ടിക്കറ്റ് നിരക്ക് വര്‍ധന; ഓണയാത്രകള്‍ അവതാളത്തിലാവും

ടിക്കറ്റ് നിരക്ക് വര്‍ധന; ഓണയാത്രകള്‍ അവതാളത്തിലാവും

ഗായത്രി-
കൊച്ചി: തീവണ്ടികളില്‍ സീറ്റില്ലാത്തതും വിമാനത്തില്‍ കൊള്ളനിരക്ക് ഈടാക്കുന്നതും മലയാളികളുടെ ഓണയാത്ര ആശങ്കയിലാക്കുന്നു. ചെന്നൈ, ബംഗലൂരു, മുംബൈ എന്നിവിടങ്ങളില്‍നിന്ന് കേരളത്തിലേക്കുള്ള തീവണ്ടികളിലൊന്നിലും ഓണനാളുകളില്‍ ടിക്കറ്റ് കിട്ടാനില്ല. ഈ ദിവസങ്ങളില്‍ കേരളത്തിലേക്കുള്ള വിമാനടിക്കറ്റുകളുടെ നിരക്ക് ഇരട്ടിയിലേറെയാണ്. ചെന്നൈ, ബംഗലുരു എന്നിവിടങ്ങളില്‍നിന്നുള്ള സ്വകാര്യ ബസുകളിലും ഇക്കാലത്ത് തോന്നിയ തുകയാണ് ഈടാക്കുന്നതെന്ന് പരാതിയുണ്ട്.
സെപ്റ്റംബര്‍ ഏഴിനും എട്ടിനും ചെന്നൈയില്‍നിന്നുള്ള തീവണ്ടികളിലെല്ലാം സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റുകളുടെ വെയ്റ്റിംഗ് ലിസ്റ്റ് നൂറിന് മുകളിലാണ്. എ.സി. കോച്ചിലെ വെയ്റ്റിംഗ് ലിസ്റ്റ് 30നു മുകളിലെത്തി.
ബംഗലുരുവില്‍നിന്നുള്ള യാത്രയും സമാനമാണ്. ബംഗലുരുവില്‍നിന്നുള്ള കന്യാകുമാരി എക്‌സ്പ്രസിലെ സ്ലീപ്പര്‍ ക്ലാസ് വെയ്റ്റിംഗ് ലിസ്റ്റ് 280നു മുകളിലെത്തി. അതിനടുത്ത ദിനങ്ങളിലുംബംഗലുരുവില്‍നിന്ന് കേരളത്തിലേക്കുള്ള യാത്രയുടെ വെയ്റ്റിംഗ് ലിസ്റ്റില്‍ 150ലേറെപ്പേരുണ്ട്. ഓണനാളുകളില്‍ മുംബൈയില്‍നിന്നുള്ള മംഗള എക്‌സ്പ്രസ് അടക്കം ചില തീവണ്ടികള്‍ റദ്ദ് ചെയ്തതിനൊപ്പം മറ്റു തീവണ്ടികളില്‍ സീറ്റില്ലാത്തതും മലയാളികളെ ആശങ്കപ്പെടുത്തുന്നുണ്ട്.
യാത്ര വിമാനത്തിലാക്കാമെന്ന് കരുതുന്നവര്‍ക്കും ഓണക്കാലത്ത് നിരാശയാകും ഫലം. ചെന്നൈയില്‍നിന്ന് കൊച്ചിയിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് 2500 രൂപക്കും 3000ത്തിനും ഇടയിലാണ്. സാധാരണ ഗതിയില്‍ 2000ത്തില്‍ താഴെനിരക്കില്‍ കിട്ടാറുള്ള ടിക്കറ്റിനാണ് 50 ശതമാനത്തിലേറെ വര്‍ധന. മുംബൈയില്‍നിന്ന് കൊച്ചിയിലേക്കുള്ള ടിക്കറ്റ് നിരക്ക് 3500നും 4000ത്തിനും ഇടയിലാണ്. നേരത്തേ 2000 രൂപയില്‍ താഴെയുണ്ടായിരുന്ന ടിക്കറ്റിനാണ് ഇരട്ടി വര്‍ധന.

Post Your Comments Here ( Click here for malayalam )
Press Esc to close