Month: June 2018

മണിക്കൂറുകള്‍ക്കകം ഇനി പാന്‍ കാര്‍ഡ്

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: എളുപ്പത്തില്‍ പാന്‍ ലഭിക്കാനായി ഇപാന്‍ സേവനത്തിന് തുടക്കം കുറിച്ച് ആദായനികുതി വകുപ്പ്. ആദായ നികുതി വകുപ്പിന്റെ പോര്‍ട്ടലില്‍ ലോഗ് ഇന്‍ ചെയ്ത് ഇപാന്‍ സംവിധാനം ഉപയോഗപ്പെടുത്താനാവും. വ്യക്തികള്‍ക്ക് മാത്രമാവും പുതിയ സേവനം ഉപയോഗിക്കാനാവുക. ഹിന്ദു അണ്‍ഡിവൈഡഡ് ഫാമിലി, സ്ഥാപനങ്ങള്‍, ട്രസ്റ്റ്, കമ്പനികള്‍ എന്നിവക്കൊന്നും പുതിയ സേവനം ലഭ്യമാവില്ല.

ലോകവ്യാപാര സംഘടനക്കെതിരെ വിമര്‍ശനവുമായി ട്രംപ്

അളക ഖാനം
വാഷിംഗ്ടണ്‍:
ലോകവ്യാപാര സംഘടനക്കെതിരെ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ലോകവ്യാപാര സംഘടന അമേരിക്കയോട് വളരെ മോശം സമീപനമാണ് സ്വീകരിച്ചത്. എങ്കിലും തല്‍ക്കാലം ലോകവ്യാപാര സംഘടനയില്‍ നിന്ന് പുറത്ത് വരില്ലെന്നും ട്രംപ് വ്യക്തമാക്കി.
അമേരിക്കന്‍ സുപ്രീംകോടതിയിലേക്ക് നിയമിക്കേണ്ട ജഡ്ജിമാരുടെ പട്ടിക ജൂലൈ ഒമ്പതിന് പ്രഖ്യാപിക്കുമെന്നും ട്രംപ് വ്യക്തമാക്കി. അഞ്ച് ജഡ്ജിമാരെയാണ് സുപ്രീംകോടതിയില്‍ പുതുതായി നിയമിക്കുക. സെനറ്റിന്റെ കൂടി അംഗീകാരം ഉണ്ടെങ്കില്‍ മാത്രമെ ട്രംപിന് പുതിയ ജഡ്ജിമാരെ നിയമിക്കാന്‍ സാധിക്കുകയുള്ളു. സെനറ്റില്‍ ട്രംപിന്റെ റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് നേരിയ ഭൂരിപക്ഷം മാത്രമേയുള്ളു.
കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച് വല്‍ഡമിര്‍ പുടിനുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാപാര യുദ്ധം അതിന്റെ പാരമ്യത്തിലെത്തിയിരിക്കുന്ന സമയത്താണ് വിവിധ വിഷയങ്ങളില്‍ ട്രംപിന്റെ പ്രതികരണങ്ങള്‍ പുറത്ത് വരുന്നത്. ലോകവ്യാപാര സംഘടനക്കെതിരായ ട്രംപിന്റെ പരാമര്‍ശങ്ങള്‍ വരും ദിവസങ്ങളിലും ചര്‍ച്ചയാവുമെന്നാണ് സൂചന.

