Month: January 2019

സിനിമാ ടിക്കറ്റിനും മദ്യത്തിനും വില കൂട്ടി

ഗായത്രി-
തിരു: മദ്യത്തിന്റേയും സിനിമാ ടിക്കറ്റിന്റേയും നികുതി വര്‍ധിപ്പിച്ച് ബജറ്റ് അവതരണത്തില്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രഖ്യാനം.
മദ്യത്തിന് രണ്ട് ശതമാനവും, സിനിമാ ടിക്കറ്റിന് പത്ത് ശതമാനവുമായാണ് നികുതി ചുമത്തിയത്. മദ്യത്തിന്റെ നികുതി വര്‍ധിപ്പിച്ചതോടെ ബിയറും വൈനും ഉള്‍പ്പെടെയുള്ള എല്ലാ തരം മദ്യത്തിനും വില കൂടും.
രണ്ട് വര്‍ഷത്തേക്ക് ചെറുകിട ഉല്‍പ്പന്നങ്ങള്‍ക്ക് ഒഴികെ എല്ലാത്തിനും ഒരു ശതമാനം പ്രളയ സെസ് ചുമത്തിയാണ് തോമസ് ഐസക്ക് ബജറ്റ് അവതരണം അവസാനിപ്പിച്ചത്.
സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ക്ക് കാല്‍ ശതമാനമാണ് സെസ്. 3000 ചതുരശ്ര അടിക്ക് മുകളിലുള്ള ആഡംബര വീടുകള്‍ക്കും അധിക നികുതി ചുമത്തിയിട്ടുണ്ട്.
സിമന്റ്, ഗ്രാനൈറ്റ്, കാര്‍, എസി, ഫ്രിഡ്ജ്, സിഗരറ്റ്, ;ഹെയര്‍ ഓയില്‍, ടൂത്ത് പേസ്റ്റ്, കമ്പ്യൂട്ടര്‍, അതിവേഗ ബൈക്കുകള്‍, നോട്ട്ബുക്ക്, കണ്ണട, ടിവി,സ്‌കൂള്‍ ബാഗ്, മുള ഉരുപ്പടികള്‍ സെറാമിക് ടൈലുകള്‍, കുപ്പിവെള്ളം, പാക്കറ്റിലടച്ച ശീതളപാനീയങ്ങള്‍, വെണ്ണ, നെയ്യ്, പാക്ക് ചെയ്ത ഭക്ഷ്യ വസ്തുക്കള്‍ എന്നിവക്കും വില വര്‍ധിക്കും.
ആഡംബര വീടുകള്‍ക്കു നികുതി കൂട്ടി. 3000 ചതുരശ്രഅടിക്കു മുകളിലുള്ള വീടുകള്‍ക്കാണ് അധികനികുതി ചുമത്തുന്നത്. 20 ലക്ഷം മുതല്‍ 50 ലക്ഷം വരെ വാര്‍ഷികവരുമാനമുള്ളവര്‍ക്ക് 6 ശതമാനം സേവനനികുതിയായി നിജപ്പെടുത്തി.

