Month: August 2019

ഓണ വിപണിയില്‍ പ്രതാപം വീണ്ടെടുത്ത് സാരികള്‍

ഫിദ-
ഓണക്കോടിയില്ലാതെ ഓണമില്ല. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും പ്രത്യേക വസ്ത്രശേഖരവുമായി ഓണക്കാല തിരക്കിലേക്ക് വസ്ത്രവ്യാപാരികള്‍ കടന്നുകഴിഞ്ഞു. ഓണക്കാലത്ത് 50 ശതമാനത്തോളം കച്ചവടം അധികമായി നടക്കും. പ്രളയം തകര്‍ത്ത വിപണിക്ക് ഓണക്കച്ചവടത്തിലാണ് പ്രതീക്ഷ.
ഞൊടിയിടയില്‍ ട്രെന്‍ഡ് മാറിമറിയുന്ന സ്ത്രീകളുടെ വസ്ത്രവിപണിയില്‍ ഓണക്കാലത്ത് സാരി പ്രതാപം വീണ്ടെടുക്കും. ഓണക്കാലത്ത് സാരി വില്‍പ്പന ഉയരുമെന്ന് വ്യാപാരികള്‍ പറയുന്നു. ഡിസൈനര്‍, ഫാന്‍സി, ലിനന്‍ സാരികള്‍ക്ക് ആവശ്യക്കാര്‍ ഏറെയുണ്ട്. കോട്ടണ്‍ സാരികള്‍ക്കും ആവശ്യക്കാരുണ്ട്. ആര്‍ട്ട് സില്‍ക്, സെമി ജ്യൂട്ട് ഫ്‌ലോറല്‍ പ്രിന്റഡ് സാരികള്‍ക്കും വിപണിയുണ്ട്. 600 മുതല്‍ 2500 രൂപവരെയുള്ള സാരികള്‍ക്കാണ് വില്‍്പ്പന കൂടുതല്‍.
പരമ്പരാഗതമായ കൈത്തറിയാല്‍ നിര്‍മിച്ചതും കൈകളാല്‍ നെയ്‌തെടുത്തതുമായ സാരികള്‍ക്കും ആവശ്യക്കാര്‍ കൂടുതലാണ്. പാരമ്പര്യത്തനിമയും പുത്തന്‍ ട്രെന്‍ഡുകളും ഒത്തുചേരുന്നവയാണ് ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്നത്. സാരികള്‍, സല്‍വാര്‍ സെറ്റുകള്‍, കുര്‍ത്തികള്‍, എത്ത്‌നിക് സ്‌കര്‍ട്ടുകള്‍, ലെഹങ്കകള്‍, സെറ്റ് മുണ്ട്, കിഡ്‌സ് വെയര്‍ എന്നിവയുടെ പുതിയ മോഡലുകള്‍ ഓണത്തിന് വിപണിയിലെത്തിയിട്ടുണ്ട്.
പ്രൗഢവും ലളിതവും ആകര്‍ഷകവുമായ മോഡലുകള്‍ എല്ലാവരും വിപണിയിലിറക്കിയിട്ടുണ്ട്. പ്രമുഖ വസ്ത്രശാലകളും തങ്ങളുടേത് മാത്രമായ പ്രത്യേകതരം ഡിസൈനുകളും വിപണിയിലിറക്കിയിട്ടുണ്ട്. ചിങ്ങം മുതല്‍ കല്യാണവിപണി ഉയര്‍ന്നിട്ടുണ്ട്.
കാഞ്ചീപുരം, ബനാറസ്, എന്നിവയാണ് മണവാട്ടിമാരുടെ പ്രിയപ്പെട്ട സാരികള്‍. ഭാരം കുറഞ്ഞ സില്‍വര്‍ ടിഷ്യൂ സാരികളാണ് മറ്റൊരു പുതുമ. ഇവ മറ്റു വിശേഷാവസരങ്ങളിലും ഉപയോഗിക്കാനാകും. ബ്ലൗസുകളിലെ വൈവിധ്യവും വിപണിയുടെ പുതുമയാണ്. ഡിസൈനര്‍ ബ്ലൗസുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയുണ്ട്. മിക്ക വസ്ത്രശാലകളിലും റെഡിമെയ്ഡ് ബ്ലൗസ് ശേഖരമുണ്ട്. കലംകാരി, ത്രെഡ് വര്‍ക്ക് ബ്ലൗസുകള്‍ ആവശ്യത്തിനനുസരിച്ച് തെരഞ്ഞെടുക്കാം.

