Month: October 2019

150 കോടിയും കടന്ന് ബിഗില്‍

ഗായത്രി-
ദളപതി വിജയ്‌യുടെ പുതിയ ചിത്രമായ ബിഗിലിന് റെക്കാഡ് കളക് ഷന്‍. ഒക്ടോബര്‍ 25 നു തിയറ്ററുകളില്‍ എത്തിയ ചിത്രത്തിന്റെ കളക്ഷന്‍ ഇതിനോടകം 152.30 കോടി കടന്നതായി ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെട്ടു. ഇന്ത്യക്ക്പുറത്തും ചിത്രത്തിന് ഗംഭീര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. യു.എസ്, ഫ്രാന്‍സ്, ബ്രിട്ടന്‍, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ചിത്രത്തിന് മികച്ച കളക്ഷനാണ് ലഭിക്കുന്നത്. ഇക്കൊല്ലം ഫ്രാന്‍സില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന തമിഴ് ചിത്രമെന്ന പ്രത്യേകതയും ബിഗില്‍ സ്വന്തമാക്കി.180 കോടി മുതല്‍ മുടക്കില്‍ എത്തിയ ചിത്രം പ്രീ റിലീസില്‍ തന്നെ 200 കോടി നേടിയിരുന്നു. ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‌സ് 20 കോടി രൂപയ്ക്കും സാറ്റലൈറ്റ് റൈറ്റ്‌സ് 25 കോടിക്കുമാണ് വിറ്റുപോയതെന്നാണ് റിപ്പോര്‍ട്ട്. ഇതിന് പുറമേ ഓവര്‍സീസ്, ആഡിയോ, വീഡിയോ തുടങ്ങിയവയില്‍ നിന്നെല്ലാം വന്‍ തുകയാണ് ചിത്രം വാരിയത്. തമിഴ് നാട്ടില്‍ നിന്ന് മാത്രം 85 കോടിയാണ് ബിഗില്‍ ഇതു വരെ കളക്ട് ചെയ്തത്.
ഏതാനും ദിവസത്തിനുള്ളില്‍ ബിഗില്‍ ബോക്‌സോഫീസില്‍ 200 കോടി മറികടക്കുമെന്നാണ് സൂചന.

 

ആലിബാബയുടെ മാതൃകയില്‍ മുകേഷ് അംബാനിയുടെ കമ്പനി

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ടെലികോം മേഖലയിലേതിനു സമാനമായി ഇന്ത്യന്‍ ഇകൊമേഴ്‌സ് മേഖലയിലും പുതിയൊരു വിപ്ലവം സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ഇതിന്റെ ആദ്യപടിയായി 2,400 കോടി ഡോളര്‍ ആസ്തിയുള്ള ഡിജിറ്റല്‍ സര്‍വീസസ് കമ്പനി രൂപവത്കരിക്കാനാണ് മുകേഷ് അംബാനിയുടെ പദ്ധതി. ഗൂഗിളിന്റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റ്, ചൈനയിലെ ഇകൊമേഴ്‌സ് കമ്പനിയായ ആലിബാബ എന്നിവയുടെ മാതൃകയിലുള്ള ഹോള്‍ഡിംഗ് കമ്പനിയായിരിക്കും ഇത്.
ആഭ്യന്തര ഓണ്‍ലൈന്‍ ഷോപ്പിംഗ് രംഗത്ത് ആധിപത്യം സ്ഥാപിക്കുന്നതിനുള്ള റിലയന്‍സിന്റെ ഒരു ഹബ്ബായി ഡിജിറ്റല്‍ സര്‍വീസസ് കമ്പനി മാറും. റിലയന്‍സിന്റെ പൂര്‍ണ ഉടമസ്ഥതയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ഡിജിറ്റല്‍ സര്‍വീസസ് കമ്പനിക്കായി 1,500 കോടി ഡോളര്‍ നിക്ഷേപം നടത്താനുള്ള നിര്‍ദേശത്തിന് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഡയറക്ടര്‍ ബോര്‍ഡ് നേരത്തെ അനുമതി നല്‍കിയിരുന്നു.
റില
യന്‍സ് ജിയോയുടെ 1.08 ലക്ഷം കോടി രൂപയുടെ ബാധ്യത റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ നിന്ന് ഈ ഹോള്‍ഡിംഗ് കമ്പനി ഏറ്റെടുക്കും. നിലവില്‍ 65,000 കോടി രൂപയാണ് ജിയോയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മൂലധന നിക്ഷേപം. 2020ഓടെ ജിയോയെ കടബാധ്യതകളില്‍നിന്നു മുക്തമാക്കാനാണ് റിലയന്‍സ് ലക്ഷ്യമിടുന്നത്.
ഫല്‍പ്കാര്‍ട്ടും ആമസോണും അടക്കിവാഴുന്ന ഇന്ത്യന്‍ ഇകൊമേഴ്‌സ് രംഗത്ത് ചുവടുറപ്പിക്കാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഒരുങ്ങുന്നതായി നേരത്തെതന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