കരിപ്പൂരില്‍ ഫ്‌ളൈ ദുബൈ നാളെ തുടങ്ങും

ഫിദ-
കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് ഫ്‌ളൈ ദുബൈ സര്‍വിസ് വെള്ളിയാഴ്ച ആരംഭിക്കും. ദുബൈകോഴിക്കോട് സെക്ടറില്‍ ആഴ്ചയില്‍ മൂന്ന് ദിവസമാണ് സര്‍വിസ്. വെള്ളിയാഴ്ച രാത്രി 8.20ന് ദുബൈയില്‍നിന്ന് പുറപ്പെടുന്ന വിമാനം ശനിയാഴ്ച പുലര്‍ച്ച 1.45ന് കരിപ്പൂരിലെത്തും. തിരിച്ച് പുലര്‍ച്ച 3.05ന് പുറപ്പെട്ട് ദുബൈ സമയം 6.05ന് എത്തും. കരിപ്പൂരില്‍നിന്ന് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും ദുബൈയില്‍നിന്ന് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലുമാണ് സര്‍വിസ്. എമിറേറ്റ്‌സുമായി കോഡ്‌ഷെയറുള്ളതിനാല്‍ വിദേശ വിനോദ സഞ്ചാരികള്‍ അടക്കമുള്ളവര്‍ക്ക് പുതിയ സര്‍വിസ് ഉപകാരപ്രദമാകും. കരിപ്പൂരില്‍നിന്ന് ദുബൈയിലേക്ക് സര്‍വിസ് നടത്തുന്ന അഞ്ചാമത്തെ വിമാനക്കമ്പനിയാണ് ഫ്‌ളൈ ദുബൈ.
ഫെബ്രുവരി അഞ്ചുമുതല്‍ കരിപ്പൂരില്‍നിന്ന് ജിദ്ദയിലേക്ക് സൗദി എയര്‍ലൈന്‍സിന്റെ രണ്ട് അധിക സര്‍വിസുകളും ആരംഭിക്കുന്നുണ്ട്. ഹജ്ജ്, ഉംറ തീര്‍ഥാടകരെ കൂടി മുന്നില്‍കണ്ടാണ് സര്‍വിസ് കൂട്ടുന്നത്. ചൊവ്വ, വ്യാഴം ദിവസങ്ങളിലായിരിക്കും ജിദ്ദയിലേക്ക് സൗദിയയുടെ അധിക സര്‍വിസ്. ഇതോടെ ജിദ്ദയിലേക്ക് സൗദിയ സര്‍വിസ് ഏഴായി വര്‍ധിക്കും. നിലവില്‍ ജിദ്ദയിലേക്ക് അഞ്ചും റിയാദിലേക്ക് രണ്ടും സര്‍വിസാണുള്ളത്. പുതിയത് ആരംഭിക്കുന്നതോടെ സൗദിയക്ക് ആഴ്ചയില്‍ ഒമ്പത് സര്‍വിസുകളാകും. എയര്‍ ഇന്ത്യയുടെ ജിദ്ദയിലേക്കുള്ള വലിയ വിമാനവും മാര്‍ച്ചില്‍ പുനരാരംഭിച്ചേക്കും.

ബജറ്റ്; ഭൂരിഭാഗം ഉത്പ്പന്നങ്ങള്‍ക്കും വില കൂടും

ഫിദ-
തിരു: ജിഎസ്ടിയുടെ ഉയര്‍ന്ന സെസ് സ്ലാബിലെ ഉത്പന്നങ്ങള്‍ക്കെല്ലാം ഒരു ശതമാനം പ്രളയ സെസ് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 12, 18, 28 ശതമാനം ജിഎസ്ടി നിരക്കുള്ള ഉത്പന്നങ്ങള്‍ക്ക് രണ്ടു വര്‍ഷത്തേക്കാണ് സെസ് ഈടാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
നിര്‍മാണ മേഖലയിലെ ഭൂരിഭാഗം വസ്തുക്കള്‍ക്കും വില വര്‍ധിക്കും. പ്ലൈവുഡ്, സിമന്റ്, പെയിന്റ്, മാര്‍ബിള്‍, ഗ്രാനൈറ്റ്, സെറാമിക് ടൈല്‍സ്, മുള ഉരുപ്പടികള്‍ എന്നിവയുടെയെല്ലാം വില ഉയരും. സ്വര്‍ണം, കാര്‍, എസി, ഫ്രിഡ്ജ്, സിഗററ്റ്, ശീതള പാനീയങ്ങള്‍, ഹെയര്‍ ഓയിലുകള്‍, ബ്രാന്റഡ് വസ്ത്രങ്ങള്‍, ടൂത്ത് പേസ്റ്റ്, സോപ്പ്, കംപ്യൂട്ടര്‍, നോട്ടുബുക്ക്, കണ്ണട, ടെലിവിഷന്‍, സ്‌കൂള്‍ ബാഗ്, കയര്‍, ബിസ്‌കറ്റ് എന്നിവയുടെയെല്ലാം വില കൂടും.

