ഇല്ലാതായത് ദക്ഷിണ കര്‍ണാടകയില്‍ പിറവിയെടുത്ത ബാങ്കുകള്‍

ഇല്ലാതായത് ദക്ഷിണ കര്‍ണാടകയില്‍ പിറവിയെടുത്ത ബാങ്കുകള്‍

രാംനാഥ് ചാവ്‌ല-
ബംഗലൂരു: 10 പൊതുമേഖല ബാങ്കുകളെ ലയിപ്പിക്കാനുള്ള തീരുമാനം ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ചപ്പോള്‍ രൂപം മാറുന്നത് ദക്ഷിണ കര്‍ണാടകയില്‍ പിറവിയെടുത്ത നാല് പൊതുമേഖല ബാങ്കുകള്‍ക്ക് കൂടിയാണ്. ഇതില്‍ മൂന്നെണ്ണം ഈ വര്‍ഷവും ഒരെണ്ണം കഴിഞ്ഞ വര്‍ഷവും ലയനത്തിന്റെ ഭാഗമായതോടെ വര്‍ഷങ്ങളായി തങ്ങളുടെ ജീവിതത്തിനൊപ്പമുണ്ടായിരുന്ന ബാങ്കുകളെ ഇനി പഴയ രൂപത്തില്‍ കാണാനാവില്ലെന്ന സങ്കടത്തിലാണ് ദക്ഷിണ കന്നഡ നിവാസികള്‍. കാനറ ബാങ്ക, കോര്‍പറേഷന്‍ ബാങ്ക്, വിജയ ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക് എന്നിവയാണ് ദക്ഷിണ കര്‍ണാടകയില്‍ പിറവിയെടുത്ത രാജ്യത്തിന് തന്നെ മുതല്‍ക്കുട്ടായി മാറിയ ബാങ്കുകള്‍.
കോര്‍പറേഷന്‍ ബാങ്കാണ് ദക്ഷിണ കര്‍ണാടകയില്‍ നിന്നുള്ള ആദ്യ ബാങ്ക്. 1906 മാര്‍ച്ച് 12നായിരുന്നു ബാങ്കിന്റെ രൂപീകരണം. ജാതിമതവര്‍ണ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ധനകാര്യ ഇടപാടുകള്‍ നടത്താന്‍ കഴിയുന്ന സ്ഥാപനം ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം. പിന്നീട് 1980ല്‍ ഇന്ദിര ഗാന്ധിയുടെ ബാങ്ക് ദേശസാല്‍ക്കരണത്തിന്റെ ഭാഗമായാണ് കോര്‍പറേഷന്‍ ബാങ്ക് പൊതുമേഖല ബാങ്കായത്. 1906ലാണ് കാനറ ബാങ്കും രൂപീകൃതമായത്. അംഭേല്‍ സുബ്ബ റാവു പൈയായിരുന്നു ബാങ്ക് രൂപീകരണത്തിന് മുന്‍ കൈയെടുത്തത്. 1910ലാണ് ബാങ്കിന്റെ പേര് കാനറ എന്നാക്കി മാറ്റുന്നത്. 1969ല്‍ മറ്റ് 13 ബാങ്കുകള്‍ക്കൊപ്പം കാനറ ബാങ്കും ദേശസാല്‍ക്കരിച്ചു.
1930കളില്‍ പ്രാദേശിക കര്‍ഷകനായ എ.ബി ഷെട്ടിയാണ് വിജയ ബാങ്ക് രുപീകരിച്ചത്. കര്‍ണാടകയിലെ കര്‍ഷക സമൂഹത്തെ സഹായിക്കുകയായിരുന്നു ലക്ഷ്യം. ഇന്ദിര ഗാന്ധിയുടെ ബാങ്ക് ദേശസാല്‍ക്കരണത്തില്‍ വിജയ ബാങ്കും പൊതുമേഖലക്കൊപ്പമായി. കഴിഞ്ഞ വര്‍ഷം ദേന ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവക്കൊപ്പം വിജയ ബാങ്കും ലയിച്ചു. ടി.എം.എ പൈ, ഉപേന്ദ്ര പൈ, വാമന്‍ കുഡുവ എന്നിവരുടെ നേതൃത്വത്തില്‍ 1925ലാണ് സിന്‍ഡിക്കേറ്റ് ബാങ്ക് രുപീകരിച്ചത്. പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന നെയ്ത്തുകാരെ സഹായിക്കുകയായിരുന്നു ലക്ഷ്യം. 1969ലാണ് സിന്‍ഡിക്കേറ്റ് ബാങ്കും ദേശസാല്‍ക്കരിക്കപ്പെട്ടത്.

Post Your Comments Here ( Click here for malayalam )
Press Esc to close