Month: February 2019

നികുതി സ്ലാബുകള്‍ പരിഷ്‌കരിക്കാന്‍ ധനമന്ത്രാലയത്തിന്റെ നീക്കം

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി:
നിലവിലുള്ള ആദായ നികുതി സ്ലാബുകള്‍ പരിഷ്‌കരിക്കാന്‍ ധനമന്ത്രാലയം പ്രത്യക്ഷ നികുതി കോഡ് സമിതിയോട് ആവശ്യപ്പെട്ടു.പ്രത്യകിച്ചും 20 ശതമാനം നികുതി സ്ലാബിനായിരിക്കും മാറ്റംവരിക. നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സമിതി മൂന്നുമാസത്തെ സാവകാശം ചോദിച്ചിട്ടുണ്ട്.താഴ്ന്ന സ്ലാബിലുള്ള നികുതി നിരക്കുകളില്‍ അവ്യക്തതകളേറെയുണ്ടെന്നാണ് പരാതി. നിലവിലെ നിരക്ക് പ്രകാരം 2.5 ലക്ഷംവരെ വരുമാനമുള്ളവര്‍ക്ക് ആദായ നികുതി നല്‍കേണ്ടതില്ല. അഞ്ചുലക്ഷംവരെ വരുമാനമുള്ളവര്‍ രണ്ടര കിഴിച്ച് ബാക്കിയുളളവരുമാനത്തിന് അഞ്ച് ശതമാനമാണ് നികുതി നല്‍കേണ്ടത്. അഞ്ച് ലക്ഷത്തിന് മുകളില്‍ 10 ലക്ഷംവരെ 20 ശതമാനവുമാണ് നികുതി. അതിനുമുകളിലാകട്ടെ 30 ശതമാനവുമാണ്.എന്നാല്‍ 2019 ഏപ്രില്‍ ഒന്നുമുതല്‍ നിലവില്‍വരുന്ന നിയമപ്രകാരം അഞ്ചുലക്ഷംവരെ വരുമാനമുള്ളവര്‍ ആദായ നികുതി നല്‍കേണ്ടതില്ല. നികുതിയിളവിനുള്ള വിവിധ നിക്ഷേപ പദ്ധതികളും മറ്റും പ്രയോജനപ്പെടുത്തിയാല്‍ 10 ലക്ഷം രൂപവരെ വരുമാനമുള്ളവര്‍ക്ക് ആദായ നികുതിയില്‍നിന്ന് രക്ഷപ്പെടാം. വികസിത രാഷ്ട്രങ്ങളിലെ നികുതി നിരക്കുകള്‍കൂടി പരിശോധിച്ചതിനുശേഷമാകും പ്രത്യക്ഷ നികുതി ബോര്‍ഡ് പുതിയ സ്ലാബുകള്‍ നിര്‍ദേശിക്കുക.നികുതി സമ്പ്രദായം ലളിതമാക്കുന്നതിനായി ആദായനികുതി നിയമം പരിഷ്‌കരിക്കാന്‍ 2009ല്‍ യുപിഎ സര്‍ക്കാര്‍ പ്രത്യക്ഷ നികുതി കോഡ് കൊണ്ടുവന്നിരുന്നു. 2010ല്‍ പ്രത്യക്ഷ നികുതി കോഡ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. എന്നാല്‍, പതിനഞ്ചാം ലോക്‌സഭ പിരിച്ചുവിട്ടതോടെ ബില്‍ അസാധുവായി.

