Month: August 2019

ഇല്ലാതായത് ദക്ഷിണ കര്‍ണാടകയില്‍ പിറവിയെടുത്ത ബാങ്കുകള്‍

രാംനാഥ് ചാവ്‌ല-
ബംഗലൂരു: 10 പൊതുമേഖല ബാങ്കുകളെ ലയിപ്പിക്കാനുള്ള തീരുമാനം ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ചപ്പോള്‍ രൂപം മാറുന്നത് ദക്ഷിണ കര്‍ണാടകയില്‍ പിറവിയെടുത്ത നാല് പൊതുമേഖല ബാങ്കുകള്‍ക്ക് കൂടിയാണ്. ഇതില്‍ മൂന്നെണ്ണം ഈ വര്‍ഷവും ഒരെണ്ണം കഴിഞ്ഞ വര്‍ഷവും ലയനത്തിന്റെ ഭാഗമായതോടെ വര്‍ഷങ്ങളായി തങ്ങളുടെ ജീവിതത്തിനൊപ്പമുണ്ടായിരുന്ന ബാങ്കുകളെ ഇനി പഴയ രൂപത്തില്‍ കാണാനാവില്ലെന്ന സങ്കടത്തിലാണ് ദക്ഷിണ കന്നഡ നിവാസികള്‍. കാനറ ബാങ്ക, കോര്‍പറേഷന്‍ ബാങ്ക്, വിജയ ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക് എന്നിവയാണ് ദക്ഷിണ കര്‍ണാടകയില്‍ പിറവിയെടുത്ത രാജ്യത്തിന് തന്നെ മുതല്‍ക്കുട്ടായി മാറിയ ബാങ്കുകള്‍.
കോര്‍പറേഷന്‍ ബാങ്കാണ് ദക്ഷിണ കര്‍ണാടകയില്‍ നിന്നുള്ള ആദ്യ ബാങ്ക്. 1906 മാര്‍ച്ച് 12നായിരുന്നു ബാങ്കിന്റെ രൂപീകരണം. ജാതിമതവര്‍ണ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ധനകാര്യ ഇടപാടുകള്‍ നടത്താന്‍ കഴിയുന്ന സ്ഥാപനം ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം. പിന്നീട് 1980ല്‍ ഇന്ദിര ഗാന്ധിയുടെ ബാങ്ക് ദേശസാല്‍ക്കരണത്തിന്റെ ഭാഗമായാണ് കോര്‍പറേഷന്‍ ബാങ്ക് പൊതുമേഖല ബാങ്കായത്. 1906ലാണ് കാനറ ബാങ്കും രൂപീകൃതമായത്. അംഭേല്‍ സുബ്ബ റാവു പൈയായിരുന്നു ബാങ്ക് രൂപീകരണത്തിന് മുന്‍ കൈയെടുത്തത്. 1910ലാണ് ബാങ്കിന്റെ പേര് കാനറ എന്നാക്കി മാറ്റുന്നത്. 1969ല്‍ മറ്റ് 13 ബാങ്കുകള്‍ക്കൊപ്പം കാനറ ബാങ്കും ദേശസാല്‍ക്കരിച്ചു.
1930കളില്‍ പ്രാദേശിക കര്‍ഷകനായ എ.ബി ഷെട്ടിയാണ് വിജയ ബാങ്ക് രുപീകരിച്ചത്. കര്‍ണാടകയിലെ കര്‍ഷക സമൂഹത്തെ സഹായിക്കുകയായിരുന്നു ലക്ഷ്യം. ഇന്ദിര ഗാന്ധിയുടെ ബാങ്ക് ദേശസാല്‍ക്കരണത്തില്‍ വിജയ ബാങ്കും പൊതുമേഖലക്കൊപ്പമായി. കഴിഞ്ഞ വര്‍ഷം ദേന ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവക്കൊപ്പം വിജയ ബാങ്കും ലയിച്ചു. ടി.എം.എ പൈ, ഉപേന്ദ്ര പൈ, വാമന്‍ കുഡുവ എന്നിവരുടെ നേതൃത്വത്തില്‍ 1925ലാണ് സിന്‍ഡിക്കേറ്റ് ബാങ്ക് രുപീകരിച്ചത്. പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന നെയ്ത്തുകാരെ സഹായിക്കുകയായിരുന്നു ലക്ഷ്യം. 1969ലാണ് സിന്‍ഡിക്കേറ്റ് ബാങ്കും ദേശസാല്‍ക്കരിക്കപ്പെട്ടത്.

