Month: August 2017

അമന്‍ഷ്യോ ഒര്‍ട്ടേഗ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍

അളക ഖാനം
മാഡ്രിഡ്: മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സിനെ പിന്തള്ളി വസ്ത്രവ്യാപാര ശൃംഖലയായ സറയുടെ സ്ഥാപകനും ശതകോടീശ്വരനുമായ അമന്‍ഷ്യോ ഒര്‍ട്ടേഗ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായി. 7800 കോടി ഡോളറാണ് ഒര്‍ട്ടേട്ടഗയുടെ ആസ്തി. ബില്‍ഗേറ്റ്‌സിന്‍േറത് 7740 കോടി ഡോളറും.
സ്‌പെയിനിലെ റെയില്‍വേ ജോലിക്കാരന്റെ മകനായ ഒര്‍ട്ടേഗ സമ്പത്തിന്റെ നെറുകയിലെത്തിയിട്ടും വന്നവഴി മറന്നില്ല. പലപ്പോഴും ഓഫിസ് കാന്റീനില്‍ തന്റെ ജോലിക്കാരുടെ കൂടെയിരുന്നാണ് ഭക്ഷണം കഴിച്ചിരുന്നത്. മുന്‍ ഭാര്യ റൊസൈലക്കൊപ്പം വീടിന്റെ ഒറ്റമുറിയിലിരുന്നാണ് സാറയെന്ന ബിസിനസ് സ്ഥാപനം തുടങ്ങിയത്.

ആധാര്‍-പാന്‍ കാര്‍ഡ് ബന്ധിപ്പിക്കാനുള്ള സമയം ഡിസംബര്‍ 31 വരെ നീട്ടി

അളക ഖാനം
ന്യൂഡല്‍ഹി: ആധാറും ആദായനികുതി വകുപ്പിന്റെ പാന്‍ കാര്‍ഡും ബന്ധിപ്പിക്കാനുള്ള സമയം ഡിസംബര്‍ 31 വരെ നീട്ടി. യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ.) സി.ഇ.ഒ. അജയ് ഭൂഷണ്‍ പാണ്ഡെയാണ് ഈ കാര്യ മാധ്യമങ്ങളെ അറിയിച്ചത്. ആധാറും മൊബൈല്‍ നമ്പറും ബന്ധിപ്പിക്കാനുള്ള സമയപരിധിയും ഡിസംബര്‍ 31 ആണ്. മൊബൈല്‍ സേവനദാതാക്കളുമായി ബന്ധപ്പെട്ടാണ് ആധാര്‍ ബന്ധിപ്പിക്കേണ്ടത്. ക്ഷേമപദ്ധതികള്‍ക്കായുള്ള ആധാര്‍ ബന്ധിപ്പിക്കലും ഡിസംബര്‍ 31 വരെ നീട്ടിയിരുന്നു.
സ്വകാര്യത കേസിലെ വിധി ആധാറിനെ ബാധിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണിത്. ക്ഷേമപദ്ധതികള്‍, സര്‍ക്കാര്‍ സബ്‌സിഡികള്‍, മറ്റാനുകൂല്യങ്ങള്‍ എന്നിവ ലഭിക്കുന്നതിന് ഇത് കൂടിയേ തീരൂ. ആധാര്‍, പാന്‍ ബന്ധിപ്പിക്കല്‍ ആദായനികുതി നിയമത്തില്‍ ഭേദഗതികള്‍ വരുത്തി കൊണ്ടുവന്നതാണ്. അതിനാല്‍ ബന്ധിപ്പിക്കല്‍ ആ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. സ്വകാര്യതയിലെ വിധി വന്നതുകൊണ്ട് അതില്‍ മാറ്റമുണ്ടാകില്ലെന്ന് അജയ് ഭൂഷണ്‍ പാണ്ഡെ പറഞ്ഞു. ആധാറിലെ വിവരങ്ങള്‍ സംരക്ഷിക്കാനുള്ള കാര്യങ്ങള്‍ ഇതിന്റെ നിയമത്തിലുണ്ട്. ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മാത്രമാണ് ഇത്തരം കേസുകള്‍ വരുന്നത്. അതില്‍ കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് തീരുമാനമെടുക്കുക. ആധാര്‍ നിയമത്തെപ്പറ്റി സുപ്രീംകോടതിയുടെ വിധിയില്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും നിയമത്തിലെ വകുപ്പ് ഏഴ് പ്രകാരം സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാമെന്നും അദ്ദേഹം വ്യക്തമാക്കി.