ലോട്ടറി വില്‍പ്പനയിലൂടെ സര്‍ക്കാറിനും കോടികള്‍

ഫിദ-
കൊച്ചി: ലോട്ടറി വില്‍പ്പനയിലൂടെ കോടികള്‍ സര്‍ക്കാര്‍ ഖജനാവിലേക്ക്. 201819 സാമ്പത്തിക വര്‍ഷം ഇതുവരെ 9262.04 കോടിയാണ് ലോട്ടറി വില്‍പനയില്‍ നിന്ന് കിട്ടിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വരുമാനത്തെ മറികടന്നു. ഇനി ഒരു മാസം കൂടിയുണ്ട് സാമ്പത്തിക വര്‍ഷാവസാനത്തിന്. സമ്മര്‍ ബംപറും വിഷു ബംപറുമായി 800 കോടിയാണ് മാര്‍ച്ചില്‍ ലോട്ടറി വില്‍പന പ്രതീക്ഷിക്കുന്നത്. ഇതോടെ നൂറ് വര്‍ഷത്തെ ചരിത്രത്തിലാദ്യമായി 10,000 കോടി കടക്കും.
പ്രളയത്തില്‍ കുടുങ്ങി ഓണം ബംപറിന്റെ കച്ചവടത്തില്‍ തിരിച്ചടിയുണ്ടായി. 75 ലക്ഷം വില്‍പന ലക്ഷ്യമിട്ടെങ്കിലും 43 ലക്ഷം ലോട്ടറികളെ വിറ്റുള്ളു. 2017ല്‍ ഓണം ബംപര്‍ 65 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. 30 ലക്ഷം അച്ചടിച്ച നവകേരള ലോട്ടറി 16.1 ലക്ഷം മാത്രമേ വിറ്റുള്ളു. അച്ചടിക്കുന്ന ലോട്ടറിയെണ്ണത്തിനെല്ലാം ജിഎസ്ടി അടയ്ക്കണമെന്നതിനാല്‍ വിറ്റഴിച്ചില്ലെങ്കില്‍ നഷ്ടമാകും. ജിഎസ്ടി 12 ശതമാനത്തില്‍ നിന്ന് 28 ശതമാനമായി ഉയര്‍ത്താനുള്ള കേന്ദ്ര നീക്കത്തെ കേരളം ശക്തമായി എതിര്‍ക്കുന്നു . ജിഎസ്ടി വര്‍ധിപ്പിച്ചാല്‍ ലോട്ടറി ടിക്കറ്റിന് വില കൂട്ടേണ്ടിവരും. സര്‍ക്കാരിന് ലോട്ടറി അച്ചടിയില്‍ ചെലവ് 2018ല്‍ 138 കോടിയാണ്. 2017ല്‍ ഇത് 110 കോടിയായിരുന്നു. 14 പേരുകളിലാണ് സര്‍ക്കാര്‍ 2018ല്‍ ലോട്ടറി പുറത്തിറക്കിയത്.
60% ലോട്ടറിയും എടുക്കുന്നത് ഇതരസംസ്ഥാന തൊഴിലാളികളാണ്. പകുതിയിലധികം സമ്മാനങ്ങളും അടിക്കുന്നതും അവര്‍ക്ക് തന്നെ. സമ്മാനത്തുക കിട്ടാന്‍ അവരുടെ തിരിച്ചറിയില്‍ രേഖകളെല്ലാം നോട്ടറി സാക്ഷ്യപ്പെടുത്തണമെന്നതാണ് പുതിയ നിര്‍ദേശം.
നോട്ടറിയുടെ പിറകേ പോകുന്നതും പൊല്ലാപ്പുമൊക്കെ പറഞ്ഞ് ഇടനിലക്കാര്‍ പകുതി തുക കൊടുത്ത് സമ്മാന ലോട്ടറി കയ്യിലാക്കുന്ന സംഭവങ്ങള്‍ പതിവാണെന്നു ലോട്ടറി വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. മാത്രമല്ല, ലോട്ടറി തുക കിട്ടണമെങ്കില്‍ സര്‍ക്കാരിന്റെ ഒരു ഉദ്യോഗസ്ഥ ഉപസമിതി അംഗീകാരം കൊടുക്കണമെന്നാണ് വ്യവസ്ഥ.

