കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഖത്തര്‍

കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഖത്തര്‍

അളക ഖാനം
ദോഹ: നിപ വൈറസ് ബാധയെ തുടര്‍ന്ന് കേരളത്തിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്ന് സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഖത്തര്‍ പൊതുജനാരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. സ്ഥിതി നിയന്ത്രണവിധേയമാകുന്നത് വരെ കേരളത്തില്‍ നിന്നുള്ള പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും പൊതുജനാരോഗ്യ മന്ത്രാലയം താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയിട്ടുമുണ്ട്.
സ്വദേശികളും വിദേശികളും കേരളത്തിലേക്കുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കണം. സ്ഥിതി നിയന്ത്രണവിധേയമാകുന്നത് വരെ അനാവശ്യയാത്രകള്‍ ഒഴിവാക്കണമെന്നും മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
കേരളത്തില്‍ നിന്നും ഖത്തറിലേക്കുള്ള യാത്രക്കാര്‍ ആരോഗ്യകേന്ദ്രങ്ങളില്‍ നിന്നും ആവശ്യമായ പരിശോധനകള്‍ നടത്തണം. അതേസമയം, നിപ വൈറസ് ബാധയെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറികള്‍ക്ക് ജോയിന്റ് കമ്മീഷന്‍ ഫോര്‍ ദി കണ്‍േട്രാള്‍ ഓഫ് ഹ്യൂമന്‍ ഫുഡ് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി. വൈറസ് ബാധ നിയന്ത്രണവിധേയമാകുന്നത് വരെയാണ് വിലക്കെന്നും അന്താരാഷ്ട്ര സംഘടനകളുടെ മാര്‍ഗനിര്‍ദേശ ങ്ങളുടെ അടിസ്ഥാനത്തില്‍ മുന്‍കരുതലെന്ന നിലക്കാണ് ഭക്ഷ്യവസ്തുക്കള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.
ഭക്ഷ്യ വസ്തുക്കള്‍ ഉപയോഗിക്കുന്നതിന് മുമ്പ് നന്നായി കഴുകി വൃത്തിയാക്കണമെന്നും തൊലി കളഞ്ഞുപയോഗിക്കണമെന്നും ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശമുണ്ടെന്നും പ്രസ്താവനയില്‍ സൂചിപ്പിക്കുന്നു. രാജ്യത്തെ ആശുപത്രികളിലും ഹെല്‍ത്ത് സെന്ററുകളിലും എന്തെങ്കിലും സംശയകരമായ സാഹചര്യങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ അവശ്യ നടപടികള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശം നല്‍കിയതായും മന്ത്രാലയം വ്യക്ത മാക്കി.

Post Your Comments Here ( Click here for malayalam )
Press Esc to close