നിര്‍മ്മലയുടെ ഉത്തേജന പാക്കേജില്‍ കണ്ണുംനട്ട് വാഹന വിപണി

നിര്‍മ്മലയുടെ ഉത്തേജന പാക്കേജില്‍ കണ്ണുംനട്ട് വാഹന വിപണി

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ഇന്ത്യന്‍ വാഹന വിപണി സമാനതകളില്ലാത്ത പ്രതിസന്ധിയാണ് നേരിടുന്നത്. പല വാഹനനിര്‍മ്മാതാക്കളും ഉല്‍പാദനം വെട്ടിച്ചുരുക്കുകയാണ്. ഇതുമൂലം വന്‍ തൊഴില്‍ നഷ്ടമാണ് മേഖലയില്‍ ഉണ്ടാവുന്നത്. വാഹന മേഖലയിലെ പ്രശ്‌നങ്ങളാണ് ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധി പുറത്തറിയുന്നതിന് കാരണമായത്. ധനമന്ത്രി നിര്‍മലാ സീതാരാമന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഉത്തേജന പാക്കേജില്‍ വാഹന മേഖലക്കും ഇളവുകള്‍ നല്‍കിയിട്ടുണ്ട്.
നിലവിലുള്ള ബി.എസ് 4 വാഹനങ്ങള്‍ രജിസ്‌ട്രേഷന്‍ കാലാവധി കഴിയുന്നത് വരെ ഉപയോഗിക്കാമെന്ന് നിര്‍മലാ സീതാരാമന്‍ അറിയിച്ചിട്ടുണ്ട്. സ്വകാര്യ പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് 15 വര്‍ഷവും അല്ലാത്തവക്ക് 10 വര്‍ഷവുമാണ് രജിസ്‌ട്രേഷന്‍ കാലാവധി. ഇതുവരെ വാഹനങ്ങള്‍ ഉപയോഗിക്കുന്നതിന് തടസമില്ല. വാഹനങ്ങളുടെ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ഫീസ് ഉയര്‍ത്താനുള്ള തീരുമാനം 2020 വരെ നടപ്പാക്കില്ലെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. സര്‍ക്കാര്‍ വകുപ്പുകളിലെ പഴയ വാഹനങ്ങള്‍ മാറ്റി പുതിയതാക്കാനും ധനമന്ത്രി അനുമതി നല്‍കിയിട്ടുണ്ട്.
വൈദ്യുതി വാഹനങ്ങള്‍ വ്യാപിപ്പിക്കുന്നതിനായി അടിസ്ഥാനസൗകര്യ വികസനമേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്നും നിര്‍മല വ്യക്തമാക്കിയിട്ടുണ്ട്. ബാങ്കുകള്‍ക്ക് അനുവദിച്ച 70,000 കോടി രൂപ വാഹന വായ്പക്കായും ധനകാര്യ സ്ഥാപനങ്ങള്‍ ഉപയോഗിക്കുമെന്നതിനാല്‍ അതും മേഖലക്കും ഗുണകരമാവും. അതേ സമയം, വാഹന നിര്‍മ്മാതാക്കളുടെ സംഘടനയായ സിയാം ആവശ്യപ്പെട്ട ജി.എസ്.ടി ഇളവ് ഉത്തേജന പാക്കേജില്‍ പ്രഖ്യാപിച്ചിട്ടില്ല.

 

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | site maintained by : HEDONE SERVICES