ഒഎല്‍ഇഡി ഡിസ്‌പ്ലേയോടുകൂടിയ ആല്‍ഫാ സ്മാര്‍ട്ട് വാച്ച് പുറത്തിറങ്ങി

എംഎം കമ്മത്ത്-
ഫോള്‍ഡബിള്‍ സ്‌ക്രീന്‍ സ്മാര്‍ട്‌ഫോണ്‍ മാത്രമല്ല സ്മാര്‍ട് വാച്ചും രംഗപ്രവേശം ചെയ്തു. പ്രമുഖ ഇലക്ട്രോണിക് നിര്‍മാതാക്കളായ നൂബിയയാണ് ആല്‍ഫ എന്ന പേരിട്ടിരിക്കുന്ന ഈ സ്മാര്‍ട് വാച്ച് പുറത്തിറക്കിയിരിക്കുന്നത്. ഒരു ആന്‍ഡ്രോയിഡ് ഫോണില്‍ ലഭിക്കുന്ന ഭൂരിഭാഗം സൗകര്യങ്ങളും ലഭ്യമാണ്. ഒഎല്‍ഇഡി ഫ്‌ളെക്‌സിബിള്‍ ഡിസ്‌പ്ലേ, ഇലക്ട്രോണിക് സിം എന്നീ സംവിധാനങ്ങള്‍ സ്മാര്‍ട് വാച്ചില്‍ ഉണ്ട്. മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ തന്നെയാണ് ഈ സ്മാര്‍ട്ട് പ്രൊഡക്ടും നൂബിയ ലോകത്തിന് പരിചയപ്പെടുത്തിയിരിക്കുന്നത്. ന്യൂബിയ സ്‌നാപ്ഡ്രാഗണ്‍ വെയര്‍ 2100 പ്രോസസ്സറും ഒരു ജിബി റാമും 8ജിബി ഇന്റേണല്‍ മെമ്മറിയും ന്യൂബിയ സ്മാര്‍ട്ട് വാച്ചിന് കരുത്തേകും. കസ്റ്റം ഒഎസിലാണ് ആല്‍ബം ന്യൂബിയ ആല്‍ഫയുടെ പ്രവര്‍ത്തനം. 500 മില്ലി അമ്പയറിന്റെ ബാറ്ററി കരുത്തും വാച്ചില്‍ ഉണ്ട്. 4 ഇഞ്ച് ഒ.എല്‍.ഇഡി ഡിസ്‌പ്ലേയാണ് ലൂമിയ ആല്‍ഫ ആല്‍ഫ സ്മാര്‍ട് വാച്ചില്‍ ഉള്ളത്. 960 X 192 പിക്‌സലാണ് റെസലൂഷന്‍. മറ്റ് സ്മാര്‍ട്ട് വാച്ചുകളില്‍ നിന്നും വ്യത്യസ്തമായി 230 ശതമാനം അധികം സ്‌ക്രീന്‍ റിയല്‍എസ്‌റ്റേറ്റ് ഈ ഫോണില്‍ ഉണ്ടാകും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഒരു ബ്രേസ്ലെറ്റ് പോലെ സ്മാര്‍ട് വാച്ചിന് നിങ്ങള്‍ക്ക് കെട്ടിനടക്കാനാകും. കൈയില്‍ കെട്ടി കൊണ്ടുതന്നെ ഫോണ്‍ വിളിക്കാനും കോള്‍ റിസീവ് ചെയ്യാനും ഫോട്ടോ എടുക്കാനും വാച്ചില്‍ സൗകര്യമുണ്ട്. സ്‌റ്റെയിന്‍ലെസ് സ്റ്റീലില്‍ നിര്‍മ്മിച്ചിരിക്കുന്ന വാച്ച് ഗോള്‍ഡ് ബ്ലാക്ക് നിറഭേദങ്ങളില്‍ വിപണിയില്‍ ലഭിക്കും. സെന്‍സര്‍ ഹാര്‍ട്ട് റേറ്റ് സെന്‍സര്‍ ഉള്‍പ്പെടെയുള്ള സവിശേഷതയും എല്ലാ സ്മാര്‍ട്ട് വാച്ചിലും ഉള്ളതുപോലെതന്നെ ഈ വാച്ചിലും ഉണ്ട്. ഇടംപിടിച്ചിരിക്കുന്നു. സ്‌നാപ്ഡ്രാഗണ്‍ വെയര്‍ 2100 പ്രോസസറും 1 ജിബി റാമും ഫോണുപയോഗത്തിന് കരുത്തേകും. ഇന്റേണല്‍ മെമ്മറി 8 ജിബിയാണ്. 550 മില്ലി ആമ്പിയര്‍ കരുത്തുള്ള ബാറ്ററി 48 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈ സമയം വാഗ്ദാനം ചെയ്യുന്നുന്നുണ്ട്. ടൈപ്പിംഗിനായി ടി9 കീബോര്‍ഡും നൂബിയ സപ്പോര്‍ട്ട് ചെയ്യും. ബില്‍റ്റ് ഇന്‍ സ്പീക്കറും വാച്ചില്‍ ഉണ്ട്. മികച്ച ചിത്രങ്ങള്‍ പകര്‍ത്താന്‍ 5 മെഗാപിക്‌സല്‍ 182 ഡിഗ്രി വൈഡ് ആംഗിള്‍ സെന്‍സറോട് കൂടിയ ക്യാമറ വാച്ചില്‍ ഇടംപിടിച്ചിരിക്കുന്നു.
സ്മാര്‍ട്ട് വാച്ച് 2 വേരിയന്റുകളിലായാണ് നൂബിയ ആല്‍ഫാ സ്മാര്‍ട്ട് വാച്ച് വിപണിയിലെത്തുക. ആദ്യത്തേത് മൊബൈലുമായി ബ്ലൂടൂത്ത് വഴി ബന്ധിപ്പിക്കാന്‍ കഴിയുന്നതും മറ്റേത് ഇലക്ട്രോണിക് സിം അധിഷ്ഠിതമായതും ആണ്. ആദ്യം ചൈനീസ് വിപണിയില്‍ ആകും ആല്‍ഫാ പുറത്തിറങ്ങുക. 36,200 രൂപയാണ് അടിസ്ഥാന വില.