 

വളര്‍ന്നുവരുന്ന താരങ്ങളെ തളര്‍ത്തരുത്: മേജര്‍ രവി

ഫിദ-
തിരു: നിര്‍മാതാവ് തനിക്കെതിരെ വധഭീഷണി മുഴക്കുന്നുവെന്ന നടന്‍ ഷെയന്‍ നിഗത്തിന്റെ വെളിപ്പെടുത്തലിനു പിന്നാലെ നടനെ പിന്തുണച്ച് സംവിധായകന്‍ മേജര്‍ രവി രംഗത്ത്. മലയാള സിനിമാ മേഖലയില്‍ കഠിനാധ്വാനം കൊണ്ട് തന്റേതായ സ്ഥാനം കണ്ടെത്താന്‍ ശ്രമിക്കുന്ന നടനാണ് ഷെയന്‍ നിഗമെന്നും വളര്‍ന്നു വരുന്ന താരങ്ങളെ തളര്‍ത്തുന്ന നിലപാട് ആശാസ്യകരമല്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
മലയാള സിനിമാ മേഖലക്കാകെ നാണക്കേട് സമ്മാനിക്കുന്നതാണ് ഇത്തരം മോശം നീക്കങ്ങളെന്നും ഷെയ്ന്‍ നിഗത്തിന് പൂര്‍ണ പിന്തുണ അറിയിക്കുന്നുവെന്നും മേജര്‍ രവി വ്യക്തമാക്കി. എല്ലാം ശരിയാകുമെന്നും നിരശാനകരുതെന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.
ജോബിയുടെ സിനിമയുമായി ബന്ധപ്പെട്ട് നീട്ടി വളര്‍ത്തിയ മുടി മറ്റൊരു സിനിമക്കായി മുറിച്ചതാണ് വധ ഭീഷണിക്കു കാരണമെന്ന് ഷെയ്ന്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവിലൂടെയാണ് വെളിപ്പെടുത്തിയത്.
ഷെയ്‌ന്റെ വെളിപ്പെടുത്തലിനു പിന്നാലെ വിഷയത്തില്‍ തന്റെ ഭാഗം ന്യായീകരിച്ച് ജോബി ജോര്‍ജ് രംഗത്തു വന്നിരുന്നു. കഴിഞ്ഞ ആറു ദിവസമായി പനി പിടിച്ച് കിടപ്പിലായിരുന്നുവെന്നും ആരോപണത്തില്‍ പറയുന്നതൊന്നും സത്യമല്ലെന്നുമായിരുന്നു ജോബി ഫേസ്ബുക്കിലൂടെ നടത്തിയ വിശദീകരണം.
ഇതിനു പിന്നാലെ ജോബിക്കെതിരെ വിവിധ കോണുകളില്‍ നിന്ന് രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. ഷെയ്ന്‍ നിഗത്തെ പിന്തുണച്ച് നിരവധി സിനിമാ പ്രവര്‍ത്തകരും ആരാധകരും ചലച്ചിത്രാസ്വാദകരും രംഗത്തെത്തിയിരുന്നു.

ഓഹരി വിപണി നേട്ടത്തില്‍

രാംനാഥ് ചാവ്‌ല-
മുംബൈ: ഓഹരി വിപണി നേരിയ നേട്ടത്തില്‍ വ്യാപാരം നടത്തുന്നു. സെന്‍സെക്‌സ് 44 പോയന്റ് ഉയര്‍ന്ന് 38,643ലും ദേശീയ സൂചികയായ നിഫ്റ്റി 5 പോയന്റ് നഷ്ടത്തില്‍ 11,458ലും വ്യാപാരം നടത്തുന്നു.
ബജാജ് കണ്‍സ്യൂമര്‍ കെയര്‍, ഇമാമി ലിമിറ്റഡ്, 3എം ഇന്ത്യാ ലിമിറ്റഡ്, അദാനി ഗ്രീന്‍ എനര്‍ജി, ദ ന്യൂ ഇന്ത്യാ അഷ്വറന്‍സ് എന്നീ കമ്പനികളുടെ ഓഹരി നേട്ടത്തിലാണ്.
ജയിന്‍ ഇറിഗേഷന്‍, വോഡഫോണ്‍ ഐഡിയ ലിമിറ്റഡ്, എക്‌സൈഡ് ഇന്‍ഡസ്ട്രീസ്, ഇന്ത്യാബുള്‍സ് ഇന്റഗ്രേഷന്‍, റിലയ ന്‍സ് ക്യാപിറ്റല്‍ എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

