Month: June 2018

ആര്‍ബിഐ റിപ്പോ നിരക്ക് ഉയര്‍ത്തി

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ ഭരണത്തിനിടെ ഇതാദ്യമായി റിസര്‍വ് ബാങ്ക് റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ ഉയര്‍ത്തി.
കാല്‍ ശതമാനം വര്‍ധനവോടെ റിപ്പോ നിരക്ക് 6.25ശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് 6 ശതമാനവുമാകും. സിആര്‍ആര്‍ നിരക്ക് നാലു ശതമാനത്തില്‍ തുടരും.
ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ നേതൃത്വത്തിലുള്ള ആറംഗ സമിതി മൂന്നുദിവസം നീണ്ടുനിന്ന യോഗത്തിനുശേഷമാണ് തീരുമാനമെടുത്തത്.
അസംസ്‌കൃത എണ്ണവില വര്‍ധിക്കുന്ന സാഹചര്യം ഭാവിയിലും വിലക്കയറ്റത്തിന് ഇടയാക്കുമെന്ന് ആര്‍ബിഐ വിലയിരുത്തുന്നു.
ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് ഏപ്രിലില്‍ 4.58 ശതമാനമായി ഉയര്‍ന്നിരുന്നു. ഭാവിയിലും ഇത് കൂടാനുള്ള സാധ്യത യോഗം വിലിയിരുത്തി. ഫെബ്രുവരിയില്‍ 4.44 ശതമാനമായിരുന്നു പണപ്പെരുപ്പം.
പ്രഖ്യാപിത ലക്ഷ്യമായ നാലു ശതമാനത്തിലേക്ക് പണപ്പെരുപ്പം താഴ്ത്താന്‍ ഇതുവരെ കഴിയാത്തതും യോഗത്തില്‍ ചര്‍ച്ചാവിഷയമായി. അസംസ്‌കൃത എണ്ണവിലയിലെ വര്‍ധനമൂലം തല്‍ക്കാലം അതിന് കഴിയില്ലെന്നുതന്നെയാണ് ആര്‍ബിഐയുടെ വിലയിരുത്തല്‍.

