അമ്മയില്‍ എല്ലാകാലത്തും പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്: ഊര്‍മിള ഉണ്ണി

അമ്മയില്‍ എല്ലാകാലത്തും പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്: ഊര്‍മിള ഉണ്ണി

ഗായത്രി
കോഴിക്കോട്: ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യം അമ്മയില്‍ ഉന്നയിച്ചത് താന്‍ തന്നെയെന്ന് നടി ഊര്‍മിള ഉണ്ണി. എന്നാല്‍ വിഷയം യോഗത്തിലെ ചര്‍ച്ചയില്‍ വന്നിട്ടില്ല. വീട്ടിലെ ജോലിക്കാരി വീടുവിട്ടുപോയാല്‍ അവര്‍ തിരിച്ചെത്തുകയില്ലേ എന്ന ലാഘവത്തോടെ ഒരു വാചകം ചോദിക്കുകയാണ് താന്‍ ചെയ്തതെന്നും അവര്‍ പറഞ്ഞു. ബഷീര്‍ അനുസ്മരണ വേദിയുടെ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണോ കുറ്റാരോപിതനായ ദിലീപിനൊപ്പമാണോ എന്ന കാര്യം കേസ് തെളിയിക്കാതെ പറയാനാവില്ല. അമ്മയിലെ സാധാരണ അംഗമാണ് താന്‍. അമ്മ നല്ല സംഘടനയാണ്. എല്ലാ കാലത്തും ഓരോ പ്രശ്‌നങ്ങളുണ്ടാവാറുണ്ട്. ഇപ്പോള്‍ ഉള്ള വിഷയത്തില്‍ ആരാണ് കുറ്റം ചെയ്തതെന്ന് അറിയില്ല. നാല് അംഗങ്ങള്‍ രാജിവെച്ചത് അവരുടെ വ്യക്തിപരമായ തീരുമാനമാണെന്നും അതില്‍ പ്രതികരിക്കാനില്ലെന്നും ഊര്‍മിള ഉണ്ണി കൂട്ടിച്ചേര്‍ത്തു.
പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ പുരസ്‌കാര ജേതാവായ അധ്യാപിക ദീപ നിശാന്ത് ഉള്‍പ്പെടെയുള്ളവര്‍ വിട്ടുനിന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അധ്യാപകരെയൊക്കെ നന്നായി പ്രോത്സാഹിപ്പിക്കണമെന്നായിരുന്നു ഊര്‍മിള ഉണ്ണിയുടെ പ്രതികരണം. ദീപ നിശാന്തിനെ കൂടാതെ ബഷീറിന്റ മകള്‍ ഷാഹിന ബഷീര്‍, ഗുരുവായൂരപ്പന്‍ കോളജിലെ വിദ്യാര്‍ഥികള്‍ എന്നിവര്‍ ഊര്‍മിള ഉണ്ണിയുടെ നിലപാടില്‍ പ്രതിഷേധിച്ച് ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close