Month: October 2017

നോട്ട് നിരോധനം വന്നിട്ടും ഡിജിറ്റല്‍ ഇടപാട് വര്‍ധിച്ചില്ല

ഗായത്രി
കൊച്ചി: നോട്ട് നിരോധനം പ്രാബല്യത്തില്‍ വന്ന് നാളേറെ കഴിഞ്ഞെങ്കിലും ഡിജിറ്റല്‍ ഇടപാട് വര്‍ധിച്ചില്ല. ജനങ്ങള്‍ക്ക് ഇന്നും പ്രിയം നേരിട്ടുളള പണമിടപാടുതന്നെ. പണമിടപാടിന് ഡിജിറ്റല്‍ ആപ്പുകളും ധാരാളമുണ്ട്. എന്നിട്ടും ജനങ്ങള്‍ ഇപ്പോഴും നേരിട്ടുളള പണമിടപാടിനെയാണ് ഏറെആശ്രയിക്കുന്നതെന്നാണ് സാമ്പത്തികലോകത്തിന്റെ വിലയിരുത്തല്‍.
സൈ്വപ്പിംഗ് മെഷീനുകളുടെ എണ്ണത്തിലുളള കുറവും സുരക്ഷാ പ്രശ്‌നങ്ങളുമാണ് ഡെബിറ്റ് കാര്‍ഡ് ഉപയോഗത്തിന് വിലങ്ങുതടയാകുന്നത്. എഴുപത് കോടി ഡെബിറ്റ് കാര്‍ഡ് ഉപയോക്താക്കളുളള നമ്മുടെ രാജ്യത്ത് ആകെ 25 ലക്ഷം സൈ്വപ്പിങ്‌മെഷീനുകളെയുളളൂ.
നോട്ട് നിരോധനത്തോടെ ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ആദ്യമുണ്ടായതിനേക്കാള്‍ മൂന്നിരട്ടിയോളം വര്‍ധനവുണ്ടായെങ്കില്‍ പിന്നീടത് വളരെ കുറഞ്ഞതായി കണക്കുകകള്‍ സൂചിപ്പിക്കുന്നു.
ഡിജിറ്റല്‍ ഇടപാടിനെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്തവര്‍ ഇപ്പോഴും പണ്ടുമുതലെ ശീലമായ പണമിടപാടിനെയാണ് ആശ്രയിക്കുന്നത്. ചെറുകിട വ്യാപാരസ്ഥാപനങ്ങള്‍ ഡിജിറ്റല്‍ സേവനം ഉപയോഗിക്കാത്തതും പ്രായമായവരിലും കമ്പ്യൂട്ടര്‍ സാക്ഷരതയില്ലാത്തവരിലും ഡിജിറ്റല്‍ ഇടപാടിനെക്കുറിച്ചുളള ബോധവത്കരണം നടത്താത്തതും പ്രശ്‌നം സൃഷ്ടിക്കുന്നു.

