Month: June 2018

കിട്ടാക്കടം; ആര്‍ബിഐക്ക് ആശങ്ക

രാംനാഥ് ചാവ്‌ല
മുംബൈ: കിട്ടാക്കടത്തിന്റെ പിടിയില്‍ അമര്‍ന്നിരിക്കുന്ന ഇന്ത്യന്‍ ബാങ്കിംഗ് മേഖല കൂടുതല്‍ അപകടകരമായ നിലയിലേക്ക് നീങ്ങുമെന്ന് റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പ്. ബാങ്കുകളുടെ മൊത്തം കിട്ടാക്കടം 2019 മാര്‍ച്ച് അവസാനത്തോടെ മൊത്തം വായ്പയുടെ 12.2 ശതമാനമായി ഉയരുമെന്നാണ് ആര്‍.ബി.ഐ. മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 2018 മാര്‍ച്ചില്‍ ഇത് 11.6 ശതമാനമായിരുന്നു.
കിട്ടാക്കടത്തിന്റെ തോത് കുറയാതെ നില്‍ക്കുന്നതിനാല്‍ ബാങ്കിംഗ് മേഖലയിലെ പ്രതിസന്ധി തുടരുമെന്ന് ‘ധനകാര്യ സുസ്ഥിരതാ റിപ്പോര്‍ട്ടി’ല്‍ ആര്‍.ബി.ഐ. ചൂണ്ടിക്കാട്ടുന്നു.
രാജ്യത്ത് നിലവില്‍ 11 പൊതുമേഖലാ ബാങ്കുകള്‍ റിസര്‍വ് ബാങ്കിന്റെ തിരുത്തല്‍ നടപടി നേരിടുകയാണ്. ഈ ബാങ്കുകളുടെ മൊത്തം കിട്ടാക്കടം വായ്പയുടെ 21 ശതമാനമാണ് നിലവില്‍. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ ഇത് 22.3 ശതമാനമായി ഉയര്‍ന്നേക്കുമെന്ന് ആര്‍.ബി.ഐ. മുന്നറിയിപ്പ് നല്‍കുന്നു. തിരുത്തല്‍ നടപടി നേരിടുന്ന 11 ബാങ്കുകളില്‍ ആറെണ്ണത്തിന് മൂലധനത്തിന്റെ കുറവും നേരിടേണ്ടി വരും.
ഐ.ഡി.ബി.ഐ. ബാങ്ക്, യൂക്കോ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ദേന ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, കോര്‍പ്പറേഷന്‍ ബാങ്ക്, അലഹബാദ് ബാങ്ക് എന്നിവയാണ് ആര്‍.ബി.ഐ.യുടെ തിരുത്തല്‍ നടപടി നേരിടുന്നത്.
കിട്ടാക്കടത്തിനായി കൂടുതല്‍ തുക വകയിരുത്തുന്നതിനാല്‍ രാജ്യത്തെ ഏതാണ്ട് എല്ലാ ബാങ്കുകളുടെയും ലാഭക്ഷമത ഇടിഞ്ഞിട്ടുണ്ടെന്നും ആര്‍.ബി.ഐ.യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

 

