ജയസൂര്യയും സൗബിന്‍ ഷാഹിറും മികച്ച നടന്‍മാര്‍; നടി നിമിഷ സജയന്‍

ജയസൂര്യയും സൗബിന്‍ ഷാഹിറും മികച്ച നടന്‍മാര്‍; നടി നിമിഷ സജയന്‍

ഫിദ-
തിരു: 49ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സാംസ്‌കാരിക മന്ത്രി എ.കെ ബാലനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. മികച്ച നടിക്കുള്ള പുര്‌സ്‌കാരം നിമിഷ സജയന്‍ സ്വന്തമാക്കി. ചോല, ഒരു കുപ്രസിദ്ധ പയ്യന്‍ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് നിമിഷയെ പുരസ്‌കാരം തേടിയെത്തിയത്. മികച്ച നടന്‍മാര്‍ക്കുള്ള പുരസ്‌കാരം ജയസൂര്യയും സൗബിന്‍ ഷാഹിറും പങ്കിട്ടു. ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് ജയസൂര്യക്ക് പുരസ്‌കാരം. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രമാണ് സൗബിനെ പുര്‌സകാരത്തിന് അര്‍ഹനാക്കിയത്.
കാന്തന്‍ ദ ലവര്‍ ഓഫ് കളര്‍ ആണ് മികച്ച സിനിമ. സി. ഷെരീഫ് ആണ് ചിത്രം സംവിധാനം ചെയ്തതും നിര്‍മിച്ചതും. മികച്ച സംവിധായകനുള്ള പുരസ്‌കാരം ശ്യാമപ്രസാദും (ഒരു ഞായറാഴ്ച) മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം സക്കറിയ മുഹമ്മദും (സുഡാനി ഫ്രം നൈജീരിയ സ്വന്തമാക്കി. നാല് പുരസ്‌കാരങ്ങളാണ് സുഡാനി ഫ്രം നൈജീരിയക്ക് ലഭിച്ചത്. മികച്ച തിരക്കഥ, മികച്ച സ്വഭാവനടിമാര്‍ എന്നീ വിഭാഗങ്ങളിലും സുഡാനി ഫ്രം നൈജീരിയ തിളങ്ങി.
എം.പദ്മകുമാര്‍ സംവിധാനം ചെയ്ത ജോസഫിലെ അഭിനയത്തിന് ജോജു ജോര്‍ജ്ജ് മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം നേടി. മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം മാസ്റ്റര്‍ റിഥുനും (അപ്പുവിന്റെ സത്യാന്വേഷണം) അബദി ആദിയും നേടി. പന്ത് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് അബദി ആദി പുരസ്‌കാരം നേടിയത്. ഇത് രണ്ടാം തവണയാണ് മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം അബദി സ്വന്തമാക്കുന്നത്. 2016 ല്‍ പുറത്തിറങ്ങിയ കൊച്ചവ പൗലോ അയ്യപ്പ കൊയ്‌ലോ എന്ന ചിത്രത്തിലെ പ്രകടനത്തിന് അബദിക്ക് നേരത്തേ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
104 ചിത്രങ്ങളാണ് അവാര്‍ഡ് കമ്മിറ്റിയുടെ പരിഗണിനയില്‍ വന്നത്. അതില്‍ 57 ചിത്രങ്ങള്‍ പുതുമുഖ സംവിധായകരുടേതാണ്. മൂന്ന് സ്ത്രീ സംവിധായകരുടെ ചിത്രങ്ങളും കുട്ടികളുടെ നാല് ചിത്രങ്ങളും മത്സരത്തിനുണ്ടായിരുന്നു.
പ്രമുഖ സംവിധായകന്‍ കുമാര്‍ സാഹ്നിയാണ് ഇത്തവണത്തെ ജൂറി ചെയര്‍മാന്‍. സംവിധായകരായ ഷെറി ഗോവിന്ദന്‍, ജോര്‍ജ് കിത്തു, ഛായാഗ്രാഹകന്‍ കെ.ജി ജയന്‍, നിരൂപകരായ വിജയകൃഷ്ണന്‍, എഡിറ്റര്‍ ബിജു സുകുമാരന്‍, സംഗീത സംവിധായകന്‍ പി.ജെ ഇഗ്‌നേഷ്യസ്, നടി നവ്യാ നായര്‍, മോഹന്‍ദാസ് എന്നിവരും ജൂറി അംഗങ്ങളാണ്.

Post Your Comments Here ( Click here for malayalam )
Press Esc to close