Month: June 2018

കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഖത്തര്‍

അളക ഖാനം
ദോഹ: നിപ വൈറസ് ബാധയെ തുടര്‍ന്ന് കേരളത്തിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്ന് സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഖത്തര്‍ പൊതുജനാരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. സ്ഥിതി നിയന്ത്രണവിധേയമാകുന്നത് വരെ കേരളത്തില്‍ നിന്നുള്ള പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും പൊതുജനാരോഗ്യ മന്ത്രാലയം താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയിട്ടുമുണ്ട്.
സ്വദേശികളും വിദേശികളും കേരളത്തിലേക്കുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കണം. സ്ഥിതി നിയന്ത്രണവിധേയമാകുന്നത് വരെ അനാവശ്യയാത്രകള്‍ ഒഴിവാക്കണമെന്നും മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
കേരളത്തില്‍ നിന്നും ഖത്തറിലേക്കുള്ള യാത്രക്കാര്‍ ആരോഗ്യകേന്ദ്രങ്ങളില്‍ നിന്നും ആവശ്യമായ പരിശോധനകള്‍ നടത്തണം. അതേസമയം, നിപ വൈറസ് ബാധയെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറികള്‍ക്ക് ജോയിന്റ് കമ്മീഷന്‍ ഫോര്‍ ദി കണ്‍േട്രാള്‍ ഓഫ് ഹ്യൂമന്‍ ഫുഡ് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി. വൈറസ് ബാധ നിയന്ത്രണവിധേയമാകുന്നത് വരെയാണ് വിലക്കെന്നും അന്താരാഷ്ട്ര സംഘടനകളുടെ മാര്‍ഗനിര്‍ദേശ ങ്ങളുടെ അടിസ്ഥാനത്തില്‍ മുന്‍കരുതലെന്ന നിലക്കാണ് ഭക്ഷ്യവസ്തുക്കള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.
ഭക്ഷ്യ വസ്തുക്കള്‍ ഉപയോഗിക്കുന്നതിന് മുമ്പ് നന്നായി കഴുകി വൃത്തിയാക്കണമെന്നും തൊലി കളഞ്ഞുപയോഗിക്കണമെന്നും ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശമുണ്ടെന്നും പ്രസ്താവനയില്‍ സൂചിപ്പിക്കുന്നു. രാജ്യത്തെ ആശുപത്രികളിലും ഹെല്‍ത്ത് സെന്ററുകളിലും എന്തെങ്കിലും സംശയകരമായ സാഹചര്യങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ അവശ്യ നടപടികള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശം നല്‍കിയതായും മന്ത്രാലയം വ്യക്ത മാക്കി.

ഗുരുദക്ഷിണയായി തന്റെ ശരീരം ചോദിച്ചു… പക്ഷെ

ഗായത്രി
ഞാന്‍ സിനിമയില്‍ പിച്ചവെച്ച് നടക്കുന്ന കാലത്ത് ഗുരുദക്ഷിണയായി ഒരു സംവിധായകന്‍ തന്റെ ശരീരം ചോദിച്ചെന്ന് തെന്നിന്ത്യന്‍ താരം കസ്തൂരി. എന്നാല്‍ തുടക്കക്കാരിയുടെ പതര്‍ച്ചയില്ലാതെ ഇക്കാര്യം താന്‍ വളരെ ബോള്‍ഡായി തന്നെ തരണം ചെയ്‌തെന്നും കസ്തൂരി വ്യക്തമാക്കി. ഗുരുദക്ഷിണ പല രീതിയില്‍ ഉണ്ടെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും തനിക്ക് ആദ്യം മനസിലായില്ലെന്നും എന്നാല്‍ അയാള്‍ ഉദ്ദേശിച്ചത് മനസിലായതോടെ ചുട്ട മറുപടി താന്‍ കൊടുത്തിരുന്നുവെന്നും അവര്‍ പറഞ്ഞു. അതിന് ശേഷം അയാള്‍ തന്നോട് മിണ്ടിയിട്ടില്ലെന്നും കസ്തൂരി കൂട്ടിച്ചേര്‍ത്തു.
ഇതേരീതിയില്‍ മുത്തച്ഛന്റെ പ്രായമുള്ള നിര്‍മാതാവിന്റെ ഭാഗത്ത് നിന്നും തനിക്ക് ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ടെന്നും കസ്തൂരി പറഞ്ഞു. എന്നാല്‍ പ്രായത്തെ കുറിച്ച് ഓര്‍ത്ത് കൂടുതല്‍ ഒന്നും താന്‍ പറഞ്ഞില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. സ്ത്രീകളുടെ അനുവാദമില്ലാതെ അവരെ കിടപ്പറയിലേക്കു ക്ഷണിക്കുന്ന ഇത്തരം സംവിധായകരും നിര്‍മ്മാതാക്കളുമാണ് സിനിമാമേഖലയുടെ ശാപമെന്നും കസ്തൂരി പറഞ്ഞു.