ദിലീപിനെ തിരിച്ചെടുത്ത സംഭവം; അമ്മയില്‍ നിന്ന് നടിമാരുടെ കൂട്ടരാജി

ഫിദ
കൊച്ചി: സിനിമാ തരങ്ങളുടെ സംഘടനയായ അമ്മയില്‍ നിന്ന് നടിമാരുടെ കൂട്ടരാജി. കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ ആരോപണ വിധേയനായ ദിലീപിന് പിന്തുണ നല്‍കിയ താര സംഘടനയായ അമ്മയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഭാവനയടക്കം നാല് നടിമാര്‍ രാജിവച്ചത്. രമ്യാ നമ്പീശന്‍, ഗീതു മോഹന്‍ദാസ്, റിമാ കല്ലിങ്കല്‍ എന്നിവരാണ് അമ്മയില്‍ നിന്ന് രാജി വച്ചത്. ഫേസ്ബുക്കിലൂടെ പ്രത്യേകമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് നടിമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ദിലീപ് തന്റെ അവസരങ്ങള്‍ നിരവധി തവണ തട്ടി മാറ്റിയിരുന്നു. അമ്മയില്‍ ഇതിനെതിരെ പരാതി ഉന്നയിച്ചിട്ടും നടനെതിരെ ഒരു നടപടിയും കൈക്കൊണ്ടില്ല. താന്‍ കൂടി അംഗമായ സംഘടന കുറ്റാരോപിതനായ വ്യക്തിയെ സംരക്ഷിക്കാനാണ് കൂടുതല്‍ ശ്രമിച്ചത്. അതുകൊണ്ടുതന്നെ ഇനി ഈ സംഘടനയില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ല എന്നതിനാലാണ് രാജി എന്ന് ഭാവന വ്യക്തമാക്കി.
അവള്‍ക്കൊപ്പം ഞങ്ങളും രാജി വെക്കുന്നു എന്ന തലക്കെട്ടോടെയാണ് മറ്റു മൂന്ന് നടിമാരും തങ്ങളുടെ രാജിക്കാര്യം അറിയിച്ചത്.
1995 മുതല്‍ മലയാള സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് അമ്മ. ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും അംഗീകാരങ്ങള്‍ നേടി തരുന്ന മലയാള സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതില്‍ ഞങ്ങള്‍ ഏറെ അഭിമാനിക്കുന്നു. പക്ഷേ,സ്ത്രീ സൗഹാര്‍ദ്ദപരമായ തൊഴിലിടമായി മലയാള സിനിമാ വ്യവസായത്തെ മാറ്റാനുള്ള ഒരു ശ്രമവും നടത്തിയിട്ടില്ല ഈ സംഘടന എന്നു ഞങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു. ഒട്ടേറേ സ്ത്രീകള്‍ അംഗങ്ങളായുള്ള സംഘടനയാണിതെന്ന് ഓര്‍ക്കണം. മാത്രമല്ല വിമന്‍ ഇന്‍ സിനിമാ കളക്ടീവ് അതിനായി നടത്തിയ ശ്രമങ്ങളെ, ഫാന്‍സ് അസോസിയേഷനുകളുടെ മസില്‍ പവറിലൂടേയും തരംതാണ ആക്ഷേപഹാസ്യത്തിലൂടെയും പരിഹസിക്കുകയാണ് ചെയ്തിട്ടുള്ളത്.
അമ്മയുടെ അംഗമായ ഞങ്ങളുടെ സഹപ്രവര്‍ത്തകക്ക് നേരെ ഉണ്ടായ അതിക്രമത്തില്‍ അമ്മ അംഗവും കുറ്റാരോപിതനുമായ നടനെ പിന്തുണക്കുന്ന നിലപാടാണ് ‘അമ്മ’ സ്വീകരിച്ചത്. കുറ്റാരോപിതനായ നടനെ തിരിച്ചെടുക്കാന്‍ തീരുമാനിക്കുക വഴി, തങ്ങള്‍ ആരുടെ പക്ഷത്താണെന്ന് അമ്മ അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചിരിക്കുകയാണ്. അമ്മയുടെ ജനറല്‍ ബോഡിയില്‍ അജണ്ടയില്‍ ഇല്ലാതിരുന്ന ഈ വിഷയം ചര്‍ച്ചക്കെടുത്ത് നാടകീയമായി തിരിച്ചെടുക്കാന്‍ തീരുമാനിച്ചത് ഞെട്ടലോടെയാണ് മാധ്യമങ്ങളില്‍ നിന്ന് അറിഞ്ഞത്. ഞങ്ങള്‍ക്ക് ഈ മീറ്റിംഗില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല എന്നത് ഈ പ്രവൃത്തിയെ സാധൂകരിക്കുന്നില്ല. ഈ തീരുമാനമെടുക്കുമ്പോള്‍, ആക്രമണത്തെ അതിജീവിച്ച അംഗത്തെ നിങ്ങള്‍ ഓര്‍ത്തില്ല.
അമ്മയുടെ ഈ തീരുമാനത്തിനൊപ്പം നില്‍ക്കാന്‍ ഞങ്ങള്‍ക്കാവില്ല. ഞങ്ങള്‍ അവളുടെ പോരാട്ടത്തിന് കൂടുതല്‍ ശക്തമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. അമ്മ’യില്‍ നിന്നും രാജി വെക്കാനുള്ള അവളുടെ തീരുമാനത്തോട് ഐക്യപ്പെട്ടു കൊണ്ട് ഞങ്ങളില്‍ കുറച്ചു പേര്‍ രാജി വെക്കുകയാണ്. ഇത് അമ്മയുടെ ഇപ്പോഴെടുത്ത തീരുമാനം തിരുത്തുന്നതിന് കാരണമാകട്ടെ എന്ന് ആശിക്കുന്നു.
അമ്മ’ യില്‍ നിന്നും രാജി വയ്ക്കുകയാണ്. ഇപ്പോഴത്തെ സാഹചര്യങ്ങളോടുള്ള അങ്ങേയറ്റം നിരുത്തരവാദപരമായ നിലപാടില്‍ പ്രതിഷേധിച്ചാണ് ഞങ്ങളുടെ രാജി. ഹീനമായ ആക്രമണം നേരിട്ട ഞങ്ങളുടെ സഹപ്രവര്‍ത്തകയോട് തികച്ചും വഞ്ചനാപരവും മനുഷ്യത്വഹീനവുമായ നിലപാടാണ് സംഘടന സ്വീകരിച്ചതെന്നും നടിമാര്‍ തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ദിലീപിനെ തിരിച്ചെടുത്തത് പുരുഷ മേല്‍ക്കോയ്മ

