Month: July 2018

എയര്‍ ഇന്ത്യയുടെ സ്വകാര്യവത്കരണത്തിനു സാധ്യമായതെല്ലാം ചെയ്യും: മോദി

ഗായത്രി
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എയര്‍ഇന്ത്യയുടെ സ്വകാര്യവത്കരണത്തിനു സാധ്യമായതെല്ലാം കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡല്‍ഹിയില്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇതാദ്യമായാണ് പ്രധാനമന്ത്രി എയര്‍ ഇന്ത്യയുടെ സ്വകാര്യവത്കരണം സംബന്ധിച്ചു പ്രതികരിക്കുന്നത്. എയര്‍ ഇന്ത്യയുടെ സ്വകാര്യവത്കരണ പദ്ധതിയോട് ആളുകള്‍ താത്പര്യം പ്രകടിപ്പിക്കാത്തതിനെ സര്‍ക്കാരിന്റെ നയസമീപനങ്ങളുമായി ബന്ധപ്പെടുത്തി വ്യാഖ്യാനിക്കരുത്.
സ്വകാര്യവത്കരണത്തെ അത്രകണ്ടു സ്വാഗതം ചെയ്യുന്നില്ലെങ്കിലും എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള പല കമ്പനികളും സ്വകാര്യവത്കരിക്കുന്നതിനുള്ള തീരുമാനം കാബിനറ്റ് തലത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ആവശ്യമായ നടപടിക്രമങ്ങള്‍ക്കു ശേഷം ഈ തീരുമാനങ്ങള്‍ നടപ്പിലാകും. സര്‍ക്കാര്‍ പ്രതീക്ഷിക്കുന്ന വില ലഭിക്കാതെ കിട്ടുന്ന വിലക്ക് ഈ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കാനാവില്ലെന്നും മോദി പറഞ്ഞു.
എയര്‍ ഇന്ത്യയുടെ 70 ശതമാനം ഓഹരികളും എയര്‍ഇന്ത്യ എസ്എടിഎസിന്റെ 50 ശതമാനം ഓഹരികളും വില്‍ക്കാനായിരുന്നു കേന്ദ്രസര്‍ക്കാര്‍ പദ്ധതി. ഇതോടൊപ്പം ഇപ്പോള്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ സ്വകാര്യവത്കരണവും സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നു.

 

