Month: October 2019

30 മിനുട്ട് സൗജന്യ ടോക് ടൈമുമായി ജിയോ

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: കോളുകള്‍ക്ക് ചാര്‍ജ് ഈടാക്കാനുള്ള റിലയന്‍സ് ജിയോയുടെ തീരുമാനത്തിനെതിരെ ഉപഭോക്താക്കളില്‍ നിന്ന് പ്രതിഷേധം ഉയരുന്നതിനിടെ സൗജന്യ ടോക്ക് ടൈം നല്‍കാനൊരുങ്ങി കമ്പനി. ഉപഭോക്താകള്‍ക്ക് 30 മിനിട്ട് സൗജന്യ ടോക് ടൈം ജിയോ നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.
ടോക് ടൈം വൗച്ചറുകള്‍ ഉള്‍പ്പെടുന്ന പ്ലാന്‍ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് ഒറ്റത്തവണയായി 30 മിനിട്ട് സൗജന്യ സംസാര സമയമാവും ജിയോ നല്‍കുക. ഏഴ് ദിവസമായിരിക്കും സൗജന്യ സംസാര സമയത്തിന്റെ കാലാവധി.
കോളുകള്‍ക്ക് നിരക്ക് ഈടാക്കാനുള്ള ജിയോ തീരുമാനത്തിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ട്വിറ്ററിലായിരുന്നു പ്രധാനമായും പ്രതിഷേധം. ജീവിതകാലത്തേക്ക് മുഴുവന്‍ സൗജന്യ കോളുകള്‍ നല്‍കുമെന്ന് അറിയിച്ചാണ് ജിയോ സേവനം തുടങ്ങിയതെന്നും ഇപ്പോഴുള്ള തീരുമാനം അംഗീകരിക്കാനാവില്ലെന്നുമാണ് ഉപയോക്താക്കള്‍ പറയുന്നത്.

 

ഇന്ത്യന്‍ സമ്പന്നരില്‍ അദാനി രണ്ടാമന്‍

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പന്നരുടെ പട്ടികയില്‍ ഗുജറാത്തി വ്യവസായി ഗൗതം അദാനിയുടെ കുതിച്ചു ചാട്ടം. ഒരു വര്‍ഷത്തിനിടെ എട്ട് സ്ഥാനങ്ങള്‍ ചാടിക്കടന്ന അദാനി സമ്പന്ന പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. അമേരിക്കന്‍ ബിസിനസ് മാഗസിനായ ഫോബ്‌സ് പുറത്തിറക്കിയ ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിലാണ് അദാനിയുടെ കുതിച്ചു ചാട്ടം.

വോള്‍ഗക്കും പീറ്ററിനും സാഹിത്യ നോബല്‍

അളക ഖാനം-
സ്‌റ്റോക്ക്‌ഹോം: സാഹിത്യത്തിനുള്ള 2018, 19 വര്‍ഷങ്ങളിലെ നോബല്‍ സമ്മാനങ്ങള്‍ പ്രഖ്യാപിച്ചു. 2019ലെ പുരസ്‌കാരത്തിന് ഓസ്ട്രിയന്‍ നോവലിസ്റ്റും കവിയും നാടകകൃത്തുമായ പീറ്റര്‍ ഹാന്‍ഡ്‌കെ (76 ) അര്‍ഹനായപ്പോള്‍ 2018ലെ പുരസ്‌കാരം നേടിയത് പോളിഷ് എഴുത്തുകാരി ഓള്‍ഗ ടോകാര്‍ചുക്കാണ്.കഴിഞ്ഞ വര്‍ഷത്തെ മാന്‍ ബുക്കര്‍ െ്രെപസും ഓള്‍ഗയ്ക്കായിരുന്നു.
ജര്‍മ്മന്‍ ഭാഷയില്‍ ഏറ്റവും ചിന്തോദ്ദീപകമായി എഴുതുന്നവരില്‍ ഒരാളായ പീറ്റര്‍ ഹാന്‍ഡ്‌കെ രാഷ്ട്രീയ നിലപാടുകളാല്‍ വിവാദനായകനുമാണ്.അമ്മയുടെ ആത്മഹത്യ പ്രമേയമാക്കി 1975ല്‍ പ്രസിദ്ധീകരിച്ച എ സോറോ ബിയോണ്ട് ഡ്രീംസ് അദ്ദേഹത്തിന്റെ പ്രശസ്ത കൃതിയാണ്. ജര്‍മ്മനിയുടെ പ്രശസ്തമായ ബുക്കാനര്‍ പുരസ്‌കാരം തിരിച്ചു നല്‍കിയ അദ്ദേഹം 2014ല്‍ സാഹിത്യ നോബല്‍ സമ്മാനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.സ്ലോബോദന്‍ മിലോസേവിച്ചിന്റെ വംശഹത്യാ ഭരണകൂടത്തെ പിന്തുണച്ചതിന് ഹാന്‍ഡ്‌കെയെ 1999ല്‍ സല്‍മാന്‍ റുഷ്ദി ‘ഈ വര്‍ഷത്തെ മന്ദബുദ്ധി’ എന്ന് വിശേഷിപ്പിച്ചത് മറ്റൊരു വിവാദമായിരുന്നു.
1993ല്‍ പ്രസിദ്ധീകരിച്ച ദ ജേര്‍ണി ഒഫ് ദ ബുക്ക് പീപ്പിള്‍ എന്ന കൃതിയാണ് ഓള്‍ഗയുടെ ആദ്യ നോവല്‍. 2014ല്‍ പുറത്തിറങ്ങിയ ദ ബുക്ക്‌സ് ഒഫ് ജേക്കബ് ആണ് ഓള്‍ഗയുടെ മാസ്റ്റര്‍പീസ്. സ്വീഡിഷ് അക്കാഡമിയെ ചുറ്റിപ്പറ്റിയുള്ള
ലൈംഗികാരോപണങ്ങളെയും സാമ്പത്തിക അഴിമതികളെയും തുടര്‍ന്ന് 2018ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചിരുന്നില്ല.