ഇനി ക്ലാസിക് 350യിലും ഇരട്ട ചാനല്‍ എബിഎസ് സുരക്ഷ

എംഎം കമ്മത്ത്-
ഇനി രാജകീയ വാഹനമായ റോയല്‍ എന്‍ഫീല്‍ഡിന്റെ ക്ലാസിക് 350യിലും ഡ്യുവല്‍ ചാനല്‍ എബിഎസ് ബ്രേക്കിങ് സുരക്ഷ. ഇതോടെ റോയല്‍ എന്‍ഫീല്‍ഡിന്റെ എല്ലാ മോഡലുകളിലും എബിഎസ് സുരക്ഷ ഒരുങ്ങി. എബിഎസ് സംവിധാനം അവതരിപ്പിക്കുന്നതോടെ അടിയന്തിര ഘട്ടത്തിലുള്ള ബ്രേക്കിങ് കൂടുതല്‍ സുരക്ഷിതമാകുമെന്നാണ് കമ്പനിയുടെ അവകാശം. ഇതിന് ടയറുകളെ നീയന്ത്രിക്കുന്നതിനായി രണ്ട് സെന്‍സര്‍ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഡ്യുവല്‍ ചാനല്‍ എബിഎസ് ഒരുക്കിയതോടെ 6000 രൂപയാണ് ക്ലാസിക് 350ക്ക് വില ഉയരുക. 1.47 ലക്ഷം രൂപ മുതല്‍ 1.43 ലക്ഷം രൂപ വരെയായിരിക്കും ക്ലാസിക് 350യുടെ എക്‌സ്‌ഷോറൂം വില. റോയല്‍ എന്‍ഫീല്‍ഡിന്റെ മറ്റ് മോഡലുകളായ ക്ലാസിക് 500, ബുള്ളറ്റ് 500, കോണ്ടിനെന്റല്‍ ജിടി, ഇന്റര്‍സെപ്റ്റര്‍, ഹിമാലയന്‍ തുടങ്ങിയ മോഡലുകളില്‍ മുമ്പ് തന്നെ എബിഎസ് സംവിധാനമണ്ട്.

