Month: July 2018

ഹോംകോ വിദേശവിപണിയിലേക്ക്

ഫിദ
തിരു: പൊതുമേഖലയിലെ ഏക ഹോമിയോ മരുന്ന് നിര്‍മ്മാണ ശാലയായ ആലപ്പുഴ പാതിരപ്പള്ളിയിലെ ഹോംകോ വിദേശവിപണിയിലേക്ക്. ഇത് ലക്ഷ്യമിട്ടുള്ള പുതിയ പ്ലാന്റ് അടുത്തവര്‍ഷം പ്രവര്‍ത്തന ക്ഷമമാവും. 52.88 കോടി രൂപയാണ് നിര്‍മ്മാണച്ചെലവ്. പുതുതായി 125 പേര്‍ക്ക് തൊഴിലും ലഭിക്കും
സൗന്ദര്യവര്‍ധക ഔഷധങ്ങള്‍ ഉള്‍പ്പെടെ അന്താരാഷ്ട്ര നിലവാരമുള്ള മരുന്ന് നിര്‍മ്മാണത്തിനായി അത്യാധുനിക യന്ത്രങ്ങളാണ് പ്ലാന്റില്‍ സ്ഥാപിക്കുക. സംസ്ഥാനത്തെ സര്‍ക്കാര്‍ ഹോമിയോ ആശുപത്രികള്‍ക്ക് മരുന്ന് സപ്ലൈ ചെയ്യുന്നത് ഹോംകോയാണ്. 20 ഓളം സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും മരുന്ന് നല്‍കുന്നുണ്ട്. ഒട്ടേറെ സ്വകാര്യ ആശുപത്രികളും ഹോംകോയുടെ മരുന്നുകള്‍ വാങ്ങുന്നുണ്ട്. ഇവിടെ ഉത്പാദിപ്പിക്കുന്ന മരുന്നുകളുടെ ഗുണനിലവാരം പരിഗണിച്ചാണ് വിദേശത്തുനിന്നും അന്വേഷണങ്ങള്‍ എത്തിയത്. 30 കോടി രൂപയാണ് ഇപ്പോഴത്തെ പ്രതിവര്‍ഷ വിറ്റുവരവ്.

കുപ്പിവെള്ള വ്യവസായത്തെ തകര്‍ക്കാന്‍ നീക്കമെന്ന് വ്യാപാരികള്‍

ഗായത്രി
കൊച്ചി: കുപ്പിവെള്ള വ്യവസായത്തെ തകര്‍ക്കാനുള്ള ഗൂഢനീക്കത്തെ അതിശക്തമായി ചെറുക്കുമെന്ന് കേരള പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടര്‍ മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ (കെ.പി.ഡി.എ.). ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ പേരില്‍ വ്യാജവാര്‍ത്തകളാണ് നവമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതെന്ന് അവര്‍ ആരോപിച്ചു.
വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന കേരളത്തിലെ മുന്‍നിര കമ്പനികള്‍ക്കെതിരേയാണ് സൈബര്‍ ആക്രമണം. പരിശോധനകളില്‍ ഈ ബ്രാന്‍ഡുകളില്‍ മായം കണ്ടെത്തുകയോ കോളിഫോം ബാക്ടീരിയ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് അസോസിയേഷന്‍ അവകാശപ്പെടുന്നു.
രാജ്യത്തൊട്ടാകെ ഐ.എസ്.ഐ. മാര്‍ക്കാണ് കുപ്പിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നത്. കുപ്പിവെള്ള ഫാക്ടറികള്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സും (ബി.ഐ.എസ്.) ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയും (എഫ്.എസ്.എസ്.എ.ഐ.) നിഷ്‌കര്‍ഷിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് കുടിവെള്ളം കുപ്പികളില്‍ നിറച്ച് വിപണനം നടത്തുന്നത്.
ഐ.എസ്.ഐ. മാര്‍ക്കില്ലാതെ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ ഉണ്ടെങ്കില്‍ അവയെ കണ്ടെത്തി നിയമനടപടികള്‍ സ്വീകരിച്ച് കേരളത്തിലെ കുപ്പിവെള്ള വ്യവസായത്തെ സംരക്ഷിക്കണമെന്ന് കെ.പി.ഡി.എയുടെ മുഖ്യ രക്ഷാധികാരി ജേക്കബ് അബ്രഹാം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വാട്‌സാപ്പിലൂടെ വ്യാജ പ്രചാരണം നടത്തിയവര്‍ക്കെതിരേ സംസ്ഥാന പോലീസ് മേധാവിക്കും സൈബര്‍ സെല്ലിലും പരാതി നല്‍കിയിട്ടുണ്ടെന്നും ജേക്കബ് അബ്രഹാം പറഞ്ഞു.