പാര്‍ട്ടി ചിഹ്നത്തേക്കാള്‍ പ്രാധാന്യം നല്‍കുന്നതു വ്യക്തികള്‍ക്ക്: സുരേഷ് ഗോപി

ഫിദ-
കൊച്ചി: ഉപതെരഞ്ഞെടുപ്പില്‍ എറണാകുളത്തുകാര്‍ സി.ജി രാജഗോപാലിനെ വിജയിപ്പിക്കണമെന്ന് നടനും എം.പിയുമായ സുരേഷ് ഗോപി. എറണാകുളം നിയമസഭാ മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി സി.ജി രാജഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന.
എറണാകുളത്തുകാര്‍ പാര്‍ട്ടി ചിഹ്നത്തേക്കാള്‍ പ്രാധാന്യം നല്‍കുന്നതു വ്യക്തികള്‍ക്കാണ്. മുത്തു (രാജഗോപാല്‍) എത് പാര്‍ട്ടിക്കാരനെന്നുള്ളതല്ല, എല്ലാവര്‍ക്കും സ്വീകാര്യനായ വ്യക്തിയാണ്. ഇത്തവണയെങ്കിലും എറണാകുളത്തുകാര്‍ മുത്തുവിനെ ജയിപ്പിക്കണമെന്ന് സുരേഷ് ഗോപി പറഞ്ഞു. വട്ടിയൂര്‍ക്കാവിലും കോന്നിയിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തണമെന്നാണ് ആഗ്രഹിക്കുന്നത്. ബി.ജെ.പി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കേണ്ട ഉത്തരവാദിത്വം തനിക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

ഗ്ലാമര്‍ രംഗങ്ങളുമായി ബ്യൂട്ടിഫുള്‍

വിഷ്ണു പ്രതാപ്-
തെലുങ്ക് ചിത്രം ബ്യൂട്ടിഫുളിന്റെ ട്രെയിലര്‍ പുറത്തെത്തി. രാം ഗോപാല്‍ വര്‍മ്മ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ട്രെയിലറിന് വന്‍ പ്രതിഷേധവും ഉയരുന്നുണ്ട്. അഗസ്ത്യ മഞ്ജു സംവിധാനം ചെയ്യുന്ന ചിത്രം രംഗീല സിനിമയെ ഓര്‍മ്മിപ്പിക്കും വിധമാണ് ഒരുക്കിയിരിക്കുന്നത്.
പാര്‍ത് സുരിയും നൈനാ ഗാംഗുലിയുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. അമിതമായ ഗ്ലാമര്‍ രംഗങ്ങള്‍ നിറഞ്ഞതാണ് ട്രെയിലര്‍. ചേരിയിലുള്ള രണ്ട് പേര്‍ തമ്മില്‍ പ്രണയത്തിലാകുന്നതും പിന്നീട് അതില്‍ ഒരാള്‍ വലിയ നിലയില്‍ എത്തുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.
ട്രെയിലറിന് നേരെ വന്‍ വിമര്‍ശനം ഉയരുന്നുണ്ട്. ആര്‍ജിവി ഈയിടെയായി മോശം സിനിമകള്‍ മാത്രമാണ് ഒരുക്കുന്നതെന്നും ഇതൊരു ബിഗ്രേഡ് സിനിമ പോലുണ്ടെന്നും വിമര്‍ശകര്‍ പറയുന്നു.

