Month: February 2019

എസ്ബിഐ ഇടുപാടുകാരുടെ വിവരങ്ങള്‍ ചോര്‍ന്നു

ഫിദ-
തൃശൂര്‍: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐയില്‍ വന്‍ സുരക്ഷ വീഴ്ച. ഇടപാടുകാരുടെ നിര്‍ണായക വിവരങ്ങള്‍ സൂക്ഷിക്കുന്ന മുംബൈയിലെ ഡാറ്റ സര്‍വര്‍ പാസ്‌വേഡ് വഴിയോ മറ്റോ സുരക്ഷിതമാക്കാത്ത നിലയില്‍ കണ്ടെത്തി. ഇത് എത്രകാലം ഈ വിധത്തില്‍ കിടന്നെന്നോ ആരെല്ലാം ഇതില്‍നിന്ന് ഇടപാടുകാരെപ്പറ്റി വിവരങ്ങള്‍ ചോര്‍ത്തിയെന്നോ വ്യക്തമല്ല. വിവരം ശ്രദ്ധയില്‍പെട്ടതിന് പിറകെ സര്‍വര്‍ സുരക്ഷിതമാക്കിയെങ്കിലും സംശയം നിലനില്‍ക്കുന്നതിനാല്‍ വ്യാഴാഴ്ച സര്‍വര്‍ ഓഫ് ചെയ്ത് രാജ്യത്ത് ഓണ്‍ലൈന്‍ സേവനങ്ങള്‍ എസ്.ബി.ഐ പകല്‍ മുഴുവന്‍ നിര്‍ത്തിവെച്ചു.
‘ടെക് ക്രഞ്ച്’ എന്ന, അമേരിക്ക ആസ്ഥാനമായുള്ള സാങ്കേതിക വാര്‍ത്ത പോര്‍ട്ടലാണ്, 74 ദശലക്ഷം ഇടപാടുകാരുള്ള എസ്.ബി.ഐയിലെ ഏറ്റവും വലിയ സുരക്ഷ വീഴ്ച കണ്ടെത്തിയത്. എന്നാല്‍, ടെക് ക്രഞ്ചിന്റെ കണ്ടെത്തില്‍ പുറത്ത് വിടുന്നതിന് തൊട്ടുമുമ്പ് തങ്ങള്‍ അക്കാര്യം കണ്ടെത്തി പരിഹരിച്ചെന്നാണ് എസ്.ബി.ഐയുടെ അവകാശവാദം.
അതേസമയം, വിദ്യാര്‍ഥികളുടെ ഫീസ് അടക്കം എല്ലാ വിധത്തിലുള്ള ഓണ്‍ലൈന്‍ ഫണ്ട് കൈമാറ്റവും വ്യാഴാഴ്ച ബാങ്ക് തടസ്സപ്പെടുത്തിയത് കടുത്ത പ്രയാസം സൃഷ്ടിച്ചു. ‘എസ്.ബി.ഐ ക്വിക്ക്’ എന്ന സേവനവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഈ സര്‍വറില്‍ സൂക്ഷിച്ചിരുന്നത്. അക്കൗണ്ട് ബാലന്‍സ്, ഫോണ്‍ നമ്പര്‍ തുടങ്ങി ഇടപാട് സംബന്ധിച്ചും ഇടപാടുകാരെപ്പറ്റിയും പ്രധാന വിവരങ്ങളാണ് ഇതിലുള്ളത്. രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പറിലേക്ക് എസ്.എം.എസിലൂടെ അക്കൗണ്ട് ബാലന്‍സ് പോലുള്ള വിവരങ്ങള്‍ ബാങ്ക് അറിയിക്കുകയും ചെയ്യും. സര്‍വറില്‍ കടന്നു കയറിയവരാണ് ടെക് ക്രഞ്ച് സംഘത്തിന് വിവരങ്ങള്‍ കൈമാറിയത്. കഴിഞ്ഞ തിങ്കളാഴ്ച മാത്രം മൂന്ന് ദശലക്ഷം സന്ദേശങ്ങള്‍ സര്‍വര്‍ പരിശോധിച്ചവര്‍ക്ക് കാണാനായെന്നാണ് വിവരം. രണ്ട് മാസം മുമ്പ് വരെയുള്ള ഇടപാട് വിവരങ്ങള്‍ ഇതുവഴി ലഭിക്കും. ഇതിലെ വിവരങ്ങള്‍ ഉടന്‍ തട്ടിപ്പിന് ഉപകരിക്കില്ലെങ്കിലും തട്ടിപ്പ് ആസൂത്രണം ചെയ്യാന്‍ പര്യാപ്തമാണ്.
ഫോണ്‍ നമ്പര്‍, അക്കൗണ്ട് ബാലന്‍സ് എന്നിവക്ക് പുറമെ ചിലതില്‍ ഇടപാടുകാരെപ്പറ്റി വ്യക്തിപരമായ നിര്‍ണായക വിവരങ്ങളും സര്‍വറിലുണ്ട്. ഇടപാടുകാരനെ സംബന്ധിച്ച എല്ലാ വിവരങ്ങളും രഹസ്യമായി സൂക്ഷിക്കണമെന്ന ബാങ്കിങ്ങിലെ വ്യവസ്ഥയാണ് ഗുരുതരമായ ഈ വീഴ്ചയിലൂടെ ലംഘിച്ചിരിക്കുന്നത്.

 

ജറ്റ് എയര്‍വെയ്‌സ് എത്തിഹാദുമായി കരാറില്‍ ഒപ്പിടും

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: നരേഷ് ഗോയല്‍ നിയന്ത്രിക്കുന്ന ജെറ്റ് എയര്‍വെയ്‌സ് കടബാധ്യതയില്‍ നിന്നും രക്ഷപ്പെടാന്‍ എത്തിഹാദുമായി കരാറില്‍ ഒപ്പിടും.
ആജീവനാന്ത പദ്ധതികള്‍ എന്ന നിലക്കാണ് ഒപ്പിടുക. ഏതാനും ദിവസങ്ങള്‍ക്കിടയില്‍ ഇത് സംബന്ധിച്ച കരാറില്‍ ഒപ്പിടും. കരാര്‍ നിലവില്‍ വരുന്നതോടെ നരേഷ് ഗോയല്‍ ജെറ്റ് എയര്‍വേയ്‌സിന്റെ ചെയര്‍മാന്‍ സ്ഥാനം ഒഴിയുമെന്നാണ് അറിയുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണം നടത്താന്‍ ജെറ്റ് എയര്‍വേയ്‌സോ, എത്തിഹാദോ തയ്യാറായിട്ടില്ല.