 

എല്ലാവരും എന്റെ പിറകെ

ഫിദ-
കമല്‍ ഹാസന്‍ അവതാരകനായെത്തിയ ബിഗ് ബോസ് തമിഴില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച വ്യക്തിയാണ് നടി മീര മിഥുന്‍. സംവിധായകനും നടനുമായ ചേരന്‍ തന്നെ ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചുവെന്നാരോപിച്ച് മീര ബിഗ് ബോസില്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് ചേരന്‍ രംഗത്ത് വരികയും മറ്റു മത്സരാര്‍ഥികള്‍ അദ്ദേഹത്തെ പിന്തുണക്കുകയും ചെയ്തതോടെ വിവാദം കെട്ടടങ്ങി. ഷോയില്‍ നിന്ന് പുറത്തായതോടെ കമല്‍ ഹാസനടക്കമുള്ളവര്‍ക്കെതിരെ മീര രംഗത്ത് വന്നിരുന്നു. അഗ്‌നി സിറകുകള്‍ എന്ന തമിഴ് ചിത്രത്തില്‍ നിന്ന് തന്നെ പുറത്താക്കി കമല്‍ ഹാസന്റെ മകള്‍ അക്ഷര ഹാസന് അവസരം നല്‍കിയെന്നായിരുന്നു മീരയുടെ അടുത്ത ആരോപണം. എന്നാല്‍ ഇത് വാസ്തവ വിരുദ്ധമാണെന്ന് പറഞ്ഞ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ രംഗത്ത് വന്നതോടെ കൂടുതല്‍ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്.
ഷോയിലെ പുരുഷ മത്സരാര്‍ഥികളെക്കുറിച്ചാണ് മീരയുടെ തുറന്ന് പറച്ചില്‍. എല്ലാ പുരുഷന്‍മാരും തനിക്ക് പിറകെയായിരുന്നുവെന്നും അവര്‍ക്ക് തന്റെ കൂടെ സമയം ചെലവഴിക്കാന്‍ ആഗ്രമുണ്ടായിരുന്നുവെന്ന് മീര പറയുന്നു.
എല്ലാവര്‍ക്കും താല്‍പര്യം എന്നോടായിരുന്നു. എന്നാല്‍ ആ ഭീരുക്കള്‍ മറ്റുള്ള സ്ത്രീകളുടെ പിന്തുണ പോകുമോ എന്ന് ഭയന്ന് എന്നെ പുറത്താക്കാന്‍ ശ്രമിച്ചു. എല്ലാവര്‍ക്കും എന്നോട് അസൂയയായിരുന്നു. കാരണം ഞാനാണ് ആ കൂട്ടത്തില്‍ ഏറ്റവും പ്രശസ്ത. തമിഴ്‌നാട്ടിലെ എല്ലാവര്‍ക്കും എന്നെ അറിയാം. തമിഴ്‌സിനിമയിലെ ഏറ്റവും അറിയപ്പെടുന്ന പേരുകളില്‍ ഒന്നാണ് എന്റേത്.

 