‘മീ ടൂ’ ക്യാമ്പെയ്ന്‍ മലയാള സിനിമയിലും വേണം

ഫിദ
കൊച്ചി: ഡബ്ല്യു.സി.സിയില്‍ യാതൊരു അഭിപ്രായ ഭിന്നതയുമില്ലെന്ന് നടിയും ഡബ്ലു.സി.സി പ്രവര്‍ത്തകയുമായ സജിതാ മഠത്തില്‍. സുരക്ഷിതമായ തൊഴിലിടത്തിന് വേണ്ടിയുള്ള പോരാട്ടത്തിലാണ് ഡബ്ല്യു.സി.സി. അക്കാര്യത്തില്‍ ഇനിയൊരു പിന്നോട്ടുപോക്ക് ഉണ്ടാകില്ലെന്നും സജിതാ മഠത്തില്‍ പറഞ്ഞു. മഞ്ജു വാര്യരും സംഘടനക്ക് ഒപ്പമാണ്. സ്ഥലത്ത് ഇല്ലാത്തതിനാലാണ് അഭിപ്രായം പറയാത്തത്. മഞ്ജുവിന്റെ വ്യക്തിപരമായ കാര്യങ്ങള്‍ കൂടി പരിഗണിച്ചാണ് ഈ വിഷയത്തില്‍ നേതൃപരമായ പങ്ക് വഹിക്കാത്തത്. മലയാള സിനിമയിലും ഇനി ‘മീ ടൂ’ ക്യാമ്പെയ്ന്‍ വരുമെന്നും സജിത മഠത്തില്‍ അഭിപ്രായപ്പെട്ടു.
കൂടുതല്‍ സ്ത്രീകള്‍ മൗനം വെടിഞ്ഞ് പുറത്തുവരും. പുതിയ പെണ്‍കുട്ടികള്‍ എല്ലാവരും കാര്യങ്ങളും തുറന്ന് പറയുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടുണ്ട്. അങ്ങനെ അവര്‍ കാര്യങ്ങള്‍ തുറന്നു പറയുമ്പോള്‍ അവര്‍ക്ക് അവസരങ്ങള്‍ ഇല്ലാതാകുന്നു. അങ്ങനെ പെണ്‍കുട്ടികളെ പേടിപ്പിക്കുകയാണ്. എന്നാല്‍, എല്ലാ കാലത്തും അത് നടക്കില്ല. ഇപ്പോള്‍ മൂന്ന് പേര്‍ പുറത്തേക്ക് വന്നത് പോലെ ഇനിയും കുറേപേര്‍ മുന്നോട്ട് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സജിതാ പറഞ്ഞു.

ഇന്ത്യന്‍ നിക്ഷേപം സ്വിസ് ബാങ്കിലേക്കൊഴുകുന്നു

ഫിദ
കൊച്ചി: സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപം 50.2 ശതമാനത്തോളം വര്‍ധിച്ച് 7,000 കോടി രൂപയായി. 2017ലെ കണക്കാണിത്. സ്വിസ് നാഷണല്‍ ബാങ്ക് (എസ്.എന്‍.ബി.) ഇന്ന് പുറത്തിറക്കിയ വാര്‍ഷികവിവരറിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കള്ളപ്പണത്തിനെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് ഈ വര്‍ധന.
മൂന്നുവര്‍ഷം തുടര്‍ച്ചയായി കൂപ്പുകുത്തിയ നിക്ഷേപമാണ് കഴിഞ്ഞവര്‍ഷം ഉയര്‍ന്നത്. 2016ല്‍ സ്വിസ് ബാങ്കിലെ ഇന്ത്യന്‍നിക്ഷേപം 45 ശതമാനം കുറഞ്ഞ് 4,500 കോടിയിലെത്തിയിരുന്നു. 1987ല്‍ സ്വിസ് ബാങ്ക് വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ തുടങ്ങിയതിനുശേഷമുള്ള ഏറ്റവുംവലിയ കുറവായിരുന്നു ഇത്.
2017ല്‍ ഇന്ത്യന്‍ ഉപഭോക്താക്കളുടെ നിക്ഷേപമായി സ്വിസ് ബാങ്കിലെത്തിയത് 3,200 കോടിയാണ്. മറ്റുബാങ്കുകള്‍ വഴിയെത്തിയത് 1,050 കോടിയും കടപ്പത്രമടക്കമുള്ളവ വഴിയെത്തിയത് 2,640 കോടിയുമാണ്.
കള്ളപ്പണസാധ്യത പരിശോധിക്കുന്നതിന് ഓട്ടോമാറ്റിക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്‍ഫര്‍മേഷന്‍ എന്ന സംവിധാനം വഴി ഇന്ത്യയുമായി വിവരങ്ങള്‍ പങ്കുവക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡ് തീരുമാനിച്ച് മാസങ്ങള്‍ക്കകമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ നവംബറിലാണ് സ്വിറ്റ്‌സര്‍ലന്‍ഡ് ഇതുസംബന്ധിച്ച നിയമഭേദഗതി കൊണ്ടുവന്നത്.
ഇപ്പോള്‍ പുറത്തുവിട്ട കണക്കുകളില്‍ ഇന്ത്യക്കാരുടെയും അവരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയും കണക്കുകള്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

