കേരള ബാങ്ക്; മുഴുവന്‍ ജില്ല സഹകരണ ബാങ്കുകളെയും ലയിപ്പിക്കില്ല

കേരള ബാങ്ക്; മുഴുവന്‍ ജില്ല സഹകരണ ബാങ്കുകളെയും ലയിപ്പിക്കില്ല

ഗായത്രി
കൊച്ചി: കേരള ബാങ്കിനായി മുഴുവന്‍ ജില്ല സഹകരണ ബാങ്കുകളെയും ലയിപ്പിക്കുന്നതില്‍നിന്ന് സര്‍ക്കാര്‍ പിന്മാറുന്നു. പത്ത് ജില്ല സഹകരണ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കും ലയിപ്പിക്കാനാണ് ഒടുവില്‍ തീരുമാനിച്ചിരിക്കുന്നത്. ജനറല്‍ ബോഡി ചേര്‍ന്ന് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ ലയനം അംഗീകരിക്കുന്ന പ്രമേയം പാസാകുന്ന ജില്ല ബാങ്കുകളെ മാത്രം ലയിപ്പിച്ച് കേരള ബാങ്ക് രൂപവത്കരിക്കാനുള്ള നീക്കമാണ് നടക്കുന്നത്. പത്ത് ജില്ല ബാങ്കുകളില്‍ മാത്രമാണ് പ്രമേയം പാസാകാന്‍ സാധ്യത. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ എല്ലായിടത്തും ഡിസംബര്‍ അവസാനത്തോടെ തെരഞ്ഞെടുപ്പ് നടത്തണം. പുതിയ ഓര്‍ഡിനന്‍സ് പ്രകാരം മറ്റ് സഹകരണ സംഘങ്ങളുടെ വോട്ടവകാശം ഇല്ലാതായ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ പത്ത് ഭരണസമിതികള്‍ എല്‍.ഡി.എഫിനും നാലെണ്ണം യു.ഡി.എഫിനും ലഭിക്കുമെന്നാണ് കരുതുന്നത്.
യു.ഡി.എഫ് ഭരണസമിതികള്‍ ലയനത്തെ ശക്തമായി എതിര്‍ക്കാനും ജനറല്‍ ബോഡിയില്‍ ലയനപ്രമേയം പാസാകാതിരിക്കാനും സാധ്യതയേറെയാണ്. ഇത് നിയമ നടപടികളിലേക്ക് നീണ്ടാല്‍ കേരള ബാങ്ക് നടപടികളും അനന്തമായി നീളും. ഇക്കാര്യം മുന്നില്‍ കണ്ടാണ് സര്‍ക്കാറിന്റെ ചുവടുമാറ്റം.

Post Your Comments Here ( Click here for malayalam )
Press Esc to close