കപ്പലുകള്‍ വഴിയുള്ള ചരക്ക് കടത്തിന് സര്‍ക്കാര്‍ പ്രോത്സാഹനം

ഗായത്രി
തിരു: യാത്രക്കാരെ വശംകെടുത്തിയോടുന്ന കണ്ടെയ്‌നര്‍ ലോറികളെ റോഡില്‍നിന്നു കെട്ടുകെട്ടിക്കാന്‍ ആഭ്യന്തര കപ്പലുകള്‍ക്കായി കേരളം പ്രോത്സാഹനകവാടം തുറക്കുന്നു. സാധനങ്ങള്‍ കടല്‍മാര്‍ഗം കപ്പലില്‍ എത്തിച്ച് റോഡുവഴിയുള്ള ചരക്കുകടത്ത് പകുതിയാക്കാനാണ് സര്‍ക്കാര്‍ ശ്രമം. അതിനായി ഒരു ടണ്‍ ചരക്ക് ഒരു കിലോമീറ്റര്‍ ദൂരം കൊണ്ടുപോകാന്‍ കപ്പലുകള്‍ക്ക് മൂന്നു രൂപ പ്രോത്സാഹനസമ്മാനം (ഇന്‍സെന്റീവ്) നല്‍കും. തുറമുഖങ്ങളിലെ ഹാന്‍ഡ്‌ലിംഗ്ചാര്‍ജില്‍ 70 ശതമാനം ഇളവും നല്‍കും. കൊല്ലം, ബേപ്പൂര്‍, അഴീക്കല്‍ തുറമുഖങ്ങള്‍ വഴിയാണ് ചരക്കുനീക്കം. വല്ലാര്‍പാടത്ത് അന്താരാഷ്ട്ര കപ്പലുകളിലെത്തുന്ന ചരക്ക് വിഭജിച്ച് ഈ തുറമുഖങ്ങളിലെത്തിക്കുന്ന കപ്പലുകള്‍ക്കും ഇന്‍സെന്റീവ് നല്‍കും.
റോഡപകടങ്ങളും ഇന്ധനച്ചെലവും വലിയ തോതില്‍ കുറക്കാനും 580 കിലോമീറ്റര്‍ കടല്‍ത്തീരത്തിന്റെ സാദ്ധ്യത പ്രയോജനപ്പെടുത്താനും തുറമുഖങ്ങളുടെ വികസനത്തിനും ഇത് കളമൊരുക്കും. ഗുജറാത്തില്‍ നിന്ന് ടൈല്‍സ്, മുംബയില്‍നിന്ന് സാനിട്ടറി, ഹാര്‍ഡ് ബോര്‍ഡ്, പ്ലൈവുഡിനുള്ള വെനീര്‍, തടി, ആഫ്രിക്കയില്‍നിന്ന് കശുഅണ്ടി എന്നിവയാണ് കടല്‍വഴിയെത്തുന്നത്. റേഷന്‍വിതരണത്തിനുള്ള അരിയും ഗോതമ്പും ആന്ധ്രയില്‍ നിന്നെത്തിക്കാന്‍ ഫുഡ് കോര്‍പറേഷന്‍ പദ്ധതിയുണ്ട്. ബോട്ടിലിംഗ് പ്ലാന്റുകളിലേക്ക് പാചകവാതകം എത്തിക്കാന്‍ ഇന്ധനകമ്പനികള്‍ക്കും പദ്ധതിയുണ്ട്. വിദേശത്തുനിന്ന് കൂറ്റന്‍ കപ്പലുകളില്‍ കൊച്ചിയില്‍ കശുഅണ്ടി കൊണ്ടുവന്ന് കൊല്ലത്തേക്ക് എത്തിക്കാനും പദ്ധതി തയ്യാറാണ്. കൊച്ചിയിലെ 4 സിമന്റ് കമ്പനികള്‍ക്കായും കൊല്ലത്ത് തുടങ്ങാനിരിക്കുന്ന 2 കമ്പനികള്‍ക്കായും അസംസ്‌കൃതവസ്തുക്കളും എത്തിക്കാനാവും. വിഴിഞ്ഞം തുറമുഖത്ത് വരുന്ന വാതകടെര്‍മിനലിലേക്കും ചരക്കുനീക്കമുണ്ടാവും. ഈ സാഹചര്യത്തിലാണ് ആനുകൂല്യം നല്‍കുന്നത്.
കണ്ടെയ്‌നറുകളുടെ ക്ലിയറന്‍സിനായി തുറമുഖങ്ങളില്‍ നല്‍കുന്ന രേഖകള്‍ ഹാജരാക്കിയാല്‍ കപ്പലുടമകള്‍ക്ക് ഇന്‍സെന്റീവ് നല്‍കും. പരീക്ഷണാടിസ്ഥാനത്തില്‍ ഒരു രൂപ പ്രോത്സാഹനം നല്‍കിയപ്പോള്‍ കഴിഞ്ഞവര്‍ഷം ചെറിയ തോതിലെങ്കിലും കപ്പലുകള്‍ മുന്നോട്ടുവന്നു. അവയ്ക്ക് മൊത്തം 60 ലക്ഷം രൂപ നല്‍കി. ഇക്കൊല്ലം ഇന്‍സെന്റീവിനായി 9 കോടിയാണ് നീക്കിവച്ചിട്ടുള്ളത്.
തുറമുഖങ്ങളില്‍ ചരക്കിറക്കാനുള്ള ക്രെയിന്‍, ട്രക്കിലേക്കുള്ള മാറ്റല്‍ അടക്കമുള്ള ഹാന്‍ഡ്‌ലിംഗ് ചാര്‍ജാണ് കുറച്ചത്. കപ്പലുകള്‍ക്ക് ചാനലും ബര്‍ത്തും നല്‍കുന്നതിനും വാടക കൂട്ടില്ല. 2013ലെ നിരക്ക് തുടരും. വേഗത്തില്‍ ചരക്കിറക്കി കപ്പലുകള്‍ക്ക് തിരിച്ചുപോകാന്‍ സംവിധാനമൊരുക്കും. മണിക്കൂറില്‍ 7 കണ്ടെയ്‌നറുകള്‍ ഇറക്കുന്നത് 12 ആക്കും. കപ്പലുകള്‍ക്ക് കാലിയായി മടങ്ങുന്നത് നഷ്ടമാണ്. തുറമുഖങ്ങളോട് അനുബന്ധിച്ച് വ്യവസായ യൂണിറ്റുകളുണ്ടാക്കി ഇത് പരിഹരിക്കും. കൊല്ലം തുറമുഖത്തിന് 7 മീറ്ററും ബേപ്പൂരില്‍ 4 മീറ്ററും അഴീക്കലിന് 3 മീറ്ററും ആഴമേയുള്ളൂ. അതിനാല്‍ വലിയ കപ്പലുകള്‍ക്ക് അടുക്കാനാവില്ല. മുംബയിലെ ഗ്രേറ്റ്‌സീ കമ്പനിയുടെ 50 കപ്പലുകളാണ് ചരക്കുനീക്കം നടത്തുന്നത്.