കേരള ബാങ്ക് യാഥാര്‍ത്ഥ്യമാവുന്നു

ഫിദ-
തിരു: സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ കേരളാ ബാങ്ക് രൂപീകരണത്തിന് റിസര്‍ബാങ്ക് അംഗീകാരം. ഇതോടെ നവംബര്‍ ഒന്നിന് ബാങ്ക് യാഥാര്‍ത്ഥ്യമാകും.
ആര്‍ബിഐയില്‍ നിന്നുള്ള അനുമതി കത്ത് സര്‍ക്കാരിന് ലഭിച്ചു. സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്കുകളെ ലയിപ്പിച്ചാണ് കേരളാ ബാങ്ക് രൂപീകരിക്കുന്നത്. 13 ജില്ലാ ബാങ്കുകളും ഇതുസംബന്ധിച്ച പ്രമേയം പാസാക്കിയിരുന്നുവെങ്കിലും മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഇതിനെ എതിര്‍ത്തിരുന്നു. പ്രത്യേക ഓര്‍ഡിനന്‍സ് കൊണ്ടുവന്ന് സര്‍ക്കാര്‍ ഇതിനെ മറികടക്കുകയായിരുന്നു.

 

ജോഷ്വാ ഉടനെത്തും

അജയ്തുണ്ടത്തില്‍-
ദി എലൈവ് മീഡിയയുടെ ബാനറില്‍ ദി എലൈവ് മീഡിയ നിര്‍മ്മിക്കുന്ന ”ജോഷ്വാ” നവാഗതനായ പീറ്റര്‍ സുന്ദര്‍ദാസ് കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്നു.
കടലിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പൂര്‍ത്തിയായി. സിനിമ എന്ന മാധ്യമം കുട്ടികളുടെ മനസ്സില്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നുള്ളതാണ് കഥാപശ്ചാത്തലം.
ബാനര്‍ – ദി എലൈവ് മീഡിയ, നിര്‍മ്മാണം – ദി എലൈവ് മീഡിയ, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം – പീറ്റര്‍ സുന്ദര്‍ദാസ്, ചീഫ് അസ്സോ: ഡയറക്ടര്‍ – എസ്.പി. മഹേഷ്, ഛായാഗ്രഹണം – എസ്. ലോവല്‍, എഡിറ്റിംഗ് – രതീഷ് മോഹന്‍, ഗാനരചന – ഹരി നാരായണന്‍, സംഗീതം – ഗോപി സുന്ദര്‍, ആലാപനം – നിരഞ്ജ് സുരേഷ്, ദിവ്യ. എസ് മേനോന്‍, നിത്യ മാമ്മന്‍, കോറിയോഗ്രാഫി – സജന നജാം, ആക്ഷന്‍ – അനില്‍, ചമയം – ഉദയന്‍ നേമം, കല-പുത്തന്‍ചിറ രാധാകൃഷ്ണന്‍, വസ്ത്രാലങ്കാരം – സൂര്യാ ശ്രീകുമാര്‍, കോസ്റ്റ്യും ഡിസൈന്‍സ് – ഇന്‍ഫിറ്റ്, പ്രൊ: കണ്‍ട്രോളര്‍ – ഇക്ബാല്‍ പനായിക്കുളം, പ്രൊ: എക്‌സി: – ചന്ദ്രദാസ്, പ്രൊ: മാനേജര്‍ – സുനില്‍ പനച്ചിമൂട്, സഹസംവിധാനം – വി.എസ്. സജിത്‌ലാല്‍, സംവിധാന സഹായി – വി.എസ്. ടോണ്‍സ്, രഞ്ജിത്ത് രാജേന്ദ്രന്‍, സ്റ്റില്‍സ് – ഷാലു പേയാട്, പിആര്‍ഓ – അജയ് തുണ്ടത്തില്‍.
മാസ്റ്റര്‍ ഏബല്‍ പീറ്റര്‍, പ്രിയങ്കാ നായര്‍, ഹേമന്ദ് മേനോന്‍, അനു ട്രെസ, ദിനേശ് പണിക്കര്‍, അനില്‍ പപ്പന്‍, മങ്കാ മഹേഷ്, ഫെബിന്‍, അഞ്ജു നായര്‍, തിരുമല രാമചന്ദ്രന്‍, അലക്‌സ് എന്നിവരഭിനയിക്കുന്നു.
തിരുവനന്തപുരം, വര്‍ക്കല എന്നിവിടങ്ങളാണ് ലൊക്കേഷന്‍സ്.
ഓണ്‍ലൈന്‍ പ്രമോഷന്‍: ബിസ്‌ന്യൂസ് ഇന്ത്യ

