റബര്‍ വില ഇടിയുന്നു

റബര്‍ വില ഇടിയുന്നു

ഗായത്രി
കോട്ടയം: റബര്‍ ഉത്പാദനം കുറഞ്ഞിട്ടും വില ശക്തമായി കൊഴിയുന്നു. കഴിഞ്ഞ ഒരുമാസത്തിനിടെ റബര്‍വിലയില്‍ എട്ടു രൂപയാണ് ഇടിഞ്ഞത്. കനത്ത മഴമൂലം ടാപ്പിംഗ് തടസപ്പെടുന്നതാണ് ഉത്പാദനക്കുറവിനു കാരണം. അനുദിനം തകരുന്ന അന്താരാഷ്ട്ര വിലയുടെ ചുവടുപിടിച്ച്, അവധിവ്യാപാരികള്‍ ആഭ്യന്തര വിലയും വെട്ടിക്കുറക്കുകയാണ്.
ആര്‍.എസ്.എസ് നാലാം ഗ്രേഡ് റബറിനു വില കഴിഞ്ഞയാഴ്ച 129 രൂപയില്‍ നിന്നു കൊഴിഞ്ഞ് 127 രൂപയിലെത്തി. 127 രൂപയില്‍ വ്യാപാരം തുടങ്ങിയ ആര്‍.എസ്.എസ് അഞ്ചാം ഗ്രേഡിന്റെ വിലയെത്തി നിന്നത് 125 രൂപയില്‍. ഐ.എസ്.എസ് ഇനത്തിന് മൂന്നു രൂപയും കുറഞ്ഞു. ഒരുമാസത്തിനിടെ ഐ.എസ്.എസ് കുറിച്ച വിലത്തകര്‍ച്ച ഏഴ് രൂപ.
ഒരു മാസത്തിനുള്ളില്‍ ഐ.എസ്.എസ് ഫോറിന് ഏഴു രൂപയും ആര്‍.എസ്.എസ് ഫോറിന് എട്ടു രൂപയുമാണ് വില ഇടിഞ്ഞത്. ഓഫ് സീസണുകളില്‍ വില നിര്‍ണയം അവധി വ്യാപാരികളില്‍ നിന്നൊഴിവാക്കി, ഉത്പാദനത്തിന്റെയും ഉപഭോഗത്തിന്റെയും അടിസ്ഥാനത്തില്‍ ആകണമെന്ന് കര്‍ഷകലോകം ആവശ്യപ്പെടുന്നു. പൊതുവേ 200 ടണ്ണിനുമേല്‍ വ്യാപാരം നടക്കാറുള്ള കൊച്ചിയില്‍ കഴിഞ്ഞയാഴ്ച നടന്നത് 150 ടണ്ണിന്റെ വില്‍പ്പന മാത്രം.
വിദേശ വിപണിയിലും റബര്‍വില കുത്തനെ താഴുകയാണ്. ചൈനയിലും ടോക്കിയോയിലും കിലോക്ക് വില 112 രൂപ മാത്രം. ബാങ്കോക്കില്‍ വില 107 രൂപ.
റബര്‍വില കിലോക്ക് 150 രൂപ കണക്കാക്കി, കര്‍ഷകന് സബ്‌സിഡി നല്‍കുന്ന വിലസ്ഥിരതാ പദ്ധതിയെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ മറന്ന മട്ടാണ്. നിലവിലെ വിലയും 150 രൂപയും തമ്മിലുള്ള വ്യത്യാസമാണ് സബ്‌സിഡിയായി കര്‍ഷകന് നല്‍കേണ്ടത്.

 

Post Your Comments Here ( Click here for malayalam )
Press Esc to close