Month: October 2019

റിമ കല്ലിങ്കലിന്റെ ബിക്കിനി ചിത്രങ്ങള്‍ വൈറലാവുന്നു

ഫിദ-
നടിയും നര്‍ത്തകിയും നിര്‍മ്മാതാവുമായ റിമ കല്ലിങ്കലിന്റെ ബിക്കിനി ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്. സംവിധായകനും റിമയുടെ ഭര്‍ത്താവുമായ ആഷിഖ് അബു ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പങ്കുവെച്ചിട്ടുണ്ട്. റിമയുടെ അവധി ആഘോഷ ചിത്രങ്ങളാണിതെന്നാണ് സൂചന.
റിമയും ആഷിഖും ചേര്‍ന്ന് നിര്‍മ്മിക്കുന്ന പുതിയ ചിത്രം തല്ലുമാലയാണ്. ടൊവിനോ തോമസും സൗബിന്‍ ഷാഹിറുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അടുത്ത ഓണത്തിന് ചിത്രം തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ കഥയും തിരക്കഥയും മുഹ്‌സിനും സംവിധായകന്‍ അഷറഫ് ഹംസയും ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്.

ബാങ്കുകളിലെ നിക്ഷേപം അഞ്ചുലക്ഷം കോടി പിന്നിട്ടു

ഫിദ-
തിരു: സംസ്ഥാനത്തെ ബാങ്കുകളിലെ നിക്ഷേപം അഞ്ചുലക്ഷം കോടി പിന്നിട്ടു. സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തില്‍ കൂടിയാണ് ബാങ്ക് നിക്ഷേപം സുപ്രധാന നാഴികക്കല്ല് പിന്നിട്ടത്. കഴിഞ്ഞ ജൂണ്‍ 30 വരെയുള്ള കണക്കുപ്രകാരം 5,01,023 കോടി രൂപ നിക്ഷേപമായി എത്തി. ഇതേകാലത്ത് 3,34,655 കോടി രൂപ ബാങ്കുകള്‍ വായ്പയായും നല്‍കി. വായ്പനിക്ഷേപ അനുപാതം കഴിഞ്ഞ ഏതാനും മാസങ്ങളായി അല്‍പം മെച്ചപ്പെട്ടുവെങ്കിലും വീണ്ടും കുറഞ്ഞതായി സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ മാര്‍ച്ചില്‍ 4,93,562 കോടി രൂപയായിരുന്നു നിക്ഷേപം. മൂന്ന് മാസം കൊണ്ട് 7461 കോടി രൂപയാണ് വര്‍ധിച്ചത്. പ്രവാസി നിക്ഷേപം രണ്ടുലക്ഷം കോടിക്ക് അടുത്തെത്തി. ജൂണ്‍ 30 വരെ 1,92,254 കോടി രൂപ. കഴിഞ്ഞ മാര്‍ച്ചില്‍ 1,90,055 കോടി രൂപയായിരുന്നു. 2199 കോടി രൂപ മൂന്ന് മാസം കൊണ്ട് വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം ജൂണില്‍ 1,76,098 കോടിയായിരുന്നു പ്രവാസി നിക്ഷേപം. ആഭ്യന്തര നിക്ഷേപം കഴിഞ്ഞ വര്‍ഷം ജൂണിലെ 2,86,644 കോടിയില്‍നിന്ന് ഇക്കൊല്ലം 3,08,769 കോടിയായി ഉയര്‍ന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ഇത് 3,03,507 കോടി രൂപയായിരുന്നു.
