നോട്ട് അസാധുവാക്കലിനുശേഷവും പഞ്ഞമില്ലാതെ കള്ളനോട്ടുകള്‍

നോട്ട് അസാധുവാക്കലിനുശേഷവും പഞ്ഞമില്ലാതെ കള്ളനോട്ടുകള്‍

രാംനാഥ് ചാവ്‌ല-
മുംബൈ: നോട്ട് അസാധുവാക്കലിനുശേഷവും കള്ളനോട്ടുകളുടെ പ്രചാരത്തില്‍ കുറവില്ലെന്ന് റിസര്‍വ് ബാങ്ക്. 2016ലെ നോട്ട് അസാധുവാക്കലിനുശേഷം പുറത്തിറക്കിയ 200, 500, 2000 രൂപ നോട്ടുകളുടെ വ്യാജന്മാര്‍ വ്യാപകമായി പ്രചാരത്തിലുണ്ടെന്ന സൂചനയാണ് ആര്‍.ബി.ഐ.യുടെ കണക്കുകളിലുള്ളത്. സുരക്ഷ കൂടുതലായുണ്ടെന്ന് അവകാശപ്പെട്ട് ഇറക്കിയവയാണ് ഈ നോട്ടുകള്‍.
500 രൂപയുടെ കള്ളനോട്ടുകളുടെ എണ്ണത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 121 ശതമാനമാണ് വര്‍ധന. രണ്ടായിരം രൂപ നോട്ടുകളിലിത് 21.9 ശതമാനമാണ്. 2017 ഓഗസ്റ്റില്‍ പുറത്തിറക്കിയ 200 രൂപ നോട്ടിന്റെ 12,728 വ്യാജന്മാരെ ഈ സാമ്പത്തികവര്‍ഷം കണ്ടെത്തിയിട്ടുണ്ട്. മുന്‍വര്‍ഷമിത് 79 എണ്ണം മാത്രമായിരുന്നു. 500 രൂപയുടെ പഴയ മഹാത്മാഗാന്ധി പരമ്പരയില്‍പ്പെട്ട 971 കള്ളനോട്ടുകളും പുതിയ ഡിസൈനിലുള്ള 21,865 കള്ളനോട്ടുകളുമാണ് ഇത്തവണ പിടിച്ചെടുത്തത്. രണ്ടായിരം രൂപയുടെ 21,847 കള്ളനോട്ടുകളാണ് കണ്ടെത്തിയത്. മുന്‍വര്‍ഷമിത് 17,929 എണ്ണമായിരുന്നു.
201617ല്‍ മഹാത്മാഗാന്ധി പരമ്പരയിലുള്ള 500 രൂപയുടെ 3,17,567 കള്ളനോട്ടുകള്‍ കണ്ടെത്തിയിരുന്നു. തൊട്ടടുത്ത വര്‍ഷമിത് 1,27,918 ആയി കുറഞ്ഞു. നോട്ട് അസാധുവാക്കലിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്. തുടര്‍ന്ന് പുതിയ നോട്ടുകള്‍ കൊണ്ടുവന്നു. പത്തുരൂപയുടെ കള്ളനോട്ടുകളില്‍ 20.2 ശതമാനവും 20 രൂപയുടേതില്‍ 87.2 ശതമാനവും 50 രൂപയുടേതില്‍ 57.3 ശതമാനവും വര്‍ധനയുണ്ടായി. അതേസമയം 100 രൂപയുടെ കള്ളനോട്ടുകളുടെ എണ്ണത്തില്‍ 7.5 ശതമാനം കുറവുണ്ടായി. പഴയ ഡിസൈനിലുള്ള നോട്ടുകളുടെ വ്യാജനാണ് കൂടുതലും കണ്ടെത്തുന്നത്.
നിലവില്‍ വിപണിയില്‍ 21,10,900 കോടി രൂപയുടെ നോട്ടുകളാണുള്ളത്. ആകെ 10,875.9 കോടി നോട്ടുകള്‍. 2016ല്‍ പുറത്തിറക്കിയ രണ്ടായിരംരൂപാനോട്ടുകളുടെ എണ്ണത്തില്‍ കുറവുവന്നിട്ടുണ്ട്. 2018 സാമ്പത്തികവര്‍ഷം 336 കോടി നോട്ടുകളുണ്ടായിരുന്നത് 2019ല്‍ 329 കോടിയായി കുറഞ്ഞു. അതേസമയം, 500 രൂപ നോട്ടുകളുടെ എണ്ണം 1546 കോടിയില്‍നിന്ന് 2152 കോടിയിലെത്തി. വിപണിയിലുള്ള നോട്ടുകളുടെ 51 ശതമാനം വരുമിത്.
മൂല്യമനുസരിച്ച് വിപണിയിലുള്ള നോട്ടുകളില്‍ 82.2 ശതമാനവും 500, 2000 രൂപാ നോട്ടുകളാണ്. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ബാങ്ക് നോട്ടുകള്‍ 17 ശതമാനവും എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ 6.2 ശതമാനവും വര്‍ധിച്ചു.
മുഷിഞ്ഞ നോട്ടുകള്‍ മാറിയെടുത്തതില്‍ 83.3 ശതമാനവും 100, 10 രൂപാ നോട്ടുകളാണ്. രണ്ടായിരം രൂപയുടെ മുഷിഞ്ഞതും കീറിയതുമായ പത്തുലക്ഷം നോട്ടുകള്‍ നശിപ്പിച്ചിട്ടുണ്ട്. 2016ലാണ് 2000 രൂപയുടെ നോട്ടുകള്‍ ആദ്യമായി പുറത്തിറക്കിയത്. 100 രൂപയുടെ 379.5 കോടി മുഷിഞ്ഞ നോട്ടുകളും പത്തുരൂപയുടെ 652.4 കോടി മുഷിഞ്ഞ നോട്ടുകളും 201819 കാലത്ത് നശിപ്പിച്ചിട്ടുണ്ട്.

 

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | site maintained by : HEDONE SERVICES