ഗായത്രി
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയാക്കപ്പെട്ടിരിക്കുന്ന നടന്‍ ദിലീപിനെ ‘അമ്മ’യില്‍ തിരിച്ചെടുത്തതിനെതിരെ മുന്‍കാല നടി രഞ്ജിനി. ‘അമ്മ’ എന്ന പേര് അടിയന്തിരമായി മാറ്റണമെന്നും മലയാള സിനിമയിലെ ആണ്‍മേല്‍ക്കോയ്മക്കുള്ള തെളിവാണിതെന്നും രഞ്ജിനി പറഞ്ഞു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം.
‘അസ്സോസ്സിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ്’ എന്ന സംഘടനയുടെ അമ്മ എന്ന ചുരുക്ക പേര് മാറ്റേണ്ട സമയമായിരിക്കുന്നു. സിനിമയിലെ സ്ത്രീകള്‍ക്ക് ഇതൊരു അപമാനമാണ്. മലയാള സിനിമയില്‍ നിലനില്‍ക്കുന്ന പുരുഷ മേല്‍ക്കോയ്മയുടെ തെളിവാണിത്. കേസ് നടന്നുകൊണ്ടിരിക്കുമ്പോള്‍ ദിലീപിനെ തിരിച്ചെടുത്തതെന്തിന്?. അമ്മയുടെ ഈ നിലപാട് കാണുമ്പോള്‍ അഭിനേതാക്കളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണിതെന്ന് എനിക്ക് തോന്നുന്നില്ല. നമ്മുടെ സഹോദരിക്ക് നീതിയെവിടെയെന്നും രഞ്ജിനി തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