റിസര്‍വ് ബാങ്ക് നടപടി നാണക്കേട്: പി ചിദംബരം

അളക ഖാനം
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് നോട്ട് നിരോധനത്തെ പിന്തുണച്ച നടപടി നാണക്കേടുണ്ടാക്കുന്നതാണെന്ന് മുന്‍ കേന്ദ്രധന മന്ത്രി പി ചിദംബരം. നോട്ട് നിരോധത്തെ തുടര്‍ന്ന് പിന്‍വലിച്ച നോട്ടുകളില്‍ 99 ശതമാനവും തിരിച്ചെത്തിയെന്ന റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് പി. ചിദംബരത്തിന്റെ പരിഹാസം. പിന്‍വലിച്ച നോട്ടുകളില്‍ പതിനാറായിരം കോടി രൂപയാണ് തിരിച്ച് വന്നത്. എന്നാല്‍ പുതിയ നോട്ടുകള്‍ അച്ചടിക്കാന്‍ ഇരുപത്തിയോരായിരം കോടി രൂപ ചെലവായെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച സാമ്പത്തിക വിദഗ്ധന് നോബേല്‍ സമ്മാനം നല്‍കണമെന്നും ചിദംബരം പറഞ്ഞു. നോട്ട് നിരോധനം കള്ളപ്പണം വെളുപ്പിക്കാനുള്ള പദ്ധതിയായിരുന്നോ എന്നും ചിദംബരം ട്വിറ്ററില്‍ കുറിച്ചു.
എന്നാല്‍ നോട്ട് നിരോധം സാമ്പത്തിക മേഖലയില്‍ അനുകൂല പ്രതിഫലനമാണ് ഉണ്ടാക്കിയെന്നായിരുന്നു അരുണ്‍ ജെയ്റ്റ്‌ലിയുടെ വാദം. നോട്ട് നിരോധനത്തിന്റെ ലക്ഷ്യം കള്ളപ്പണം കണ്ടുകെട്ടുക മാത്രമായിരുന്നില്ലെന്നും ജെയ്റ്റ്‌ലി പറഞ്ഞു.നോട്ട് നിരോധനം പ്രഖ്യാപിച്ച് ഒമ്പത് മാസത്തിന് ശേഷം 99 ശതമാനം നോട്ടുകളും തിരിച്ചുവന്നുവെന്ന റിസര്‍വ് ബാങ്കിന്റെ കണക്കുകളാണ് കേന്ദ്രസര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയത്.

ആയിരം രൂപ നോട്ട് ഇറക്കുന്നില്ലെന്ന് കേന്ദ്രം

അളക ഖാനം
ന്യൂഡല്‍ഹി: ആയിരം രൂപ നോട്ട് ഇറക്കുന്നില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം ആവര്‍ത്തിച്ചു വ്യക്തമാക്കി. പുതിയ 200 രൂപ നോട്ട് ഇറക്കിയതിനു പിന്നാലെ ആയിരവും വരുന്നുവെന്ന വ്യാപക പ്രചാരണത്തിനിടെയാണ് കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി സുഭാഷ് ഗാര്‍ഗിന്റെ ട്വീറ്റ്.
2016 നവംബര്‍ എട്ടിനാണ് മുന്തിയ നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. തുടര്‍ന്ന് ആദ്യം രണ്ടായിരം രൂപയുടെ പുതിയ നോട്ടും കൂടുതല്‍ സുരക്ഷയുള്ള 500ന്റെ നോട്ടും ഇറക്കി. 500നും 100നും ഇടയിലെ ‘കണ്ണി ചേര്‍ക്കല്‍’ ആയാണ് പുതിയ 200 രൂപ നോട്ട് ഇറക്കിയത്. കൂടുതല്‍ സുരക്ഷസംവിധാനങ്ങളോടെ 50 രൂപയുടെ നോട്ടും ഇറക്കിയിട്ടുണ്ട്.