ജയസൂര്യയും സൗബിന്‍ ഷാഹിറും മികച്ച നടന്‍മാര്‍; നടി നിമിഷ സജയന്‍

ഫിദ-
തിരു: 49ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സാംസ്‌കാരിക മന്ത്രി എ.കെ ബാലനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. മികച്ച നടിക്കുള്ള പുര്‌സ്‌കാരം നിമിഷ സജയന്‍ സ്വന്തമാക്കി. ചോല, ഒരു കുപ്രസിദ്ധ പയ്യന്‍ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് നിമിഷയെ പുരസ്‌കാരം തേടിയെത്തിയത്. മികച്ച നടന്‍മാര്‍ക്കുള്ള പുരസ്‌കാരം ജയസൂര്യയും സൗബിന്‍ ഷാഹിറും പങ്കിട്ടു. ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് ജയസൂര്യക്ക് പുരസ്‌കാരം. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രമാണ് സൗബിനെ പുര്‌സകാരത്തിന് അര്‍ഹനാക്കിയത്.
കാന്തന്‍ ദ ലവര്‍ ഓഫ് കളര്‍ ആണ് മികച്ച സിനിമ. സി. ഷെരീഫ് ആണ് ചിത്രം സംവിധാനം ചെയ്തതും നിര്‍മിച്ചതും. മികച്ച സംവിധായകനുള്ള പുരസ്‌കാരം ശ്യാമപ്രസാദും (ഒരു ഞായറാഴ്ച) മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം സക്കറിയ മുഹമ്മദും (സുഡാനി ഫ്രം നൈജീരിയ സ്വന്തമാക്കി. നാല് പുരസ്‌കാരങ്ങളാണ് സുഡാനി ഫ്രം നൈജീരിയക്ക് ലഭിച്ചത്. മികച്ച തിരക്കഥ, മികച്ച സ്വഭാവനടിമാര്‍ എന്നീ വിഭാഗങ്ങളിലും സുഡാനി ഫ്രം നൈജീരിയ തിളങ്ങി.
എം.പദ്മകുമാര്‍ സംവിധാനം ചെയ്ത ജോസഫിലെ അഭിനയത്തിന് ജോജു ജോര്‍ജ്ജ് മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം നേടി. മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം മാസ്റ്റര്‍ റിഥുനും (അപ്പുവിന്റെ സത്യാന്വേഷണം) അബദി ആദിയും നേടി. പന്ത് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് അബദി ആദി പുരസ്‌കാരം നേടിയത്. ഇത് രണ്ടാം തവണയാണ് മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം അബദി സ്വന്തമാക്കുന്നത്. 2016 ല്‍ പുറത്തിറങ്ങിയ കൊച്ചവ പൗലോ അയ്യപ്പ കൊയ്‌ലോ എന്ന ചിത്രത്തിലെ പ്രകടനത്തിന് അബദിക്ക് നേരത്തേ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
104 ചിത്രങ്ങളാണ് അവാര്‍ഡ് കമ്മിറ്റിയുടെ പരിഗണിനയില്‍ വന്നത്. അതില്‍ 57 ചിത്രങ്ങള്‍ പുതുമുഖ സംവിധായകരുടേതാണ്. മൂന്ന് സ്ത്രീ സംവിധായകരുടെ ചിത്രങ്ങളും കുട്ടികളുടെ നാല് ചിത്രങ്ങളും മത്സരത്തിനുണ്ടായിരുന്നു.
പ്രമുഖ സംവിധായകന്‍ കുമാര്‍ സാഹ്നിയാണ് ഇത്തവണത്തെ ജൂറി ചെയര്‍മാന്‍. സംവിധായകരായ ഷെറി ഗോവിന്ദന്‍, ജോര്‍ജ് കിത്തു, ഛായാഗ്രാഹകന്‍ കെ.ജി ജയന്‍, നിരൂപകരായ വിജയകൃഷ്ണന്‍, എഡിറ്റര്‍ ബിജു സുകുമാരന്‍, സംഗീത സംവിധായകന്‍ പി.ജെ ഇഗ്‌നേഷ്യസ്, നടി നവ്യാ നായര്‍, മോഹന്‍ദാസ് എന്നിവരും ജൂറി അംഗങ്ങളാണ്.