ധനകമ്മിയില്‍ സര്‍ക്കാറിന് ശ്രദ്ധ വേണം: ഗീതാ ഗോപിനാഥ്

അളക ഖാനം-
വാഷിംഗ്ടണ്‍: ഇന്ത്യയുടെ ധനകമ്മിയില്‍ സര്‍ക്കാറിന് ശ്രദ്ധ വേണമെന്ന് ഐ.എം.എഫ് ഇക്കണോമിസ്റ്റ് ഗീതാ ഗോപിനാഥ്. റവന്യു വരുമാനത്തിന്റെ കാര്യത്തില്‍ ശുഭ പ്രതീക്ഷയാണ് ഉള്ളതെങ്കിലും ധനകമ്മി ഉയരുന്നത് പരിഗണിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ട്. ഐ.എം.എഫ്, ലോകബാങ്ക് വാര്‍ഷിക യോഗത്തിന് മുന്നോടിയായാണ് ഗീതാ ഗോപിനാഥിന്റെ പ്രസ്താവന.
സാമ്പത്തികമേഖലയില്‍ നില നില്‍ക്കുന്ന ചില പ്രശ്‌നങ്ങളാണ് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുറക്കുന്നതിന് ഇടയാക്കിയതെന്നും ഗീതാ ഗോപിനാഥ് പറഞ്ഞു. ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളിലെ പ്രതിസന്ധിയും ആഭ്യന്തര ഉപഭോഗത്തിലുണ്ടാവുന്ന കുറവും ഇന്ത്യക്ക് വെല്ലുവിളിയാണെന്നും ഗീതാ വ്യക്തമാക്കി.
2018ല്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 6.8 ശതമാനമായിരുന്നു. എന്നാല്‍, 201920 സാമ്പത്തിക വര്‍ഷത്തില്‍ ഇത് കുറയുമെന്നാണ് ഐ.എം.എഫ് പ്രവചനം. ജി.ഡി.പി വളര്‍ച്ച 6.1 ശതമാനത്തിലേക്ക് താഴുമെന്നാണ് ഐ.എം.എഫ് അറിയിച്ചത്.

വിക്രമിനൊപ്പം ഇര്‍ഫാന്‍ പത്താനും

രാംനാഥ് ചാവ്‌ല-
ചിയാന്‍ വിക്രമും അജയ് ജ്ഞാനമുത്തുവും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചിട്ട് കുറച്ചു നാളുകളായി. വിക്രമിന്റെ കരിയറിലെ 58ാമത്തെ ചിത്രമാണിത്. ഒക്ടോബര്‍ 4ന് ചിത്രീകരണം ആരംഭിച്ച ചിത്രത്തില്‍ ഒരു ക്രിക്കറ്റ് താരവും കേന്ദ്രകഥാപാത്രമാകുന്നു എന്നതാണ് പുതിയ വാര്‍ത്ത.
മുന്‍ ഇന്ത്യന്‍ താരമായ ഇര്‍ഫാന്‍ പത്താനാണ് ചിത്രത്തില്‍ വിക്രമിനൊപ്പം പ്രധാന വേഷത്തിലെത്തുന്നത്. ഇര്‍ഫാനെ ചിത്രത്തിലേക്ക് സ്വാഗതം ചെയ്തു കൊണ്ട് സംവിധായകന്‍ ജ്ഞാനമുത്തുവാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. താരത്തിന്റെ ആക്ഷന്‍ അവതാരത്തിനായി കാത്തിരിക്കുന്നു എന്ന ക്യാപ്ഷനോടെ ഇര്‍ഫാനൊപ്പമുള്ള ചിത്രവും സംവിധായകന്‍ പങ്കുവച്ചിട്ടുണ്ട്.
ആക്ഷന്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ 25 വ്യത്യസ്ത ഗെറ്റപ്പില്‍ വിക്രം എത്തുമെന്നാണ് സൂചന. പ്രിയ ഭവാനി ശങ്കറായിരിക്കും ചിത്രത്തില്‍ വിക്രമിന്റെ നായികയായെത്തുന്നത്.