നടന്‍ ശ്രീനിവാസന്റെ ആരോഗ്യ നിലയില്‍ പുരോഗതി

ഗായത്രി-
കൊച്ചി: ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നടനും സംവിധായകനുമായ ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ പുരോഗതി. രക്തചംക്രമണം സാധാരണനിലയിലേക്ക് തിരിച്ചെത്തിയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വെന്റിലേറ്ററില്‍ തുടരുകയാണെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രിവൃത്തങ്ങള്‍ വ്യക്തമാക്കി. ഇന്നലെ രാവിലെയാണ് അദ്ദേഹത്തെ എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സ്വര്‍ണ വില സര്‍വകാല റെക്കോഡില്‍

ഫിദ-
കൊച്ചി: ആഗോള സാമ്പത്തിക മാന്ദ്യമുണ്ടാകുമെന്ന അഭ്യൂഹങ്ങളെത്തുടര്‍ന്ന് സ്വര്‍ണവില സര്‍വ്വകാല റെക്കാഡില്‍. പവന് 200 രൂപ കൂടിയതോടെ 24,600 രൂപയാണ് ഇന്നത്തെ വില, ഗ്രാമിന് 3,075 രൂപയും. കഴിഞ്ഞ ദിവസം സ്വര്‍ണവില ഗ്രാമിന് 3050 രൂപയായിരുന്നു. ജനുവരി ഒന്നിനാണ് സ്വര്‍ണം ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര വിപണിയില്‍ വിലകൂടിയതും, വിവാഹ സീസണ്‍ അടുത്തതുമാണ് നിരക്ക് ഉയരാന്‍ കാരണമായി കണക്കാക്കുന്നത്. ജനുവരി 18ന് സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കാഡിന് തൊട്ടടുത്തെത്തിയിരുന്നു.
2012 സെപ്തംബറില്‍ രേഖപ്പെടുത്തിയ 24,240 രൂപയാണ് കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വില. ഗ്രാമിന് അന്ന് വില 3,030 രൂപയായിരുന്നു. ഡോളറിനെതിരെ രൂപ നേരിട്ട കനത്ത തളര്‍ച്ചയും ഇറക്കുമതി വിലയിലുണ്ടായ വര്‍ധനയുമാണ് സ്വര്‍ണ വിലക്കുതിപ്പിന് പ്രധാന കാരണം. വിവാഹ ആവശ്യകത വര്‍ദ്ധിച്ചതും, രൂപയുടെ മൂല്യത്തകര്‍ച്ചയും, അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണവിലയിലുണ്ടായ വര്‍ദ്ധനയുമാണ് സ്വര്‍ണവില റെക്കാഡ് നിലവാരത്തിലേക്ക് ഉയരാന്‍ ഇടയാക്കിയ മറ്റ് കാരണങ്ങള്‍. ഇതിനോടൊപ്പം അമേരിക്കയിലുണ്ടാകുന്ന ഭരണപ്രതിസന്ധി ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമെന്ന അഭ്യൂഹവും വിപണിയില്‍ സജീവമാണ്. മാന്ദ്യമുണ്ടായാല്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ആളുകള്‍ സ്വര്‍ണം വാങ്ങിച്ച് കൂട്ടുന്നത് വിപണിയില്‍ വീണ്ടും വില വര്‍ദ്ധനവിന് കാരണമാകുമെന്നും സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.