ബാങ്കുകള്‍ നല്‍കിയ മൊത്തം വായ്പ തുക 3,34,655 കോടിയായിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചിനെക്കാള്‍ 4755 കോടി രൂപയാണ് വര്‍ധിച്ചത്. വായ്പനിക്ഷേപ അനുപാതം 66.79 ശതമാനമായി. എന്നാല്‍, കഴിഞ്ഞ മാര്‍ച്ചിനെക്കാള്‍ (66.84) അനുപാതത്തില്‍ കുറവ് വന്നു. 2015 ഡിസംബറില്‍ 64.58 ശതമാനമായിരുന്നു വായ്പനിക്ഷേപ അനുപാതം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അനുപാതം ഏറിയും കുറഞ്ഞുമായിരുന്നു. 2016 ഡിസംബറില്‍ ഇത് 62.38 ശതമാനം വരെ കുറഞ്ഞിരുന്നു. മൊത്തം വായ്പയില്‍ 4.08 ശതമാനമാണ് കിട്ടാക്കടം.
കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള നിര്‍ദേശങ്ങള്‍ എസ്.എല്‍.ബി.സി ഉപസമിതി മുന്നോട്ടുവെച്ചു. കാര്‍ഷിക ഉല്‍പാദന ചെലവ് കുറക്കുക, ഉല്‍പന്നങ്ങളുടെ മിനിമം താങ്ങുവില വര്‍ധിപ്പിക്കുക, വിള ഇന്‍ഷുറന്‍സ് ഉറപ്പാക്കുക, തടസ്സമില്ലാത്ത വായ്പ ലഭ്യമാക്കുക, ഫാം ടൂറിസം പ്രോത്സാഹിപ്പിക്കല്‍ തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍.
റിപ്പോര്‍ട്ട് അടുത്ത ബാങ്കേഴ്‌സ് സമിതി പരിഗണിക്കും. പ്രളയത്തില്‍ വന്‍നാശം നേരിട്ട കാര്‍ഷിക മേഖല അതിജീവിച്ചു വരികയാണെന്നാണ് റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍. കൃഷിഭൂമിയുടെ പാട്ടവുമായി ബന്ധപ്പെട്ട് രജിസ്‌ട്രേഷന്‍ ഫീസ്, സ്റ്റാമ്പ് ഡ്യൂട്ടി എന്നിവ കുറക്കണമെന്ന് ബാങ്കേഴ്‌സ് സമിതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സ്റ്റാമ്പ് ഡ്യൂട്ടി ഒരു ശതമാനമായും രജിസ്‌ട്രേഷന്‍ ഫീസ് 0.5 ശതമാനമായും കുറക്കണമെന്നാണ് ആവശ്യം. നിലവില്‍ അഞ്ച് ശതമാനം സ്റ്റാമ്പ് ഡ്യൂട്ടിയും രണ്ട് ശതമാനം രജിസ്‌ട്രേഷന്‍ ഫീസുമാണുള്ളത്.