സെസ് വര്‍ധിപ്പിച്ചു; കാറുകള്‍ക്ക് വില കൂടും

അളക ഖാനം
ന്യൂഡല്‍ഹി: ജി.എസ്.ടിയില്‍ കാറുകള്‍ക്ക് ഏര്‍പ്പെടുത്തിയ സെസ് വര്‍ധിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ ഇന്ന് അംഗീകാരം നല്‍കി. ഇടത്തരം, വലിയ കാറുകള്‍ എസ്.യു.വികള്‍ എന്നിവയുടെ സെസാണ് വര്‍ധിപ്പിക്കുക. ഇത് കാറുകളുടെ വില കൂടുന്നതിന് കാരണമാവും. സെസ് 15 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി വര്‍ധിപ്പിക്കാനാണ് മന്ത്രിസഭ തീരുമാനം
ജി.എസ്.ടിയിലെ സെക്ഷന്‍ എട്ടില്‍ മാറ്റം വരുത്തുന്നതിനുള്ള ഓര്‍ഡിനന്‍സ് ആയിരിക്കും സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുക. നിലവില്‍ ജി.എസ്.ടിയില്‍ 28 ശതമാനം നികുതിയും 15 ശതമാനം സെസുമാണ് കാറുകള്‍ക്ക് ചുമത്തുന്നത്. ജി.എസ്.ടി നിലവില്‍ വരുന്നതിന് മുമ്പ് ചുമത്തിയിരുന്ന നികുതിയേക്കാളും കുറവാണിത്.
ജി.എസ്.ടിയില്‍ നികുതിയിളവ് ലഭിച്ചതോടെ രാജ്യത്തെ മുന്‍നിര കാര്‍ നിര്‍മാണ കമ്പനികളെല്ലാം വന്‍ വിലക്കുറവുമായി രംഗത്തെത്തിയിരുന്നു. 10,000 രൂപ മുതല്‍ ലക്ഷങ്ങള്‍ വരെ പല കാര്‍ നിര്‍മാണ കമ്പനികളും വിലയില്‍ ഇളവ് ലഭ്യമാക്കിയിരുന്നു. എന്നാല്‍ കാറുകള്‍ക്ക് ഇത്തരത്തില്‍ ജി.എസ്.ടിയില്‍ നികുതിയിളവ് നല്‍കുന്നതിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സെസ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

‘ബോംബെ ടൈലേഴ്‌സി’ലേക്ക് ആളെ ആവശ്യമുണ്ട്

ഗായത്രി
പ്രശസ്ത സംവിധായകന്‍ വിനോദ് കുമാര്‍ സംവിധാനം ചെയ്ത് ഏറെ പ്രശസ്തി നേടിയതും, ദേശീയ അവാര്‍ഡ് ജേതാവ് സുരഭിയെ മികച്ച നാടകനടിക്കുള്ള അവാര്‍ഡിന് അര്‍ഹയാക്കിയതുമായ ‘ബോംബെ ടൈലേഴ്‌സ്’ എന്ന സൂപ്പര്‍ ഹിറ്റ് നാടകത്തിലേക്ക് നടീനടന്മാരെ ആവശ്യമുണ്ട്. സംവിധായകന്‍ വിനോദ് കുമാറിന്റെ സംവിധാനത്തില്‍ തന്നെയാണ് സിംഗപ്പൂര്‍ കൈരളി കലാനിലയം, ഈ നാടകം അരങ്ങിലെത്തിക്കുന്നത്. ചോരയില്‍ പോലും മനുഷ്യന്റെ ഊരും പേരും ജാതിയും ചികഞ്ഞെടുക്കുന്ന, മനുഷ്യസ്‌നേഹവും പരസ്പരവിശ്വാസവും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന വര്‍ത്തമാന കാലഘട്ടത്തിന്റെ കഥ പറയുന്ന നാടകത്തില്‍ പഴയതില്‍നിന്നും പുതിയതിലെക്കുള്ള പരക്കം പാച്ചിലില്‍ നമുക്ക് അറിഞ്ഞും അറിയാതെയും നഷ്ട്ടപ്പെടുന്ന മാനുഷിക മൂല്യങ്ങളെക്കുറിച്ച് ആഴത്തില്‍ പ്രതിപാദിക്കുന്നു. വീരുഭായ് എന്ന ടൈലറും ഭാര്യ മുത്തുമൊഴിയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന നാടകത്തില്‍ വലുതും ചെറുതുമായ വേഷങ്ങളില്‍ മുപ്പതോളം അഭിനേതാക്കള്‍ അരങ്ങിലെത്തുന്നുണ്ട്. ഈ നാടകത്തിലേക്കുള്ള അഭിനേതാക്കളെ തിരഞ്ഞെടുക്കാന്‍ ഈ വരുന്ന സെപ്റ്റംബര്‍ ഒന്‍പതിന് സെംബവാംഗ് കാന്‍ബറ കമ്മ്യുണിറ്റി ക്ലബ്ബില്‍ ഓഡിഷന്‍ നടത്തപ്പെടുന്നു. തുടര്‍ന്ന് സെപ്റ്റംബര്‍ പത്തിന് സംവിധായകന്‍ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ അഭിനയ കളരിയും ഉണ്ടായിരിക്കുന്നതാണ്. താല്‍പര്യമുള്ളവര്‍ക്ക് കൈരളീ കലാനിലയവുമായി 92387443, 85861971 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ട് പേരുകള്‍ റെജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