മൂന്ന് പേയ്‌മെന്റ് ആപ്പുകള്‍ പ്രധാനമന്ത്രി സിംഗപ്പൂരില്‍ അവതരിപ്പിച്ചു

അളക ഖാനം
സിംഗപ്പൂര്‍: ഇന്ത്യയിലെ മൂന്ന് പേയ്‌മെന്റ് ആപ്പുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സിംഗപ്പൂരില്‍ അവതരിപ്പിച്ചു. ഭിം, റുപേ, എസ്ബിഐ ആപ്പുകളാണ് മോദി സിംഗപ്പൂരില്‍ അവതരിപ്പിച്ചത്. ഇന്ത്യയിലെ ഡിജിറ്റല്‍ സാമ്പത്തിക ഇടപാടുകളുടെ രാജ്യാന്തരവല്‍ക്കരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മോദി പറഞ്ഞു.
പുതിയ കാലഘട്ടത്തിന്റെ സൗഹൃദമാണ് ഇരുരാജ്യങ്ങളും തമ്മില്‍ ശക്തമാക്കുന്നതെന്നും മോദി ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു കൊണ്ട് പറഞ്ഞു. അതിവേഗത്തില്‍ മാറ്റത്തിലേക്കും വികസന പാതയിലേക്കും കുതിക്കുന്ന ഇന്ത്യയെ ലോകത്തിന് പരിചയപ്പെടുത്തിക്കൊടുക്കുകയാണ് തന്റെ ലക്ഷ്യമെന്നും മോദി പറഞ്ഞു.
ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി സിംഗപ്പൂരിലെത്തിയ മോദി ഇന്ന് പ്രസിഡന്റ്് ഹലീമ യാക്കോബുമായി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മില്‍ നിരവധി കരാറുകള്‍ ഒപ്പുവെക്കുമെന്നാണ് സൂചന. നാളെ മോദി സിംഗപ്പൂര്‍ പര്യടനം പൂര്‍ത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങും.

 

പാചക വാതക വില വര്‍ധിച്ചു

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: ഇന്ധന വിലക്ക് പിന്നാലെ ജനങ്ങള്‍ക്ക് ഇരുട്ടടിയായി പാചക വാതകത്തിന്റെ വിലയും കുത്തനെ കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 49 രൂപയും വാണിജ്യ സിലിണ്ടറിന് 78.50 രൂപയുമാണ് കൂട്ടിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഗാര്‍ഹിക സിലിണ്ടറിന് 688 രൂപയും വാണിജ്യ സിലിണ്ടറിന്റെ വില 1229.50 രൂപയുമായി. എന്നാല്‍, സബ്‌സിഡിയുള്ള ഉപഭോക്താക്കള്‍ക്ക് 190.66 രൂപ തിരികെ അക്കൗണ്ടില്‍ എത്തും.സബ്‌സിഡി സിലിണ്ടറിന് ഫലത്തില്‍ വില 497 രൂപ 87 പൈസയാവും.
ആഗോള വിപണിയിലെ ഇന്ധനവിലയുടെ അടിസ്ഥാനത്തില്‍ ഓരോ മാസവും പാചകവാതക കമ്പനികള്‍ പാചകവാതകത്തിന്റെ വിലയില്‍ മാറ്റം വരുത്താറുണ്ട്. സാധാരണ മാസത്തിന്റെ അവസാന ദിവസം അര്‍ധരാത്രിയോടെയാണ് ഇത് തീരുമാനിക്കുന്നത്. ഇത് അനുസരിച്ചാണ് ഇന്ന് മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വന്നിരിക്കുന്നത്.