 

ബ്രിട്ടീഷ് ബാങ്കിലെ നിക്ഷേപം; നൈസാമിന്റെ 300 കോടി ഇന്ത്യയിലേക്ക്

അളക ഖാനം-
ലണ്ടന്‍: ഇന്ത്യാ വിഭജനത്തിന് ശേഷം ഹൈദരാബാദ് നൈസാം ലണ്ടനിലെ ബാങ്കില്‍ നിക്ഷേപിച്ച പത്ത് ലക്ഷത്തിലധികം പൗണ്ട് തങ്ങളുടേതാണെന്ന പാക്കിസ്ഥാന്റെ അവകാശ വാദം തള്ളിയ ബ്രിട്ടീഷ് ഹൈക്കോടതി ഇന്ത്യാ ഗവണ്‍മെന്റിനും നൈസാമിന്റെ പിന്‍ഗാമികള്‍ക്കും അനുകൂലമായി വിധി പുറപ്പെടുവിച്ചു.
1948ലാണ് ഏഴാമത്തെ നൈസാമായ മിര്‍ ഉസ്മാന്‍ അലിഖാന്‍ 10,07,940 പൗണ്ടും ഒന്‍പത് ഷില്ലിംഗും ലണ്ടനിലെ നാഷണല്‍ വെസ്റ്റ്മിന്‍സ്റ്റര്‍ ബാങ്കില്‍ നിക്ഷേപിച്ചത്. പാക്കിസ്ഥാന്റെ ബ്രിട്ടനിലെ ഹൈക്കമ്മിഷണര്‍ ഹബീബ് ഇബ്രാഹിം റഹീം തൂലയെ പണം സുരക്ഷിതമായി സൂക്ഷിക്കാന്‍ ചുമതലപ്പെടുത്തിയിരുന്നു. ഹബീബ് ഇബ്രാഹിം പണം ഉത്തമ വിശ്വാസത്തോടെ സൂക്ഷിക്കാമെന്ന് സമ്മതിക്കുകയും ചെയ്തരുന്നു. ഏഴ് പതിറ്റാണ്ട് കൊണ്ട് ആ തുക പലിശ സഹിതം ഇപ്പോള്‍ 35 ദശലക്ഷം പൗണ്ട് (ഏകദേശം 300 കോടി രൂപ ) ആയി വര്‍ധിച്ചു.
ഹൈദരാബാദിനെ സൈനിക ബലംപ്രയോഗിച്ച് ഇന്ത്യയോട് കൂട്ടിച്ചേര്‍ക്കുന്നതിനെതിരെ പൊരുതാന്‍ നൈസാമിന് ആയുധങ്ങള്‍ നല്‍കിയതിന്റെ പ്രതിഫലം എന്ന പേരിലാണ് ഈ പണത്തില്‍ പാക്കിസ്ഥാന്‍ അവകാശവാദം ഉന്നയിച്ചത്.
അതിനെതിരെ നൈസാമിന്റെ പിന്മുറക്കാരനും എട്ടാമത്തെ നൈസാമുമായ മുഖറം ജാ രാജകുമാരനും ഇളയ സഹോദരന്‍ മുഫഖം ജാ രാജകുമാരനും ഇന്ത്യാ ഗവണ്‍മെന്റിന്റെ പിന്തുണയോടെ ബ്രിട്ടീഷ് കോടതിയെ സമീപിക്കുകയായിരുന്നു. പാക്കിസ്ഥാന്റെ വാദങ്ങള്‍ തള്ളിയ കോടതി പണത്തിന്റെ അവകാശികള്‍ നൈസാമിന്റെ പിന്മുരക്കാര്‍ക്കാണെന്ന് വിധിക്കുകയായിരുന്നു.1948ല്‍ കുട്ടിയായിരുന്ന മുഖറം ജാ രാജകുമാരന് ഇപ്പോള്‍ എണ്‍പത് വയസു കഴിഞ്ഞു.