കശ്മീരിലെ കുട്ടികളുടെ കാര്യം ഓര്‍ക്കുമ്പോള്‍ വിഷമമുണ്ട്

ഗായത്രി-
കശ്മീരിലെ കുട്ടികളുടെ കാര്യം ഓര്‍ക്കുമ്പോള്‍ വിഷമമുണ്ടെന്ന് തെന്നിന്ത്യന്‍ താരം തൃഷ. വിദ്യാലയങ്ങള്‍ അടഞ്ഞു കിടക്കുന്നത് കുട്ടികളോടുള്ള അതിക്രമമാണെന്നും അവരുടെ അവകാശങ്ങള്‍ ലംഘിക്കുകയാണെന്നും തൃഷ കൂട്ടിച്ചേര്‍ത്തു. യൂണിസെഫിന്റെ സെലിബ്രിറ്റി വക്താവായ തൃഷ ചെന്നൈയിലെ സ്‌റ്റെല്ല മാരിസ് കോളേജിലെ വിദ്യാര്‍ത്ഥികളുമായി സംസാരിക്കുകയായിരുന്നു.
വിദ്യാലയങ്ങള്‍ അടഞ്ഞു കിടക്കുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് മേലുള്ള മറ്റൊരു അതിക്രമമാണ്. കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം ലഭിച്ചാല്‍ നിരവധി കാര്യങ്ങള്‍ അവസാനിപ്പിക്കാനും ഉന്മൂലനം ചെയ്യാനുമാകും’ തൃഷ പറഞ്ഞു.
കശ്മീരിലെ പ്രത്യേക പദവി റദ്ദാക്കിയതിനെ തുടര്‍ന്ന് നിരോധനാജ്ഞ നിലവില്‍ വന്നതോടെയാണ് വിദ്യാലയങ്ങള്‍ അടച്ചിട്ടത്. 2017ലാണ് തൃഷക്ക് യൂണിസെഫ് പദവി ലഭിച്ചത്. ഈ ബഹുമതി ലഭിച്ച ആദ്യ ദക്ഷിണേന്ത്യന്‍ വനിതാ താരമാണ് തൃഷ.

 