ബിക്കിനിയിട്ട് സുഹാന വീണ്ടും വൈറലായി

രാംനാഥ് ചാവ്‌ല
കിംഗ് ഖാന്റെ മകള്‍ സുഹാന ഖാന്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നു. ഇക്കുറിയും വസ്ത്ര ധാരണത്തിന്റെ പേരിലാണ് താരപുത്രി വൈറലായത്. ബിക്കിനി ധരിച്ച് ബന്ധുക്കള്‍ക്കൊപ്പം ബീച്ചില്‍ നില്‍ക്കുന്ന ചിത്രമാണ് വൈറലായത്. ബിക്കിനിയില്‍ സണ്‍ ഗ്ലാസും ധരിച്ചു ഹോട്ട് ലുക്കിലാണ് സുഹാന.
വസ്ത്രധാരണത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്ന താരപുത്രിയാണ് സുഹാന ഖാന്‍. ചിത്രം വൈറലായതോടെ ആരാധകരും രംഗത്തെത്തി. പുതിയ ചിത്രത്തിന് താഴെയും മോശമായ കമന്റുകളാണ് വന്ന് കൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ സംസ്‌കാരം മനസിലുണ്ടായിരിക്കണമെന്ന് സുഹാനക്ക് മുന്നറിയിപ്പ് കൊടുക്കുന്നതാണ് കമന്റുകള്‍. സുഹാനയെ കുറിച്ചോര്‍ത്തു ലജ്ജിക്കുന്നെന്നും മാറ്റം വേണമെന്നുമാണ് ചിലരുടെ ഉപദേശം.

എമിറേറ്റ്‌സ് എയറില്‍ ഹിന്ദുമീല്‍സ് തിരിച്ചെത്തി

അളക ഖാനം
ദുബായ്: യാത്രക്കാര്‍ക്കായി വിമാനത്തില്‍ വിളമ്പിയിരുന്ന ഹിന്ദു മീല്‍സ് വീണ്ടും ഭക്ഷണ മെനുവിലേക്ക് തിരിച്ചുകൊണ്ട് വരാന്‍ എമിറേറ്റ്‌സ് അധികൃതരുടെ തീരുമാനം. തങ്ങളുടെ പ്രിയ വിഭവം ഒഴിവാക്കിയതിനെതിരെ പ്രതിഷേധവുമായി ഉപഭോക്താക്കള്‍ രംഗത്തത്തിയതോടെയാണ് തീരുമാനം മാറ്റാന്‍ അധികൃതര്‍ തയ്യാറായത്. നിലവില്‍ ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുന്ന ഏറ്റവും വലിയ വിമാനക്കമ്പനിയാണ് എമിറേറ്റ്‌സ്.
ഹിന്ദു ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ഇഷ്ടപ്രകാരം ഭക്ഷണം തെരഞ്ഞെടുക്കുന്നതിന് വേണ്ടി ഭക്ഷണ മെനുവില്‍ വീണ്ടും ഹിന്ദു മീല്‍സ് ഉള്‍പ്പെടുത്തിയതായി എമിറേറ്റ്‌സ് അധികൃതര്‍ അറിയിക്കുകയായിരുന്നു. ഉപഭോക്താക്കളില്‍ നിന്നും നിരന്തരമായി അഭിപ്രായം തേടാറുണ്ടെന്നും കമ്പനി വ്യക്തമാക്കി. ഹിന്ദു ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ താത്പര്യങ്ങള്‍ക്ക് അനുസരിച്ച് ഭക്ഷണം തെരഞ്ഞെടുക്കാനുള്ള അവസരം നല്‍കുമെന്നും കമ്പനി അറിയിച്ചു. സസ്യാഹാരികള്‍ക്ക് ഇനിമുതല്‍ ജെയ്ന്‍ മീല്‍, ഇന്ത്യന്‍ മീല്‍, കോഷര്‍ മീല്‍, ബീഫ് ഉള്‍പ്പെടാത്ത നോണ്‍വെജ് വിഭവങ്ങള്‍ തുടങ്ങിയവ തെരഞ്ഞെടുക്കാമെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു.

