ഇന്ത്യ കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക്

ഇന്ത്യ കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക്

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ഭാവിയില്‍ രാജ്യം കൂടുതല്‍ സാമ്പത്തിക പ്രതിസന്ധി നേരിട്ടേക്കുമെന്ന മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്. ആഭ്യന്തരതലത്തിലും ആഗോളതലത്തിലും സൃഷ്ടിച്ച പ്രതികൂലസാഹചര്യങ്ങള്‍ രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിന് ആക്കംകൂട്ടിയതായും നാലാം പണനയ അവലോകന റിപ്പോര്‍ട്ടില്‍ ആര്‍.ബി.ഐ വ്യക്തമാക്കി.
സ്വകാര്യ മേഖലയിലെ ഉപഭോഗത്വര ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ വലിയതോതില്‍ സഹായിക്കുന്ന ഒന്നാണ്. എന്നാല്‍, കഴിഞ്ഞ ഏതാനും പാദവര്‍ഷങ്ങളില്‍ സാമ്പത്തിക വളര്‍ച്ച പിന്നോട്ടടിച്ചതോടെ മൊത്തം വില്‍പന മേഖലയെയും ഇത് ബാധിച്ചു. ഇത് ഭാവിയില്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങിയേക്കുമെന്നതിന്റെ സൂചനയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവിലെ സാഹചര്യം വിലയിരുത്തുമ്പോള്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ ലഭ്യമാക്കുന്ന വാഹന വിപണിയുടെയും റിയല്‍ എസ്‌റ്റേറ്റ് മേഖലയുടെയും പ്രവര്‍ത്തനം തൃപ്തികരമല്ല. ബാങ്കുകളുടെ വായ്പ വിതരണത്തിലും വലിയ കുറവുണ്ട്.
ഇത് വാണിജ്യ മേഖലയിലേക്കുള്ള പണത്തിന്റെ ഒഴുക്ക് കുറച്ചു. എങ്കിലും, പൊതുമേഖല ബാങ്കുകളെ ലയിപ്പിക്കാനുള്ള നടപടികള്‍ വായ്പ വിതരണം വേഗത്തിലാക്കുമെന്നാണ് പ്രതീക്ഷ. അതോടൊപ്പം കോര്‍പറേറ്റ് നികുതി കുറച്ചതും ജി.എസ്.ടി റീഫണ്ട് വേഗത്തിലാക്കാന്‍ ഇലക്‌ട്രോണിക്‌സ് സംവിധാനം നടപ്പിലാക്കിയതും ഭവന നിര്‍മാണം, കയറ്റുമതി തുടങ്ങിയ മേഖലകള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കിയതും പ്രതിസന്ധി മറികടക്കാന്‍ സഹായകമാകും.
അതേസമയം, ആഗോള തലത്തില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വം ഇന്ത്യയിലെ നിക്ഷേപങ്ങള്‍ കുറയാനിടയാക്കിതായും വ്യാപാര തര്‍ക്കങ്ങള്‍ കയറ്റുമതി മേഖലയിലും ബാധിച്ചിട്ടുണ്ടെന്നും ആര്‍.ബി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Post Your Comments Here ( Click here for malayalam )
Press Esc to close