രാംനാഥ് ചാവ്‌ല-
കൊച്ചി: ആന്ധ്രാപ്രദേശിലെ തിരുപ്പതി വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലെ പ്രധാന പ്രസാദമായ ലഡുവില്‍ ഇനി കേരളത്തില്‍ നിന്നുള്ള കശുവണ്ടി. കശുവണ്ടി വികസന കോര്‍പ്പറേഷന്റെ ആദ്യ ലോഡ് ഒക്ടോബര്‍ ഏഴിന് പുറപ്പെടും.
സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷന്‍, കാപ്പെക്‌സ് എന്നിവയില്‍നിന്ന് കശുവണ്ടിപ്പരിപ്പ് വാങ്ങാന്‍ നേരത്തെ ധാരണയിലെത്തിയിരുന്നു. ഇതിന്റെ ഭാഗമായി 10 ടണ്‍ കശുവണ്ടിയാണ് കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ആദ്യം കയറ്റി അയക്കുക. കാപ്പെക്‌സ് അയയ്ക്കുന്നതിനു പുറമെയാണിത്.
ഒക്ടോബര്‍ 17ന് രണ്ടാമത്തെ ലോഡും അയക്കും. പിളര്‍പ്പന്‍ പരിപ്പാണ് കോര്‍പ്പറേഷന്‍ തിരുപ്പതിയിലേക്ക് അയക്കുന്നത്. ഒരു മാസം 30 ടണ്ണാണ് തിരുപ്പതിയിലേക്ക് നല്‍കേണ്ടത്. കരാര്‍ പ്രകാരം ഒരു വര്‍ഷം 70 കോടി രൂപയുടെ ഉത്പന്നമാണ് കോര്‍പ്പറേഷന്‍ നല്‍കേണ്ടത്. ദീപാവലിയോടനുബന്ധിച്ച് തമിഴ്‌നാട്ടില്‍ ഔട്ട്‌ലെറ്റ് ആരംഭിക്കാനും കശുവണ്ടി വികസന കോര്‍പ്പറേഷന് പദ്ധതിയുണ്ട്. പഴനി ക്ഷേത്രം, പൊന്നാനി, തിരുവനന്തപുരം ശ്രീ പത്മനാഭക്ഷേത്രം തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലും ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍ പറഞ്ഞു.
ഓണക്കാല വില്‍പ്പനയിലൂടെ കശുവണ്ടി വികസന കോര്‍പ്പറേഷന്‍ നേടിയത് അഞ്ചരക്കോടി രൂപയാണ്. ഇത്തവണ കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിച്ചതാണ് വില്‍പ്പന കൂടാന്‍ കാരണം. ഓണ്‍ലൈന്‍ വഴിയുള്ള 45 ലക്ഷം രൂപയുടെ വില്‍പ്പന ഉള്‍പ്പെടെയാണ് ഇത്.
ഓണം വില്‍പ്പന ഉയര്‍ന്ന സാഹചര്യത്തില്‍ നടപ്പു സാമ്പത്തിക വര്‍ഷത്തിലെ വില്പന ഉയര്‍ത്താന്‍ പുതിയ പ്രവര്‍ത്തനങ്ങളും നടപ്പിലാക്കിവരികയാണ്.
പുതിയ പദ്ധതികളുടെ ഭാഗമായി കശുവണ്ടിപ്പരിപ്പിന്റെ 10 ഗ്രാം, 20 ഗ്രാം, 40 ഗ്രാം, 100 ഗ്രാം, 150 ഗ്രാം പായ്ക്കറ്റുകളും കൃഷിക്കാവശ്യമായ ഗ്രോ ബാഗ് നിര്‍മിച്ചു വില്‍ക്കുന്ന പദ്ധതിയും ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യും.