നോട്ട് അസാധുവാക്കലിനുശേഷവും പഞ്ഞമില്ലാതെ കള്ളനോട്ടുകള്‍

രാംനാഥ് ചാവ്‌ല-
മുംബൈ: നോട്ട് അസാധുവാക്കലിനുശേഷവും കള്ളനോട്ടുകളുടെ പ്രചാരത്തില്‍ കുറവില്ലെന്ന് റിസര്‍വ് ബാങ്ക്. 2016ലെ നോട്ട് അസാധുവാക്കലിനുശേഷം പുറത്തിറക്കിയ 200, 500, 2000 രൂപ നോട്ടുകളുടെ വ്യാജന്മാര്‍ വ്യാപകമായി പ്രചാരത്തിലുണ്ടെന്ന സൂചനയാണ് ആര്‍.ബി.ഐ.യുടെ കണക്കുകളിലുള്ളത്. സുരക്ഷ കൂടുതലായുണ്ടെന്ന് അവകാശപ്പെട്ട് ഇറക്കിയവയാണ് ഈ നോട്ടുകള്‍.
500 രൂപയുടെ കള്ളനോട്ടുകളുടെ എണ്ണത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 121 ശതമാനമാണ് വര്‍ധന. രണ്ടായിരം രൂപ നോട്ടുകളിലിത് 21.9 ശതമാനമാണ്. 2017 ഓഗസ്റ്റില്‍ പുറത്തിറക്കിയ 200 രൂപ നോട്ടിന്റെ 12,728 വ്യാജന്മാരെ ഈ സാമ്പത്തികവര്‍ഷം കണ്ടെത്തിയിട്ടുണ്ട്. മുന്‍വര്‍ഷമിത് 79 എണ്ണം മാത്രമായിരുന്നു. 500 രൂപയുടെ പഴയ മഹാത്മാഗാന്ധി പരമ്പരയില്‍പ്പെട്ട 971 കള്ളനോട്ടുകളും പുതിയ ഡിസൈനിലുള്ള 21,865 കള്ളനോട്ടുകളുമാണ് ഇത്തവണ പിടിച്ചെടുത്തത്. രണ്ടായിരം രൂപയുടെ 21,847 കള്ളനോട്ടുകളാണ് കണ്ടെത്തിയത്. മുന്‍വര്‍ഷമിത് 17,929 എണ്ണമായിരുന്നു.
201617ല്‍ മഹാത്മാഗാന്ധി പരമ്പരയിലുള്ള 500 രൂപയുടെ 3,17,567 കള്ളനോട്ടുകള്‍ കണ്ടെത്തിയിരുന്നു. തൊട്ടടുത്ത വര്‍ഷമിത് 1,27,918 ആയി കുറഞ്ഞു. നോട്ട് അസാധുവാക്കലിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്. തുടര്‍ന്ന് പുതിയ നോട്ടുകള്‍ കൊണ്ടുവന്നു. പത്തുരൂപയുടെ കള്ളനോട്ടുകളില്‍ 20.2 ശതമാനവും 20 രൂപയുടേതില്‍ 87.2 ശതമാനവും 50 രൂപയുടേതില്‍ 57.3 ശതമാനവും വര്‍ധനയുണ്ടായി. അതേസമയം 100 രൂപയുടെ കള്ളനോട്ടുകളുടെ എണ്ണത്തില്‍ 7.5 ശതമാനം കുറവുണ്ടായി. പഴയ ഡിസൈനിലുള്ള നോട്ടുകളുടെ വ്യാജനാണ് കൂടുതലും കണ്ടെത്തുന്നത്.
നിലവില്‍ വിപണിയില്‍ 21,10,900 കോടി രൂപയുടെ നോട്ടുകളാണുള്ളത്. ആകെ 10,875.9 കോടി നോട്ടുകള്‍. 2016ല്‍ പുറത്തിറക്കിയ രണ്ടായിരംരൂപാനോട്ടുകളുടെ എണ്ണത്തില്‍ കുറവുവന്നിട്ടുണ്ട്. 2018 സാമ്പത്തികവര്‍ഷം 336 കോടി നോട്ടുകളുണ്ടായിരുന്നത് 2019ല്‍ 329 കോടിയായി കുറഞ്ഞു. അതേസമയം, 500 രൂപ നോട്ടുകളുടെ എണ്ണം 1546 കോടിയില്‍നിന്ന് 2152 കോടിയിലെത്തി. വിപണിയിലുള്ള നോട്ടുകളുടെ 51 ശതമാനം വരുമിത്.
മൂല്യമനുസരിച്ച് വിപണിയിലുള്ള നോട്ടുകളില്‍ 82.2 ശതമാനവും 500, 2000 രൂപാ നോട്ടുകളാണ്. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ബാങ്ക് നോട്ടുകള്‍ 17 ശതമാനവും എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ 6.2 ശതമാനവും വര്‍ധിച്ചു.
മുഷിഞ്ഞ നോട്ടുകള്‍ മാറിയെടുത്തതില്‍ 83.3 ശതമാനവും 100, 10 രൂപാ നോട്ടുകളാണ്. രണ്ടായിരം രൂപയുടെ മുഷിഞ്ഞതും കീറിയതുമായ പത്തുലക്ഷം നോട്ടുകള്‍ നശിപ്പിച്ചിട്ടുണ്ട്. 2016ലാണ് 2000 രൂപയുടെ നോട്ടുകള്‍ ആദ്യമായി പുറത്തിറക്കിയത്. 100 രൂപയുടെ 379.5 കോടി മുഷിഞ്ഞ നോട്ടുകളും പത്തുരൂപയുടെ 652.4 കോടി മുഷിഞ്ഞ നോട്ടുകളും 201819 കാലത്ത് നശിപ്പിച്ചിട്ടുണ്ട്.