ഓണ വിപണിയില്‍ എല്‍ജി ലക്ഷ്യമിടുന്നത് 600 കോടിയുടെ വിറ്റുവരവ്

ഫിദ
കൊച്ചി: കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് ആന്റ്് ഹോം അപ്ലയന്‍സസ് കമ്പനിയായ എല്‍ജി ഇലക്‌ട്രോണിക്‌സ് ഇന്ത്യ ലിമിറ്റഡ് ഉപഭോക്താക്കള്‍ക്കായി ഓണം ഓഫറുകള്‍ അവതരിപ്പിച്ചു. ഓണവിപണിയില്‍നിന്ന് 600 കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യമിടുന്ന എല്‍ജി മുമ്പെങ്ങും നല്‍കാത്തവിധത്തിലുള്ള ആകര്‍ഷകമായ ഓഫറുകളാണ് നല്‍കുന്നത്. തെരഞ്ഞെടുക്കപ്പെട്ട എല്‍ജി ഉത്പന്നങ്ങള്‍ വാങ്ങുമ്പോള്‍ ഉപഭോക്താവിനു നറുക്കെടുപ്പിലൂടെ നൂറില്‍പ്പരം എല്‍ജി ഉത്പന്നങ്ങള്‍ സ്വന്തമാക്കാനുള്ള അവസരമുണ്ട്.
കൂടാതെ സ്‌ക്രാച്ച് ആന്റ്് വിന്‍ ഓഫറിലൂടെ 2.2 കോടി രൂപയുടെ കാഷ്ബാക്ക് സമ്മാനങ്ങള്‍, തെരഞ്ഞെടുക്കപ്പെട്ട ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളില്‍ അഞ്ച് ശതമാനം കാഷ് ബാക്ക് ഓഫറുകള്‍, ഇഎംഐ സൗകര്യങ്ങള്‍, തെരഞ്ഞെടുക്കപ്പെട്ട ഉത്പന്നങ്ങള്‍ക്ക് െ്രെട ആന്റ്് ബൈ ഓഫറുകള്‍, വാങ്ങിയ ദിവസംതന്നെയുള്ള ഇന്‍സ്റ്റലേഷന്‍ എന്നിവയാണ് ഓഫറിന്റെ ഭാഗമായി നല്‍കുന്നത്. കൂടാതെ ഹോം എന്റര്‍ടെയിന്‍മെന്റ്, ഹോം അപ്ലയന്‍സസ് ഉത്പന്നങ്ങള്‍ക്കു മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെ ഓഫറായി നല്‍കുന്നുമുണ്ട്. ആഘോഷമാക്കാം സെലിബ്രേറ്റിംഗ് ഹെല്‍ത്ത് ആന്റ് ഹാപ്പിനസ് എന്നതാണ് ഓണക്കാലത്തെ എല്‍ജിയുടെ പ്രമോഷണല്‍ തീം.
ഇന്ത്യയില്‍ 21 വര്‍ഷങ്ങള്‍ പിന്നിടുന്നതിന്റെ ഭാഗമായി നേരത്തെ അവതരിപ്പിച്ചിരുന്ന ദ ഇയര്‍ ഓഫ് ഇന്നോവേഷന്‍ ആഘോഷങ്ങളുടെ തുടര്‍ച്ചയാണ് ഹെല്‍ത്ത് ആന്റ് ഹാപ്പിനസ് പ്രമോഷന്‍.
ദൈനംദിന ജീവിതത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതും ഉപഭോക്താവിന്റെ ആരോഗ്യസംരക്ഷണത്തിന് സഹായിക്കുന്നതും ഊര്‍ജസംരക്ഷണമികവുമുള്ള നവീന ഉത്പന്നങ്ങളുടെ അവതരണവും കൂടിയാണ് ഇതിലൂടെ എല്‍ജി ലക്ഷ്യമിടുന്നത്. സെലിബ്രേറ്റിംഗ് ഹെല്‍ത്ത് ആന്റ്് ഹാപ്പിനസ് കാമ്പയിന്റെ ഉദ്ഘാടനം എല്‍ജി നാഷണല്‍ സെയില്‍സ് ഡയറക്ടര്‍ സഞ്ജീവ് അഗര്‍വാള്‍ നിര്‍വഹിച്ചു.

ലാലേട്ടന്‍ ഇപ്പോഴും ക്യൂട്ടാണ്…

ഫിദ
നടന്‍ മോഹന്‍ ലാല്‍ ഇപ്പോഴും സുന്ദരനാണെന്ന് തെന്നിന്ത്യന്‍ താരം ഖുശ്ബു. മോഹന്‍ലാല്‍രജ്ഞിത്ത് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഡ്രാമ എന്ന ചിത്രത്തിന്റെ ടീസര്‍ കണ്ടതിന് ശേഷമാണ് ഖുശ്ബു ട്വിറ്ററില്‍ ഈ വാക്കുകള്‍ കുറിച്ചത്. ലാലേട്ടന്‍ ഇപ്പോഴും ക്യൂട്ടാണ്. അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നുവെന്നും അവര്‍ പറഞ്ഞു.
ഡ്രാമയില്‍ മോഹന്‍ലാലിന്റെ നായികയായി എത്തുന്നത് ആശാ ശരത്താണ്. ദൃശ്യം, ബിയോണ്ട് ദ ബോര്‍ഡേഴ്‌സ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രംകൂടിയാണ് ഡ്രാമ. ഇവരെ കൂടാതെ സുരേഷ് കൃഷ്ണ, മുരളി മേനോന്‍, സുബി സുരേഷ് എന്നിവരും ഈ ചിത്രത്തില്‍ ഉണ്ടാകും. മറ്റുള്ള പ്രധാന കഥാപാത്രങ്ങള്‍ ആരൊക്കെയാണെന്നുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. വര്‍ണചിത്ര ബിഗ് സ്‌ക്രീനിന്റെ ബാനറില്‍ മഹാസുബൈറാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
മോഹന്‍ലാലിനൊപ്പം മലയാളത്തില്‍ രണ്ടു ചിത്രങ്ങളില്‍ അഭിനയിച്ച നടിയാണ് ഖുശ്ബു. അങ്കിള്‍ ബണ്‍, ചന്ദ്രോത്സവം എന്നിവയാണ് ആ ചിത്രങ്ങള്‍. ഇതിനു പുറമേ നിരവധി മലയാളം ചിത്രങ്ങളില്‍ പ്രാധാന്യമുള്ള വേഷങ്ങളില്‍ ഖുശ്ബു അഭിനയിച്ചിട്ടുണ്ട്്.