റബര്‍ വില ഇടിയുന്നു

ഗായത്രി
കോട്ടയം: റബര്‍ ഉത്പാദനം കുറഞ്ഞിട്ടും വില ശക്തമായി കൊഴിയുന്നു. കഴിഞ്ഞ ഒരുമാസത്തിനിടെ റബര്‍വിലയില്‍ എട്ടു രൂപയാണ് ഇടിഞ്ഞത്. കനത്ത മഴമൂലം ടാപ്പിംഗ് തടസപ്പെടുന്നതാണ് ഉത്പാദനക്കുറവിനു കാരണം. അനുദിനം തകരുന്ന അന്താരാഷ്ട്ര വിലയുടെ ചുവടുപിടിച്ച്, അവധിവ്യാപാരികള്‍ ആഭ്യന്തര വിലയും വെട്ടിക്കുറക്കുകയാണ്.
ആര്‍.എസ്.എസ് നാലാം ഗ്രേഡ് റബറിനു വില കഴിഞ്ഞയാഴ്ച 129 രൂപയില്‍ നിന്നു കൊഴിഞ്ഞ് 127 രൂപയിലെത്തി. 127 രൂപയില്‍ വ്യാപാരം തുടങ്ങിയ ആര്‍.എസ്.എസ് അഞ്ചാം ഗ്രേഡിന്റെ വിലയെത്തി നിന്നത് 125 രൂപയില്‍. ഐ.എസ്.എസ് ഇനത്തിന് മൂന്നു രൂപയും കുറഞ്ഞു. ഒരുമാസത്തിനിടെ ഐ.എസ്.എസ് കുറിച്ച വിലത്തകര്‍ച്ച ഏഴ് രൂപ.
ഒരു മാസത്തിനുള്ളില്‍ ഐ.എസ്.എസ് ഫോറിന് ഏഴു രൂപയും ആര്‍.എസ്.എസ് ഫോറിന് എട്ടു രൂപയുമാണ് വില ഇടിഞ്ഞത്. ഓഫ് സീസണുകളില്‍ വില നിര്‍ണയം അവധി വ്യാപാരികളില്‍ നിന്നൊഴിവാക്കി, ഉത്പാദനത്തിന്റെയും ഉപഭോഗത്തിന്റെയും അടിസ്ഥാനത്തില്‍ ആകണമെന്ന് കര്‍ഷകലോകം ആവശ്യപ്പെടുന്നു. പൊതുവേ 200 ടണ്ണിനുമേല്‍ വ്യാപാരം നടക്കാറുള്ള കൊച്ചിയില്‍ കഴിഞ്ഞയാഴ്ച നടന്നത് 150 ടണ്ണിന്റെ വില്‍പ്പന മാത്രം.
വിദേശ വിപണിയിലും റബര്‍വില കുത്തനെ താഴുകയാണ്. ചൈനയിലും ടോക്കിയോയിലും കിലോക്ക് വില 112 രൂപ മാത്രം. ബാങ്കോക്കില്‍ വില 107 രൂപ.
റബര്‍വില കിലോക്ക് 150 രൂപ കണക്കാക്കി, കര്‍ഷകന് സബ്‌സിഡി നല്‍കുന്ന വിലസ്ഥിരതാ പദ്ധതിയെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ മറന്ന മട്ടാണ്. നിലവിലെ വിലയും 150 രൂപയും തമ്മിലുള്ള വ്യത്യാസമാണ് സബ്‌സിഡിയായി കര്‍ഷകന് നല്‍കേണ്ടത്.

 

