക് ബി.എസ്.എന്‍.എല്ലിന്റെ കിടിലന്‍ ഓഫര്‍

ഫിദ-
കൊച്ചി: 75 രൂപയുടെ റീചാര്‍ജില്‍ പ്രീപെയ്ഡ് വരിക്കാര്‍ക്ക് കിടിലന്‍ ഓഫറുമായി ബി.എസ്.എന്‍.എല്‍. പരിധിയില്ലാത്ത കോളുകളും 10 ജിബി ഡാറ്റയും 500 എസ്.എം.എസും ആണ് 75 രൂപയുടെ റീചാര്‍ജില്‍ ലഭിക്കുക. 15 ദിവസമാണ് കാലാവധി. ഈ ഓഫര്‍ തുടക്കത്തില്‍ ബി.എസ്.എന്‍.എല്ലിന്റെ ആന്ധ്രപ്രദേശ്, തെലങ്കാന സര്‍ക്കിളുകളില്‍ ആണ് ലഭ്യമാകുക. പ്രത്യേക റീചാര്‍ജുകളിലൂടെ 180 ദിവസങ്ങള്‍ വരെ കാലാവധി നീട്ടാനും സാധിക്കും.
റിലയന്‍സ് ജിയോയുടെ 98 രൂപയുടെ ഓഫറിനെ വെല്ലുന്നതാണ് ബി.എസ്.എന്‍.എല്ലിന്റെ ഈ ഓഫര്‍. ജിയോ ഓഫറില്‍ രണ്ട് ജി.ബി ഡാറ്റയും പരിധിയില്ലാത്ത കോളുകളും 300 എസ്.എം.എസും 28 ദിവസത്തേക്കാണ് ലഭിക്കുക. 171 രൂപയുടെ റീചാര്‍ജില്‍ 30 ദിവസത്തേക്ക് ദിവസേന 2 ജിബി ഡാറ്റ, പരിധിയില്ലാത്ത കോളുകള്‍, 100 എസ്.എം.എസ് എന്നിവ ലഭിക്കുന്ന ഓഫര്‍ ബി.എസ്.എന്‍.എല്‍ കഴിഞ്ഞ ആഴ്ച അവതരിപ്പിച്ചിരുന്നു.

പ്രിയങ്കയുടെ വിവാഹ നിശ്ചയും കഴിഞ്ഞു

രാംനാഥ് ചാവ്‌ല-
ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകന്‍ നിക് ജോനാസും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞുവെന്ന് റിപ്പോര്‍ട്ട്. ഹോളിവുഡ് സീരിയലുകളിലും സിനിമകളിലും സജീവമായതോടെ കഴിഞ്ഞ രണ്ടു വര്‍ഷമായി ബോളിവുഡില്‍ നിന്ന് അകന്നു നില്‍ക്കുകയായിരുന്നു പ്രിയങ്ക.
തന്നെക്കാള്‍ 10 വയസ് കുറഞ്ഞ അമേരിക്കന്‍ ഗായകന്‍ നിക് ജൊനാസുമായി പ്രണയത്തിലാണ് പ്രിയങ്ക. നിക്കിന് 25 വയസും പ്രിയങ്കക്ക് 36 വയസുമാണ്. ഹോളിവുഡിലെ വളരെ പ്രശസ്തനായ ഗായകനാണ് ഇരുപത്തിയഞ്ചുകാരനായ നിക് ജൊനാസ്. കഴിഞ്ഞ വര്‍ഷം നടന്ന മെറ്റ് ഗാല റെഡ് കാര്‍പെറ്റിലാണ് പ്രിയങ്കയും നിക്കും ആദ്യമായി ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്. പിന്നീട് പല വേദികളിലും ഇവര്‍ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു. ഇവരുടെ വിവാഹം ഉടന്‍ ഉണ്ടാവുമെന്നും റിപ്പോര്‍ട്ടുണ്ട്.

ദിലീപിനെ തിരിച്ചെടുത്തത് ശരിയല്ല: കമല്‍ ഹാസന്‍

ഗായത്രി-
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്തത് ശരിയല്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി നടന്‍ കമല്‍ഹാസന്‍. സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സുഹൃത്തുക്കളുടെ കൂട്ടായ്മ എന്ന രീതിയിലല്ല ‘അമ്മ’ തീരുമാനമെടുക്കേണ്ടത്. സംഘടനയുടെ നിയമാവലിക്ക് അകത്തുനിന്ന് തീരുമാനമെടുക്കണം. ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങുമായി ബന്ധപ്പെട്ട് മോഹന്‍ലാലിനെ ഒറ്റപ്പെടുത്താന്‍ ശ്രമം നടക്കുന്നതായി കരുതുന്നില്ലെന്നും കമല്‍ഹാസന്‍ കൂട്ടിച്ചേര്‍ത്തു.