ഏഴാം മാസത്തില്‍ തൈമൂര്‍ അലിഖാനും സിനിമയിലേക്ക്

രാംനാഥ് ചാവ്‌ല
സൈഫ് അലിഖാന്‍കരീന കപൂര്‍ താര ദമ്പതികളുടെ ഏഴുമാസം പ്രായമായ മകന്‍ തൈമൂര്‍ അലിഖാന്‍ സിനിമാ അരങ്ങേറ്റത്തിന് ഒരുങ്ങുന്നു. പ്രസവശേഷം കരീന തിരിച്ചെത്തുന്ന വീരെ ദ വെഡ്ഡിംഗിലാണ് കുഞ്ഞു തൈമൂര്‍ തല കാണിക്കുന്നത്. ഒരു സീനിലാണ് തൈമൂര്‍ പ്രത്യക്ഷപ്പെടുന്നതെന്നാണ് സൂചന.
കരീന ഗര്‍ഭിണിയായതിനെ തുടര്‍ന്ന് ചിത്രത്തിന്റെ തിരക്കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു. ഗര്‍ഭിണിയായ കരീനയുടെ ദൃശ്യങ്ങളും ഇതിനായി പകര്‍ത്തി. ഒടുവില്‍ തൈമൂറിനെയും ചിത്രത്തില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ശശാങ്ക് ഘോഷ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് അനില്‍ കപൂറിന്റെ മകള്‍ റിയ കപൂറാണ്. സോനം കപൂറും സ്വര ഭാസ്‌കറും ശിഖ തല്‍സാനിയയുമാണ് മറ്റ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്.

 

‘ഡ്യൂ ഡ്രോപ്‌സ്’ പ്രകാശനം ചെയ്തു

കണ്ണൂര്‍: മുംബൈയിലെ റുസ്‌തോംജി കേംബ്രിഡ്ജ് ഇന്റര്‍നാഷണര്‍ സ്‌കൂള്‍ അധ്യാപികയായ ആഞ്ചല്‍ സിപി രചിച്ച കവിതാ സമാഹാരം ‘ഡ്യൂ ഡ്രോപ്‌സ്’ പ്രകാശനം ചെയ്തു. കണ്ണൂര്‍ നോര്‍ത്ത് ചേംബര്‍ ഓഫ് കോമേഴ് ഹാളില്‍ നടന്ന ചടങ്ങില്‍ കണ്ണൂര്‍ എസ്എന്‍ കോളേജ് അസോസിയേറ്റ് പ്രൊഫ. ഡോ. എന്‍ സാജന്‍ പുസ്തക പ്രകാശനം നിര്‍വഹിച്ചു. മുന്‍ ചേംബര്‍ പ്രസിഡന്റ് മഹേഷ് ചന്ദ്ര ബാലിഗ ഏറ്റുവാങ്ങി. ഹാരിയറ്റ് മരീന്‍ ഡികോസ്റ്റ മുഖ്യ പ്രഭാഷണം നടത്തി. ലജിത്ത് ചക്കാടത്ത്, ഗീതാഗോവിന്ദന്‍, ചാന്ദിനി സന്തോഷ്, ഡോ. ധനലക്ഷമി എന്നിവര്‍ സംസാരിച്ചു. തിരുവനന്തപുരത്തെ ഇ സോണ്‍ ബുക്‌സാണ് പ്രസാധകര്‍.