കുട്ടിച്ചെരിപ്പിന് ചന്തമേറേ…

ഫിദ
കുട്ടിച്ചെരിപ്പുകള്‍ക്ക് ചന്തമേറെയാണ്. മനം മയക്കുന്ന നിരവധി കുട്ടിച്ചപ്പലുകളാണ് വിപണി കയ്യടിക്കിയിരിക്കുന്നത്. കാശ് മുടക്കിയാല്‍ സിന്‍ഡ്രല്ല മോഡലിലുള്ള ചെരിപ്പുകള്‍ വരെ കയ്യിലെത്തും. അതു കൊണ്ട് തന്നെ കൊറിയയില്‍ നിന്നും ചൈനയില്‍ നിന്നും തായ് ലന്റില്‍ നിന്നെല്ലാമാണ് പുഷ്പ പാദുകങ്ങള്‍ കേരളത്തിലെ കൊച്ചു രാജകുമാരിമാരുടെയും രാജകുമാരന്മാരുടെയും പാദങ്ങളിലെത്തുന്നത്.
ചൂടുകാലത്ത് ചെറു പാദങ്ങള്‍ക്ക് കുളിരേകാന്‍ ഫ്‌ളോറല്‍ പ്രിന്റുള്ള തുണിയിലും പ്ലാസ്റ്റിക്കിലും നിര്‍മിച്ച ചെരിപ്പുകളാണ് എത്തിയിരിക്കുന്നത്. വായു സഞ്ചാരത്തിനായി ചെറിയ ചെറിയ സ്ട്രാപ്പുകളുള്ള ചെരുപ്പുകളും ലെതറിലും പഌസ്റ്റിക്കിലും തീര്‍ത്ത ചെറിയ സുക്ഷിരങ്ങള്‍ ഇട്ടിട്ടുള്ള ഷൂസും ലഭ്യമാണ്. പെണ്‍കുട്ടികള്‍ക്കായി പിങ്ക്, വൈറ്റ് നിറങ്ങളിലും പൂക്കള്‍ പ്രിന്റ് ചെയ്തവയും മുത്തുകള്‍, കല്ലുകള്‍ എന്നിവ കൊണ്ട് അലങ്കരിച്ച ചെരിപ്പുകളും ലഭ്യമാണ്.
ബൂട്ട്‌സ് ആണ് മറ്റൊരു താരം. സിന്തറ്റിക് തുണിയിലും റെക്‌സിനിലും തീര്‍ത്ത ബഌക്ക് ബൂട്ട്‌സിന്റെ ഗാംഭീര്യം ഒന്നുവേറെ തന്നെയാണ്. ഒരു വയസ് മുതല്‍ മൂന്നു വയസുവരെ ഉള്ളവരുടെ കാലുകള്‍ക്ക് ഇണങ്ങുന്ന ബൂട്ട്‌സിന് 585 രൂപയാണ് വില. സോഫ്റ്റ് ഫോം മെറ്റീരിയലും വെല്‍വറ്റും ഉപയോഗിച്ച് ബൂട്ട്‌സിന്റെ ഉള്‍ഭാഗം നിര്‍മിച്ചിരിക്കുന്നതിനാല്‍ കുട്ടികളുടെ കാലുകള്‍ക്ക് കൂടുതല്‍ മൃദുത്വം ലഭിക്കും.

ബാങ്കുകള്‍ ഡിജിറ്റല്‍ ബ്രാഞ്ചുകളിലേക്ക് ചുവടു മാറ്റുന്നു

രാംനാഥ് ചാവ്‌ല
മുംബൈ: ഇന്ത്യയിലെ പ്രമുഖ ബാങ്കുകളെല്ലാം ഡിജിറ്റല്‍ ബ്രാഞ്ചുകളിലേക്ക് ചുവടു വെക്കുന്നു. ഉപഭോക്താക്കള്‍ക്ക് എളുപ്പത്തിലും വേഗത്തിലും ഇടപാട് നടത്താന്‍ ഇതിലൂടെ കഴിയുമെന്നതാണ് പ്രത്യേകത.
രാജ്യത്തെ ഏറ്റവും വലിയ വായ്പദാതാവായ എസ്ബിഐ ഡിജിറ്റല്‍ ബ്രാഞ്ച് സംവിധാനത്തില്‍ ഒരുചുവട് മുന്നോട്ടുവെച്ചുകഴിഞ്ഞു.
തത്സമയം അക്കൗണ്ട് തുറക്കല്‍, വ്യക്തിഗത ഡെബിറ്റ് കാര്‍ഡ് തയ്യാറാക്കിനല്‍കല്‍, വീഡിയോ കോണ്‍ഫറന്‍സുവഴി നിക്ഷേപ ഉപദേശം നല്‍കല്‍ തുടങ്ങിയ സൗകര്യങ്ങളുള്ള 250 ലേറെ ഡിജിറ്റല്‍ ശാഖകള്‍ എസ്ബിഐ തുറന്നുകഴിഞ്ഞു. ബാങ്ക് ഓഫ് ബറോഡയും എസ്ബിഐയുടെ വഴിയെയാണ്.
പരമ്പരാഗത ജോലികളായ പാസ്ബുക്ക് ചേര്‍ത്തല്‍, പണം നിക്ഷേപിക്കല്‍, കെവൈസി വിവരങ്ങള്‍ നല്‍കല്‍ തുടങ്ങിയവ പൂര്‍ണമായും ഡിജിറ്റല്‍ ആയിക്കഴിഞ്ഞു.
ജോലിക്കാരുടെ എണ്ണം കുറക്കുന്നതിനായി സ്വകാര്യബാങ്കുകള്‍ക്ക് പിന്നാലെ പൊതുമേഖല ബാങ്കുകളും കേന്ദ്രീകൃത റോബോട്ടിക് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുകയാണ്.
എച്ച്ഡിഎഫ്‌സി ബാങ്ക് ഇലക്ട്രോണിക് വെര്‍ച്വല്‍ അസിസ്റ്റന്റ്(ഇവ)സംവിധാനം നടപ്പാക്കിയിരുന്നു. ബാങ്കിന്റെ സേവനങ്ങളും ഉത്പന്നങ്ങളും പരിചയപ്പെടുത്താന്‍ എസ്ബിഐ കൊണ്ടുവന്ന ചാറ്റ്‌ബോട്ട് പരീക്ഷണഘട്ടത്തിലാണ്.