 

അമ്മയിലിപ്പാള്‍ അച്ഛന്‍ അനുഭവിച്ചതിന്റെ പാപഭാരം: ഡോ. സോണിയ തിലകന്‍

ഗായത്രി
തിരു: ഒരുകാലത്ത് അച്ഛന്‍ അനുഭവിച്ച വേദനകളുടെ പാപഭാരമാണ് ‘അമ്മ’യെ വിടാതെ പിന്തുടര്‍ന്ന് ഇപ്പോഴത്തെ വിവാദത്തിലെത്തിച്ചിരിക്കുന്നതെന്ന് തിലകന്റെ മകള്‍ ഡോ. സോണിയ തിലകന്‍. അച്ചടക്കനടപടിക്ക് വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് വിളിച്ചുവരുത്തിയിട്ട് മഹാനടനോട് ‘ഇറങ്ങിപ്പോടോ’ എന്നാണ് പറഞ്ഞതെന്നും സോണിയ പറഞ്ഞു. ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് സോണിയ ഇക്കാര്യം ആവശ്യപ്പെട്ടത്
2010ല്‍ അച്ഛനെ ‘അമ്മ’യില്‍ നിന്നു പുറത്താക്കുമ്പോള്‍ അച്ഛന്‍ വിശദീകരണം കൊടുത്തില്ല എന്നാണ് അതിന്റെ ഭാരവാഹികള്‍ പറഞ്ഞത്. ഞാനാണ് അച്ഛന്റെ വിശദീകരണക്കത്ത് അന്നും ഭാരവാഹിയിരുന്ന ഇടവേള ബാബുവിന്റെ കൈയില്‍ കൊടുത്തത്.
സംഘടനയില്‍ നിന്നു പുറത്താക്കിയതിന്റെ വിഷമം അച്ഛന്‍ പുറത്തുപറഞ്ഞില്ല. നേരത്തേ കരാറായ ഏഴോളം സിനിമകളില്‍ നിന്ന് അച്ഛനെ ഒഴിവാക്കി. ഒരു സിനിമയുടെ ലൊക്കേഷനില്‍ നിന്നു മടങ്ങേണ്ടി വന്നു. ‘ഫെഫ്ക’യും എതിരായി നിന്നു. സംവിധായകന്‍ രഞ്ജിത് ‘ഇന്ത്യന്‍ റൂപ്പി’ എന്ന ചിത്രത്തില്‍ വിലക്ക് ലംഘിച്ച് അച്ഛനെ അഭിനയിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ വലിയ എതിര്‍പ്പ് സിനിമാ സംഘടനകളില്‍ നിന്ന് ഉണ്ടായി. രഞ്ജിത്ത് ഉറച്ചുനിന്നപ്പോള്‍ ‘അമ്മ’ വിലക്കുനീക്കി.
ആ സിനിമ കാണാന്‍ അച്ഛനൊപ്പം ഞാനും പോയിരുന്നു. ഇരുനൂറോളം ചിത്രങ്ങളില്‍ അഭിനയിച്ച അദ്ദേഹത്തിന്റെ അന്നത്തെ സന്തോഷം കണ്ടപ്പോള്‍ ആദ്യ ചിത്രം കാണാന്‍ പോവുകയാണോ എന്നു തോന്നി. സിനിമ തുടങ്ങിക്കഴിഞ്ഞിട്ട് പോകാമെന്നാണ് അച്ഛന്‍ പറഞ്ഞത്. ആളുകള്‍ തിരിച്ചറിയാതിരിക്കാന്‍ ടൗവ്വല്‍ തലയിലിട്ടാണ് തിയറ്ററിലേക്ക് കടന്നത്. സിനിമയിലെ ഒരു രംഗത്തില്‍ പൃഥ്വിരാജിന്റെ കഥാപാത്രം അച്ഛന്റെ കഥാപാത്രത്തോടു ചോദിക്കുന്നു. ‘ഇത്രയും നാള്‍ എവിടെയായിരുന്നു’ ഒരു പൊട്ടിച്ചിരിയായിരുന്നു മറുപടി.
അപ്പോഴേക്കും തിയറ്ററില്‍ പ്രേക്ഷകര്‍ എണീറ്റുനിന്നു കയ്യടിച്ചു. പ്രേക്ഷകര്‍ ചൊരിഞ്ഞ ആ അംഗീകാരം എന്നെയും ഏറെ സന്തോഷിപ്പിച്ചു. ഞാന്‍ നോക്കിയപ്പോള്‍ അച്ഛന്‍ തേങ്ങിക്കരയുന്നുവെന്നും സോണിയ പറഞ്ഞു.

