ഗായത്രി
കൊച്ചി: കുപ്പിവെള്ള വ്യവസായത്തെ തകര്‍ക്കാനുള്ള ഗൂഢനീക്കത്തെ അതിശക്തമായി ചെറുക്കുമെന്ന് കേരള പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടര്‍ മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ (കെ.പി.ഡി.എ.). ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ പേരില്‍ വ്യാജവാര്‍ത്തകളാണ് നവമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതെന്ന് അവര്‍ ആരോപിച്ചു.
വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന കേരളത്തിലെ മുന്‍നിര കമ്പനികള്‍ക്കെതിരേയാണ് സൈബര്‍ ആക്രമണം. പരിശോധനകളില്‍ ഈ ബ്രാന്‍ഡുകളില്‍ മായം കണ്ടെത്തുകയോ കോളിഫോം ബാക്ടീരിയ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് അസോസിയേഷന്‍ അവകാശപ്പെടുന്നു.
രാജ്യത്തൊട്ടാകെ ഐ.എസ്.ഐ. മാര്‍ക്കാണ് കുപ്പിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നത്. കുപ്പിവെള്ള ഫാക്ടറികള്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സും (ബി.ഐ.എസ്.) ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയും (എഫ്.എസ്.എസ്.എ.ഐ.) നിഷ്‌കര്‍ഷിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് കുടിവെള്ളം കുപ്പികളില്‍ നിറച്ച് വിപണനം നടത്തുന്നത്.
ഐ.എസ്.ഐ. മാര്‍ക്കില്ലാതെ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ ഉണ്ടെങ്കില്‍ അവയെ കണ്ടെത്തി നിയമനടപടികള്‍ സ്വീകരിച്ച് കേരളത്തിലെ കുപ്പിവെള്ള വ്യവസായത്തെ സംരക്ഷിക്കണമെന്ന് കെ.പി.ഡി.എയുടെ മുഖ്യ രക്ഷാധികാരി ജേക്കബ് അബ്രഹാം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വാട്‌സാപ്പിലൂടെ വ്യാജ പ്രചാരണം നടത്തിയവര്‍ക്കെതിരേ സംസ്ഥാന പോലീസ് മേധാവിക്കും സൈബര്‍ സെല്ലിലും പരാതി നല്‍കിയിട്ടുണ്ടെന്നും ജേക്കബ് അബ്രഹാം പറഞ്ഞു.