ടാറ്റായുടെ ബ്രാന്‍ഡ് മൂല്യം 1.38 ലക്ഷം കോടി

ഫിദ-
കൊച്ചി: ലോകത്തിലെ ഏറ്റവും മൂല്യമുള്ള 100 ബ്രാന്‍ഡുകളുടെ പട്ടികയില്‍ ടാറ്റാ ഗ്രൂപ്പ് ഇടം പിടിച്ചു. ടാറ്റാ ഗ്രൂപ്പിന്റെ ബ്രാന്‍ഡ് മൂല്യം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 37 ശതമാനം വര്‍ധിച്ച് 1,950 കോടി ഡോളറിലെത്തി. അതായത്, ഏതാണ്ട് 1.38 ലക്ഷം കോടി രൂപ. ലണ്ടന്‍ കേന്ദ്രമായുള്ള കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ‘ബ്രാന്‍ഡ് ഫിനാന്‍സ്’ തയ്യാറാക്കിയ പട്ടികയില്‍ ഇത്തവണ 86ാം സ്ഥാനത്താണ് ടാറ്റാ ഗ്രൂപ്പ്. ആദ്യ 100 സ്ഥാനങ്ങളില്‍ ഇന്ത്യയില്‍നിന്ന് ടാറ്റാ ഗ്രൂപ്പ് മാത്രമാണ് ഇടം പിടിച്ചത്.

സിമന്റ് വില വര്‍ധിച്ചു

ഗായത്രി-
കൊച്ചി: പ്രളയാന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനു കനത്ത തിരിച്ചടിയായി സംസ്ഥാനത്തു സിമന്റ് വില കുത്തനെ കൂടുന്നു. വെള്ളിയാഴ്ച മുതല്‍ ബാഗൊന്നിന് അന്‍പത് രൂപ വീതം വര്‍ധിപ്പിക്കുമെന്നു വ്യക്തമാക്കി കമ്പനികള്‍ വിതരണക്കാര്‍ക്കു സന്ദേശങ്ങള്‍ അയച്ചുതുടങ്ങി. നിലവില്‍ 350 370 രൂപ വരെയാണു സംസ്ഥാനത്തു സിമന്റിന്റെ വില. ഇതു 400 മുതല്‍ 420 വരെ വര്‍ധിപ്പിക്കാനാണു കമ്പനികള്‍ കൂട്ടായ നീക്കം തുടങ്ങിയത്. ഇതിന്റെ ഭാഗമായി, വിതരണക്കാര്‍ക്കുള്ള വില മൂന്ന് മാസം അമ്പത് രൂപ വീതം വര്‍ധിപ്പിച്ചിരുന്നു. ഈ തുക സബ്‌സിഡിയായി നല്‍കുകയായിരുന്നു ഇതുവരെ. ഇതാണു വെള്ളിയാഴ്ച മുതല്‍ നിര്‍ത്തലാക്കുന്നത്. തിങ്കളാഴ്ച മുതല്‍ വിലവര്‍ധന വിപണയില്‍ പ്രതിഫലിക്കും. ഒരു മാസം എട്ടര ലക്ഷം ബാഗ് സിമെന്റ് ഉപയോഗിക്കുന്ന കേരളത്തില്‍ വിലവര്‍ധനയിലൂടെ നൂറു കോടി രൂപയാണ് കമ്പനികള്‍ അധികമായി നേടുന്നത്.