ഇപിഎഫ് പെന്‍ഷന്‍ തുക 2000 രൂപയായി ഉയര്‍ത്തിയേക്കും

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീം പ്രകാരമുള്ള ചുരുങ്ങിയ പ്രതിമാസ പെന്‍ഷന്‍ തുക 2000 രൂപയായി ഉയര്‍ത്തിയേക്കും. ഇന്ന് തൊഴില്‍മന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന ഇ.പി.എഫ് ഓര്‍ഗനൈസേഷന്‍ ട്രസ്റ്റി ബോര്‍ഡ് യോഗം ഇതുസംബന്ധിച്ച നിര്‍ദേശം പരിഗണിക്കും.
ഇപ്പോള്‍ 1000 രൂപയാണ് പെന്‍ഷന്‍ തുക. ആനുകൂല്യം ഇരട്ടിയാക്കുന്നത് 40 ലക്ഷം വരുന്ന ഇ.പി.എസ് വരിക്കാര്‍ക്ക് പ്രയോജനം ചെയ്യും. കേന്ദ്രത്തിന് 3000 കോടി രൂപയുടെ വാര്‍ഷിക അധികച്ചെലവാണ് കണക്കാക്കുന്നത്. 2014ലാണ് 1000 രൂപ മിനിമം പെന്‍ഷന്‍ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചത്. ഇ.പി.എഫ് പദ്ധതിയിലെ അംഗങ്ങളാണ് സ്വാഭാവികമായി ഇ.പി.എസിന്റെ ഭാഗമാവുക.
പ്രതിമാസ ശമ്പളത്തില്‍നിന്ന് 12 ശതമാനം തൊഴിലാളിവിഹിതമാണ് ഇ.പി.എഫ് അക്കൗണ്ടിലേക്ക് പോകുന്നത്. തൊഴിലുടമയുടെ തത്തുല്യ വിഹിതത്തില്‍ 3.67 ശതമാനം ഇ.പി.എഫിലേക്കും 8.33 ശതമാനം ഇ.പി.എസിലേക്കുമാണ് പോകുന്നത്. ഇ.പി.എഫ് തുകയില്‍ എത്രത്തോളം ഓഹരി വിപണിയില്‍ നിക്ഷേപിക്കണമെന്ന് നിശ്ചയിക്കാന്‍ വരിക്കാര്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നതു സംബന്ധിച്ച നിര്‍ദേശം വൈകാതെ ട്രസ്റ്റി ബോര്‍ഡ് യോഗത്തിന്റെ പരിഗണനക്കു വരും. ഇപ്പോള്‍ 15 ശതമാനം സര്‍ക്കാര്‍ നേരിട്ട് ഓഹരി വിപണിയില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്.
പരിധി കൂട്ടുകയോ കുറക്കുകയോ ചെയ്യാന്‍ വരിക്കാരന് സ്വാതന്ത്ര്യം നല്‍കി, ലാഭനഷ്ടത്തിന്റെ ഉത്തരവാദിത്തം പൂര്‍ണമായി വരിക്കാരനിലേക്കു കൈമാറാനാണ് നീക്കം. ഇപ്പോള്‍ വരിക്കാരന് ലാഭമോ നഷ്ടമോ ഇല്ല. നിക്ഷേപത്തിന്മേല്‍ എട്ടര ശതമാനം പലിശ നല്‍കുകയാണ് ചെയ്യുന്നത്.

സൗദിയില്‍ ഡ്രൈവിംഗ് ലൈസന്‍സിനായി സ്ത്രീകളുടെ നീണ്ട നിര

അളക ഖാനം
റിയാദ്: ആദ്യമായി വാഹനങ്ങളോടിച്ച് സൗദി അറേബ്യയിലെ സ്ത്രീകള്‍ ലോകശ്രദ്ധ നേടിയപ്പോള്‍ ഏറെ ആവേശമാണ് രാജ്യത്ത് അലയടിക്കുന്നത്. ആയിരക്കണക്കിന് സ്ത്രീകളാണ് ഡ്രൈവിംഗ് പഠിക്കാനും ലൈസന്‍സിനുമായി രംഗത്തിറങ്ങിയത്. നിലവില്‍ 1.20 ലക്ഷത്തിലേറെ വനിതകളാണ് ലൈസന്‍സിനായി അപേക്ഷ നല്‍കി കാത്തിരിക്കുന്നത്. ഞായറാഴ്ച ആരംഭിച്ച സ്ത്രീകളുടെ വാഹനമോടിക്കല്‍ ഒരിടത്തും അപകടങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ലെന്നത് ആവേശം വര്‍ധിപ്പിക്കുന്നു.
സൗദിയില്‍ എല്ലായിടത്തും ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കുന്നവരുടെ വന്‍ തിരക്കാണെന്ന് അധികൃതരും സമ്മതിക്കുന്നു. നിലവില്‍ ഒരുലക്ഷത്തി ഇരുപതിനായിരത്തിലധികം പേരാണ് അപേക്ഷ നല്‍കി കാത്തിരിക്കുന്നതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വനിതകള്‍ക്ക് ഡ്രൈവിങ്ങില്‍ പരിശീലനം നല്‍കാനായി സൗദിയിലെ അഞ്ച് പ്രധാന നഗരങ്ങളില്‍ ആറ് ഡ്രൈവിംഗ് സ്‌കൂളുകളാണുള്ളത്. ഒമ്പത് പ്രവിശ്യകളില്‍ വനിതാ െ്രെഡവിംഗ് സ്‌കൂളുകള്‍ ഇതുവരെ തുറക്കാനായിട്ടില്ല. ഉന്നതനിലവാരമുള്ള പരിശീലന കേന്ദ്രങ്ങളാണ് നിലവിലുള്ളവയൊക്കെ. വിദേശികളായ വീട്ടുജോലിക്കാരികള്‍ക്ക് വാഹനമോടിക്കുന്നതില്‍ വിലക്കില്ല. പക്ഷേ, അവരുടെ വിസയുടെ ചില സാങ്കേതികപ്രശ്‌നം ബാക്കിയുണ്ട്.
അതേസമയം സ്ത്രീകള്‍ക്ക് പ്രത്യേക വാഹന പാര്‍ക്കിങ് സൗകരൃം ഏര്‍പ്പെടുത്തിയതായുള്ള വാര്‍ത്ത ബന്ധപ്പെട്ടവര്‍ നിഷേധിച്ചു. പ്രത്യേകപരിഗണന ആവശ്യമുള്ളവര്‍ക്കു മാത്രമാണ് പ്രത്യേകം പാര്‍ക്കിങ് സംവിധാനം ഒരുക്കിയിട്ടുള്ളത്. ട്രാഫിക് ഉദ്യോഗസ്ഥരുടെ കൈവശമുള്ള പ്രത്യേകതരം ഇലക്‌ട്രോണിക് ഉപകരണം ഉപയോഗിച്ച് വനിതാ ഡ്രൈവര്‍മാരുടെ തിരിച്ചറിയല്‍ രേഖയും ഡ്രൈവിങ് ലൈസന്‍സും പരിശോധിക്കാനാകും.