എങ്ങനെയുണ്ട് ഞങ്ങളുടെ ഉശിര്

ഫിദ-
കൊച്ചി: പാക്കിസ്ഥാനെതിരെ നടത്തിയ ആക്രമണം ഇന്ത്യയുടെ പ്രതികാരമാണെന്ന് നടന്‍ സുരേഷ് ഗോപി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ധീരന്മാരായ ജവാന്മാരുടെ മരണത്തിനു പകരമായി പാക്ക് അധിനിവേശ കശ്മീരിലെ നാല് ഭീകരതാവളങ്ങളാണ് ഇന്ത്യ തകര്‍ത്തത്. ഏകദേശം മുന്നൂറോളം തീവ്രവാദികള്‍ കൊല്ലപ്പെട്ടു. എങ്ങനെയുണ്ട് ഞങ്ങളുടെ ഉശിര്.’ സുരേഷ് ഗോപി കുറിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നരക്ക് ഇന്ത്യന്‍ വ്യോമസേനയാണ് ആക്രമണം നടത്തിയത്.
അതിര്‍ത്തിയിലെ ഭീകരരുടെ കേന്ദ്രങ്ങള്‍ക്ക് നേരെയാണ് ഇന്ത്യ ശക്തമായ ആക്രമണം നടത്തിയത്. 1000കിലോ ബോംബ് ഭീകരരുടെ ക്യാമ്പുകള്‍ക്കു നേരെ വര്‍ഷിച്ചാണ് ഇന്ത്യന്‍ വ്യോമസേന തിരിച്ചടി തുടങ്ങിയത്. ആക്രമണത്തില്‍ 300ല്‍ അധികം തീവ്രവാദികള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. നാലോളം ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യയുടെആക്രമണം. പുല്‍വാമ ഭീകരാക്രമണത്തിന് 12 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയുടെ തിരിച്ചടി.

ഊബറിനെയും ഒലയെയും നേരിടാന്‍ ഗ്ലൈഡുമായി മഹേന്ദ്ര

രാംനാഥ് ചാവ്‌ല-
മുംബൈ: രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ ഇറക്കി പുതിയ വിപ്ലവത്തിനു തുടക്കംകുറിച്ച മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പുതിയ സംരംഭത്തിന് തുടക്കംകുറിച്ചു.
ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാക്കളായ ഊബറിനെയും ഒലയെയും നേരിടാന്‍ ഇലക്ട്രിക് ടാക്‌സി കാറുകള്‍ നിരത്തി ഗ്ലൈഡ് എന്ന ടാക്‌സി സര്‍വീസാണ് മഹീന്ദ്ര തുടങ്ങിയത്. ഇപ്പോള്‍ മുംബൈയില്‍ പ്രവര്‍ത്തനം തുടങ്ങിയ ഗ്ലൈഡിന്റെ പ്രവര്‍ത്തനം വിജയിച്ചാല്‍ മാത്രമായിരിക്കും കൂടുതല്‍ വികസിപ്പിക്കൂ. ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിച്ച് ടാക്‌സി സര്‍വീസ് നടത്തുന്ന ആദ്യ സ്ഥാപനമെന്നും മഹീന്ദ്രയുടെ ഗ്ലൈഡിനെ വിളിക്കാം.

 