ഒമാന്‍ സ്വകാര്യ പങ്കാളിത്തം വ്യാപിപ്പിക്കുന്നു

അളക ഖാനം-
മസ്‌കത്ത്: സര്‍ക്കാര്‍ സ്വകാര്യ പങ്കാളിത്ത പദ്ധതികള്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ ഒമാന്‍ ഒരുങ്ങുന്നു. ഈ രീതിയില്‍ 38 പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിച്ചുവരുകയാണെന്ന് പുതുതായി രൂപവത്കരിച്ച െ്രെപവറ്റൈസേഷന്‍ ആന്റ് പാര്‍ട്ണര്‍ഷിപ് പൊതു അതോറിറ്റി (പി.എ.പി.പി) ഇടക്കാല ചെയര്‍മാന്‍ ഡോ. ദാഫെര്‍ അവധ് അല്‍ ഷന്‍ഫരി പറഞ്ഞു. ഒമാന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ചൊവ്വാഴ്ച സമാപിച്ച സര്‍ക്കാര്‍സ്വകാര്യ പങ്കാളിത്ത ഫോറത്തിലാണ് പി.എ.പി.പി മേധാവി ഇക്കാര്യം അറിയിച്ചത്. ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം, പൊതുസേവനം തുടങ്ങി 11 മന്ത്രാലയങ്ങളിലും സര്‍ക്കാര്‍ വകുപ്പുകളിലുമായുള്ള വിവിധ മേഖലകളിലാണ് സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ പരിഗണനയിലുള്ളതെന്ന് ഡോ. ദാഫെര്‍ അവധ് അല്‍ ഷന്‍ഫരി പറഞ്ഞു.
കഴിഞ്ഞ ജൂലൈയിലാണ് രാജകീയ ഉത്തരവിനെ തുടര്‍ന്ന് െ്രെപവറ്റൈസേഷന്‍ ആന്‍ഡ് പാര്‍ട്ണര്‍ഷിപ് പൊതു അതോറിറ്റി നിലവില്‍ വന്നത്. സ്വകാര്യവത്കരണവും സ്വകാര്യ പങ്കാളിത്ത പദ്ധതികളും വേഗത്തിലാക്കാന്‍ ലക്ഷ്യമിട്ടാണ് അതോറിറ്റി രൂപവത്കരിച്ചത്. അതോറിറ്റിക്ക് ഒപ്പം നിലവില്‍വന്ന സ്വകാര്യവത്കരണ നിയമം, സര്‍ക്കാര്‍സ്വകാര്യ പങ്കാളിത്ത നിയമം എന്നിവയുടെ വിവിധ തലങ്ങളിലുള്ള വകുപ്പുകള്‍ക്കും ഉപ വകുപ്പുകള്‍ക്കും നിബന്ധനകള്‍ക്കും രൂപം നല്‍കി വരുകയാണെന്ന് ഡോ. അല്‍ ഷന്‍ഫരി പറഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ ഇവക്ക് അനുമതി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സെപ്റ്റംബറിലും വാഹന നിര്‍മാണം കുറച്ച് മാരുതി