 

ഉറവിടമില്ല; കോട്ടക്കല്‍ എസ്ബിഐയിലെ 20 പേരുടെ അക്കൗണ്ടില്‍ കോടികളെത്തി

ഫിദ
കൊച്ചി: കോട്ടക്കല്‍ എസ്ബിഐ ശാഖയിലെ 20 പേരുടെ അക്കൗണ്ടിലേയ്ക്കു കോടികള്‍ നിക്ഷേപമായി എത്തി. കോട്ടക്കല്‍ ആര്യവൈദ്യശാല ജീവനക്കാരായ 20 പേരുടെ എസ്ബിഐ അക്കൗണ്ടിലേക്കാണ് ഉറവിടം വ്യക്തമല്ലാതെ 40 കോടി എത്തിയത്.
എന്നാല്‍ എവിടെ നിന്നാണ് ഈ പണം എത്തിയത് എന്നു വ്യക്തമായി പറയാന്‍ ബാങ്ക് ജീവനക്കാര്‍ക്കും കഴിയുന്നില്ല. പണം എത്തിയതോടെ 20 അക്കൗണ്ടുകളും ബാങ്ക് മരവിപ്പിച്ചു.
സാങ്കേതിക പിശക് മൂലമാണ് ഇത്തരത്തില്‍ പണം എത്തിയത് എന്നാണ് ബാങ്കിന്റെ ഭാഗത്തു നിന്നുള്ള വിശദീകരണം. തുക പിന്‍വലിച്ചതായി പിന്നീട് ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് നല്‍കി.
എന്നാല്‍ അക്കൗണ്ട് മരവിപ്പിച്ചതോടെ പലര്‍ക്കും ശമ്പളം പോലും പിന്‍വലിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. അക്കൗണ്ടില്‍ പണം എത്തിയത് ഏതെങ്കിലും തരത്തിലുള്ള അഴിമതിയുടെ ഭാഗമാണോ എന്നും ഇവര്‍ സംശയം പ്രകടിപ്പിക്കുന്നു

അമ്മയില്‍ എല്ലാകാലത്തും പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്: ഊര്‍മിള ഉണ്ണി