മലൈക ഇപ്പോഴും ഹോട്ടാണ്

രാംനാഥ് ചാവ്‌ല-
ബോളിവുഡ് ചലച്ചിത്ര രംഗത്തെ പ്രശസ്തയായ നടിയും, നര്‍ത്തകിയും, മോഡലുമാണ് മലൈക അറോറ. മലൈകയുടെ ഫാഷനുകള്‍ ബോളിവുഡില്‍ പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. ഇപ്പോള്‍ മലൈക വീണ്ടും ശ്രദ്ധേയയാകുകയാണ്. ജിമ്മില്‍ നിന്നുള്ള താരത്തിന്റെ ചിത്രങ്ങളാണ് പുറത്ത് വന്നത്. നിയോണ്‍ നിറത്തിലുള്ള വേഷവും ജാക്കറ്റുമാണ് മലൈക ധരിച്ചിരിക്കുന്നത്. നാല്‍പത്തിയഞ്ച് വയസിലും ചെറുപ്പം കാത്തു സൂക്ഷിക്കുന്ന താരത്തിന്റെ പുതിയ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്.
മലൈകയും ബോണി കപൂറിന്റെ മകന്‍ അര്‍ജുന്‍ കപൂറുമായി പ്രണയത്തിലാണെന്ന ഗോസിപ്പുകളായിരുന്നു കുറേ നാളായി പ്രചരിച്ചിരുന്നത്. തുടര്‍ന്ന് ഇത് സത്യമാണെന്ന് മലൈക സ്ഥിരീകരിച്ചിരുന്നു. അര്‍ജുന്റെ 34ാം പിറന്നാള്‍ ദിനത്തില്‍ ഇരുവരും ചേര്‍ന്ന് നില്‍ക്കുന്ന ഒരു ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്താണ് ഇക്കാര്യം മലൈക സ്ഥിരീകരിച്ചത്.
മുറിവുകളില്‍ നിന്ന് സ്വയം സംരക്ഷിക്കണമായിരുന്നു. അത്തരം പ്രശ്‌നങ്ങളില്‍ നിന്നൊക്കെ കരകയറാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. പുതിയ ഒരു ഞാന്‍ ആയതുകൊണ്ടാണ് എന്നെക്കൊണ്ട് അതൊക്കെ സാധ്യമായത്. ഒരു ബന്ധത്തില്‍ പ്രണയവും, അടുപ്പവും, പരിപാലനവും എല്ലാം വേണം. ഇപ്പോഴുള്ള എന്റെ പ്രണയത്തില്‍ അതെല്ലാമുണ്ട് എന്നതില്‍ എനിക്കൊരുപാടു സന്തോഷമുണ്ട്. ഈ ബന്ധത്തില്‍ ആയിരിക്കുന്നതു തന്നെ സുന്ദരമാണെന്നും മലൈക പറയുന്നു.

തുരീയം ഒക്‌ടോബര്‍ പതിനൊന്നിന്

അജയ് തുണ്ടത്തില്‍-
ഭൗതിക ജീവിതത്തിലെ അനുഭവങ്ങള്‍ ഭൂരിപക്ഷം പേരെയും കൂടുതല്‍ മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളുണ്ടാക്കി അതില്‍ മുഴുകാനാണ് പ്രേരിപ്പിക്കുന്നത്. സ്വയം തീര്‍ക്കുന്ന തടവറകളാണവയെന്ന് അവര്‍ ജീവിതാവസാനം വരെ തിരിച്ചറിയില്ല. അപൂര്‍വ്വം ചിലര്‍ ആ തടവറ ഭേദിക്കുകയും ആത്മീയതയുടെ ആകാശത്തേക്ക് പറക്കുകയും ചെയ്യും. അത്തരമൊരു ചെറുപ്പക്കാരന്റെ കഥയാണ് ‘തുരീയം’ പറയുന്നത്. ഒരു പ്രണയത്തിന്റെ ഫലപ്രാപ്തിയിലെത്തിയ അയാളുടെ ആവേശത്തെ അനിവാര്യമായ ചില സംഭവങ്ങള്‍ കെടുത്തിക്കളയുന്നു. ഗ്രാമത്തിലെ നിഷ്‌ക്കളങ്ക സൗഹൃദങ്ങളും ആഴമുള്ള കുടുംബ ബന്ധങ്ങളും ഈചിത്രം വരച്ചുകാട്ടുന്നു. ഒപ്പം നഗരജീവിതം സൃഷ്ടിക്കുന്ന യുവത്വങ്ങളുടെ കരളുറപ്പില്ലാത്ത നിലപാടുകളും ഇതില്‍ തെളിയുന്നു. അഞ്ചു മനോഹരഗാനങ്ങളുടെ അകമ്പടിയോടെത്തുന്ന ഈ ചിത്രം സഞ്ചരിക്കുന്നത് പതിവ് സിനിമാ സങ്കല്പങ്ങളില്‍ നിന്നു ഭിന്നമായാണ്.
രാജേഷ് ശര്‍മ്മ, കലാഭവന്‍ റഹ്മാന്‍, ജോഷിമാത്യു (സംവിധായകന്‍), സുനീര്‍ റിനൂസ്, സൂര്യകിരണ്‍, ഗായത്രി പ്രിയ, കെപിഎസി ശാന്ത, ഭാസി തിരുവല്ല, മുന്‍ഷി ദിലീപ,് ബിജിരാജ് കാളിദാസ, ശിവകൃഷ്ണ, സജീവ് രാഘവ്, ജിജാ സുരേന്ദ്രന്‍, പ്രിയങ്ക, ജെന്നി എലിസബത്ത്, സ്റ്റെഫിന, വൈഗ നന്ദ എന്നിവരഭിനയിക്കുന്നു.