രാംനാഥ് ചാവ്‌ല-
മുംബൈ: സാമ്പത്തിക മാന്ദ്യത്തിന്റെ തുടര്‍ച്ചയെന്നോണം സെപ്റ്റംബറിലും വാഹന നിര്‍മാണം കുറച്ച് മാരുതി സുസുകി ഇന്ത്യ. നിര്‍മാണത്തില്‍ 17.48 ശതമാനം കുറവ് വരുത്തി 1,32,199 യൂണിറ്റുകളാണ് സെപ്റ്റംബറില്‍ കമ്പനി പുറത്തിറക്കിയത്. തുടര്‍ച്ചയായ എട്ടാം മാസമാണ് മാരുതി നിര്‍മാണം കുറയ്ക്കുന്നത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ 1,60,219 യൂണിറ്റുകളായിരുന്നു കമ്പനി നിര്‍മിച്ചത്. തലേവര്‍ഷത്തെ അപേക്ഷിച്ച് മാരുതിയുടെ പാസഞ്ചര്‍ വാഹനങ്ങളുടെ മാത്രം നിര്‍മാണത്തില്‍ 17.37 ശതമാനം കുറവുണ്ടായി. ഓള്‍ട്ടോ, ന്യു വാഗണ്‍ ആര്‍, സെലാരിയോ, ഇഗ്‌നിസ്, സ്വിഫ്റ്റ്, ബലേനോ, ഡിസൈര്‍ തുടങ്ങിയ മോഡലുകള്‍ ഉള്‍പ്പെടുന്ന മിനി ആന്റ്് കോംപാക്ട് വിഭാഗത്തില്‍ നിര്‍മാണം 14.91 ശതമാനം കുറഞ്ഞ് 98,337 യൂണിറ്റുകളായി.
കഴിഞ്ഞവര്‍ഷം ഇത് 1,15,576 യൂണിറ്റുകളായിരുന്നു. വിതാര, എര്‍ട്ടിക,എസ് ക്രോസ് എന്നിവയുള്‍പ്പെടുന്ന യൂട്ടിലിറ്റി വിഭാഹം വാഹനങ്ങളുടെ നിര്‍മാണവും 17.05 ശതമാനം കുറഞ്ഞു. ഓഗസ്റ്റിലും മാരുതി നിര്‍മാണം 33.99 ശതമാനം കുറച്ചിരുന്നു.

ഇന്ത്യ കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക്

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ഭാവിയില്‍ രാജ്യം കൂടുതല്‍ സാമ്പത്തിക പ്രതിസന്ധി നേരിട്ടേക്കുമെന്ന മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്. ആഭ്യന്തരതലത്തിലും ആഗോളതലത്തിലും സൃഷ്ടിച്ച പ്രതികൂലസാഹചര്യങ്ങള്‍ രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിന് ആക്കംകൂട്ടിയതായും നാലാം പണനയ അവലോകന റിപ്പോര്‍ട്ടില്‍ ആര്‍.ബി.ഐ വ്യക്തമാക്കി.
സ്വകാര്യ മേഖലയിലെ ഉപഭോഗത്വര ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ വലിയതോതില്‍ സഹായിക്കുന്ന ഒന്നാണ്. എന്നാല്‍, കഴിഞ്ഞ ഏതാനും പാദവര്‍ഷങ്ങളില്‍ സാമ്പത്തിക വളര്‍ച്ച പിന്നോട്ടടിച്ചതോടെ മൊത്തം വില്‍പന മേഖലയെയും ഇത് ബാധിച്ചു. ഇത് ഭാവിയില്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങിയേക്കുമെന്നതിന്റെ സൂചനയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവിലെ സാഹചര്യം വിലയിരുത്തുമ്പോള്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ ലഭ്യമാക്കുന്ന വാഹന വിപണിയുടെയും റിയല്‍ എസ്‌റ്റേറ്റ് മേഖലയുടെയും പ്രവര്‍ത്തനം തൃപ്തികരമല്ല. ബാങ്കുകളുടെ വായ്പ വിതരണത്തിലും വലിയ കുറവുണ്ട്.
ഇത് വാണിജ്യ മേഖലയിലേക്കുള്ള പണത്തിന്റെ ഒഴുക്ക് കുറച്ചു. എങ്കിലും, പൊതുമേഖല ബാങ്കുകളെ ലയിപ്പിക്കാനുള്ള നടപടികള്‍ വായ്പ വിതരണം വേഗത്തിലാക്കുമെന്നാണ് പ്രതീക്ഷ. അതോടൊപ്പം കോര്‍പറേറ്റ് നികുതി കുറച്ചതും ജി.എസ്.ടി റീഫണ്ട് വേഗത്തിലാക്കാന്‍ ഇലക്‌ട്രോണിക്‌സ് സംവിധാനം നടപ്പിലാക്കിയതും ഭവന നിര്‍മാണം, കയറ്റുമതി തുടങ്ങിയ മേഖലകള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കിയതും പ്രതിസന്ധി മറികടക്കാന്‍ സഹായകമാകും.
അതേസമയം, ആഗോള തലത്തില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വം ഇന്ത്യയിലെ നിക്ഷേപങ്ങള്‍ കുറയാനിടയാക്കിതായും വ്യാപാര തര്‍ക്കങ്ങള്‍ കയറ്റുമതി മേഖലയിലും ബാധിച്ചിട്ടുണ്ടെന്നും ആര്‍.ബി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നു.