 

അമ്മയോട് ഇനി ഗുഡ്‌ബൈ: റീമാ കല്ലിങ്കല്‍

ഗായത്രി
കൊച്ചി: താര സംഘടനയായ ‘അമ്മ’യിലേക്ക് ദിലീപിനെ തിരിച്ചെടുത്ത നടപടിയില്‍ പ്രതിഷേധിച്ച് നടി റിമാ കല്ലിങ്കല്‍ രംഗത്ത്. ഇനി അമ്മ സംഘടനയുമായി ചേര്‍ന്ന് ഒത്തുപോകാനാകില്ലെന്ന് റീമ വ്യക്തമാക്കി. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് റീമ ഇത്തരത്തില്‍ പ്രതികരിച്ചത്.
നടിയെ അക്രമിച്ച കേസില്‍ പക്വമായ നിലപാട് അമ്മയില്‍ നിന്നുണ്ടാകുമെന്ന പ്രതീക്ഷയില്ല.’അമ്മ മഴവില്‍’ എന്ന പരിപാടിയില്‍ ഏത് രീതിയിലാണ് ആ സംഘടന പ്രതികരിച്ചതെന്ന് എല്ലാവരും കണ്ടതാണ്. അവര്‍ വനിതാ കൂട്ടായ്മയെ അങ്ങിനെയാണ് കാണുന്നത്. എന്തുകൊണ്ട് ഇക്കാര്യങ്ങളെല്ലാം ഫേസ്ബുക്കിലൂടെ പറയുന്നു എന്നാണ് പലരുടെയും ആരോപണം. ജനാധിപത്യപരമായ ഒരു പൊതു പ്ലാറ്റ്‌ഫോമിലാണ് അഭിപ്രായം പറഞ്ഞത്. എല്ലാവരും ചോദിക്കേണ്ട ചോദ്യങ്ങളാണ് തങ്ങളും ചോദിക്കുന്നത്. ഇതില്‍ ഡബ്ല്യു.സി.സിയുടെ നിലപാട് കൃത്യമാണ്. അതൊരു വ്യക്തിയുടെ തീരുമാനമല്ല, കൂട്ടായി എടുക്കുന്നതാണെന്നും അവര്‍ പറഞ്ഞു.
അമ്മയിലെ പുതിയ നേതൃത്വത്തില്‍ പ്രതീക്ഷയില്ല. പ്രതിസന്ധികളെ അതിജീവിച്ച അവളോടൊപ്പം അവസാനം വരെ കേരളത്തിലെ ജനങ്ങള്‍ നില്‍ക്കുമെന്നുമാണ് പ്രതീക്ഷയെന്നും റീമ പറഞ്ഞു.
എന്ത്‌കൊണ്ടാണ് അമ്മയുടെ യോഗത്തില്‍ പോയി ഈ അഭിപ്രായം പറയാത്തത് എന്ന ചോദ്യത്തിന് ‘അമ്മ’യില്‍ പോയി പറഞ്ഞിട്ട് കാര്യമില്ലാത്തത് കൊണ്ടാണ് യോഗം ബഹിഷ്‌ക്കരിച്ചതെന്നായിരുന്നുറീമയുടെ മറുപടി.