 

തിയറ്ററുകളില്‍ ദേശീയഗാനം വേണ്ട: വിദ്യാ ബാലന്‍

രാംനാഥ് ചാവ്‌ല
തിയറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കരുതെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് ബോളിവുഡ് നടി വിദ്യാബലന്‍. തിയറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയ സുപ്രീംകോടതി വിധിക്കെതിരെയാണ് വിദ്യയുടെ പ്രതികരണം. ദേശീയ ഗാനത്തോടെ ദിവസം തുടങ്ങാന്‍ നമ്മളാരും തന്നെ സ്‌കൂള്‍ കുട്ടികളല്ല.
ദേശഭക്തി നിര്‍ബന്ധിച്ചോ അടിച്ചേല്‍പിപ്പിക്കേണ്ടതോ അല്ല. എന്നോട് ആരും ഇതൊന്നും പറഞ്ഞു മനസിലാക്കേണ്ട കാര്യമില്ല. ദേശീയഗാനം കേള്‍ക്കുമ്പോള്‍ എവിടെയാണെങ്കിലും ഞാന്‍ എഴുന്നേറ്റ് നില്‍ക്കും വിദ്യ പറഞ്ഞു. ദേശീയ ഗാനത്തിനെതിരെ സമാന നിലപാടുമായി ഗായകന്‍ സോനു നിഗമും പ്രതികരിച്ചിരുന്നു.

കേരള ബാങ്ക്; മുഴുവന്‍ ജില്ല സഹകരണ ബാങ്കുകളെയും ലയിപ്പിക്കില്ല

ഗായത്രി
കൊച്ചി: കേരള ബാങ്കിനായി മുഴുവന്‍ ജില്ല സഹകരണ ബാങ്കുകളെയും ലയിപ്പിക്കുന്നതില്‍നിന്ന് സര്‍ക്കാര്‍ പിന്മാറുന്നു. പത്ത് ജില്ല സഹകരണ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കും ലയിപ്പിക്കാനാണ് ഒടുവില്‍ തീരുമാനിച്ചിരിക്കുന്നത്. ജനറല്‍ ബോഡി ചേര്‍ന്ന് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ ലയനം അംഗീകരിക്കുന്ന പ്രമേയം പാസാകുന്ന ജില്ല ബാങ്കുകളെ മാത്രം ലയിപ്പിച്ച് കേരള ബാങ്ക് രൂപവത്കരിക്കാനുള്ള നീക്കമാണ് നടക്കുന്നത്. പത്ത് ജില്ല ബാങ്കുകളില്‍ മാത്രമാണ് പ്രമേയം പാസാകാന്‍ സാധ്യത. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ എല്ലായിടത്തും ഡിസംബര്‍ അവസാനത്തോടെ തെരഞ്ഞെടുപ്പ് നടത്തണം. പുതിയ ഓര്‍ഡിനന്‍സ് പ്രകാരം മറ്റ് സഹകരണ സംഘങ്ങളുടെ വോട്ടവകാശം ഇല്ലാതായ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ പത്ത് ഭരണസമിതികള്‍ എല്‍.ഡി.എഫിനും നാലെണ്ണം യു.ഡി.എഫിനും ലഭിക്കുമെന്നാണ് കരുതുന്നത്.
യു.ഡി.എഫ് ഭരണസമിതികള്‍ ലയനത്തെ ശക്തമായി എതിര്‍ക്കാനും ജനറല്‍ ബോഡിയില്‍ ലയനപ്രമേയം പാസാകാതിരിക്കാനും സാധ്യതയേറെയാണ്. ഇത് നിയമ നടപടികളിലേക്ക് നീണ്ടാല്‍ കേരള ബാങ്ക് നടപടികളും അനന്തമായി നീളും. ഇക്കാര്യം മുന്നില്‍ കണ്ടാണ് സര്‍ക്കാറിന്റെ ചുവടുമാറ്റം.