 

ആപ്പിള്‍ ഇന്ത്യയില്‍ 1000 കോടി രൂപ നിക്ഷേപിക്കും

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ആപ്പിള്‍ ഇന്ത്യയില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിനും ഓഫ്‌ലൈന്‍ സ്‌റ്റോറുകള്‍ക്കുമായി 1000 കോടി രൂപ നിക്ഷേപിക്കും.
പ്രധാന നഗരങ്ങളിലായി മൂന്ന് റീട്ടെയില്‍ ഷോപ്പുകളാണ് തുടങ്ങുക. സാധാരണ വില്‍പ്പന കേന്ദ്രങ്ങളില്‍നിന്ന് വ്യത്യസ്തമായി ഉപഭോക്താക്കള്‍ക്ക് വിസ്മയമൊരുക്കുന്ന മാളുകളാണ് ആപ്പിള്‍ വിഭാവനം ചെയ്യുന്നത്. രണ്ടോ മൂന്നോ വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാക്കും.
ആദ്യത്തെ മാള്‍ മുംബൈയിലും രണ്ടാമത്തേത് ഡല്‍ഹിയിലുമായിരിക്കും. മൂന്നാമത്തേത് എവിടെയെന്ന് വ്യക്തമാക്കിയിട്ടില്ല. ഇതാദ്യമായാണ് ആപ്പിള്‍ കമ്പനി നേരിട്ട് രാജ്യത്ത് വില്‍പ്പന കേന്ദ്രങ്ങളും ഓണ്‍ലൈന്‍ സ്‌റ്റോറും തുറക്കുന്നത്. സ്‌റ്റോറുകള്‍ക്ക് ശരാശരി 25,000 ചതുരശ്ര അടിയെങ്കിലും വിസ്തീര്‍ണമുണ്ടാകും. ഐ ഫോണിന്റെ വിവിധ മോഡലുകള്‍ രാജ്യത്ത് നിര്‍മിച്ച് കയറ്റുമതി ചെയ്യാനും പദ്ധതിയുണ്ട്.

 

പി.വി. സാമി അവാര്‍ഡ് മമ്മൂട്ടിക്ക്

ഫിദ-
കോഴിക്കോട്: സ്വാതന്ത്ര്യസമരസേനാനിയും വ്യവസായപ്രമുഖനുമായിരുന്ന പി.വി. സാമിയുടെ സ്മരണക്കായി ഏര്‍പ്പെടുത്തിയ പി.വി. സാമി മെമ്മോറിയല്‍ ഇന്‍ഡസ്ട്രിയല്‍ ആന്റ് സോഷ്യോ കള്‍ച്ചറല്‍ അവാര്‍ഡിന് പ്രശസ്ത സിനിമാതാരം മമ്മൂട്ടി അര്‍ഹനായി. സെപ്റ്റംബര്‍ ഒന്നിന് കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ എം.ടി. വാസുദേവന്‍നായര്‍ പുരസ്‌കാരം സമ്മാനിക്കും.
മൂന്നുതവണ മികച്ചനടനുള്ള ദേശീയപുരസ്‌കാരം ലഭിച്ചിട്ടുള്ള മമ്മൂട്ടിക്ക് 1998ല്‍ പദ്മശ്രീ പുരസ്‌കാരം ലഭിച്ചു. മലയാളം കമ്യൂണിക്കേഷന്‍സ് ചെയര്‍മാനാണ്. പെയിന്‍ ആന്റ് പാലിയേറ്റിവ് കെയര്‍ സൊസൈറ്റി രക്ഷാധികാരി, ബാലഭിക്ഷാടനം അവസാനിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന സ്ട്രീറ്റ് ഇന്ത്യ മൂവ്‌മെന്റ് എന്ന ജീവകാരുണ്യപദ്ധതിയുടെ അംബാസഡര്‍, പരിസ്ഥിതി രംഗത്ത് പ്രവര്‍ത്തിക്കുന്ന മൈ ട്രീ ചലഞ്ച് തുടങ്ങി ഒട്ടേറെ സന്നദ്ധസംഘടനകളില്‍ പ്രവര്‍ത്തിക്കുകയും സേവനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നുണ്ട്.
സെപ്റ്റംബര്‍ ഒന്നിന് രാവിലെ ഒമ്പതിന് നടക്കുന്ന അനുസ്മരണസമ്മേളനം ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. ഉദ്ഘാടനം ചെയ്യും. ഡി.സി.സി. പ്രസിഡന്റ് ടി. സിദ്ദിഖ്, മുന്‍മേയര്‍ ഒ. രാജഗോപാല്‍, കെ.യു.ഡബ്ല്യു.ജെ. സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍, ഐ.പി. പുഷ്പരാജ്, കെ.പി.സി.സി. ജനറല്‍സെക്രട്ടറി പി.എം. സുരേഷ്ബാബു, എം. രാജന്‍ എന്നിവര്‍ സംസാരിക്കും.