ടൂറിസം വികസനം ലക്ഷ്യമിട്ട് സൗദിയുടെ ബജറ്റ് എയര്‍ലൈന്‍സ്

ഫിദ
റിയാദ്:
സൗദിഅറേബ്യ ബജറ്റ് എയര്‍ലൈന്‍ സര്‍വീസ് ആരംഭിക്കുന്നു. ടൂറിസം വികസനവും യുവാക്കളെയും ലക്ഷ്യമിട്ടാണ് സൗദിയുടെ പുതിയ നീക്കം. ബജറ്റ് എയര്‍ലൈനായ ഫ്‌ളയാഡീല്‍ അടുത്ത മാസം മുതല്‍ സര്‍വീസ് ആരംഭിക്കും. പുറത്തുവരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് സെപ്തംബര്‍ 23ന് ഫല്‍യാഡീലിന്റെ ആദ്യ വിമാനം പറന്നുയരും.
എട്ട് എയര്‍ബസുകളുള്‍പ്പടെ വിപുലമായ വിമാന ശൃഖല ഉപയോഗിച്ചാവും കമ്പനിയുടെ സര്‍വീസുകള്‍. മറ്റ് വിമാന കമ്പനികള്‍ വെന്നിക്കൊടി പാറിച്ച ബജറ്റ് എയര്‍ലൈന്‍ വിഭാഗത്തില്‍ പുതിയ സ്ഥാപനത്തിലൂടെ മേധാവിത്വം സ്ഥാപിക്കാന്‍ കഴിയുമെന്നാണ് സൗദിയുടെ കണക്കു കൂട്ടല്‍.
ആദ്യഘട്ടത്തില്‍ അഭ്യന്തര സര്‍വീസുകളാവും വിമാന കമ്പനി നടത്തുകയെന്നാണ് സൂചന. 2018 മധ്യത്തോടെ അന്താരാഷ്ട്ര റൂട്ടുകളിലേക്കും സര്‍വീസ് വ്യാപിപ്പിക്കും. ചെലവ് കുറഞ്ഞ വിമാനകമ്പനിക്കുള്ള മികച്ച മാതൃകയായിരിക്കും പുതിയ കമ്പനി. ഭക്ഷണത്തിനും ലഗ്ഗേജിനും മാത്രമായിരിക്കും അധിക തുക ഈടാക്കുക.

Visit : www.flyadeal.com

പ്രധാനമന്ത്രിയുടെ വയ വന്ദന യോജന’ പദ്ധതിക്ക് തുടക്കമായി

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ വയ വന്ദന യോജന’ പദ്ധതിക്ക് തുടക്കമായി. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണിത്. എല്‍ഐസിവഴിയാണ് പദ്ധതി നടപ്പാക്കുക. എട്ട് ശതമാനം പലിശ നല്‍കുന്ന പദ്ധതിയുടെ കാലാവധി 10 വര്‍ഷമാണ്. കാലാവധി പൂര്‍ത്തിയായാല്‍ നിക്ഷേപ തുക തിരിച്ചുനല്‍കും. 7.5 ലക്ഷം രൂപയാണ് പരമാവധി നിക്ഷേപിക്കാന്‍ കഴിയുക. നിക്ഷേപത്തിന്മേല്‍ ലഭിക്കുന്ന പലിശയ്ക്ക് ആദായ നികുതി ഇളവുകളില്ല. ഗുരുതര രോഗം ബാധിച്ചാല്‍ നിക്ഷേപ തുകയുടെ 98 ശതമാനവും കാലാവധിയെത്തുംമുമ്പ് പിന്‍വലിക്കാം.
എട്ട് ശതമാനമാണ് പലിശ. ആവശ്യമെങ്കില്‍ മാസംതോറും പലിശ ലഭിക്കും. മൂന്ന് മാസം, ആറ് മാസം, ഒരു വര്‍ഷം എന്നീ കാലയളവിലും പലിശ ലഭിക്കും. വര്‍ഷത്തിലൊരിക്കലാണ് പലിശ വാങ്ങുന്നതെങ്കില്‍ 8.30 ശതമാനം ആദായം ലഭിക്കും.
കുറഞ്ഞത് 1000 രൂപ(പ്രതിമാസം)പരമാവധി 5000 രൂപ(പ്രതിമാസം)
കാലാവധിയെത്തുംമുമ്പ് നിക്ഷേപകന്‍ മരിച്ചാല്‍ അടുത്ത അവകാശിക്ക് നിക്ഷേപ തുകമുഴവന്‍ ലഭിക്കും.2018 മെയ് മൂന്ന് വരെയാണ് പദ്ധതിയില്‍ നിക്ഷേപിക്കാന്‍ കഴിയുക. ഓണ്‍ലൈനായും ഓഫ്‌ലൈനായും നിക്ഷേപിക്കാന്‍ സൗകര്യമുണ്ട്.
സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീമിന് സമാനമായ ഒരു പദ്ധതിയാണിത്. മറ്റ് പലിശ നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ താരതമ്യേന കൂടുതലാണ് പദ്ധതിയില്‍നിന്നുള്ള ആദായം. 8.4 ശതമാനമാണ് സീനിയര്‍ സിറ്റിസണ്‍ സ്‌കീമിന്റെ പലിശ.

For more details please visit : https://www.licindia.in/Products/Pension-Plans/Pradhan-Mantri-Vaya-Vandana-Yojana