നടി പ്രീത പ്രദീപ് വിവാഹിതരായി

ഫിദ-
കൊച്ചി: സിനിമാസീരിയല്‍ നടി പ്രീത പ്രദീപ് വിവാഹിതയായി. സുഹൃത്തായ വിവേക് വി നായരാണ് വരന്‍. ഇരുവരുടെയും പ്രണയവിവാഹമാണ്.
2018 ഡിസംബര്‍ 18നായിരുന്നു വിവാഹ നിശ്ചയം. ടെലിവിഷന്‍ സീരിയലുകളിലൂടെ പ്രശസ്തയായ നടി ഈയിടെ ഉയരെ എന്ന സിനിമയില്‍ പാര്‍വതി അഭിനയിച്ച പല്ലവി രവീന്ദ്രന്‍ എന്ന കഥാപാത്രത്തിന്റെ സഹോദരിയായി വേഷമിട്ടിരുന്നു. റഫീക്ക് ഇബ്രാഹിം സംവിധാനം ചെയ്ത പടയോട്ടത്തിലും പ്രീത അഭിനയിച്ചിട്ടുണ്ട്.

 

പുതിയ നിക്ഷോപത്തിനൊരുങ്ങാതെ ആലിബാബ

അളക ഖാനം-
ബെയ്ജിംഗ്: ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളിലെ പ്രധാന നിക്ഷേപകരിലൊരാളായ ആലിബാബ ഹോള്‍ഡിംഗ്‌സ് പുതിയ നിക്ഷേപങ്ങള്‍ മരവിപ്പിക്കുന്നു. തത്കാലത്തേക്ക് ഇന്ത്യയില്‍ പുതിയ നിക്ഷേപത്തിനില്ല എന്നാണ് ചൈനീസ് ഇകൊമേഴ്‌സ് സ്ഥാപനമായ ആലിബാബയുടെ നിലപാട്.
ഇന്ത്യയില്‍ പേമെന്റ്‌സ് സ്ഥാപനമായ പേടിഎം, പേടിഎമ്മിന്റെ ഇകൊമേഴ്‌സ് വിഭാഗമായ പേടിഎം മാള്‍, ഭക്ഷണവിതരണ സ്റ്റാര്‍ട്ടപ്പായ സൊമാറ്റോ, ഓണ്‍ലൈന്‍ പലചരക്കു സ്ഥാപനമായ ബിഗ് ബാസ്‌കറ്റ്, ഓണ്‍ലൈന്‍ റീടെയ്‌ലര്‍ സ്‌നാപ്ഡീല്‍, ചരക്കുനീക്ക സ്ഥാപനമായ എക്‌സ്പ്രസ്ബീസ് എന്നിവയിലാണ് ആലിബാബ പ്രധാനമായും നിക്ഷേപം നടത്തിയിട്ടുള്ളത്.
അതിവേഗം വളരുന്ന ഇകൊമേഴ്‌സ് മേഖലയില്‍ ആലിബാബ വലിയ നിക്ഷേപം നടത്തിയിട്ടുള്ള സ്‌നാപ്ഡീല്‍, പേടിഎം മാള്‍ എന്നിവയുടെ പ്രകടനം പ്രതീക്ഷിച്ചപോലെ ഉയരാത്തത് ആലിബാബയെ നിരാശപ്പെടുത്തുന്നുണ്ട്. ഫഌപ്കാര്‍ട്ടിനും ആമസോണിനും വളരെ പിന്നിലാണ് സ്‌നാപ്ഡീല്‍, പേടിഎം മാള്‍ എന്നിവയുടെ സ്ഥാനം. 1,600 കോടി ഡോളറിന് ഫഌപ്കാര്‍ട്ടിനെ വാള്‍മാര്‍ട്ട് ഏറ്റെടുത്തത് ആലിബാബയെ ഞെട്ടിച്ചിരുന്നു. ഇതാണ് സ്വന്തം നാട്ടിലെ ബിസിനസില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ ആലിബാബയെ പ്രേരിപ്പിക്കുന്നത്.