ചെലവ് കുറക്കാനായി എടിഎമ്മുകള്‍ പൂട്ടുന്നു

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: ചെലവ് കുറക്കുന്നതിന്റെപ ഭാഗമായി ബാങ്കുകള്‍ എ.ടി.എമ്മുകള്‍ പൂട്ടാനൊരുങ്ങുന്നു . ഇതിന്റെ ഭാഗമായി ഈ വര്‍ഷം ആഗസ്റ്റ് മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 358 എ.ടി.എമ്മുകളാണ് പൂട്ടിയത്. ആകെ എ.ടി.എമ്മുകളുടെ 0.16 ശതമാനം ഇത്തരത്തില്‍ പൂട്ടി. കഴിഞ്ഞ വര്‍ഷവും എ.ടി.എമ്മുകളുടെ എണ്ണം ഗണ്യമായി കുറച്ചിരുന്നു.
നഗരങ്ങളിലെ എ.ടി.എമ്മുകളാണ് പ്രധാനമായും ബാങ്കുകള്‍ ഒഴിവാക്കുന്നത്. എ.ടി.എമ്മുകള്‍ പരിപാലിക്കുന്നതിനായി ബാങ്കുകള്‍ വന്‍ തുക ചെലവഴിക്കുന്നുണ്ട്. എ.ടി.എമ്മുകള്‍ ഒഴിവാക്കുക വഴി ഈ തുക ലാഭിക്കാമെന്നാണ് ബാങ്കുകളുടെ കണക്ക് കൂട്ടല്‍. രാജ്യത്തെ പ്രമുഖ ബാങ്കായ എസ്.ബി.ഐ കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ 91 എ.ടി.എം കൗണ്ടറുകള്‍ പൂട്ടിയിരുന്നു. പഞ്ചാബ് നാഷണല്‍ ബാങ്ക് ആകെ എ.ടി.എമ്മുകളുടെ എണ്ണം 10,502ല്‍ നിന്ന് 10,083 ആക്കി കുറച്ചിരുന്നു. പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സി 12,230ല്‍ നിന്ന് 12,225 ആയി എ.ടി.എമ്മുകളുടെ എണ്ണം കുറച്ചു.
നഗരഹൃദയങ്ങളില്‍ എ.ടി.എം കിയോസ്‌കുകള്‍ക്കായി സ്ഥലം ലഭിക്കാന്‍ തന്നെ ശരാശരി 8,000 രൂപ മുതല്‍ 15,000 രൂപ വരെ നിലവില്‍ ബാങ്കുകള്‍ വാടക നല്‍കണം. ഇതിനെ പുറമേ വൈദ്യുതി ബില്ല്, എ.ടി.എം ഓപ്പറേറ്റര്‍മാരുടെ ചാര്‍ജ്, സെക്യുരിറ്റി ജീവനക്കാരുടെ ശമ്പളം എന്നിവയെല്ലാം കൂട്ടിച്ചേര്‍ത്താല്‍ ഒരു മാസം എ.ടി.എമ്മിനായി ശരാശരി ലക്ഷം രൂപ വരെ ബാങ്കുകള്‍ക്ക് മുടക്കേണ്ടി വരും. ഇത് കുറക്കുന്നതിന് വേണ്ടിയാണ് എ.ടി.എമ്മുകള്‍ പൂട്ടുന്നത്.