വിദേശനിക്ഷേപ വ്യവസ്ഥകള്‍ ഇളവ് ചെയ്യുന്നു; സാമ്പത്തിക വളര്‍ച്ച ലക്ഷ്യം

ഫിദ-
കൊച്ചി: വിവിധ മേഖലകളിലെ വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ ഇളവുചെയ്യാന്നു. ഉത്പാദന മേഖലയിലും ഏക ബ്രാന്‍ഡ് ചില്ലറവ്യാപാര മേഖലയിലും കല്‍ക്കരി ഖനനമേഖലയിലും ഡിജിറ്റല്‍ മാധ്യമരംഗത്തുമാണ് ഇളവുകള്‍ വരുത്തിയത്.
കൂടുതല്‍ വിദേശനിക്ഷേപവും തൊഴിലവസരങ്ങളും സാമ്പത്തിക വളര്‍ച്ചയും ഇതിലൂടെ കൈവരിക്കാനാവുമെന്നാണ് കണക്കുകൂട്ടല്‍. ഉത്പാദനമേഖലയില്‍ വന്‍തോതില്‍ വിദേശനിക്ഷേപം നടത്തുന്നതിന് ഇപ്പോള്‍ ചില നിയന്ത്രണങ്ങളുണ്ട്. അവ മാറ്റിക്കൊണ്ട് ബിസിനസ് സൗഹാര്‍ദപരമാക്കുന്നതിനും കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനും ഇതുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ ഉദാരമാക്കാനുമാണ് നീക്കം.
വിദേശ കമ്പനികള്‍ക്ക് ഇന്ത്യയില്‍ കരാറിലേര്‍പ്പെട്ടുകൊണ്ട് ഉത്പാദനം നടത്താം. ഈ രംഗത്ത് 100 ശതമാനം വിദേശ നിക്ഷേപമാവാം. സ്വന്തംനിലക്ക് ഉത്പാദന മേഖലയില്‍ നിക്ഷേപം നടത്താനുള്ള അനുമതിക്ക് പുറമേയാണിത്. ഏക ബ്രാന്‍ഡ് ചില്ലറവില്‍പ്പനരംഗത്ത് വിദേശനിക്ഷേപം നടത്തണമെങ്കില്‍ 30 ശതമാനം രാജ്യത്തിനകത്തുനിന്ന് സംഭരിക്കണമെന്ന ചട്ടം വിപുലീകരിച്ചു. 30 ശതമാനത്തിന്റെ നിര്‍വചനത്തില്‍ ഇനി ഇന്ത്യയില്‍ വില്‍ക്കുന്നതും കയറ്റി അയക്കുന്നതും ഉള്‍പ്പെടും. ഒരുകൊല്ലത്തില്‍ 30 ശതമാനം സംഭരിക്കണം എന്നതായിരുന്നു മുന്‍വ്യവസ്ഥ. അതിനുപകരം ആദ്യത്തെ അഞ്ചുകൊല്ലത്തിനിടയില്‍ 30 ശതമാനം സംഭരിച്ചാല്‍ മതിയെന്ന വ്യവസ്ഥ പുതുതായി കൊണ്ടുവന്നു. ഓണ്‍ലൈന്‍ റീട്ടെയില്‍ വ്യാപാരത്തിനും അനുമതി നല്‍കിയിട്ടുണ്ട്.
കല്‍ക്കരി ഖനനം, കല്‍ക്കരി സംസ്‌കരണം, അതുമായി ബന്ധപ്പെട്ട അടിസ്ഥാനസൗകര്യം തുടങ്ങിയ മേഖലകളില്‍ 100 ശതമാനം വിദേശനിക്ഷേപം അനുവദിച്ചു. ഡിജിറ്റല്‍ മാധ്യമരംഗത്ത് 26 ശതമാനം വിദേശനിക്ഷേപത്തിന് അനുമതി നല്‍കി. അച്ചടി മാധ്യമരംഗത്ത് 26 ശതമാനം വിദേശനിക്ഷേപം അനുവദിച്ച മാതൃകയില്‍ത്തന്നെയാണ് ഇതും. വാര്‍ത്തകളും ആനുകാലിക സംഭവങ്ങളും അപ്‌ലോഡ് ചെയ്ത് സംപ്രേഷണംചെയ്യാം. സര്‍ക്കാര്‍ അനുമതിയോടെയാണ് ഈ മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കുക. ടി.വി. ചാനലുകള്‍ക്ക് 49 ശതമാനം വിദേശനിക്ഷേപം നടത്താന്‍ നേരത്തേ അനുമതി നല്‍കിയിരുന്നു.