 

രൂപയുടെ മൂല്യത്തില്‍ നേട്ടം

രാംനാഥ് ചാവ്‌ല
മുംബൈ: വ്യാപാര യുദ്ധം സംബന്ധിച്ച ആശങ്കകള്‍ താല്‍ക്കാലികമായി അകന്നതും ഓഹരി സൂചികകള്‍ കുതിച്ചതും രൂപയുടെ മൂല്യമുയര്‍ത്തി. ഉച്ചക്ക് രണ്ടുമണിയോടെ മൂല്യം 68.46 നിലവാരത്തിലെത്തി. ഇന്നലെ ഒരുവേള രൂപയുടെ മൂല്യം 69 നിലവാരത്തിലെത്തിയിരുന്നു. 68.79ലായിരുന്നു ക്ലോസിംഗ്.
ഇന്നലെ ഉച്ചയോടെ സെന്‍സെക്‌സ് 340 പോയന്റ് ഉയര്‍ന്ന് 35,378 നിലവാരത്തിലെത്തിയത് രൂപക്ക് ആശ്വാസമായി. പത്തുവര്‍ഷകാലാവധിയുള്ള ബോണ്ടില്‍നിന്നുള്ള ആദായം 7.889ശതമാനത്തിലേയ്ക്ക് താഴ്ന്നതും രൂപക്ക് ഗുണകരമായി. കഴിഞ്ഞദിവസത്തെ ആദായം 7.935 ശതമാനമായിരുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഈ വര്‍ഷം ഇതുവരെ 83.66 കോടി ഡോളറിന്റെ ഓഹരി നിക്ഷേപവും 845 കോടി ഡോളറിന്റെ ഡെറ്റ് നിക്ഷേപവും വിറ്റൊഴിഞ്ഞതും രൂപയുടെ മൂല്യത്തെ തളര്‍ത്തി.