യൂബര്‍ ഈറ്റ്‌സിനെ സ്വിഗ്ഗി ഏറ്റെടുത്തേക്കും

രാംനാഥ് ചാവ്‌ല-
ബംഗളൂരു: യൂബര്‍ ടെക്‌നോളജീസിന് കീഴിലുള്ള ഫുഡ് ഡെലിവറി ആപ്പായ യൂബര്‍ ഈറ്റ്‌സിനെ, ഈ രംഗത്ത് കമ്പനിയുടെ പ്രധാന എതിരാളിയായ സ്വിഗ്ഗി ഏറ്റെടുത്തേക്കും. സ്വിഗ്ഗിയുടെ ഉടമസ്ഥരായ ബംഗളൂരു ആസ്ഥാനമായുള്ള ബന്‍ഡ്ല്‍ ടെക്‌നോളജീസുമായി യൂബര്‍ ചര്‍ച്ച നടത്തിയിരുന്നു. ഏറ്റെടുക്കല്‍ സംബന്ധിച്ച അന്തിമതീരുമാനം മാര്‍ച്ച് ആദ്യമുണ്ടാകുമെന്നാണ് അറിയുന്നത്.
അതേസമയം, ഇരുകമ്പനികളും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായുള്ള യൂബര്‍ 2017ലാണ് ഇന്ത്യയില്‍ ഫുഡ് ഡെലിവറി രംഗത്തേക്ക് കടന്നത്. 37 ഇന്ത്യന്‍ നഗരങ്ങളിലാണ് കമ്പനിക്ക് സാന്നിദ്ധ്യം. സ്വിഗ്ഗിക്ക് 80 നഗരങ്ങളിലായി 60,000 റെസ്‌റ്റോറന്റുകളുമായി സഹകരണമുണ്ട്. ഈ രംഗത്തെ മറ്റൊരു ഇന്ത്യന്‍ കമ്പനിയായ സൊമാറ്റോക്ക് 150 നഗരങ്ങളില്‍ സാന്നിദ്ധ്യമുണ്ട്. 80,000 റെസറ്റോറന്റുകളാണ് സൊമാറ്റോക്കൊപ്പമുള്ളത്. സൊമാറ്രോ, സ്വിഗ്ഗി എന്നിവയില്‍ നിന്നുയര്‍ന്ന കനത്ത വെല്ലുവിളിയാണ് ഇന്ത്യയില്‍ നിന്ന് പിന്മാറാന്‍ യൂബര്‍ ഈറ്റ്‌സിനെ നിര്‍ബന്ധിതരാക്കുന്നതെന്നാണ് സൂചന.

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന്

ഗായത്രി-
തിരു: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച ബിഡില്‍ ഒന്നാം സ്ഥാനത്താണ് അദാനി ഗ്രൂപ്പ് ഉള്ളത്. പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഐ.ഡി.സി രണ്ടും ജി.എം.ആര്‍ മൂന്നും സ്ഥാനത്തുണ്ട്. ഔദ്യോഗിക പ്രഖ്യാപനം ഈ മാസം 28നാണ്.
തിരുവനന്തപുരം കൂടാതെ അഹമ്മദാബാദ്, ജയ്പുര്‍, ലക്‌നോ, മംഗലാപുരം എന്നിവയും അദാനിക്ക് ലഭിക്കുമെന്നാണ് വിവരം. മംഗലാപുരത്തിനായി ബിഡില്‍ പങ്കെടുത്ത സിയാല്‍ രണ്ടാം സ്ഥാനത്താണ്.
തിരുവനന്തപുരം അടക്കം ആറു വിമാനത്താവളങ്ങളുടെ നടത്തിപ്പ് സ്വകാര്യ ഏജന്‍സികള്‍ക്ക് കൈമാറാനാണ് എയര്‍പോര്‍ട്ട് അതോറിറ്റി ബിഡ് ക്ഷണിച്ചത്. കേന്ദ്രസര്‍ക്കാറിന്റെ ഈ നയത്തിനെതിരെ എയര്‍പോര്‍ട്ട് അതോറിറ്റി എംപ്ലോയിസ് യൂണിയന്‍ രംഗത്ത് വന്നിരുന്നു.