 

പത്ത്‌ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 10 ശതമാനം നികുതി

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: നിലവിലുള്ള ആദായ നികുതി നിയമം പൊളിച്ചെഴുതുന്നതിന് രൂപവല്‍ക്കരിച്ച സമിതിയുടെ നിര്‍ദേശങ്ങള്‍ പുറത്തുവന്നു.
ആദായ നികുതി സ്ലാബില്‍ സമൂലമായ മാറ്റമാണ് സമിതി നിര്‍ദേശിച്ചിട്ടുള്ളത്. 2.50 ലക്ഷം രൂപവരെ വരുമാനമുള്ളവരെയാണ് പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടുള്ളത്. 2.5 ലക്ഷം രൂപമുതല്‍ 10ലക്ഷംവരെയുള്ളവര്‍ക്ക് 10 ശതമാനമാണ് നികുതി.
10 മുതല്‍ 20 ലക്ഷംവരെ വരുമാനമുള്ളവര്‍ 20 ശതമാനവും അതിനുമുകളില്‍ രണ്ടുകോടിവരെ വരുമാനമുള്ളവര്‍ നല്‍കേണ്ടത് 30 ശതമാനം നികുതിയുമാണ്.
നിലവില്‍ 2.5 ലക്ഷം രൂപമുതല്‍ അഞ്ചുലക്ഷം രൂപവരെയുള്ള വര്‍ക്ക് അഞ്ചുശതമാനമാണ് ആദായ നികുതി ഈടാക്കുന്നത്. അതിനുമുകളില്‍, അഞ്ചു ലക്ഷം രൂപമുതല്‍ 10 ലക്ഷം രൂപവരെയുള്ളവര്‍ക്ക് 20 ശതമാനവും 10 ലക്ഷത്തിന് മുകളിലുള്ളവര്‍ക്ക് 30 ശതമാനമവുമാണ് നികുതി ചുമത്തുന്നത്. 2019 ലെ ഇടക്കാല ബജറ്റില്‍ അഞ്ചുലക്ഷം രൂപവരെയുള്ളവരെ നികുതിബാധ്യതയില്‍നിന്ന് ഒഴിവാക്കിയിരുന്നു.
സമിതിയുടെ നിര്‍ദേശം സര്‍ക്കാര്‍ നടപ്പാക്കുകയാണെങ്കില്‍ മധ്യവര്‍ക്കാര്‍ക്ക് കനത്ത തിരിച്ചടിയാകും.അതേസമയം, സമ്പന്ന വിഭാഗത്തിന് ഗുണകരവുമാണ്. 10 ലക്ഷത്തിന് മുകളില്‍ വരുമാനമുള്ളവരുടെ നികുതി 30 ശതമാനത്തില്‍നിന്ന് 20 ശതമാനമായാണ് കുറയുക.