രൂപയുടെ വിനിമയ മൂല്യം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലേക്ക്

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: യു.എസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലേക്ക്. 68.87ല്‍ വ്യാപാരം ആരംഭിച്ചെങ്കിലും പിന്നീടിത് 69ഉം കടന്ന് മുന്നേറുകയും ചെയ്തു.
ആഗോള വിപണിയില്‍ ഇന്ധനവില വര്‍ധിച്ചതും യു.എസ് ചൈന വ്യാപാര പ്രശ്‌നങ്ങളുമെല്ലാം രൂപയുടെ മൂല്യം ഇടിയുന്നതിന് കാരണമായി. ഡോളറിനുള്ള കൂടുതല്‍ ആവശ്യകതയും രൂപയുടെ മുല്യം ഇടിയുന്നതിനുള്ള കാരണമായി. ബാങ്കുകളും ഇറക്കുമതി ചെയ്യുന്നവരും കൂടുതലായി ഡോളര്‍ വാങ്ങിക്കൂട്ടുകയും ചെയ്തു.
ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് പണമയക്കുന്ന പ്രവാസികള്‍ക്ക് വന്‍ നേട്ടമാണ് വിനിമയ നിരക്കിലുള്ള ഇടിവ് സമ്മാനിക്കുന്നത്.

ദിലീപ് വിഷയം വീണ്ടും ചര്‍ച്ച ചെയ്യണമെന്ന് മൂന്ന് നടിമാര്‍

ഗായത്രി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ തിരിച്ചെടുത്തതില്‍ താരസംഘടനയായ അമ്മയുടെ നേതൃത്വത്തിനെതിരേ കൂടുതല്‍ നടിമാര്‍ രംഗത്ത്. ദിലീപിനെ തിരിച്ചെടുത്ത വിഷയം ചര്‍ച്ച ചെയ്യാന്‍ അമ്മയുടെ ജനറല്‍ ബോഡി യോഗം വീണ്ടും വിളിക്കണമെന്ന് നടിമാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി നടിമാരായ പത്മപ്രിയ, രേവതി, പാര്‍വതി എന്നിവര്‍ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന് കത്ത് നല്‍കുകയും ചെയ്തു.

വിദേശ നിക്ഷേപകരം ആകര്‍ഷിക്കാന്‍ കുവൈത്ത്

അളക ഖാനം
കുവൈത്ത് സിറ്റി: വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ കുവൈത്ത് നിയമങ്ങള്‍ ലഘൂകരിക്കും. ഇതിനായി നിയമനിര്‍മാണം നടത്താന്‍ രാജ്യം തയാറെടുക്കുന്നു. വേനലവധിക്ക് ശേഷം ഒക്‌ടോബറില്‍ ചേരുന്ന പാര്‍ലമെന്റ്് സെഷനില്‍ കരടുനിയമം അവതരിപ്പിക്കും. വ്യവസായം തുടങ്ങാനും നിക്ഷേപം നടത്താനുമുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്ന രീതിയിലാവും നിര്‍ദിഷ്ട നിയമം. മുതല്‍ മുടക്കുന്നവര്‍ക്ക് വിവിധ ആനുകൂല്യങ്ങളും സൗകര്യങ്ങളും സര്‍ക്കാര്‍ നല്‍കും.
വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ഇതുവരെ കുവൈത്തിന് കഴിഞ്ഞിട്ടില്ല. 2017ല്‍ രാജ്യത്തെ മൊത്തം നിക്ഷേപത്തിന്റെ ഒരുശതമാനം മാത്രമാണ് വിദേശത്തുനിന്നുള്ളത്. 301 മില്യണ്‍ ഡോളര്‍ മാത്രമാണിത്. പുറത്തേക്കുള്ള പണമൊഴുക്ക് തടയാനായി സ്വദേശികള്‍ക്ക് സ്വന്തം നാട്ടില്‍ മുതല്‍ മുടക്കാന്‍ പ്രേരണ നല്‍കുന്ന നടപടികളും ഉണ്ടാവും.
നിക്ഷേപസൗഹൃദ രാജ്യമാവുന്നതിലൂടെ സാമ്പത്തികവ്യവസ്ഥയില്‍ കുതിപ്പുണ്ടാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. രാജ്യത്തേക്ക് നേരിട്ടുള്ള നിക്ഷേപം ക്ഷണിക്കുന്നതിനായി കഴിഞ്ഞ മാര്‍ച്ചില്‍ നിക്ഷേപക സംഗമം സംഘടിപ്പിച്ചിരുന്നു.
കുവൈത്തിലെ മെച്ചപ്പെട്ട വ്യാപാരാന്തരീക്ഷവും നിക്ഷേപാവസരങ്ങളും ട്രെന്‍ഡുകളും വ്യാപാരി, നിക്ഷേപക സമൂഹത്തിന് പരിചയപ്പെടുത്താനാണ് പ്രധാനമായും ഇത്തരമൊരു പരിപാടി നടത്തിയത്. പ്രത്യക്ഷ നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ ഏറെ വൈകിപ്പോയിട്ടുണ്ടെന്നും ഈ കുറവ് നികത്തുന്ന രീതിയില്‍ ഊര്‍ജസ്വലമായ പ്രവര്‍ത്തനങ്ങളാണ് രാജ്യം ഇപ്പോള്‍ നടത്തുന്നതെന്നുമാണ് വിലയിരുത്തല്‍. കസ്റ്റംസ് ഫീസ് കുറച്ചും ബാങ്കിങ് ഇടപാടുകള്‍ ലളിതമാക്കിയും രാജ്യത്തെ സാമ്പത്തിക വ്യവസ്ഥ നിക്ഷേപകര്‍ക്ക് ആകര്‍ഷകമാക്കിയിട്ടുണ്ട്. സംരംഭക രംഗത്തേക്ക് ഇറങ്ങുന്നവര്‍ക്ക് എല്ലാ സഹായങ്ങളും ചെയ്യാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലൈസന്‍സ് നടപടികളും ലളിതമാക്കി.

ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി കൂട്ടി; ഇന്ത്യയെ വിമര്‍ശിച്ച് ട്രംപ്

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി വര്‍ധിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ വിമര്‍ശിച്ച് പ്രസിഡന്റ് ട്രംപ് രംഗത്ത്. ‘നമുക്ക് മുന്നില്‍ ചില രാജ്യങ്ങളുണ്ട്. ഉദാഹരണത്തിന് ഇന്ത്യയെ തന്നെയെടുക്കാം. 100 ശതമാനത്തിലധികമാണ് ഉല്‍പ്പന്നങ്ങള്‍ക്ക് അവര്‍ ഇറക്കുമതി ചുങ്കം ചുമത്തുന്നത്’. ഇത് അവസാനിപ്പിക്കേണ്ടിയിരിക്കുന്നു’ ട്രംപ് പറഞ്ഞു. ഇരു രാജ്യങ്ങളിലെയും നയതന്ത്ര ഉദ്യോഗസ്ഥര്‍ തമ്മില്‍ അടുത്ത ആഴ്ച നടക്കാനിരിക്കുന്ന ചര്‍ച്ചക്ക് മുന്നോടിയായായിരുന്നു ട്രംപിന്റെ വിമര്‍ശനം.
വിദേശത്തു നിന്നും ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ കൂട്ടാനുള്ള അമേരിക്കയുടെ തീരുമാനത്തെക്കുറിച്ചുള്ള ചോദ്യത്തിനിടെയായിരുന്നു ട്രംപിന്റെ മറുപടി. അമേരിക്കയുമായി ചൈനയും യൂറോപ്യന്‍ യൂണിയനും ഇന്ത്യയുമടക്കം ആഗോള വ്യാപാര രംഗത്ത് നിലനിര്‍ത്തുന്ന അസന്തുലിതാവസ്ഥക്കുള്ള തിരിച്ചടിയാണ് ഇറക്കുമതി തീരുവ കൂട്ടാനുള്ള യു.എസിന്റെ തീരുമാനമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ചര്‍ച്ചകള്‍ക്കായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമനും അടുത്ത ആഴ്ച അമേരിക്കയിലേക്ക് തിരിക്കും. ‘2+2 സംഭാഷണം’ എന്നറിയപ്പെടുന്ന ചര്‍ച്ചയില്‍ അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ അധ്യക്ഷത വഹിക്കും.