പാര്‍പ്പിടനിര്‍മാണമേഖലയില്‍ നികുതിയിളവ്

ഫിദ-
പാര്‍പ്പിടനിര്‍മാണമേഖലയില്‍ നികുതിയിളവ് അനുവദിക്കാന്‍ ജി.എസ്.ടി. കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ചെലവുകുറഞ്ഞ വീടുകള്‍ക്കുള്ള ജി.എസ്.ടി. നിരക്ക് എട്ടുശതമാനത്തില്‍നിന്ന് ഒരു ശതമാനമായി കുറച്ചു. നിര്‍മാണത്തിലുള്ള വീടുകള്‍ക്കും ഫല്‍റ്റുകള്‍ക്കുമുള്ള നികുതി 12 ശതമാനമുള്ളത് അഞ്ചു ശതമാനമായും കുറച്ചു. റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ ഉണര്‍വേകുന്നതാണ് ഈ തീരുമാനം. പുതിയ നികുതിനിരക്കുകള്‍ ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍വരും.
ചെലവുകുറഞ്ഞ വീടുകള്‍ക്കുള്ള നികുതി കുത്തനെ കുറച്ചത് സാധാരണക്കാര്‍ക്ക് ഗുണകരമാവും. 45 ലക്ഷം രൂപയ്ക്കുള്ളിലും മെട്രോ നഗരങ്ങളില്‍ 60 ചതുരശ്രമീറ്ററും മറ്റുനഗരങ്ങളില്‍ 90 ചതുരശ്രമീറ്റര്‍ വിസ്തൃതി ഉള്ളവയുമാണ് ചെലവുകുറഞ്ഞ വീടുകളായി കണക്കാക്കുന്നത്. നിര്‍മാണമേഖലക്ക് പ്രോത്സാഹനമാവുന്ന തീരുമാനമാണ് ജി.എസ്.ടി. കൗണ്‍സില്‍ കൈക്കൊണ്ടിട്ടുള്ളതെന്ന് യോഗശേഷം കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി മാധ്യമങ്ങളോട് പറഞ്ഞു.
നിലവില്‍ സിമന്റ്, സ്റ്റീല്‍ തുടങ്ങിയ നിര്‍മാണസാമഗ്രികള്‍ക്ക് നല്‍കിയ നികുതി കുറച്ചിട്ട് ബാക്കി നല്‍കിയാല്‍ മതിയെന്ന ഐ.ടി.സി. (ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ്) വ്യവസ്ഥ ഇനി ഉണ്ടാവില്ല. ഇതിലൂടെ സംസ്ഥാനങ്ങള്‍ക്ക് വരുമാനനഷ്ടം ഉണ്ടാകാതിരിക്കാന്‍ നികുതിചോര്‍ച്ച തടയേണ്ടതുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. സിമന്റ്, സ്റ്റീല്‍ എന്നിവ വാങ്ങുമ്പോള്‍ കൊടുക്കുന്ന നികുതി സംസ്ഥാനസര്‍ക്കാരിന് കിട്ടണം. യഥാര്‍ഥ ജി.എസ്.ടി. സംവിധാനത്തില്‍ നികുതിയിളവ് കിട്ടുന്നതിന് ബില്‍ നിര്‍ബന്ധമായിരുന്നു. ഐ.ടി.സി. ഇല്ലാത്തതിനാല്‍ ബില്‍ ഒഴിവാക്കാനുള്ള പ്രവണത വര്‍ധിക്കും. അത് മറികടക്കാന്‍ 80 ശതമാനം നിര്‍മാണവസ്തുക്കളും രജിസ്‌ട്രേഡ് വ്യാപാരികളില്‍നിന്ന് വാങ്ങണമെന്നും 20 ശതമാനം റിവേഴ്‌സ് ടാക്‌സ് അടിസ്ഥാനത്തില്‍ പിരിച്ചിരിക്കണമെന്നും യോഗം തീരുമാനിച്ചു.
ഉപസമിതി മൂന്നുശതമാനം നികുതിയാണ് സാധാരണക്കാര്‍ക്ക് നിര്‍ദേശിച്ചത്. എന്നാല്‍, കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ നിര്‍ദേശം എതിര്‍ത്തു. തുടര്‍ന്നാണ് ഒരു ശതമാനമാക്കി കുറച്ചത്. ഒരു ശതമാനത്തിലും താഴെയുള്ള നിരക്ക് എന്നതായിരുന്നു സംസ്ഥാനം നിര്‍ദേശിച്ചത്. ഒന്നരക്കോടിക്ക് മുകളിലുള്ള വീടുകള്‍ക്ക് ഏഴുശതമാനം എന്ന നിര്‍ദേശവും മുന്നോട്ടുവെച്ചു. സംസ്ഥാനങ്ങളുടെ ഫലപ്രദമായ ഇടപെടലാണ് നികുതി കുറക്കാന്‍ കാരണമായതെന്ന് ഐസക് പറഞ്ഞു.