ബാനര്‍ – മാധവം മൂവീസ്, നിര്‍മ്മാണം – ബിജേഷ് നായര്‍, എഡിറ്റിംഗ്, സംവിധാനം – ജിതിന്‍ കുമ്പുക്കാട്ട്, തിരക്കഥ, സംഭാഷണം – പി. പ്രകാശ്, ഛായാഗ്രഹണം – ജി.കെ. നന്ദകുമാര്‍, പ്രൊ: കണ്‍ട്രോളര്‍ – ജയശീലന്‍ സദാനന്ദന്‍, ലൈന്‍ പ്രൊഡ്യൂസര്‍ – സജീവ് രാഘവ്, ഗാനരചന – പി. പ്രകാശ്, സംഗീതം – ആര്‍. സോമശേഖരന്‍, സിബു സുകുമാരന്‍, ദില്‍ജിത്ത്, ആലാപനം – നജീം അര്‍ഷാദ്, മൃദുല വാരിയര്‍, വിനീത, മത്തായി സുനില്‍, വിനോദ് നീലാംബരി, ദില്‍ജിത്ത്, സൗണ്ട് ഡിസൈന്‍ – ആനന്ദ് ബാബു, പശ്ചാത്തല സംഗീതം – സിബു സുകുമാരന്‍, കോസ്റ്റ്യും – അജിത്ത് ഡേവിഡ്, ചമയം – ഉദയന്‍ നേമം, കല – വിഷ്ണുദാസ്, ചീഫ് അസ്സോ: ഡയറക്ടര്‍ – വിനോജ് നാരായണന്‍, അസ്സോ: ഡയറക്ടര്‍ – മഹേഷ് കൃഷ്ണ, പ്രൊ: എക്‌സി.- ദീപു തിരുവല്ലം, സംവിധാന സഹായികള്‍ – സൈമണ്‍, സുജേഷ്, ആകാശ്, സ്റ്റില്‍സ് – അജേഷ് ആവണി, വിതരണം – മാധവ് മൂവീസ് റിലീസ്, പിആര്‍ഓ – അജയ് തുണ്ടത്തില്‍.

 

ബ്രഹ്മാണ്ഡ ചിത്രങ്ങളുമായി ടി.എസ്. സുരേഷ്ബാബു

അജയ് തുണ്ടത്തില്‍-
കോട്ടയം കുഞ്ഞച്ചന്‍, ഉപ്പുകണ്ടം ബ്രദേഴ്‌സ്, സ്റ്റാലിന്‍ ശിവദാസ് തുടങ്ങിയ നിരവധി സൂപ്പര്‍മെഗാഹിറ്റ് ചിത്രങ്ങളൊരുക്കിയ ടി.എസ്. സുരേഷ്ബാബു ഒരിടവേളയ്ക്കുശേഷം രണ്ട് ബ്രഹ്മാണ്ഡചിത്രങ്ങളുമായെത്തുന്നു.
ത്രീഡിയിലൊരുക്കുന്ന ‘കടമറ്റത്ത് കത്തനാര്‍’ ആണ് ആദ്യ ചിത്രം. മലയാളം, തമിഴ്, തെലുങ്ക് സിനിമകളിലെ വന്‍താരനിരയുമായി ത്രില്ലര്‍ ജോണറിലെത്തുന്ന ബിഗ്ബഡ്ജറ്റ് ചിത്രം കൂടിയാണ് കടമറ്റത്ത് കത്തനാര്‍.
ബിഗ്ബഡ്ജറ്റില്‍ വന്‍താര നിരയുമായെത്തുന്ന മറ്റൊരു ചിത്രമാണ് ”ജോണ്‍ എം കെന്നഡി”. ചിത്രത്തിന്റെ തിരക്കഥാ രചന അതിന്റെ അവസാനഘട്ടത്തിലെത്തി നില്ക്കുന്നു. രണ്ട് ചിത്രങ്ങളുടെയും പിആര്‍ഓ അജയ് തുണ്ടത്തിലാണ്.