 

ടിക്കറ്റ് നിരക്ക് വര്‍ധന; ഓണയാത്രകള്‍ അവതാളത്തിലാവും

ഗായത്രി-
കൊച്ചി: തീവണ്ടികളില്‍ സീറ്റില്ലാത്തതും വിമാനത്തില്‍ കൊള്ളനിരക്ക് ഈടാക്കുന്നതും മലയാളികളുടെ ഓണയാത്ര ആശങ്കയിലാക്കുന്നു. ചെന്നൈ, ബംഗലൂരു, മുംബൈ എന്നിവിടങ്ങളില്‍നിന്ന് കേരളത്തിലേക്കുള്ള തീവണ്ടികളിലൊന്നിലും ഓണനാളുകളില്‍ ടിക്കറ്റ് കിട്ടാനില്ല. ഈ ദിവസങ്ങളില്‍ കേരളത്തിലേക്കുള്ള വിമാനടിക്കറ്റുകളുടെ നിരക്ക് ഇരട്ടിയിലേറെയാണ്. ചെന്നൈ, ബംഗലുരു എന്നിവിടങ്ങളില്‍നിന്നുള്ള സ്വകാര്യ ബസുകളിലും ഇക്കാലത്ത് തോന്നിയ തുകയാണ് ഈടാക്കുന്നതെന്ന് പരാതിയുണ്ട്.
സെപ്റ്റംബര്‍ ഏഴിനും എട്ടിനും ചെന്നൈയില്‍നിന്നുള്ള തീവണ്ടികളിലെല്ലാം സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റുകളുടെ വെയ്റ്റിംഗ് ലിസ്റ്റ് നൂറിന് മുകളിലാണ്. എ.സി. കോച്ചിലെ വെയ്റ്റിംഗ് ലിസ്റ്റ് 30നു മുകളിലെത്തി.
ബംഗലുരുവില്‍നിന്നുള്ള യാത്രയും സമാനമാണ്. ബംഗലുരുവില്‍നിന്നുള്ള കന്യാകുമാരി എക്‌സ്പ്രസിലെ സ്ലീപ്പര്‍ ക്ലാസ് വെയ്റ്റിംഗ് ലിസ്റ്റ് 280നു മുകളിലെത്തി. അതിനടുത്ത ദിനങ്ങളിലുംബംഗലുരുവില്‍നിന്ന് കേരളത്തിലേക്കുള്ള യാത്രയുടെ വെയ്റ്റിംഗ് ലിസ്റ്റില്‍ 150ലേറെപ്പേരുണ്ട്. ഓണനാളുകളില്‍ മുംബൈയില്‍നിന്നുള്ള മംഗള എക്‌സ്പ്രസ് അടക്കം ചില തീവണ്ടികള്‍ റദ്ദ് ചെയ്തതിനൊപ്പം മറ്റു തീവണ്ടികളില്‍ സീറ്റില്ലാത്തതും മലയാളികളെ ആശങ്കപ്പെടുത്തുന്നുണ്ട്.
യാത്ര വിമാനത്തിലാക്കാമെന്ന് കരുതുന്നവര്‍ക്കും ഓണക്കാലത്ത് നിരാശയാകും ഫലം. ചെന്നൈയില്‍നിന്ന് കൊച്ചിയിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് 2500 രൂപക്കും 3000ത്തിനും ഇടയിലാണ്. സാധാരണ ഗതിയില്‍ 2000ത്തില്‍ താഴെനിരക്കില്‍ കിട്ടാറുള്ള ടിക്കറ്റിനാണ് 50 ശതമാനത്തിലേറെ വര്‍ധന. മുംബൈയില്‍നിന്ന് കൊച്ചിയിലേക്കുള്ള ടിക്കറ്റ് നിരക്ക് 3500നും 4000ത്തിനും ഇടയിലാണ്. നേരത്തേ 2000 രൂപയില്‍ താഴെയുണ്ടായിരുന്ന ടിക്കറ്റിനാണ് ഇരട്ടി വര്‍ധന.