ഫ്രാന്‍സില്‍ ഇന്ത്യക്കാര്‍ക്കിനി ട്രാന്‍സിറ്റ് വിസയുടെ ആവശ്യമില്ല

അളക ഖാനം-
പാരീസ്: ഫ്രാന്‍സിലെ വിമാനത്താവളങ്ങള്‍ വഴി മറ്റ് രാജ്യങ്ങളിലേക്ക് പോകുന്ന ഇന്ത്യക്കാര്‍ക്ക് ഇനി മുതല്‍ എയര്‍പോര്‍ട്ട് ട്രാന്‍സിറ്റ് വിസ ആവശ്യമില്ല. ജൂലൈ 23 മുതല്‍ ഈ നിയമം നിലവില്‍ വന്നതായി ഇന്ത്യയിലെ ഫ്രാന്‍സ് സ്ഥാനപതി അലക്‌സാണ്ട്രേ സീഗ്ലര്‍ ട്വീറ്റ് ചെയ്തു. ഇത് പ്രകാരം ഫ്രാന്‍സിലെ വിമാനത്താവളങ്ങള്‍ വഴി യാത്ര ചെയ്യുന്ന ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് ട്രാന്‍സിറ്റ് വിസ കൂടാതെ യാത്ര ചെയ്യാം.
26 യൂറോപ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഷെങ്കന്‍ ഏരിയയുടെ ഭാഗമാണ് ഫ്രാന്‍സ്. നേരത്തെ ഇത് വഴി സഞ്ചരിക്കാന്‍ ഷെങ്കന്‍ ട്രാന്‍സിറ്റ് വിസ ആവശ്യമായിരുന്നു.

 