ഇന്ധനവില വര്‍ധിച്ചു

ഫിദ
തിരു: ഇന്ധനവിലയില്‍ നേരിയ വര്‍ധനവ്. പെട്രോളിന് 17 പൈസയും ഡീസലിന് 12 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 78.80 രൂപയും ഡീസലിന് 72.26 രൂപയുമായി. കണ്ണൂരില്‍ പെട്രോളിന് ഡീസലിന് പൈസയുമാണ്.

 

സലാല ടൂറിസം ഫെസ്റ്റിന് പത്തിന് കൊടി ഉയരും

അളക ഖാനം
സലാല: ദോഫാറിന്റെ മഴക്കാല ഉത്സവമായ സലാല ടൂറിസം ഫെസ്റ്റിവലിന് ഈ മാസം പത്തിന് കൊടി ഉയരും. ആഗസ്റ്റ് മൂന്നാം വാരത്തില്‍ വലിയ പെരുന്നാള്‍ അവധി പൂര്‍ത്തിയാകുന്നതുവരെ ഫെസ്റ്റിവല്‍ തുടരും. ദോഫാര്‍ ഗവര്‍ണര്‍ സയ്യിദ് മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ ബിന്‍ ഹമൂദ് അല്‍ ബുസൈദിയുടെ രക്ഷാകര്‍തൃത്വത്തില്‍ തിങ്കളാഴ്ച നടന്ന ടൂറിസം ഫെസ്റ്റിവല്‍ നടത്തിപ്പ് കമ്മിറ്റിയുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്.
ഇത്തീനിലെ നഗരസഭ മൈതാനിയിലാണ് ഫെസ്റ്റിവല്‍ നടക്കുക. ഇവിടെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. ഒമാന്റെ പൈതൃകവും സംസ്‌കാരവും ഒപ്പം ദോഫാര്‍ ഗവര്‍ണറേറ്റിലെ ജീവിതത്തെ കുറിച്ചും പ്രതിപാദിക്കുന്ന പ്രത്യേക പ്രദര്‍ശനങ്ങളും ഇക്കുറി സലാല ടൂറിസം ഫെസ്റ്റിവലില്‍ ഉണ്ടാകും. അന്താരാഷ്ട്ര കലാകാരന്മാരുടെ പ്രദര്‍ശനങ്ങളും ഉണ്ടാകും. എല്ലാ പ്രായത്തിലുള്ളവര്‍ക്കും വിനോദവും വിജ്ഞാനവും പ്രധാനം ചെയ്യുന്ന പരിപാടികളായിരിക്കും ടൂറിസം ഫെസ്റ്റിവലില്‍ ഒരുക്കുക. കമ്പനികളുടെയും സര്‍ക്കാര്‍ ഏജന്‍സികളുടെയും സ്റ്റാളുകളും ഇവിടെയുണ്ടാകും. കുട്ടികള്‍ക്കുള്ള വിനോദോപാധികളും ഫെസ്റ്റിവല്‍ നഗരിയില്‍ ഒരുക്കും.

എമിറേറ്റ്‌സ് എയര്‍ ഇക്കണോമി ക്ലാസില്‍ ഇനി ‘ഹിന്ദു നോണ്‍ വെജിറ്റേറിയന്‍’ ഭക്ഷണം ലഭിക്കില്ല