ഗില്ലിന് സുഹാനയുടെ യോര്‍ക്കര്‍

ഫിദ
കിംഗ് ഖാന്റെ മകളായ സുഹാനയുടെ പ്രണയം വൈറലാവുന്നു. ഷാരൂഖിന്റെ ഉടമസ്ഥതയിലുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായ ശുബ്മാന്‍ ഗില്ലുമായാണ് സുഹാന പ്രണയത്തിലാണെന്ന വാര്‍ത്ത പ്രചരിക്കുന്നത്. സുഹാനയുടെ യോര്‍ക്കറില്‍ ഗില്‍ വീഴുമോ എന്നാണ് സിനിമാ ലോകം കാത്തിരിക്കുന്നത്.
ശുബ്മാനുമായി കളിക്കു ശേഷം വര്‍ത്തമാനം പറയുന്ന സുഹാനയുടെ ചിത്രങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി താരങ്ങളിലൊരാളായാണ് ശുബ്മാനെ കായികലോകം വിലയിരുത്തുന്നത്. അടുത്തിടെയാണ് സുഹാന തന്റെ 18ാം പിറന്നാള്‍ ആഘോഷിച്ചത്. പ്രണയവാര്‍ത്ത സംബന്ധിച്ച് ഇരുവരും പ്രതികരിച്ചിട്ടില്ല. മുമ്പ് നടന്‍ ചങ്കി പാണ്ഡേയുടെ അനന്തരവന്‍ അഹാന്‍ പാണ്ഡേയുമായി പ്രണയത്തിലാണ് സുഹാനയെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, ഇരുവരും അടുത്ത സുഹൃത്തുക്കള്‍ മാത്രമാണെന്ന വിശദീകരണവുമായി ഷാരൂഖ് തന്നെ രംഗത്തെത്തിയിരുന്നു.

നാലു പ്രമുഖ ബാങ്കുകളുടെ ലയനം സര്‍ക്കാറിന്റെ പരിഗണനയില്‍

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: സ്‌റ്റേറ്റ് ബാങ്കിനു പിന്നാലെ നാലു പ്രമുഖ പൊതുമേഖല ബാങ്കുകളുടെ ലയനം സര്‍ക്കാറിന്റെ പരിഗണനയില്‍. കനത്ത നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ബാങ്ക് ഓഫ് ബറോഡ, ഐ.ഡി.ബി.ഐ ബാങ്ക്, ഓറിയന്റല്‍ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് എന്നിവ ലയിപ്പിച്ച് ഒന്നാക്കാനാണ് നീക്കം. ലയനം നടന്നാല്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കുശേഷമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായി ഇതു മാറും. സഞ്ചിത നഷ്ടം കുറക്കുന്നതിനുള്ള ഏകവഴി ലയനമാണെന്ന കാഴ്ചപ്പാടാണ് സര്‍ക്കാറിന്.
മാര്‍ച്ച് 31 വരെ നാലു ബാങ്കുകളുടെയും ആകെ നഷ്ടം 21,646 കോടി രൂപയാണ്. ഐ.ഡി.ബി.ഐയാണ് മുന്നില്‍ 8238 കോടി. ഓറിയന്റല്‍ ബാങ്ക് ഓഫ് കോമേഴ്‌സ് 5871 കോടി, സെന്‍ട്രല്‍ ബാങ്ക് 5105 കോടി, ബാങ്ക് ഓഫ് ബറോഡ 2431 കോടി എന്നിങ്ങനെയാണ് നഷ്ടക്കണക്ക്.
ലയനത്തിന്റെ മറവില്‍ ആസ്തി വിറ്റഴിക്കാന്‍ ബാങ്കുകളെ അനുവദിക്കും. ശാഖകള്‍ പൂട്ടുന്നതടക്കം ചെലവുകുറക്കാനുള്ള പുതിയ മാര്‍ഗങ്ങള്‍ തുറന്നുകിട്ടും. പൊതുമേഖല സ്ഥാപനങ്ങളിലേക്ക് സര്‍ക്കാറിന്റെ മൂലധന നിക്ഷേപം കുറക്കാനും വഴിയൊരുങ്ങും. കിട്ടാക്കടത്തിന്റെ കണക്കുപുസ്തകം പുതുക്കാം. എസ്.ബി.ടി അടക്കം അഞ്ച് സ്‌റ്റേറ്റ് ബാങ്കുകളും മഹിള ബാങ്കും അടുത്തിടെയാണ് എസ്.ബി.ഐയില്‍ ലയിപ്പിച്ചത്.