 

70 ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് കുവൈത്തില്‍ ജോലി

അളക ഖാനം
കുവൈത്ത് സിറ്റി: ഇന്ത്യന്‍ എംബസിയുടെ ഇടപെടലിനെ തുടര്‍ന്ന് 70 ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് കുവൈത്തില്‍ ജോലി ലഭിക്കും. കുവൈത്ത് ആരോഗ്യമന്ത്രാലയം അധികൃതര്‍ ഇന്ത്യയില്‍നിന്ന് നേരിട്ട് റിക്രൂട്ട് ചെയ്യുകയും കുവൈത്തില്‍ എത്തിയ ശേഷം ജോലി ലഭിക്കാതിരിക്കുകയോ ജോലി ലഭിച്ചിട്ടും ശമ്പളം ലഭിക്കാതിരിക്കുകയോ ചെയ്തവരില്‍നിന്നാണ് 70 പേര്‍ക്ക് ഇപ്പോള്‍ നിയമനം നല്‍കാന്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയം തീരുമാനിച്ചത്. ആരോഗ്യമന്ത്രി ഡോ. ബാസില്‍ അസ്സബാഹ് ആണ് ഇക്കാര്യം അറിയിച്ചത്.
2015ല്‍ കുവൈത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട 80 നഴ്‌സുമാരുടെ പട്ടിക ഇന്ത്യന്‍ എംബസി കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന് കൈമാറിയിരുന്നു. ആരോഗ്യമന്ത്രാലയത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നുവെന്ന് തെളിയിക്കുന്ന രേഖകള്‍ സഹിതമാണ് പട്ടിക കൈമാറിയത്. ഇന്ത്യന്‍ അംബാസഡര്‍ കെ. ജീവ സാഗര്‍ കുവൈത്ത് ആരോഗ്യമന്ത്രി ഡോ. ബാസില്‍ അസ്സബാഹുമായി നടത്തിയ കൂടിക്കാഴ്ചയുടെ തുടര്‍ച്ചയായാണ് എംബസി പട്ടിക തയാറാക്കിയത്.
2015ലെ വിവാദമായ ഇന്ത്യയില്‍നിന്നുള്ള നഴ്‌സ് റിക്രൂട്ട്‌മെന്റ് വഴി കുവൈത്തില്‍ എത്തിയവരാണ് ജോലി ലഭിക്കാതെയോ ജോലി ലഭിച്ചിട്ടും ശമ്പളം കിട്ടാതെയോ പ്രതിസന്ധിയിലായത്. നഴ്‌സുമാര്‍ പരാതിയുമായി എംബസിയെ സമീപിച്ചതിനെ തുടര്‍ന്ന് അംബാസഡര്‍ വിഷയം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുകയായിരുന്നു.

 

ഗ്ലാമറസാകുന്നത് വലിയ കാര്യമല്ലെങ്കിലും എന്നെ കിട്ടില്ല

ഫിദ
ഗ്ലാമറസ് ആകുന്നത് ഇപ്പോള്‍ വലിയ കാര്യമല്ലെങ്കിലും അതിന് കിട്ടുന്ന വാര്‍ത്താ പ്രാധാന്യം വളരെ വലുതാണ്. എന്നാല്‍ ശരീര പ്രദര്‍ശനത്തിന് തന്നെ നോക്കേണ്ടെന്ന് നടി സംഗീത. ഉയിര്‍ എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍ സംവിധായകനും നിര്‍മാതാവും അമിത ശരീര പ്രദര്‍ശനം വേണമെന്ന് തന്നോട് നിര്‍ബന്ധം പിടിച്ചു. എന്നാല്‍ താന്‍ അതിന് തയാറായില്ല. അതിന്റെ പേരില്‍ വഴക്കുണ്ടാക്കേണ്ടി വന്നിട്ടുണ്ടെന്നും സംഗീത പറഞ്ഞു.
നെഗറ്റീവ് ടച്ചുള്ള വേഷമായിരുന്നിട്ടു കൂടി ഈ ചിത്രത്തില്‍ അഭിനയിച്ചത് വേറിട്ട വേഷമായതു കൊണ്ടാണ്. എന്നാല്‍ അധികം ഗ്ലാമറസാകാന്‍ പറ്റില്ലായെന്ന് ആദ്യമെ പറഞ്ഞിരുന്നു. വഴക്കൊക്കെ ഉണ്ടായെങ്കിലും ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ണമായി തീര്‍ത്തു.