 

ഓഹരി വിപണിയില്‍ ഉത്തേജന പാക്കേജിന്റെ പ്രതിഫലനം

രാംനാഥ് ചാവ്‌ല-
മുംബൈ: ധനമന്ത്രിയുടെ ഉത്തേജന പാക്കേജ് ഓഹരി വിപണിയില്‍ പ്രതിഫലിച്ചു. വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 355 പോയന്റ് ഉയര്‍ന്ന് 37056ലെത്തി. നിഫ്റ്റിയാകട്ടെ 108 പോയന്റ് നേട്ടത്തില്‍ 10,938ലിലാണ്. ബിഎസ്ഇയിലെ 683 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 113 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ്. എച്ച്ഡിഎഫ്‌സി ബാങ്ക്, യുക്കോ ബാങ്ക്, കാനാറ ബാങ്ക്, ഇന്ത്യബുള്‍സ് ഹൗസിങ്, യെസ് ബാങ്ക്, അദാനി പോര്‍ട്‌സ്, ഐഷര്‍ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
ഇന്‍ഫോസിസ്, ടാറ്റ സ്റ്റീല്‍, വേദാന്ത, ഹിന്‍ഡാല്‍കോ, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
ഐടി, ലോഹം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് നഷ്ടത്തില്‍. പൊതുമേഖല ബാങ്ക്, വാഹനം, ഊര്‍ജം, ഇന്‍ഫ്ര, എഫ്എംസിജി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.

സ്വര്‍ണവില വീണ്ടും കുതിച്ചു

ഗായത്രി-
കോഴിക്കോട്: സ്വര്‍ണവില വീണ്ടും കുതിച്ചു. പവന് 28,640 രൂപയായി. പവന് 320 രൂപയാണ് വര്‍ധിച്ചത്. 3580 രൂപയാണ് ഗ്രാമിന്റെ വില. ശനിയാഴ്ചയും പവന് 320 രൂപ വര്‍ധിച്ചിരുന്നു. ആഗോള വിപണിയിലെ വിലവര്‍ധനവും രൂപയുടെ മൂല്യമിടിയലുമാണ് സ്വര്‍ണവില വര്‍ധിക്കാനുള്ള കാരണം.

 

മലയാള സിനിമ ഏറെ ഇഷ്ടം

ഫിദ-
നീനക്ക് ശേഷം തനിക്ക് മലയാളത്തില്‍ മികച്ച വേഷങ്ങളൊന്നും ലഭിക്കാതിരുന്നതിലാണ് വീണ്ടും അഭിനയിക്കാതിരുന്നതെന്ന് ദീപ്തി സതി. ഫെമിന മിസ് ഇന്ത്യ 2014 എന്ന നിലയില്‍ പ്രശസ്തയായ ശേഷമാണ് ദീപ്തി സതി ലാല്‍ ജോസിന്റെ നീന എന്ന ചിത്രത്തില്‍ ശക്തമായ വേഷം അവതരിപ്പിച്ച് സിനിമാ രംഗത്തേയ്ക്ക് എത്തുന്നത്.
നീനയിലെ കഥാപാത്രം മുടിമുറിച്ച ശരീര ഭാഷയില്‍ മറ്റ് സ്ത്രീകളില്‍ നിന്നും വ്യത്യസ്തമായ ഒരു കഥാപാത്രമായിരുന്നെങ്കില്‍ പൃഥ്വിരാജ് ചിത്രത്തില്‍ തനിക്ക് നീണ്ട മുടികളാണെന്നും ദീപ്തി അഭിമുഖത്തില്‍ പറഞ്ഞു.
ലാന്‍ ജൂനിയര്‍ സംവിധാനം ചെയ്ത െ്രെഡവിംഗ് ലൈസെന്‍സില്‍ പൃഥ്വവിരാജിന്റെ ഭാര്യയായാണ് നിലവില്‍ ദീപ്തി അഭിനയിക്കുന്നത്. അതേസമയം കന്നഡ, തമിഴ്, ഹിന്ദി, മറാത്ത ഭാഷകളില്‍ നായികാ പ്രാധാന്യമുള്ള വേഷങ്ങളില്‍ ദീപ്തി എത്തിയിരുന്നു. അപ്പോഴും മലയാളം തന്റെ ഹൃദയത്തോട് അടുത്ത് നില്‍ക്കുന്നുണ്ടായിരുന്നു. അതിനാലാണ് താന്‍ ഇപ്പോള്‍ ശക്തമായ വേഷത്തിലൂടെ തിരിച്ചുവരുന്നതെന്നും അവര്‍ വ്യക്തമാക്കി.