ഇന്ധന വില വീണ്ടും കുറഞ്ഞു

ഗായത്രി
തിരു: സംസ്ഥാനത്ത് ഇന്നും ഇന്ധന വില കുറഞ്ഞു. തുടര്‍ച്ചയായ ഏഴാം ദിവസമാണ് ഇന്ധനവില കുറയുന്നത്. പെട്രോളിന് 13 പൈസയും ഡീസലിന് ഒന്‍പത് പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോളിന് 80.97 രൂപയും ഡീസലിന് 73.72 രൂപയുമാണ് വില.
രാജ്യാന്തര വിപണിയില്‍ എണ്ണവില കുറയുന്നതിന്റെ ചുവടുപിടിച്ചാണ് ഇന്ത്യയിലും ഇന്ധന വില നേരിയ തോതില്‍ കുറയുന്നത്. തുടര്‍ച്ചയായ 16 ദിവസം ഇന്ധന വില വര്‍ധിച്ചത് വന്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു.

 

ഫഹദ്ഫാസില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത മാസം

ഗായത്രി
സത്യന്‍ അന്തിക്കാടിന്റെ ഫഹദ്ഫാസില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈ ഒന്നിന് തുടങ്ങും. ഇന്ത്യന്‍ പ്രണയകഥക്ക് ശേഷം രണ്ടുപേരും കൂടി ഒന്നിക്കുന്ന ചിത്രമാണിത്. അതുകൊണ്ടുതന്നെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ ചിത്രത്തെ നോക്കി കാണുന്നത്.
കോതമംഗലത്ത് 10 ദിവസത്തെ ഷൂട്ടിംഗ് ഉണ്ടായിരിക്കും. ശ്രീനിവാസനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിലെ മറ്റ് താരങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