യു.എ.ഇയിലെ പ്രമുഖ വ്യവസായി സൈഫ് അഹ്മദ് അല്‍ ഗുറൈര്‍ അന്തരിച്ചു

അളക ഖാനം-
ദുബൈ: യു.എ.ഇയിലെ പ്രമുഖ വ്യവസായിയും ആയിരക്കണക്കിന് ഇന്ത്യക്കാരുടെ പ്രിയപ്പെട്ട തൊഴില്‍ദാതാവുമായിരുന്ന സൈഫ് അഹ്മദ് അല്‍ ഗുറൈര്‍(95) അന്തരിച്ചു. ദുബൈയിലെ അതി പ്രശസ്ത വ്യവസായ സംരംഭമായ അല്‍ ഗുറൈര്‍ ഗ്രൂപ്പിന്റെ സ്ഥാപകനാണ്.
ദേറയുടെ തീരത്ത് 1924ല്‍ ജനിച്ച ഇദ്ദേഹം കുഞ്ഞുനാള്‍ മുതലേ മുത്തും പവിഴവും മുങ്ങിയെടുക്കുന്ന കുടുംബ ജോലിയില്‍ വ്യാപൃതനായിരുന്നു. കാറ്റുംകോളും നിറഞ്ഞ കടലിലൂടെ മാസങ്ങള്‍ നീളുന്ന സാഹസിക യാത്രകളാണ് ചെറുപ്രായത്തില്‍ തന്നെ നടത്തിയിരുന്നത്. വിലപിടിച്ച മുത്തുകള്‍ സൂക്ഷിച്ചിരുന്ന പെട്ടിയുടെ ചുമതല സൈഫിനായിരുന്നു. ജപ്പാനില്‍ നിന്നുള്ള മുത്തുകളുടെ വരവോടെ കുടുംബ ബിസിനസ് അത്ര ലാഭകരമല്ലാതായി. ഇറാഖില്‍ നിന്ന് ഇന്ത്യയിലേക്കും ആഫ്രിക്കയിലേക്കും ഈത്തപ്പഴവും പില്‍കാലത്ത് ദുബൈയില്‍ നിന്ന് സ്വര്‍ണവുമെത്തിക്കുന്ന വ്യവസായം ആരംഭിച്ചു. ഒട്ടനവധി ഇന്ത്യക്കാര്‍ക്ക് ഇമറാത്തിലേക്ക് വഴി കാട്ടിയതും അല്‍ ഗുറൈര്‍ കുടുംബമാണ്.
1960ല്‍ ആരംഭിച്ച അല്‍ ഗുറൈര്‍ ഗ്രൂപ്പിനു കീഴില്‍ റീട്ടെയില്‍, റിയല്‍ എസ്‌റ്റേറ്റ്, നിര്‍മാണം എന്നിങ്ങനെ വൈവിധ്യമാര്‍ന്ന നിരവധി വ്യവസായങ്ങളുണ്ട്. ദുബൈ നഗരത്തിന്റെ അടയാളങ്ങളായ ബുര്‍ജുമാന്‍ സെന്റര്‍, അല്‍ റീഫ് മാള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.

വാഹന രജിസ്‌ട്രേഷന്‍; ഫഹദ് ഫാസിലിനും അമലപോളിനുമെതിരായ കേസ് അവസാനിപ്പിച്ചു

ഗായത്രി-
തിരു: വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പു കേസില്‍ ചലചിത്ര താരങ്ങളായ ഫഹദ് ഫാസിലിനും അമലപോളിനുമെതിരായ കേസ് അവസാനിപ്പിച്ചു. കേസ് അന്വേഷിച്ച െ്രെകംബ്രാഞ്ച് ആണ് ഇരുവരെയും ഒഴിവാക്കി റിപ്പോര്‍ട്ട് നല്‍കിയത്. അതേസമയം സുരേഷ്‌ഗോപിക്കെതിരായ കേസില്‍ നടപടി തുടരും.
കേസില്‍ ഫഹദ് ഫാസില്‍ പിഴ അടച്ചിട്ടുണ്ട്. പുതുച്ചേരിയില്‍ നിന്ന് വാങ്ങിയ വാഹനം അമലപോള്‍ കേരളത്തില്‍ എത്തിച്ചിട്ടില്ല. അതിനാല്‍ തന്നെ അമലപോളിനെതിരെ കേരളത്തില്‍ കേസെടുക്കാനാവില്ലെന്ന് പോലീസ് കോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കേണ്ടത് പുതുച്ചേരി ഗതാഗത വകുപ്പാണെന്നും പോലീസ് വ്യക്തമാക്കി.