യു.എ.ഇ.യും സൗദിയും ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കും

അളക ഖാനം-
ജിദ്ദ: യു.എ.ഇ.യും സൗദിയും ചേര്‍ന്ന് ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കും. ഇരുരാജ്യങ്ങളുടെയും സാമ്പത്തിക ഇടപാടുകള്‍ക്കായാണ് ‘ആബെര്‍’ എന്ന പേരിലുള്ള ഡിജിറ്റല്‍ കറന്‍സി സംവിധാനം പ്രയോജനപ്പെടുത്തുക. നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ പൂര്‍ണസുരക്ഷ ഉറപ്പുവരുത്തിയാണ് ഡിജിറ്റല്‍ കറന്‍സി ഉപയോഗപ്പെടുത്തുക. രണ്ട് രാജ്യങ്ങളുടെയും ബാങ്കുകള്‍ക്ക് നിയമ സംവിധാനങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് നേരിട്ട് ഇടപാടുകള്‍ കൃത്യമായി നടത്താന്‍ സഹായകമായ തരത്തിലാണ് ഇതിന്റെ രൂപകല്‍പ്പന. യു.എ.ഇ.സെന്‍ട്രല്‍ ബാങ്കും സൗദി അറേബ്യന്‍ മോണിറ്ററിംഗ് അതോറിറ്റിയും (സമ) ചേര്‍ന്ന് പുറത്തിറക്കിയ കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്.
പല രാജ്യങ്ങളുടെയും സെന്‍ട്രല്‍ ബാങ്കുകള്‍ ഇതിനകം ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കുന്നതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളിലാണ്. ‘സമ’യും യു.എ.ഇ.സെന്‍ട്രല്‍ ബാങ്കും ഡിജിറ്റല്‍ കറന്‍സി ഇടപാടുകളുടെ സാധ്യതകള്‍ വ്യക്തമായി മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. പദ്ധതി പ്രാവര്‍ത്തികമാവുന്നതോടെ ദേശീയ അന്താരാഷ്ട്രതലത്തില്‍ ഏറെ പ്രയോജനങ്ങളുണ്ടാകുമെന്നും യു.എ.ഇ.സെന്‍ട്രല്‍ ബാങ്കും സമയും വ്യക്തമാക്കി. ഇരുരാജ്യങ്ങളിലും കറന്‍സി ഉപയോഗത്തിന് വിലക്കുള്ള ബാങ്കുകളുണ്ട്.
സാങ്കേതികബുദ്ധിമുട്ടുകള്‍ പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിഞ്ഞാല്‍ ഭാവിയില്‍ ഈ സാങ്കേതികവിദ്യയുടെ ഉപയോഗം വ്യാപകമാക്കുന്നതിനുള്ള സാമ്പത്തികവും നിയമപരവുമായ നടപടികള്‍ കൈക്കൊള്ളുമെന്നും ബാങ്ക് വ്യക്തമാക്കി.

ദേഹാസ്വാസ്ഥ്യം; നടന്‍ ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഗായത്രി-
കൊച്ചി: പ്രശസ്ത നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ ഡബ്ബിംഗിനായി കൊച്ചിയിലെ ലാല്‍ മീഡിയയില്‍ എത്തിയപ്പോഴാണ് അദ്ദേഹത്തിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് കാറില്‍ നിന്നിറങ്ങിയില്ല. അതേ വാഹനത്തില്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഇപ്പോള്‍.

രാജ്യങ്ങള്‍ സൈബര്‍ ആക്രമണ ഭീതിയില്‍

അളക ഖാനം-
ന്യൂയോര്‍ക്ക്: ഹാക്കര്‍മാര്‍ സംയുക്തമായി വന്‍ സൈബര്‍ ആക്രമണത്തിന് തയ്യാറെടുക്കുകയാണെന്നും ഇതിലൂടെ ആഗോള തലത്തില്‍ ഏകദേശം 85 മുതല്‍ 193 ബില്ല്യന്‍ ഡോളര്‍ വരെ നഷ്ടം സംഭവിച്ചേക്കാമെന്നും റിപ്പോര്‍ട്ട്. ഇമെയിലിലൂടെയായിരിക്കും ഈ ആക്രമണം നടക്കുകയെന്നാണ് സൂചന. ആഗോളതലത്തില്‍ പല മേഖലകളെയും ഇത് ബാധിക്കാം. ബാങ്കിങ്, ഇന്‍ഷുറന്‍സ്, ആരോഗ്യപരിപാലനം, റീട്ടെയ്ല്‍ വില്‍പ്പന, നിര്‍മാണപ്രവര്‍ത്തനങ്ങള്‍, മേഖലകളെ ലക്ഷ്യം വച്ചായിരിക്കും ആക്രമണം എന്നും സൂചനയുണ്ട്. അമേരിക്ക, യൂറോപ് തുടങ്ങിയ സ്ഥലങ്ങളിലെ, സേവനങ്ങളെ കേന്ദ്രീകരിച്ചുള്ള സമ്പത്‌വ്യവസ്ഥകളെയായിരിക്കും ആക്രമണം കൂടുതലായി ബാധിക്കുക.