ബാങ്കുകള്‍ മൂലധനസമാഹരണം നടത്തുന്നതെന്തിന്: ചിദംബരം

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: ബാങ്കുകളില്‍ മൂലധനസമാഹരണത്തിനായി പ്രഖ്യാപിച്ച ഭാരത്മാല പദ്ധതിക്കെതിരെയാണ് മുന്‍ ധനമന്ത്രി പി ചിദംബരം രംഗത്ത്. സമ്പദ്‌വ്യവസ്ഥ ശക്തമെങ്കില്‍ ബാങ്കുകളില്‍ മൂലധനസമാഹരണം നടത്തുന്നതെന്തിനെന്ന് അദ്ദേഹം ചോദിച്ചു. നോട്ട് പിന്‍വലിക്കലും ജി.എസ്.ടിയും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചുവെന്നും ചിദംബരം പറഞ്ഞു.
20042009 കാലയളവില്‍ 8.5 ശതമാനം വളര്‍ച്ച ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയിലുണ്ടായിരുന്നു. എന്നാല്‍ 2014ന് ശേഷം അത് വന്‍തോതില്‍ കുറയുകയായിരുന്നു. നോട്ട് പിന്‍വലിക്കലാണ് സമ്പദ്‌വ്യവസ്ഥയുടെ തകര്‍ച്ചക്ക് കാരണം. നോട്ട് പിന്‍വലിക്കലിന്റെ ഒരു ലക്ഷ്യവും സര്‍ക്കാറിന് നേടാന്‍ സാധിച്ചിട്ടില്ല. തീരുമാനത്തിന് ശേഷം കള്ളപ്പണമൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. കൊതുകുണ്ടെന്ന് കരുതി വീട് തന്നെ കത്തിക്കുന്നതിന് തുല്യമാണ് സര്‍ക്കാറിന്റെ ഇപ്പോഴത്തെ നടപടികളെന്ന് ചിദംബരം പരിഹസിച്ചു.
നോട്ട് നിരോധനത്തിന്റെ തകര്‍ച്ചയില്‍ നിന്ന് സമ്പദ്‌വ്യവസ്ഥ കരകയറുന്നതിന് മുമ്പ് രാജ്യത്ത് ജി.എസ്.ടി നടപ്പിലാക്കി. വിവിധ സ്ലാബുകളുള്ള ഈ നികുതിയെ ജി.എസ്.ടിയെന്ന് വിളിക്കാന്‍ സാധിക്കില്ലെന്നും ചിദംബരം പറഞ്ഞു.

 