വിഷ്ണു പ്രതാപ്
ഹൈദരാബാദ്: എമിറേറ്റ്‌സ് വിമാനത്തില്‍ ഇക്കണോമി ക്ലാസ് യാത്രക്കാര്‍ക്ക് ഇനി ‘ഹിന്ദു നോണ്‍ വെജിറ്റേറിയന്‍’ ഭക്ഷണം ലഭിക്കില്ല. ഇക്കാര്യം അറിയിച്ചുകൊണ്ട് എമിറേറ്റ്‌സ് യാത്രക്കാര്‍ക്കു സന്ദേശമയച്ചു. ജൂലൈ ഒന്നു മുതല്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കു ബാധകമാകുന്ന രീതിയിലാണ് പുതിയ നടപടി.
അതേസമയം, ബിസിനസ്, ഫസ്റ്റ് ക്ലാസ് യാത്രക്കാര്‍ക്ക് ‘ഹിന്ദു നോണ്‍ വെജിറ്റേറിയന്‍’ ഭക്ഷണം ലഭിക്കുന്നതു തുടരും. ബീഫ് ഉള്‍പ്പെടുത്തുന്നില്ല എന്നതാണ് ‘ഹിന്ദു നോണ്‍ വെജിറ്റേറിയന്‍’ എന്നതുകൊണ്ട് കമ്പനി അര്‍ഥമാക്കുന്നത്. ഒക്ടോബര്‍ ഒന്നുമുതല്‍ ‘ഹിന്ദു മീല്‍സ്’ നല്‍കുന്നതു പൂര്‍ണമായി അവസാനിപ്പിക്കും.
എമിറേറ്റ്‌സ് നടപടിക്കെതിരേ പ്രതിഷേധവുമായി നിരവധി പേര്‍ ട്വിറ്ററില്‍ രംഗത്തെത്തി. ഇതിനോടു പ്രതികരിച്ച എമിറേറ്റ്‌സ്, ബിസിനസ്, ഫസ്റ്റ് ക്ലാസ് യാത്രക്കാര്‍ക്ക് ‘ഹിന്ദു നോണ്‍ വെജിറ്റേറിയന്‍’ ഭക്ഷണം ലഭിക്കുന്നതു തുടരുമെന്നു ചൂണ്ടിക്കാട്ടി.

 

സെല്‍ഫി പ്രേമികള്‍ക്കായി ഷവോമിയുടെ റെഡ്മി വൈ2 സ്മാര്‍ട്‌ഫോണ്‍

ഗായത്രി
കൊച്ചി: സെല്‍ഫി പ്രേമികളെ ലക്ഷ്യമിട്ട് ഷവോമിയുടെ റെഡ്മി വൈ2 സ്മാര്‍ട്‌ഫോണ്‍ വിപണിയിലെത്തി. ബഌടൂത്ത് ഓഡിയോ അഡാപ്റ്റര്‍, പോക്കറ്റ് സ്പീക്കര്‍, ട്രാവല്‍ പില്ലോ എന്നിവയും കമ്പനി അവതരിപ്പിച്ചു. https://www.mi.com/in/ എന്ന ഓണ്‍ലൈനില്‍ ഇവ ലഭിക്കും. മികച്ച സെല്‍ഫീ ചിത്രങ്ങള്‍ ലഭിക്കുന്ന വൈ2യില്‍ 12 എം.പി ക്യാമറ, 5 എം.പി എ.ഐ ഡ്യുവല്‍ ക്യാമറ, എ.ഐ ബ്യൂട്ടിഫൈ, ഫുള്‍ സ്‌ക്രീന്‍ ഡിസ്‌പ്ലേ തുടങ്ങിയ സവിശേഷതകളുണ്ട്. രണ്ടു വേരിയന്റുകളാണുള്ളത്. വില യഥാക്രമം 9,999 രൂപയും 12,999 രൂപയുമാണ്.
വിപണിയില്‍ തരംഗമായ റെഡ്മി നോട്ട് 5, നോട്ട് 5 പ്രോ എന്നിവ രാജ്യമെമ്പാടും ലഭ്യമാക്കിയിട്ടുണ്ട്. ഫഌഷ് സെയിലില്‍ മൂന്നു മിനിറ്റ് കൊണ്ട് രണ്ടു മോഡലുകളുടെയും മൂന്നു ലക്ഷം ഫോണുകളാണ് വിറ്റഴിഞ്ഞത്. കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം ഫോണുകള്‍ വിറ്റത് റെഡ്മിയാണ്. മൈ പോക്കറ്റ് സ്പീക്കര്‍ ഏഴു മണിക്കൂര്‍ വരെ തുടര്‍ച്ചയായി പ്രവര്‍ത്തിക്കും. കേബിളില്ലാതെ സംഗീതം ആസ്വദിക്കാന്‍ ബഌടൂത്ത് ഓഡിയോ റിസീവര്‍ ഉപയോഗിക്കാവുന്നതാണ്.