2000 രൂപ നോട്ടിന്റെ അച്ചടി നിര്‍ത്തിവച്ചതായി റിസര്‍വ് ബാങ്ക്

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: രാജ്യത്ത് 2000 രൂപയുടെ നോട്ടുകളുടെ അച്ചടി നിര്‍ത്തിവച്ചതായി റിസര്‍വ് ബാങ്ക്. വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിലാണ് റിസര്‍വ് ബാങ്ക് ഇക്കാര്യം വ്യക്തമാക്കിയത്. കള്ളപ്പണ ഇടപാടുകള്‍ തടയുന്നതിന്റെ ഭാഗമാണത്രേ നടപടി.അടുത്തിടെയായി രണ്ടായിരം രൂപ നോട്ടിന്റെ ക്ഷാമം രാജ്യത്ത് അനുഭവപ്പെടുന്നുണ്ട്. എന്തുകൊണ്ട് എടിഎമ്മുകളില്‍ നിന്ന് 2000 രൂപ നോട്ട് ലഭിക്കുന്നില്ല എന്ന ചോദ്യവും ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ നല്‍കിയ അപേക്ഷയിലാണ് 2000 രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്തിയതായുളള റിസര്‍വ് ബാങ്കിന്റെ തീരുമാനം പുറത്തുവന്നത്. നടപ്പുസാമ്പത്തിക വര്‍ഷം ഒറ്റ 2000 രൂപ നോട്ടു പോലും അച്ചടിച്ചിട്ടില്ല എന്നാണ് റിസര്‍വ് ബാങ്കിന്റെ മറുപടിയില്‍ പറയുന്നത്.
2000 രൂപ നോട്ടിന്റെ പൂഴ്ത്തിവെപ്പ് തടയുന്നതിന്റെ ഭാഗമായി ഘട്ടം ഘട്ടമായാണ് നോട്ടിന്റെ അച്ചടി നിര്‍ത്തുന്നതിലേക്ക് റിസര്‍വ് ബാങ്ക് എത്തിച്ചേര്‍ന്നത്. ആദ്യം നോട്ട് അച്ചടിച്ച് ഇറക്കുന്നതില്‍ കുറവ് വരുത്തി. തുടര്‍ന്ന് നോട്ട് അച്ചടിച്ച് ഇറക്കുന്നത് പൂര്‍ണമായി നിര്‍ത്തുകയായിരുന്നു. ഇതിലൂടെ നോട്ടിന്റെ പൂഴ്ത്തിവെപ്പ് തടയാന്‍ സാധിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.യൂറോപ്യന്‍ രാഷ്ട്രങ്ങളിലെല്ലാം പതിവായി സ്വീകരിച്ചുവരുന്ന മാര്‍ഗമാണിതെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ നിതിന്‍ ദേശായി പറയുന്നു.
നോട്ടുനിരോധനത്തിന് പിന്നാലെയാണ് റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ 2000 രൂപ നോട്ട് അവതരിപ്പിച്ചത്. 2016 17 സാമ്പത്തിക വര്‍ഷം 3,54 കോടി 2000 രൂപ നോട്ടുകളാണ് അച്ചടിച്ചത്. 2017 18 സാമ്പത്തിക വര്‍ഷം ഇത് 11 കോടി നോട്ടുകളായി അച്ചടി ചുരുക്കി. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇത് 4.6 കോടി രൂപയായതായും കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി പാക്കിസ്ഥാനിലെ ചില പ്രസ്സുകള്‍ ഇന്ത്യയുടെ 2000 നോട്ടുകള്‍ പ്രിന്റ് ചെയ്യുന്നുണ്ടെന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്.

 

അമരമ്പലം കോവിലകം

സിപിഎഫ് വേങ്ങാട്-
സാമൂതിരി ഭരണത്തിന്‍ കീഴില്‍ ശക്തമായ സാമന്ത പദവി അലങ്കരിച്ചിരുന്ന ഒരു കോവിലകമുണ്ട് മലപ്പുറം ജില്ലയില്‍… അമരമ്പലം. മലബാറിന്റെ ഏതാണ്ട് മുക്കാല്‍ ഭാഗവും വെട്ടിപ്പിടിച്ച സാമൂതിരിക്ക് താങ്ങും തണലുമായി നിന്നവരാണ് ഇവര്‍. നിലമ്പൂര്‍ കോവിലകം കഴിഞ്ഞാല്‍ സാമൂതിരിയുടെ സാമന്ത രാജാക്കന്‍മാരില്‍ പ്രമുഖരാണ് അമരമ്പലത്തുകാര്‍. അതുകൊണ്ട് തന്നെ ഈ പ്രദേശം ഉള്‍പ്പെട്ട വലിയൊരു ഭാഗത്തിന്റെ നികുതി പരിക്കാനുള്ള അവകാശവും അവശ്യ ഘട്ടങ്ങളില്‍ സൈന്യങ്ങളെ സംഘടിപ്പിച്ച് നല്‍കലുമാണ് ഈ നാടുവാഴികളുടെ പ്രധാന ചുമതല.
മലപ്പുറത്തെ വണ്ടൂരില്‍ നിന്നും പൂക്കോട്ടുപാടം ബസില്‍ കയറിവേണം ഈ കോവിലകത്തേക്ക് പോകാന്‍. അമരമ്പലം കയറ്റം എന്ന സ്ഥലത്തിറങ്ങി ഏതാണ്ട് രണ്ട് കിലോമീറ്ററോളം ഓട്ടോയില്‍ സഞ്ചരിച്ചാല്‍ പഴമയുടെ പ്രതീകമായ ഈ രാജ ഭവനത്തിലെത്താം. മരണമില്ലാത്ത ഋഷിമാര്‍ വാണിരുന്ന സ്ഥലമെന്ന നിലയിലാണ് ഈ പ്രദേശത്തിന് അമരമ്പലം എന്ന പേര്‍ വന്നത്.