 

തിരുപ്പതി ലഡുവില്‍ ഇനി കേരള കശുവണ്ടി

രാംനാഥ് ചാവ്‌ല-
കൊച്ചി: ആന്ധ്രാപ്രദേശിലെ തിരുപ്പതി വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലെ പ്രധാന പ്രസാദമായ ലഡുവില്‍ ഇനി കേരളത്തില്‍ നിന്നുള്ള കശുവണ്ടി. കശുവണ്ടി വികസന കോര്‍പ്പറേഷന്റെ ആദ്യ ലോഡ് ഒക്ടോബര്‍ ഏഴിന് പുറപ്പെടും.
സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷന്‍, കാപ്പെക്‌സ് എന്നിവയില്‍നിന്ന് കശുവണ്ടിപ്പരിപ്പ് വാങ്ങാന്‍ നേരത്തെ ധാരണയിലെത്തിയിരുന്നു. ഇതിന്റെ ഭാഗമായി 10 ടണ്‍ കശുവണ്ടിയാണ് കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ആദ്യം കയറ്റി അയക്കുക. കാപ്പെക്‌സ് അയയ്ക്കുന്നതിനു പുറമെയാണിത്.
ഒക്ടോബര്‍ 17ന് രണ്ടാമത്തെ ലോഡും അയക്കും. പിളര്‍പ്പന്‍ പരിപ്പാണ് കോര്‍പ്പറേഷന്‍ തിരുപ്പതിയിലേക്ക് അയക്കുന്നത്. ഒരു മാസം 30 ടണ്ണാണ് തിരുപ്പതിയിലേക്ക് നല്‍കേണ്ടത്. കരാര്‍ പ്രകാരം ഒരു വര്‍ഷം 70 കോടി രൂപയുടെ ഉത്പന്നമാണ് കോര്‍പ്പറേഷന്‍ നല്‍കേണ്ടത്. ദീപാവലിയോടനുബന്ധിച്ച് തമിഴ്‌നാട്ടില്‍ ഔട്ട്‌ലെറ്റ് ആരംഭിക്കാനും കശുവണ്ടി വികസന കോര്‍പ്പറേഷന് പദ്ധതിയുണ്ട്. പഴനി ക്ഷേത്രം, പൊന്നാനി, തിരുവനന്തപുരം ശ്രീ പത്മനാഭക്ഷേത്രം തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലും ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍ പറഞ്ഞു.
ഓണക്കാല വില്‍പ്പനയിലൂടെ കശുവണ്ടി വികസന കോര്‍പ്പറേഷന്‍ നേടിയത് അഞ്ചരക്കോടി രൂപയാണ്. ഇത്തവണ കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിച്ചതാണ് വില്‍പ്പന കൂടാന്‍ കാരണം. ഓണ്‍ലൈന്‍ വഴിയുള്ള 45 ലക്ഷം രൂപയുടെ വില്‍പ്പന ഉള്‍പ്പെടെയാണ് ഇത്.
ഓണം വില്‍പ്പന ഉയര്‍ന്ന സാഹചര്യത്തില്‍ നടപ്പു സാമ്പത്തിക വര്‍ഷത്തിലെ വില്പന ഉയര്‍ത്താന്‍ പുതിയ പ്രവര്‍ത്തനങ്ങളും നടപ്പിലാക്കിവരികയാണ്.
പുതിയ പദ്ധതികളുടെ ഭാഗമായി കശുവണ്ടിപ്പരിപ്പിന്റെ 10 ഗ്രാം, 20 ഗ്രാം, 40 ഗ്രാം, 100 ഗ്രാം, 150 ഗ്രാം പായ്ക്കറ്റുകളും കൃഷിക്കാവശ്യമായ ഗ്രോ ബാഗ് നിര്‍മിച്ചു വില്‍ക്കുന്ന പദ്ധതിയും ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യും.