ഗായത്രി
കോഴിക്കോട്: ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യം അമ്മയില്‍ ഉന്നയിച്ചത് താന്‍ തന്നെയെന്ന് നടി ഊര്‍മിള ഉണ്ണി. എന്നാല്‍ വിഷയം യോഗത്തിലെ ചര്‍ച്ചയില്‍ വന്നിട്ടില്ല. വീട്ടിലെ ജോലിക്കാരി വീടുവിട്ടുപോയാല്‍ അവര്‍ തിരിച്ചെത്തുകയില്ലേ എന്ന ലാഘവത്തോടെ ഒരു വാചകം ചോദിക്കുകയാണ് താന്‍ ചെയ്തതെന്നും അവര്‍ പറഞ്ഞു. ബഷീര്‍ അനുസ്മരണ വേദിയുടെ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണോ കുറ്റാരോപിതനായ ദിലീപിനൊപ്പമാണോ എന്ന കാര്യം കേസ് തെളിയിക്കാതെ പറയാനാവില്ല. അമ്മയിലെ സാധാരണ അംഗമാണ് താന്‍. അമ്മ നല്ല സംഘടനയാണ്. എല്ലാ കാലത്തും ഓരോ പ്രശ്‌നങ്ങളുണ്ടാവാറുണ്ട്. ഇപ്പോള്‍ ഉള്ള വിഷയത്തില്‍ ആരാണ് കുറ്റം ചെയ്തതെന്ന് അറിയില്ല. നാല് അംഗങ്ങള്‍ രാജിവെച്ചത് അവരുടെ വ്യക്തിപരമായ തീരുമാനമാണെന്നും അതില്‍ പ്രതികരിക്കാനില്ലെന്നും ഊര്‍മിള ഉണ്ണി കൂട്ടിച്ചേര്‍ത്തു.
പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ പുരസ്‌കാര ജേതാവായ അധ്യാപിക ദീപ നിശാന്ത് ഉള്‍പ്പെടെയുള്ളവര്‍ വിട്ടുനിന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അധ്യാപകരെയൊക്കെ നന്നായി പ്രോത്സാഹിപ്പിക്കണമെന്നായിരുന്നു ഊര്‍മിള ഉണ്ണിയുടെ പ്രതികരണം. ദീപ നിശാന്തിനെ കൂടാതെ ബഷീറിന്റ മകള്‍ ഷാഹിന ബഷീര്‍, ഗുരുവായൂരപ്പന്‍ കോളജിലെ വിദ്യാര്‍ഥികള്‍ എന്നിവര്‍ ഊര്‍മിള ഉണ്ണിയുടെ നിലപാടില്‍ പ്രതിഷേധിച്ച് ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു.

വിദേശ മദ്യങ്ങള്‍ ഇനി ബീവറേജസിലും

ഗായത്രി
തിരു: ബീവറേജസിലൂടെ ഇനി യഥാര്‍ത്ഥ വിദേശ മദ്യങ്ങളും. ബിവറേജസ് ഔട്ട്‌ലറ്റുകളില്‍ വിദേശ മദ്യങ്ങള്‍ ഇന്നുമുതല്‍ വിതരണം ചെയ്തുതുടങ്ങി.17 കമ്ബനികളുടെതായി 147 ബ്രാന്‍ഡ് മദ്യങ്ങളാണ് ഔട്ട്‌ലറ്റുകളിലൂടെ വില്‍ക്കപ്പെടുന്നത്.
എന്നാല്‍ കരാര്‍ ലഭിച്ച കമ്പനികള്‍ മദ്യം ഇനിയും എത്തിച്ചിട്ടില്ല. മാത്രമല്ല എക്‌സൈസ് പെര്‍മിറ്റ് വാങ്ങാനുള്ള നടപടികളും പൂര്‍ത്തിയായിട്ടില്ല. അതുകൊണ്ടു തന്നെ ഇവ ലഭിക്കാന്‍ ഇനിയും ഒരു ആഴ്ച കൂടി കാത്തിരിക്കേണ്ടി വരും. 200 മില്ലി, 500 മില്ലി, 750 മില്ലി, ഒരു ലിറ്റര്‍ എന്നിങ്ങനെ നാല് അളവുകളിലാണ് മദ്യം കിട്ടുക. ജോണിവാക്കറിന്റെ റെഡ് ലേബല്‍ വിസ്‌കി മാത്രം 375 മില്ലിയായി ലഭിക്കും. ഷിവാസ് റിഗല്‍, അബ്‌സല്ല്യൂട്ട്, വോഡ്ക, ജാക്ഡാനിയെല്‍ എന്നിവ തുടക്കത്തില്‍ ലഭ്യമല്ലെങ്കിലും വൈകാതെ എത്തും.