 

മലയാള സിനിമയിലും കാസ്റ്റിംഗ് കൗച്ച് ഉണ്ടായിരുന്നു

ഗായത്രി
മലയാള സിനിമയിലും കാസ്റ്റിംഗ് കൗച്ച് (കിടപ്പറ പങ്കിടല്‍) ഉണ്ടായിരുന്നതായി നടിയും സംവിധായകയുമായ രേവതി. ഇത്തരത്തിലുളള അനുഭവം പലരും തന്നോട് പങ്കുവെച്ചിട്ടുണ്ട്. കൂടാതെ താന്‍ സിനിമയില്‍ സജീവമായിരുന്ന കാലത്ത് ഒരു പെണ്‍കുട്ടി കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചുള്ള അനുഭവം പങ്കുവെച്ചിരുന്നു. പെണ്‍കുട്ടിയുടെ വിഷയത്തില്‍ താന്‍ അന്ന് ഇടപെടുകയും ചെയ്തിരുന്നു. കുട്ടിയോട് മോശമായി പെരുമാറിയ വ്യക്തിയോട് നേരിട്ട് പോയി കാര്യം ചോദിക്കുകയും ചെയ്തു. അന്ന് അത് വലിയ പ്രശ്‌നമാകുകയും ചെയ്തിരുന്നതാണെന്നും രേവതി പറയുന്നു.
ഇപ്പോള്‍ മാത്രമല്ല പണ്ടും സ്ത്രീകളെ ശല്യം ചെയ്യുന്ന ആളുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ താല്‍പര്യമില്ലെന്നു പറഞ്ഞാല്‍ അത് അവിടെ അവസാനിക്കും. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. നോ എന്ന വാക്കിന് വിലയില്ലാതായി മാറിയിരിക്കുകയാണ്. മൊബൈല്‍ ഫോണിലൂടെയും വാട്‌സ് ആപ്പിലൂടെയും എന്തും പറയാം എന്നുള്ള ധൈര്യം ആളുകള്‍ക്ക് വന്നു കഴിഞ്ഞു. ഇപ്പോഴത്തെ പോലെയുളള അവഹേളനം താന്‍ മുമ്പൊന്നും നേരിട്ടിട്ടില്ല. അതുപോലെ സോഷ്യല്‍ മീഡിയയില്‍ ഉപയോഗിക്കുന്ന പല വാക്കുകളും താന്‍ ഇന്നുവരെ കേട്ടിട്ടില്ലെന്നും രേവതി കൂട്ടിച്ചേര്‍ത്തു.
ഇന്നത്തെ തലമുറയിലെ പല പെണ്‍കുട്ടികളും പറയുന്നത് നോ പറഞ്ഞാലും രക്ഷയില്ലെന്നാണ്. മറ്റു ചില ഉദ്ദേശത്തോടെ സമീപിക്കുന്നവര്‍ക്ക് തങ്ങള്‍ക്ക് താല്‍പര്യമില്ലെന്ന് പറഞ്ഞാലും വിടാതെ പിന്തുടരും. നോ പറഞ്ഞാലും അവിടെ നിര്‍ത്താത്ത അവസ്ഥയാണ് കാണുന്നത്. മൊബൈല്‍ ഫോണ്‍ വഴിയും വാട്‌സ്ആപ്പ് വഴിയുമൊക്കെ ശല്യപ്പെടുത്തി കൊണ്ടിരിക്കും. നോയുടെ അര്‍ഥം താല്‍പര്യമില്ലയെന്നാണെന്ന് ഇവര്‍ക്ക് മനസിലാവില്ലേ എന്നും അവര്‍ ചോദിക്കുന്നുണ്ട്.
സമൂഹത്തില്‍ ലൈംഗിക ചൂഷണത്തിനെതിരെ ശക്തമായ നിലപാടുകളാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്. ഈ സാഹചര്യത്തില്‍ സിനിമ മേഖല ചൂഷണത്തെ പിന്തുണക്കുന്ന തീരുമാനങ്ങള്‍ എടുക്കുന്നത് സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കും. കാലം മാറി കഴിഞ്ഞു. ഇതു പഴയകാലമല്ല കാലഘട്ടത്തിന്റെ മാറ്റം സിനിമ മേഖലയിലും ഉള്‍ക്കൊള്ളണം.അമ്മയില്‍ സ്ത്രീകള്‍ക്ക് തുറന്നു സംസാരിക്കാനുളള അവസരം ലഭിക്കാറില്ല. നേതൃത്വത്തിനു മുന്നില്‍ ആരും തങ്ങളുടെ ആവശ്യങ്ങള്‍ തുറന്ന് പറയാറുമില്ല. ഭയം മാത്രമല്ല ഇതിനു പിന്നിലുളളത്. സാധരണ ഗതിയില്‍ തൊഴിലിടങ്ങളില്‍ ലൈംഗിക ചൂഷണമോ അത്തരത്തിലുളള എന്തെങ്കിലും കാര്യങ്ങള്‍ തങ്ങള്‍ തുറന്ന് പറയുന്നത് അടുപ്പക്കാരോടൊ കുടുംബാംഗങ്ങളോടൊ ആണ്. ഒരു വേദിയില്‍ ഇത്തരത്തിലുളള കാര്യങ്ങള്‍ തുറന്നു പറയാന്‍ ഭൂരിപക്ഷം പേര്‍ക്കും മടിയായിരിക്കും. വര്‍ഷങ്ങളായി നമ്മള്‍ അത്തരത്തിലുളള ഒരു കണ്ടീഷന്‍ ചെയ്യപ്പെട്ടിരിക്കുകയാണ്. വെറുതെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കേണ്ട, വെറുതെ വിട്ടേക്കൂ എന്നുള്ള മനോഭവമയിരിക്കും എല്ലാവര്‍ക്കും. ഇതേ സാഹചര്യം തന്നെയാണ് അമ്മയിലുമെന്നും രേവതി പറഞ്ഞു.