ബാങ്കിംഗ് തട്ടിപ്പിനിരയാവുന്നവരില്‍ കൂടുതലും ഇന്ത്യക്കാര്‍

ഫിദ
കൊച്ചി: ഡിജിറ്റല്‍ ബാങ്കിങ് ഇടപാടില്‍ 18 ശതമാനം ഇന്ത്യന്‍ ഉപഭോക്താക്കള്‍ തട്ടിപ്പിനിരയാകുന്നുവെന്ന് റിപ്പോര്‍ട്ട്. പെയ്‌മെന്റ് കമ്പനിയായ എഫ്.ഐ.എസ്. പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
വിവിധ രാജ്യങ്ങളിലെ ജനങ്ങളെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വേയിലാണ് കണ്ടെത്തല്‍. സര്‍വേയില്‍ പങ്കെടുത്ത മറ്റു രാജ്യങ്ങളെക്കാള്‍ കൂടുതല്‍ പേര്‍ തട്ടിപ്പിനിരകളാകുന്നത് ഇന്ത്യയിലാണ്. ജര്‍മനിയില്‍ ആറു ശതമാനം ഉപഭോക്താക്കളും യു.കെ.യില്‍ എട്ട് ശതമാനവുമാണ് തട്ടിപ്പുകള്‍ക്ക് ഇരയാകുന്നത്.
ഡിജിറ്റല്‍ ബാങ്കിംഗ് ഇടപാടുമായി ബന്ധപ്പെട്ട് എല്ലാ പ്രായത്തിലുള്ളവരെയും സര്‍വേയില്‍ പങ്കെടുപ്പിച്ചിരുന്നു. എന്നാല്‍, 27-37 വയസ്സിലുള്ളവരാണ് ഏറ്റവും കൂടുതല്‍ തട്ടിപ്പിന് ഇരയായത്. ഈ പ്രായത്തിലുള്ളവരില്‍ നാലിലൊരാള്‍ തട്ടിപ്പിനിരയാകുന്നു.
സര്‍വേയില്‍ പങ്കെടുത്ത 40 ശതമാനം ഉപഭോക്താക്കളും തങ്ങളുടെ ബാങ്കില്‍ നിന്നു ലഭിച്ച സേവനങ്ങളില്‍ തൃപ്തരല്ലെന്ന് സര്‍വേയില്‍ പറയുന്നു.

സംസ്ഥാനത്ത് ഇന്നും ഇന്ധന വില കുറഞ്ഞു

ഫിദ
തിരു: സംസ്ഥാനത്ത് ഇന്നും ഇന്ധന വില കുറഞ്ഞു. പെട്രോളിന് 16 പൈസയും ഡീസലിന് അഞ്ച് പൈസയുമാണ് കുറഞ്ഞത്. തുടര്‍ച്ചയായി ആറാം ദിവസമാണ് ഇന്ധന വില കുറയുന്നത്. രാജ്യാന്തര വിപണിയില്‍ എണ്ണവില കുറയുന്നതിന്റെ ചുവടുപിടിച്ചാണ് ഇന്ത്യയിലും ഇന്ധന വില നേരിയ തോതില്‍ കുറയുന്നത്.
പുതിയ നിരക്കനുസരിച്ച് തിരുവനന്തപുരത്ത് പെട്രോളിന് 81.10 രൂപയും ഡീസലിന് 73.81 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 80.64 രൂപയും ഡീസലിന് 72.61 രൂപയുമാണ് പുതിയ നിരക്ക്. കോഴിക്കോട് 80.17 രൂപയാണ് പെട്രോള്‍ വില. ഡീസലിന് 73.14 രൂപയും. തുടര്‍ച്ചയായ 16 ദിവസം ഇന്ധന വില വര്‍ധിച്ചത് വന്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു.

നയനില്‍ പൃഥ്വിക്കൊപ്പം മംമ്തയും

ഗായത്രി
പൃഥ്വിരാജ് നായകനായി എത്തുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രം നയനില്‍ മംമ്ത മോഹന്‍ദാസും. ആനി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മംമ്ത അവതരിപ്പിക്കുന്നത്. മുമ്പ് പുറത്തു വിട്ട ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് സോണി പിക്‌ച്ചേഴ്‌സുമായി സഹകരിച്ച് നിര്‍മിക്കുന്ന ചിത്രമാണിത്. വാമിഖ ഗബ്ബിയാണ് ചിത്രത്തിലെ നായിക.
100 ഡേയ്‌സ് ഓഫ് ലവ് എന്ന ചിത്രത്തിനു ശേഷം ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഷാന്‍ റഹ്മാന്‍ ആണ് സംഗീതംസംവിധാനം. നിത്യാ മേനോന്‍, പാര്‍വതി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ അവതരിപ്പിക്കുന്നത്.