സവാള വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നു

ഫിദ-
തിരു: കുതിച്ചുയരുന്ന സവാള വില നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വിപണിയില്‍ ഇടപെടുന്നു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നാഫെഡ് മുഖേന സവാള എത്തിക്കാനാണ് നീക്കം. വ്യാഴാഴ്ച നാഫെഡ് വഴി നാസിക്കില്‍നിന്ന് സവാള എത്തിക്കും.
50 ടണ്‍ സവാളയാണ് എത്തിക്കുന്നത്. ഇത് സപ്ലൈകോ മുഖേന കിലോക്ക് 35 രൂപ വിലയില്‍ വില്‍ക്കും. വരും ദിവസങ്ങളില്‍ കൂടുതല്‍ സവാള എത്തിക്കാനും ഭക്ഷ്യവകുപ്പ് ശ്രമിക്കുന്നുണ്ട്. നിലവില്‍ സംസ്ഥാനത്ത് 50 രൂപക്കും മുകളിലാണ് സവാള വില.
പ്രമുഖ സവാള ഉത്പാദക സംസ്ഥാനങ്ങളായ കര്‍ണാടകം, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളില്‍ കനത്ത മഴകാരണം വിളനാശമുണ്ടായതാണ് വില ഉയരാനിടയാക്കിയത്. ഉത്സവകാലം മുന്നില്‍ക്കണ്ടുള്ള പൂഴ്ത്തിവയ്പ്പും വിലകൂടാന്‍ കാരണമായി.
ഡല്‍ഹിയില്‍ എഎപി സര്‍ക്കാര്‍ വിപണിയില്‍ ഇടപെട്ട് കിലോ 23.90 രൂപ്ക്ക് സവാള വിറ്റുതുടങ്ങി. വിലക്കയറ്റം നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സവാള കയറ്റുമതി നിരോധിച്ചിരുന്നു.

 

റൊമാന്റിക്കിന്റെ അര്‍ധ നഗ്‌ന പോസ്റ്റര്‍ വിവാദത്തിലേക്ക്

രാംനാഥ് ചാവ്‌ല-
തെലുങ്കുചിത്രം റൊമാന്റിക്കിന്റെ പോസ്റ്റര്‍ വിവാദത്തിലേക്ക്. അര്‍ധനഗ്‌നയായി നായകനെ ആലിംഗനം ചെയ്യുന്ന നായികയുടെ ചിത്രമാണ് പോസ്റ്ററിലുള്ളത്. സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ചത്.
യുവതാരങ്ങളായ ആകാശ് പുരി, ക്രിതിക ശര്‍മ എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നത്. അര്‍ധനഗ്‌നയായ നായികയുടെ ദൃശ്യം ഉള്‍പ്പെടുത്തിയ പോസ്റ്ററിനെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. അനില്‍ പദൂരിയാണ് ചിത്രത്തിന്റെ സംവിധായകന്‍.
പുരി ജഗന്നാഥ്, നടി ചാര്‍മി കൗര്‍ എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഗോവ, മുംബൈ എന്നിവിടങ്ങളിലായി സിനിമയുടെ രണ്ടു ഷെഡ്യൂളുകള്‍ ചിത്രീകരിച്ചു. സുനില്‍ കശ്യപാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഛായാഗ്രഹണം നരേഷ്.