ഇന്ധനത്തിന് ജി.എസ്.ടി വേണ്ട: മന്ത്രി തോമസ് ഐസക്

ഗായത്രി
തിരു: പെട്രോള്‍, ഡീസല്‍ വില ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുന്നതിനെ കേരളം പിന്തുണക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ഇന്ധന വിലവര്‍ധന ഒഴിവാക്കാന്‍ കേന്ദ്രം കൂട്ടിയ നികുതി കുറച്ചാല്‍ മതി. ഇതിന്റെ പേരില്‍ പെട്രോളും ഡീസലും ജി.എസ്.ടിയുടെ പരിധിയില്‍ കൊണ്ടുവരേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി ഐസക് ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ധന വിലക്കയറ്റഭാരം കുറക്കാന്‍ കേരളം ഇനി നികുതിയിളവ് നല്‍കില്ലെന്നും തോമസ് ഐസക് പറഞ്ഞു. ഇന്ധനവില കുറക്കാന്‍ കേന്ദ്രം നികുതി കുറയക്കണം. പെട്രോളിന് 200 ശതമാനത്തില്‍ അധികവും ഡിസലിന് 300 ശതമാനത്തില്‍ അധികവും നികുതി വര്‍ധനയാണ് ഉണ്ടായതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അതു വേണ്ടെന്നുവച്ചാല്‍ പെട്രോള്‍ വില 60 രൂപയിലേക്കെത്തും. രാജ്യാന്തര തലത്തില്‍ അസംസ്‌കൃത എണ്ണവില ഉയരുന്ന സാഹചര്യത്തില്‍ ഇന്ധനവില ഉയര്‍ന്നാലും കേരളം ഇനി നികുതിയിളവ് നല്‍കില്ലെന്നും ധനമന്ത്രി പറഞ്ഞു.
ജി.എസ്.ടി വന്നതോടെ വാണിജ്യ നികുതി ചെക്ക് പോസ്റ്റുകള്‍ ഇല്ലാതായിട്ടും ക്രമക്കേടുകള്‍ പരിശോധിക്കാനുള്ള നികുതി സ്‌ക്വാഡുകള്‍ ഒരു വര്‍ഷം നിര്‍ജീവമായിരുന്നു. എന്നാല്‍, നികുതി വരുമാനം വര്‍ധിക്കാത്തതിനാല്‍ ധനവകുപ്പ് ഈ നിലപാട് മാറ്റാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. 92 സ്‌ക്വാഡ് എന്നത് കേരളം 200 ആക്കി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചുവെന്നും ധനമന്ത്രി വ്യക്തമാക്കി.