ആര്‍ദ്രം മിഷന്‍; 500 ആരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കും

ഫിദ
കോഴിക്കോട്: ആരോഗ്യ രംഗത്ത് സംസ്ഥാന സര്‍ക്കാറിന്റെ അഭിമാന പദ്ധതിയായ ആര്‍ദ്രം മിഷന്‍ രണ്ടാം ഘട്ടത്തില്‍ 500 ആരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തും. 43 സാമൂഹികാരോഗ്യ കേന്ദ്രങ്ങളും 371 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 86 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമാണ് 201819 സാമ്പത്തിക വര്‍ഷത്തിലെ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവുമധികം ആരോഗ്യ കേന്ദ്രങ്ങള്‍ ആര്‍ദ്രത്തിന്റെ ഭാഗമായി ഉയര്‍ത്തുന്നത്. 50 കേന്ദ്രങ്ങളാണ് ഇവിടെ ഈ നിലയില്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നത്.തൃശൂരിലെ 48 കേന്ദ്രങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. ഏറ്റവും കുറവ് വയനാട് ജില്ലയിലാണ്15.
തിരുവനന്തപുരം ജില്ലയില്‍ വക്കം സി.എച്ച്.സി, കൊല്ലത്ത് കുളത്തൂപ്പുഴ, മയ്യനാട്, പാലത്തറ, തെക്കുംഭാഗം, പത്തനംതിട്ടയിലെ എഴുമറ്റൂര്‍, വെച്ചൂച്ചിറ, വല്ലന, ചിറ്റാര്‍, കുന്നന്താനം, ആലപ്പുഴയിലെ പെരുമ്പലം, കോട്ടയത്ത് തോട്ടക്കാട്, കൂട്ടിക്കല്‍, മുണ്ടക്കയം, പൂഞ്ഞാര്‍, അറുനൂറ്റിമംഗലം, കടപ്ലാമറ്റം, മരങ്ങാട്ടുപിള്ളി, രാമപുരം, ഏറ്റുമാനൂര്‍, കറുകച്ചാല്‍, അതിരമ്പുഴ, അയ്മനം, പറമ്പുഴ, തൃക്കൊടിത്താനം, ഇടുക്കിയിലെ ദേവികുളം, മുട്ടം, കരുണപുരം, വാത്തിക്കുടി, എറണാകുളത്ത് നേര്യമംഗലം, എടപ്പള്ളി, തൃശൂരിലെ മാടവന, തിരുവില്വാമല, പാലക്കാട്ട് ചളവറ, പറളി, നന്തിയോട്, മലപ്പുറത്തെ പുഴക്കാട്ടിരി, തൃക്കണ്ണാപുരം, വളവന്നൂര്‍, കോട്ടക്കല്‍, കോഴിക്കോട് കോടഞ്ചേരി, വയനാട് അമ്പലവയല്‍, മേപ്പാടി എന്നീ സാമൂഹികാരോഗ്യ കേന്ദ്രങ്ങളാണ് ഈ ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ സി.എച്ച്.സികള്‍ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

കാതറീന്‍ ട്രീസ മലയാളത്തിലേക്ക്

ഫിദ
‘ആണെങ്കിലും അല്ലെങ്കിലും’ എന്ന മലയാള ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലെത്തുകയാണ് തെന്നിന്ത്യന്‍ താരം കാതറിന്‍ ട്രീസ. ഫഹദ് ഫാസിലാണു നായകന്‍. നവാഗത സംവിധായകന്‍ വിവേക് തോമസ് റൊമന്റിക് കോമഡി വിഭാഗത്തില്‍ ഒരുക്കുന്ന ചിത്രമാണ് ആണെങ്കിലും അല്ലെങ്കിലും. ഫഹദ് ഫാസില്‍ ഒരു പ്ലേബോയ് കഥാപാത്രമായാണ് ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തില്‍ കോട്ടയത്തുകാരി നാടന്‍ പെണ്‍കുട്ടിയായാണ് കാതറിന്‍ എത്തുന്നത്.
ഫഹദിന്റെ കൂടെ അഭിനയിക്കാനായതില്‍ സന്തോഷമുണ്ടെന്ന് കാതറിന്‍ ട്രീസ പറയുന്നു. ചിത്രത്തിന്റെ കഥ വല്ലാതെ തന്നെ ആകര്‍ഷിച്ചിരുന്നു. അതിനാലാണ് അഭിനയിച്ചത്. ഹൈദരാബാദില്‍ 65ാമത് ജിയോ ഫിലിംഫെയര്‍ അവാര്‍ഡ് നിശയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു കാതറിന്റെ പ്രതികരണം.
ബംഗളൂരു, പുതുച്ചേരി, കൂട്ടിക്കല്‍,കോട്ടയം തുടങ്ങിയ സ്ഥലങ്ങളിലാണ് സിനിമയുടെ ചിത്രീകരണം. ഷറഫുദിന്‍,രഞ്ജി പണിക്കര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, അലന്‍സിയര്‍, തെസ്‌നി ഖാന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കും.