ഇഷ്ടമുള്ളത് ചെയ്യും, പ്രായം നിശ്ചയിക്കുന്നത് മനസ്സ്

രാംനാഥ് ചാവ്‌ല-
സാമൂഹിക മാധ്യമത്തില്‍ ശ്രദ്ധേയമായ താരമാണ് ചിത്ര കാജോള്‍. മ്യൂസിക്കല്‍ ആപ്പിലൂടെ യൂട്യൂബില്‍ ഹിറ്റായ ചിത്ര ഡബ്‌സ്മാഷ്, പ്രണയഗാനങ്ങള്‍, ആക്ഷന്‍ രംഗങ്ങള്‍ എന്നിങ്ങനെ എല്ലാം ചെയ്യും. ചിത്രയെ അഭിനന്ദിക്കുന്നവരും അതിനേക്കാള്‍ വിമര്‍ശിക്കുന്നവരും സാമൂഹിക മാധ്യമങ്ങളിലുണ്ട്. എന്തിനാണ് കോപ്രായം കാണിക്കുന്നതെന്നും പ്രായമായാല്‍ അടങ്ങി ഇരിക്കണമെന്നുമാണ് ഉപദേശം. ഇതിനെല്ലാം കൃത്യമായ മറുപടി ചിത്രക്കുണ്ട്.
‘എന്നെ കിളവി എന്ന് വിളിച്ച് കളിയാക്കുന്നവരോട് എനിക്ക് ഒരു കാര്യം പറയാനുണ്ട്. ശരീരമല്ല പ്രായം നിശ്ചയിക്കുന്നത് മനസ്സാണ്. മാനസികമായി ഞാന്‍ പതിനാറ് വയസ്സുള്ള പെണ്‍കുട്ടിയാണ്. ആ ചിന്ത എനിക്ക് കൂടുതല്‍ ശക്തിയും ഉണര്‍വും നല്‍കുന്നു. എന്നെ ആന്റി, അമ്മ, മുത്തശ്ശി അങ്ങനെ എന്ത് വേണമെങ്കിലും വിളിച്ചോളൂ അതൊന്നും എനിക്ക് പ്രശ്‌നമില്ല. നമുക്ക് ഒരാളെ കരയിപ്പിക്കാന്‍ എളുപ്പമാണ്. എന്നാല്‍ ചിരിപ്പിക്കാന്‍ ഏറെ ബുദ്ധിമുട്ടാണ്. ഞാന്‍ അതാണ് ചെയ്യുന്നതും. ഇഷ്ടമുള്ളവര്‍ക്ക് കാണാം. അല്ലാത്തവര്‍ക്ക് അത് കാണേണ്ട എന്ന് വെക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ചിത്ര പറഞ്ഞു.
‘ഞാന്‍ ഇങ്ങനെയാണ്, എനിക്കിഷ്ടമുള്ളത് ചെയ്യും. മറ്റുള്ളവര്‍ക്ക് ദോഷമില്ലല്ലോ. ഇഷ്ടമില്ലാത്തവര്‍ക്ക് കാണാതിരിക്കാം. എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടന്‍ രജനികാന്താണ്. അദ്ദേഹം ആണ് എന്റെ റോള്‍ മോഡല്‍. സിനിമയില്‍ ആണെങ്കിലും ജീവിതത്തിലാണെങ്കിലും അദ്ദേഹം പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാറുണ്ട്. വിജയ്, വിജയ് സേതുപതി എന്നിവരെ എനിക്കിഷ്ടമാണ്. നടിമാരില്‍ രാധികയെയാണ് ഇഷ്ടം. രാഘവ ലോറന്‍സ് സാറിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്. അദ്ദേഹത്തിന്റെ കാഞ്ചന എനിക്ക് ഇഷ്ടപ്പെട്ട ചിത്രമാണ്. അടുത്ത ജന്‍മം ലോറന്‍സ് സാര്‍ എനിക്ക് മകനായി ജനിക്കണം. കാരണം ഇതാണ്, മറ്റുള്ളവര്‍ ഉപേക്ഷിക്കുന്ന അമ്മമാര്‍ക്ക് ലോറന്‍സ് സാര്‍ അഭയം നല്‍കുന്നു. അതൊരു നല്ല കാര്യമല്ലേ’ ചിത്ര പറഞ്ഞു.
എന്റെ വീഡിയോകള്‍ക്ക് ഒരുപാട് ട്രോളുകളുണ്ട്. അതില്‍ പലരും വിഷം കുടിക്കുന്ന പോലെ കാണിക്കുന്നു. കുളത്തില്‍ ചാടുന്നു. കുളത്തില്‍ ചാടുന്നവരോട് ഒരുകാര്യം പറയാനുണ്ട്. അപകടം വരുത്തി വെക്കരുത്. അത് കാണുമ്പോള്‍ ഭയം തോന്നി. ട്രോള്‍ വീഡിയോ ആദ്യം കണ്ടപ്പോള്‍ സങ്കടം തോന്നി. ഇതെല്ലാം വിട്ടുകളയാമെന്ന് തോന്നി. എന്നാല്‍ ഇന്ന് മനസ്സിലാക്കുന്നു പരിഹാസങ്ങള്‍ കാരണമാണ് ഞാന്‍ ഇത്രയും ഹിറ്റായത്. ഇന്ന് ഞാന്‍ അതെല്ലാം ആസ്വദിക്കുന്നു. എത്ര പരിഹസിച്ചാലും പിന്‍മാറാന്‍ ഉദ്ദേശിക്കുന്നില്ല എന്നും ചിത്ര കൂട്ടിച്ചേര്‍ത്തു.