നിര്‍മ്മലയുടെ ഉത്തേജന പാക്കേജില്‍ കണ്ണുംനട്ട് വാഹന വിപണി

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ഇന്ത്യന്‍ വാഹന വിപണി സമാനതകളില്ലാത്ത പ്രതിസന്ധിയാണ് നേരിടുന്നത്. പല വാഹനനിര്‍മ്മാതാക്കളും ഉല്‍പാദനം വെട്ടിച്ചുരുക്കുകയാണ്. ഇതുമൂലം വന്‍ തൊഴില്‍ നഷ്ടമാണ് മേഖലയില്‍ ഉണ്ടാവുന്നത്. വാഹന മേഖലയിലെ പ്രശ്‌നങ്ങളാണ് ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധി പുറത്തറിയുന്നതിന് കാരണമായത്. ധനമന്ത്രി നിര്‍മലാ സീതാരാമന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഉത്തേജന പാക്കേജില്‍ വാഹന മേഖലക്കും ഇളവുകള്‍ നല്‍കിയിട്ടുണ്ട്.
നിലവിലുള്ള ബി.എസ് 4 വാഹനങ്ങള്‍ രജിസ്‌ട്രേഷന്‍ കാലാവധി കഴിയുന്നത് വരെ ഉപയോഗിക്കാമെന്ന് നിര്‍മലാ സീതാരാമന്‍ അറിയിച്ചിട്ടുണ്ട്. സ്വകാര്യ പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് 15 വര്‍ഷവും അല്ലാത്തവക്ക് 10 വര്‍ഷവുമാണ് രജിസ്‌ട്രേഷന്‍ കാലാവധി. ഇതുവരെ വാഹനങ്ങള്‍ ഉപയോഗിക്കുന്നതിന് തടസമില്ല. വാഹനങ്ങളുടെ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ഫീസ് ഉയര്‍ത്താനുള്ള തീരുമാനം 2020 വരെ നടപ്പാക്കില്ലെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. സര്‍ക്കാര്‍ വകുപ്പുകളിലെ പഴയ വാഹനങ്ങള്‍ മാറ്റി പുതിയതാക്കാനും ധനമന്ത്രി അനുമതി നല്‍കിയിട്ടുണ്ട്.
വൈദ്യുതി വാഹനങ്ങള്‍ വ്യാപിപ്പിക്കുന്നതിനായി അടിസ്ഥാനസൗകര്യ വികസനമേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്നും നിര്‍മല വ്യക്തമാക്കിയിട്ടുണ്ട്. ബാങ്കുകള്‍ക്ക് അനുവദിച്ച 70,000 കോടി രൂപ വാഹന വായ്പക്കായും ധനകാര്യ സ്ഥാപനങ്ങള്‍ ഉപയോഗിക്കുമെന്നതിനാല്‍ അതും മേഖലക്കും ഗുണകരമാവും. അതേ സമയം, വാഹന നിര്‍മ്മാതാക്കളുടെ സംഘടനയായ സിയാം ആവശ്യപ്പെട്ട ജി.എസ്.ടി ഇളവ് ഉത്തേജന പാക്കേജില്‍ പ്രഖ്യാപിച്ചിട്ടില്ല.

 