നിപ പൈനാപ്പിള്‍ വിപണിയെയും തകര്‍ത്തു

ഫിദ
ഇടുക്കി: നിപ വൈറസ് കാരണം വെറുക്കപ്പെട്ട കനികളുടെ പട്ടികയില്‍ പൈനാപ്പിളും ഇടംപിടിച്ചു. വാങ്ങാനാളില്ലാതെ പൈനാപ്പിള്‍ വില കുത്തനെ ഇടിഞ്ഞത് കര്‍ഷകരെ പ്രതിസന്ധിയിലുമാക്കി. റംസാന്‍ സീസണ്‍ മുന്നില്‍ക്കണ്ട് ഉത്പാദനം കൂട്ടിയവരാണ് കൂടുതല്‍ ദുരിതത്തിലായത്.
രണ്ടാഴ്ച മുമ്പുവരെ കിലോഗ്രാമിന് 35 രൂപയുണ്ടായിന്ന വില കഴിഞ്ഞവാരം 12 രൂപയിലേക്ക് തകര്‍ന്നടിഞ്ഞു. വില കൂപ്പുകുത്തിയിട്ടും വാങ്ങാനാളില്ല. നിപയുടെ പേരില്‍ മറ്റു പഴവര്‍ഗങ്ങള്‍ ചീത്തപ്പേര് കേട്ടെങ്കിലും ആദ്യഘട്ടത്തില്‍ പൈനാപ്പിളിലെ ബാധിച്ചിരുന്നില്ല. എന്നാല്‍, വവ്വാലുകള്‍ തീണ്ടാത്ത പൈനാപ്പിളിനെയും നിപയുടെ പേരില്‍ ഉപഭോക്താക്കള്‍ അകറ്റി നിറുത്തിയതോടെയാണ് വില തറപറ്റിയത്. മണ്ണില്‍ച്ചേര്‍ന്ന് വിളയുന്ന പൈനാപ്പിളിനെ വവ്വാലുകള്‍ ഭക്ഷിക്കാറില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. കൈതച്ചെടിയുടെ കൂര്‍ത്തമുള്ളുകളും വവ്വാലുകളെ അകറ്റിനിറുത്തുന്നുണ്ട്.
പഴുത്ത പൈനാപ്പിളിനെ ഉപഭോക്താക്കള്‍ കൈവിട്ടെങ്കിലും പച്ചക്കാക്ക് ഇപ്പോഴും ഡിമാന്‍ഡ് പോയിട്ടില്ല. 25 രൂപവരെ നിരക്കില്‍ ഉത്തരേന്ത്യയില്‍ നിന്നുള്ള ധാരാളം പേര്‍ പച്ചച്ചക്ക വാങ്ങുന്നുണ്ട്. മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പച്ച പൈനാപ്പിളിന് ഇപ്പോഴും ആവശ്യക്കാര്‍ ഏറെയാണ്. കേരളത്തില്‍ നിന്ന് പച്ചച്ചക്ക വാങ്ങിയശേഷം സ്വസംസ്ഥാനങ്ങളില്‍ എത്തിച്ച് പഴുപ്പിച്ച ശേഷം വിറ്റഴിക്കുകയാണ് ചെയ്യുന്നത്. അതേസമയം കേരളം, തമിഴ്‌നാട്, കര്‍ണാടക വിപണികളില്‍ പൈനാപ്പിള്‍ പഴത്തിന്റെ ഡിമാന്‍ഡ് തീരെക്കുറഞ്ഞു.
അപ്രതീക്ഷിതമായുണ്ടായ പ്രതിസന്ധി നേരിടാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ വാഴക്കുളത്തുള്ള പൈനാപ്പിള്‍ സംസ്‌കരണ ഫാക്ടറി കിലോഗ്രാമിന് 17 രൂപക്ക് കര്‍ഷകരില്‍ നിന്ന് പഴുത്ത പൈനാപ്പിള്‍ സംഭരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. കര്‍ഷക സംഘടനാ പ്രതിനിധികളും മന്ത്രി വി.എസ്. സുനില്‍കുമാറും തമ്മില്‍ നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് നടപടി. എന്നാല്‍, ഇതുമൂലം പൊതുവിപണിയില്‍ യാതൊരു ചലനവുമുണ്ടായിട്ടില്ല.
ദിവസേന ശരാശരി 100 ട്രക്കുകളിലായി പതിനായിരം ടണ്‍ പൈനാപ്പിളാണ് കേരളത്തില്‍ നിന്ന് കയറ്റി അയക്കുന്നത്. റംസാന്‍ സീസണില്‍ ഇത് 130 ട്രക്കുകളും 13,000 ടണ്ണുമായി ഉയരാറുണ്ട്.