വില്‍പ്പന പൊടിപൊടിച്ചു ഐ ഫോണ്‍ X കിട്ടാനില്ല

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: വില്‍പ്പന പൊടിപൊടിച്ചപ്പോള്‍ ഐ ഫോണ്‍ X കിട്ടാനില്ല. ആമസോണ്‍ ഇന്ത്യ, ഫ്‌ളിപ്പ്കാര്‍ട്ട് എന്നീ ഇകൊമേഴ്‌സ് സൈറ്റുകളിലാണ് 12.30ന് ബുക്കിംഗ് ആരംഭിച്ചത്. രണ്ട് വെബ് സൈറ്റുകളിലും ഇപ്പോള്‍ ഐ ഫോണ്‍ X ഔട്ട് ഓഫ് സ്‌റ്റോക്ക് ആണ്. മികച്ച ഓഫറുകളാണ് ഐ ഫോണ്‍ വില്‍പ്പനക്കായി ആമസോണും ഫ്‌ളിപ്പ്കാര്‍ട്ടും നല്‍കിയത്. സിറ്റി ബാങ്കിന്റെ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍ 10,000 രൂപ കാഷ് ബാക്ക് രണ്ടുസൈറ്റുകളും നല്‍കി. റിലയന്‍സ് ജിയോയുമായി സഹകരിച്ച് 70ശതമാനം ബൈ ബാക്ക് ഓഫറും ആമസോണ്‍ നല്‍കി. ഈ ഓഫര്‍ ലഭിക്കാന്‍ ജിയോയുടെ 799 രൂപയുടെതോ അതില്‍ മുകളിലുള്ളതോ ആയ പ്ലാന്‍ 12 മാസത്തേക്ക് എടുക്കണം. നവംബര്‍ മൂന്നുമുതല്‍ ഡിസംബര്‍ 31വരെയാണ് ഈ ആനുകൂല്യമുള്ളത്. ഐ ഫോണ്‍ തനൊപ്പം ആപ്പിള്‍ എയര്‍പോഡ് വാങ്ങിയാല്‍ 15,000 രൂപ കാഷ് ബാക്ക് ഫല്‍പ്കാര്‍ട്ട് നല്‍കും. ഐ ഫോണിനൊപ്പം ആപ്പിള്‍ വാച്ച് സീരീസ് 3 വാങ്ങിയാല്‍ 20,000 രൂപയാണ് ലഭിക്കുക. 89,000 രൂപയാണ് ഐ ഫോണ്‍ തന്റെ ഇന്ത്യയിലെ വില. ഏതായാലും പുതിയ സ്‌റ്റോക്കിനായി കാത്തിരിക്കുകയാണ് ആളുകള്‍.

പുനര്‍വായിക്കപ്പെടുന്ന സ്മാരക ശിലകള്‍

ഫിദ
മലയാള സാഹിത്യത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നോവലാണ് പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ‘സ്മാരക ശിലകള്‍’. മലബാറിലെ പ്രശസ്തമായ തറവാടും അതിനെ ചുറ്റിപ്പറ്റിയുടെ കഥകളുമാണ് സ്മാരക ശിലകളില്‍ പറയുന്നത്. കഴിഞ്ഞ ദിവസം മലയാളത്തിന്റെ ഈ പ്രിയ കഥാകാരന്‍ മരണപ്പെട്ടതോടെ അദ്ദേഹത്തിന്റെ സ്മാരക ശിലകളും പുനര്‍ വായിക്കപ്പെടുകയാണ്.
പേര് സൂചിപ്പിക്കും പോലെ തന്നെ നമ്മെ മറ്റൊരു കാലഘട്ടത്തിലേക്ക് കൂട്ടി കൊണ്ട് പോകുകയാണ് നോവലിസ്റ്റ്. വളരെ പുരാതനമായ ഒരു നാടും, അവിടത്തെ പള്ളിയും, ഒരായിരം അന്ധവിശ്വാസങ്ങളും, കുറെ വ്യത്യസ്തരായ മനുഷ്യരും ഇതില്‍ നിറഞ്ഞു നില്‍കുന്നു. എന്തെല്ലാം അന്ധവിശ്വാസങ്ങള്‍ ആണ് നമ്മുടെ നാട്ടില്‍ നിലനിന്നിരുന്നതെന്ന് കാണിച്ചു തരികയാണ് പുനത്തില്‍.
തങ്ങളും, എറുമുല്ലനിക്കയും, കുതിരക്കാരാന്‍ അദ്രുമാനും, കുഞ്ഞാലിയും, പൂകുഞ്ഞീബീയുമൊക്കെ എന്നും നമ്മുടെ മനസ്സില്‍ നിറഞ്ഞു നില്ക്കും. ആരെ മറന്നാലും തന്റെ കുതിരയെ ജീവനും നിലനില്‍പ്പുമായി കണ്ടു അതിനെ കൈവെടിഞ്ഞ നിമിഷം തൊട്ടു ഒരു ഭ്രാന്തനെ പോലെ അതിനെ തേടി നടക്കുന്ന അദ്രുമാന്‍ ഒരു കനലായി വായനക്കാരുടെ നെഞ്ചില്‍ നിലനില്ക്കും. ഈ നോവലില്‍ അത്ഭുതങ്ങള്‍ ഇല്ല അമാനുഷികരുമില്ല, പച്ചയായ മനുഷ്യര്‍ മാത്രം