ഇന്ത്യയുടെ ജി.ഡി.പി. വളര്‍ച്ചനിരക്ക് കുറയുമെന്ന് മൂഡീസ്

ഫിദ-
കൊച്ചി: ഇന്ത്യയുടെ ജി.ഡി.പി. വളര്‍ച്ചനിരക്ക് സാമ്പത്തികസേവന സ്ഥാപനമായ മൂഡീസ് ഇന്‍വെസ്‌റ്റേഴ്‌സ് സര്‍വീസ് 6.2 ശതമാനമാക്കി താഴ്ത്തി. ഈവര്‍ഷം 6.8 ശതമാനം വളര്‍ച്ച നേടുമെന്നായിരുന്നു നേരത്തേ പ്രവചിച്ചിരുന്നത്.
തൊഴിലവസരങ്ങളിലെ കുറവ്, ഗ്രാമീണമേഖലയിലെ കുടുംബങ്ങളിലെ ദാരിദ്ര്യം, ബാങ്കിങ് ഇതര ധനകാര്യസ്ഥാപനങ്ങളില്‍നിന്നുള്ള സമ്മര്‍ദം നിമിത്തം അനുഭവപ്പെടുന്ന കടുത്ത സാമ്പത്തികസ്ഥിതി തുടങ്ങിയ ഘടകങ്ങളുടെ സ്വാധീനമാണു വളര്‍ച്ച കുറയാനുള്ള കാരണമായി മൂഡീസ് ചൂണ്ടിക്കാട്ടുന്നത്.
ടുത്തവര്‍ഷത്തെ വളര്‍ച്ചനിരക്കിലും അവര്‍ 0.6 ശതമാനത്തിന്റെ കുറവുവരുത്തിയിട്ടുണ്ട്. പുറത്തുനിന്നുള്ള സമ്മര്‍ദങ്ങള്‍ ഇന്ത്യയെ കാര്യമായി ബാധിച്ചിട്ടില്ല. ആഭ്യന്തര ഘടകങ്ങളാണ് ഇന്ത്യന്‍ സാമ്പത്തികരംഗത്തെ വലിയതോതില്‍ സ്വാധീനിച്ചത് അവര്‍ വ്യക്തമാക്കി.
ജനുവരിമാര്‍ച്ച് പാദത്തില്‍ 5.8 ശതമാനം വളര്‍ച്ചനിരക്കാണ് രാജ്യം രേഖപ്പെടുത്തിയത്. അഞ്ചുവര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. റിസര്‍വ് ബാങ്കും ഈ വര്‍ഷത്തെ സാമ്പത്തികവളര്‍ച്ചനിരക്ക് ഏഴു ശതമാനത്തില്‍നിന്ന് 6.9 ശതമാനമാക്കി കുറച്ചിരുന്നു.

വിക്ക് ഉണ്ടായിരുന്ന തന്നെ രക്ഷിച്ചത് ഋത്വിക് റോഷന്‍

രാംനാഥ് ചാവ്‌ല-
ഒരു കാലത്ത് തനിക്ക് വിക്ക് ഉണ്ടായിരുന്നുവെന്നും ആത്മവിശ്വാസം ഇല്ലാതിരുന്ന തന്നെ അന്ന് സഹായിച്ചത് നടന്‍ ഋത്വിക് റോഷനാണെന്നും ബോളിവുഡ് നടി സമീറ റെഡ്ഡി. ഒരു അഭിമുഖത്തിലാണ് സെമീറയുടെ വെളിപ്പെടുത്തല്‍.
വിക്കുണ്ടായിരുന്നത് കൊണ്ട് മറ്റുള്ളവരുടെ മുന്നില്‍ നിന്ന് സംസാരിക്കാന്‍ എനിക്ക് ഭയമായിരുന്നു. സിനിമയുടെ ഓഡീഷന് വേണ്ടി പോയിരുന്ന കാലത്ത് അതെന്നെ വല്ലാതെ അലട്ടി. പ്രശ്‌നം മനസ്സിലാക്കിയ ഋത്വിക് എനിക്ക് ഒരു പുസ്തകം വായിക്കാന്‍ തന്നു. ആ പുസ്തകം എന്റെ ജീവിതം മാറ്റി മറിച്ചു.
വിക്കുണ്ടായിരുന്ന വ്യക്തിയാണ് ഋത്വിക്. അതൊരു വൈകല്യമല്ല എന്ന് അദ്ദേഹം ജീവിത്തിലൂടെ കാണിച്ചു തന്നു. വ്യത്യസ്ത ശൈലിയില്‍ ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ ഇന്ന് ഋത്വികിന് സാധിക്കും. സൂപ്പര്‍ 30യില്‍ അദ്ദേഹം സംസാരിക്കുന്നത് ബീഹാറി ഛായയുള്ള ഹിന്ദിയാണ്. ഹൃത്വികിന്റെ വിജയം എല്ലാവര്‍ക്കും മാതൃകയാണ് സമീറ പറഞ്ഞു.
ബോളിവുഡില്‍ ഒരുപിടി വേഷങ്ങള്‍ ചെയ്തതിന് ശേഷം വാരണം ആയിരം എന്ന ചിത്രത്തിലൂടെ തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് സമീറ റെഡ്ഡി. മോഹന്‍ലാലിനൊപ്പം ഒരു നാള്‍ വരും എന്ന മലയാള ചിത്രത്തിലും സമീറ വേഷമിട്ടിട്ടു.
വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ് സമീറയിപ്പോള്‍. 2014 ലാണ് സമീറ അക്ഷയ് വര്‍ധയെ വിവാഹം കഴിക്കുന്നത്. സിനിമയില്‍ സജീവമല്ലെങ്കിലും സാമൂഹിക മാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവക്കാറുണ്ട് താരം. ഈയിടെയാണ് സമീറയ്ക്ക് രണ്ടാമത്തെ കുഞ്ഞു പിറന്നത്.

