ഇപിഎഫ് പെന്‍ഷന്‍ തുക 2000 രൂപയായി ഉയര്‍ത്തിയേക്കും

ഇപിഎഫ് പെന്‍ഷന്‍ തുക 2000 രൂപയായി ഉയര്‍ത്തിയേക്കും

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീം പ്രകാരമുള്ള ചുരുങ്ങിയ പ്രതിമാസ പെന്‍ഷന്‍ തുക 2000 രൂപയായി ഉയര്‍ത്തിയേക്കും. ഇന്ന് തൊഴില്‍മന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന ഇ.പി.എഫ് ഓര്‍ഗനൈസേഷന്‍ ട്രസ്റ്റി ബോര്‍ഡ് യോഗം ഇതുസംബന്ധിച്ച നിര്‍ദേശം പരിഗണിക്കും.
ഇപ്പോള്‍ 1000 രൂപയാണ് പെന്‍ഷന്‍ തുക. ആനുകൂല്യം ഇരട്ടിയാക്കുന്നത് 40 ലക്ഷം വരുന്ന ഇ.പി.എസ് വരിക്കാര്‍ക്ക് പ്രയോജനം ചെയ്യും. കേന്ദ്രത്തിന് 3000 കോടി രൂപയുടെ വാര്‍ഷിക അധികച്ചെലവാണ് കണക്കാക്കുന്നത്. 2014ലാണ് 1000 രൂപ മിനിമം പെന്‍ഷന്‍ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചത്. ഇ.പി.എഫ് പദ്ധതിയിലെ അംഗങ്ങളാണ് സ്വാഭാവികമായി ഇ.പി.എസിന്റെ ഭാഗമാവുക.
പ്രതിമാസ ശമ്പളത്തില്‍നിന്ന് 12 ശതമാനം തൊഴിലാളിവിഹിതമാണ് ഇ.പി.എഫ് അക്കൗണ്ടിലേക്ക് പോകുന്നത്. തൊഴിലുടമയുടെ തത്തുല്യ വിഹിതത്തില്‍ 3.67 ശതമാനം ഇ.പി.എഫിലേക്കും 8.33 ശതമാനം ഇ.പി.എസിലേക്കുമാണ് പോകുന്നത്. ഇ.പി.എഫ് തുകയില്‍ എത്രത്തോളം ഓഹരി വിപണിയില്‍ നിക്ഷേപിക്കണമെന്ന് നിശ്ചയിക്കാന്‍ വരിക്കാര്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നതു സംബന്ധിച്ച നിര്‍ദേശം വൈകാതെ ട്രസ്റ്റി ബോര്‍ഡ് യോഗത്തിന്റെ പരിഗണനക്കു വരും. ഇപ്പോള്‍ 15 ശതമാനം സര്‍ക്കാര്‍ നേരിട്ട് ഓഹരി വിപണിയില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്.
പരിധി കൂട്ടുകയോ കുറക്കുകയോ ചെയ്യാന്‍ വരിക്കാരന് സ്വാതന്ത്ര്യം നല്‍കി, ലാഭനഷ്ടത്തിന്റെ ഉത്തരവാദിത്തം പൂര്‍ണമായി വരിക്കാരനിലേക്കു കൈമാറാനാണ് നീക്കം. ഇപ്പോള്‍ വരിക്കാരന് ലാഭമോ നഷ്ടമോ ഇല്ല. നിക്ഷേപത്തിന്മേല്‍ എട്ടര ശതമാനം പലിശ നല്‍കുകയാണ് ചെയ്യുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close