കോവിലകത്തെ കാരണവരെ ബഹുമാനപൂര്‍വം കാരണമുല്‍പ്പാട് എന്നും മറ്റുള്ള പുരുഷന്‍മാരെ തിരുമുല്‍പ്പാട് എന്നും വിളിച്ചുപോന്നു. സ്ത്രീകള്‍ തമ്പാട്ടി എന്നാണ് പേരിനൊപ്പെം ചേര്‍ത്തിരുന്നത്.
മൂന്ന് നിലകളിലായി പണിത എട്ടുകെട്ടാണ് അമരമ്പലം കോവിലകം. തേക്കും ഈട്ടിയും വെട്ട്കല്ലും കൊണ്ടാണ് നിര്‍മാണം. യഥേഷ്ടം കാറ്റും വെളിച്ചവും പ്രവേശിക്കുന്ന നിര്‍മാണ രീതി ആരെയും വിസമയിപ്പിക്കും. ചരിത്ര പ്രസിദ്ധമായ പത്മനാഭപുരം കൊട്ടാരത്തിലെ തറ പോലെ ഈ കോവിലകത്തിന്റെ മുകളിലത്തെ മുറികളുടെ നിലം കണ്ണാടി പോലെ മിനുസമുള്ളതാണ്. കണ്ണാടിത്തറ എന്നാണ് ഇതിനെ സാധാരണ വിളിക്കുന്നത്. പല ചേരുവകളും ഉള്‍പ്പെടുത്തിയുണ്ടാക്കിയ സുര്‍ക്കി മിശ്രിതം കൊണ്ടാണ് നിലം ഇത്തരത്തില്‍ മിനുസപ്പെടുത്തി എടുക്കുന്നത്.

അമരമ്പലം കോവിലകത്തെക്കുറിച്ച് ചരിത്ര രേഖകള്‍ ഒന്നും തന്നെ ലഭ്യമല്ല. അന്വേഷിച്ച് കണ്ടെത്തിയ വിസ്മയമേകുന്ന വിവരങ്ങള്‍ എഴുതിക്കൊണ്ടിരിക്കുന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്തുന്നതാണ്.

‘അസുരന്‍’ ഇഷ്ടമായതില്‍ സന്തോഷം: കമലിനോട് മഞ്ജു

ഫിദ-
തന്റെ തമിഴ് അരങ്ങേറ്റ ചിത്രമായ അസുരന്‍ പുറത്തിറങ്ങിയ സന്തോഷത്തിലാണ് മഞ്ജു വാര്യര്‍. വെട്രിമാരന്‍ ഒരുക്കിയ ചിത്രത്തില്‍ ധനുഷാണ് നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
തിയറ്ററുകളില്‍ മികച്ച വിജയം നേടി മുന്നേറുന്ന അസുരന്‍ കാണാന്‍ ഉലകനായകന്‍ കമല്‍ ഹാസന്‍ എത്തിയതിന്റെ സന്തോഷം പങ്കുവെക്കുകയാണ് മഞ്ജു. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മഞ്ജു ഈ വിവരം ആരാധകരുമായി പങ്കുവച്ചത്.
അസുരന്‍ കണ്ടതിനും, അഭിപ്രായം അറിയിച്ചതിനും കമലിനോട് നന്ദി അറിയിച്ചിരിക്കുകയാണ് മഞ്ജു. കമലിനൊപ്പം മകള്‍ ശ്രുതി ഹാസനും സിനിമ കാണാന്‍ എത്തിയിരുന്നു. മൂവരും ഒന്നിച്ചു നില്‍ക്കുന്ന ചിത്രവും മഞ്ജു ഇതോടൊപ്പം പങ്കുവെച്ചു.
ജാതി ചിന്തയും സാമ്പത്തിക അരാജകത്വവും കൊടിക്കുത്തി വാഴുന്ന നാട്ടില്‍ ഒരു കര്‍ഷകനും കുടുംബവും ജീവിക്കാനായി നടത്തുന്ന പോരാട്ടമാണ് അസുരന്റെ ഇതിവൃത്തം. ശിവസാമി എന്ന കര്‍ഷകനായി ധനുഷ് എത്തുമ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ പച്ചൈയമ്മാളിന്റെ വേഷത്തിലാണ് മഞ്ജു പ്രത്യക്ഷപ്പെടുന്നത്.