രാജ്യത്ത് വലിയ സാമ്പത്തിക മാന്ദ്യമുണ്ടെന്ന് തുറന്ന് സമ്മതിച്ച് നീതി ആയോഗ്

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: രാജ്യത്ത് വലിയ സാമ്പത്തിക മാന്ദ്യമുണ്ടെന്ന് തുറന്ന് സമ്മതിച്ച് നീതി ആയോഗ്. കഴിഞ്ഞ 70 വര്‍ഷത്തിനിടെ അഭിമുഖീകരിക്കാത്ത സാഹചര്യമാണ് സര്‍ക്കാര്‍ ഇപ്പോള്‍ നേരിടുന്നതെന്നും അസാധാരണമായ ഈ പ്രതിഭാസത്തെ അസാധരണ രീതിയില്‍ നേരിടേണ്ടിവരുമെന്നും നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ പറഞ്ഞു.
സാമ്പത്തിക മേഖലയില്‍ പണലഭ്യതയുടെ പ്രശ്‌നമുണ്ട്. സമ്പദ്‌വ്യവസ്ഥയിലെ സ്വകാര്യ നിക്ഷേപം ദുര്‍ബലമാണ്. 70 വര്‍ഷത്തിനിടെ അഭിമുഖീകരിക്കാത്ത സാഹചര്യമാണ് സര്‍ക്കാര്‍ ഇപ്പോള്‍ നേരിടുന്നത്. സാമ്പത്തിക മേഖല മുഴുവനും പ്രതിസന്ധിയിലാണ്, ആരെയും ആരും വിശ്വസിക്കുന്നില്ല. അസാധാരണ സാഹചര്യത്തില്‍ അസാധാരണമായ നടപടികള്‍ സ്വീകരിക്കേണ്ടിവന്നേക്കാം. സ്വകാര്യമേഖലയുടെ ഈ അവിശ്വാസം മാറ്റിയെടുക്കാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരും സ്വകാര്യമേഖലയും തമ്മിലുള്ള അവിശ്വാസത്തിന്റെ പ്രശ്‌നമല്ലിത്. ആരും ആര്‍ക്കും വായ്പ നല്‍കാന്‍ തയാറാകുന്നില്ല. എല്ലാവരും പണത്തിനുമേല്‍ അടയിരിക്കുകയാണ്. അതിനാല്‍ സമ്പദ്‌വ്യവസ്ഥ മുന്നോട്ട് ചലിക്കുന്നില്ലെന്നും രാജീവ് കുമാര്‍ അഭിപ്രായപ്പെട്ടു.
200914 കാലത്തെ അനിയന്ത്രിതമായ പണ വിതരണവും വായ്പ നല്‍കലുമാണ് ഇതിന് കാരണമെന്നാണ് രാജീവ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. ഇത് വലിയ തോതില്‍ നിഷ്‌ക്രിയ ആസ്തി വര്‍ധിക്കാനിടയാക്കി. നിഷ്‌ക്രിയ ആസ്തി ക്രമാതീതമായി വര്‍ധിച്ചത് ബാങ്കുകളുടെ വായ്പ നല്‍കല്‍ ശേഷം കുറച്ചു. ഇതിനിടയില്‍ സമാന്തര ബാങ്കുകള്‍ വ്യാപകമായി വായ്പ നല്‍കുന്ന നിലയുണ്ടായി. ബാങ്ക് ഇതര ധന സ്ഥാപനങ്ങള്‍ക്ക് ഈ സാഹചര്യം കൈകാര്യം ചെയ്യാനായില്ല.
നോട്ട് നിരോധനവും ജി എസ് ടിയും ഇന്‍സോള്‍വന്‍സി ആന്റ് ബാങ്ക്‌റപ്റ്റ്‌സി കോഡും കാര്യങ്ങളെ മാറ്റിമറിച്ചു. നേരത്തെ 35 ശതമാനം പണവിനിമയമുണ്ടായിരുന്നത് ഇപ്പോള്‍ ഇതിലും വളരെ താഴെയാണ്. നോട്ട് നിരോധനവും ജി എസ് ടിയുമെല്ലാം സങ്കീര്‍ണമായ സാഹചര്യമാണുണ്ടാക്കിയതെന്നും രാജീവ് കുമാര്‍ പറഞ്ഞു.