മരുന്നുവിലക്ക് കടിഞ്ഞാന്‍ വീണപ്പോള്‍ ലാഭിക്കാനായത് 11,463 കോടി

ഗായത്രി-
കൊച്ചി: മരുന്നുവിലക്ക് കടിഞ്ഞാന്‍ വീണപ്പോള്‍ രോഗികളുടെ പോക്കറ്റില്‍ സുരക്ഷിതമായി നിന്നത് 11,463 കോടി.വില നിയന്ത്രണ നിയമം നിലവില്‍ വന്ന 2013 മേയ് മുതല്‍ കഴിഞ്ഞ മാസം വരെ രാജ്യത്തെ വിറ്റഴിച്ച മരുന്നുകളുടെ വിലയിലുണ്ടായ കുറവാണ് ഇതിനുകാരണം. കേന്ദ്ര പെട്രോളിയ രാസവസ്തു വകുപ്പ് സഹമന്ത്രി മാന്‍സിഖ് എല്‍.മാണ്ഡവിയ ലോക് സഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്.
ശസ്ത്രക്രിയയ്ക്ക് ശരീരത്തിനുള്ളില്‍ സ്ഥാപിക്കുന്ന സ്‌റ്റെന്റുകളുടെകൊള്ള തടയാനായതാണ് ഏറ്റവും ശ്രദ്ധേയം. വിലനിയന്ത്രണ പട്ടികയില്‍ ഇവയെ ഉള്‍ക്കൊള്ളിച്ച 2017 ഫെബ്രുവരി മുതല്‍ കഴിഞ്ഞ മാസം വരെ 4,547 കോടിയാണ് ലാഭിക്കാനായത്. 85 ശതമാനം വരെ വിലക്കുറവായി സ്‌റ്റെന്റിന്.
ലോഹസങ്കരം കൊണ്ടു നിര്‍മ്മിച്ച ബെയര്‍ മെറ്റല്‍ സ്‌റ്റെന്റുകളുടെ വില 30,000-75,000 ആയിരുന്നു. ഇപ്പോഴത്തെ വില 7,400 രൂപ. 1.80 ലക്ഷം വരെ പരമാവധി വിലയുണ്ടായിരുന്ന ഡ്രഗ് ഇല്ല്യൂട്ടിംഗ് സ്‌റ്റെന്റുകള്‍ക്ക് 30,180 ആയി. നിയന്ത്രണം തീരെ ദഹിക്കാതെ വന്ന അമേരിക്കന്‍ സ്‌റ്റെന്റ് നിര്‍മ്മാതാക്കളായ ‘അബോട്ട്’ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വാങ്ങി.
മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയാ ഉപകരണങ്ങളുടെ വിലയില്‍ 69 ശതമാനം കുറവാണ് കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ പ്രാബല്ല്യത്തിലായത്. ഒരു വര്‍ഷം തികയാന്‍ ഒരുമാസം ശേഷിക്കെ 1,500 കോടി രൂപ രോഗികള്‍ക്ക് ഇതിലൂടെ ലാഭിക്കാനായെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഫേസ്ബുക്കിന് റെക്കോര്‍ഡ് നഷ്ടം

അളക ഖാനം-
ന്യൂയോര്‍ക്ക്: ഒരുദിവസംകൊണ്ട് ഒരു കമ്പനിക്ക് ഓഹരിവിപണിയില്‍ ഉണ്ടാകുന്ന ഏറ്റവും വലിയ നഷ്ടത്തിന്റെ റിക്കാര്‍ഡ് ഇനി ഫേസ്ബുക്കിനു സ്വന്തം. 12,000 കോടി ഡോളര്‍ (8.23 ലക്ഷം കോടി രൂപ) ആണ് ഇന്നലെ വിപണിമൂല്യത്തിലുണ്ടായ നഷ്ടം. കമ്പനി സാരഥി മാര്‍ക്ക് സുക്കര്‍ബര്‍ഗിനു വന്ന നഷ്ടം 1,600 കോടി ഡോളര്‍ (1.09 ലക്ഷം കോടി രൂപ) ആണ്.
കമ്പനിക്കു ജൂലൈസെപ്റ്റംബര്‍ െ്രെതമാസത്തില്‍ ലാഭവും വരുമാനവും കുറയുമെന്ന മുന്നറിയിപ്പാണു വിഷയം. ബുധനാഴ്ച ഔദ്യോഗിക ഓഹരിവിപണിയുടെ സമയം കഴിഞ്ഞശേഷമാണു കമ്പനി ഇതറിയിച്ചത്. പിന്നീടു നടന്ന അനൗപചാരിക വ്യാപാരത്തില്‍ ഓഹരിവില 24 ശതമാനം താണു. അതായത് 15,100 കോടി ഡോളര്‍ നഷ്ടം. അനൗപചാരിക വ്യാപാരം അവസാനിക്കുമ്പോള്‍ വില 21 ശതമാനം താഴെയായിരുന്നു. വ്യാഴാഴ്ച ഔപചാരിക വ്യാപാരം തുടങ്ങിയപ്പോള്‍ വിലത്തകര്‍ച്ച 20 ശതമാനമായിരുന്നു. അല്പം കഴിഞ്ഞപ്പോള്‍ ഇടിവ് 19 ശതമാനമായി.