ക്രൂഡ് ഓയില്‍ ഉത്പാദനം വര്‍ധിപ്പിക്കും: ഒപെക്

അളക ഖാനം
വിയന്ന: ക്രൂഡ് ഓയില്‍ ഉത്പാദനം പ്രതിദിനം പത്തു ലക്ഷം വീപ്പ കണ്ടു വര്‍ധിപ്പിക്കാന്‍ തീരുമാനം. പെട്രോളിയം കയറ്റുമതി രാജ്യസംഘടന(ഒപെക്)യുടെ മന്ത്രിതല യോഗത്തിലാണു തീരുമാനം. ഓരോ രാജ്യത്തിന്റെയും വിഹിതം പിന്നീടു നിശ്ചയിക്കും.
ഉത്പാദനം കൂട്ടുന്നതിന് ഇറാന്‍ എതിരായിരുന്നു. രണ്ടു വര്‍ഷമായി തുടരുന്ന രീതി മാറ്റേണ്ടെന്ന് അവര്‍ ശഠിച്ചു. ഇപ്പോഴത്തെ വില അധികമല്ലെന്നും അവര്‍ വാദിച്ചു. എന്നാല്‍, ഒപെകിലെ ഏറ്റവും വലിയ ഉത്പാദകരായ സൗദി അറേബ്യ ഉത്പാദനം കൂട്ടിയില്ലെങ്കില്‍ വിപണിയില്‍ ഒപെക് പിന്തള്ളപ്പെടുമെന്നു ചൂണ്ടിക്കാട്ടി.
ഒപെകും റഷ്യയും ചേര്‍ന്ന് 10 ലക്ഷം വീപ്പ ഉത്പാദനം കുറക്കാനാണു ധാരണ. നേരത്തെ സൗദി എണ്ണകാര്യമന്ത്രി റഷ്യന്‍ മന്ത്രിയുമായി മോസ്‌കോയില്‍ ചര്‍ച്ച നടത്തി ധാരണ ഉണ്ടാക്കിയിരുന്നു.

മഹീന്ദ്ര ടി.യു.വി 300 പ്ലസ് വിപണിയില്‍

വിഷ്ണു പ്രതാപ്
കൊച്ചി: മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ പുത്തന്‍ എസ്.യു.വിയായ ടി.യു.വി 300 പ്ലസ് വിപണിയിലെത്തി. 9.66 ലക്ഷം രൂപയാണ് കൊച്ചി എക്‌സ്‌ഷോറൂം വില. വിശാലവും മികച്ച ഫീച്ചറുകളാല്‍ സമ്പന്നവുമായ അകത്തളം, സുഖകരമായ ഡ്രൈവിംഗ് അനുഭവം എന്നിവയാണ് ടി.യു.വി 300 പ്ലസിന്റെ മുഖ്യ സവിശേഷതകള്‍.
ആകര്‍ഷകമായ ഗ്രില്‍, അലോയ് വീലുകള്‍, സ്‌കോര്‍പ്പിയോയില്‍ നിന്ന് കടംകൊണ്ട ഷാസി, ശക്തമായ സ്റ്റീല്‍ബോഡി, 120 ബി.എച്ച്.പി കരുത്തുള്ള 2.2 ലിറ്റര്‍ എംഹോക്ക് എന്‍ജിന്‍, 6സ്പീഡ് ട്രാന്‍സ്മിഷന്‍, ലെതര്‍ സീറ്റുകള്‍, മികച്ച ലഗേജ് സ്‌പേസ്, മികച്ച ഫിനാന്‍സ് സൗകര്യം എന്നിങ്ങനെയും പ്രത്യേകതകളുണ്ട്.
ആകര്‍ഷകമായ അഞ്ച് നിറങ്ങളില്‍ ടി.യു.വി 300 പ്ലസ് ലഭിക്കുമെന്ന് മഹീന്ദ്ര ഓട്ടോമോട്ടീവ് വിഭാഗം സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ് മേധാവി വീജേ റാം നക്ര പറഞ്ഞു.