ഓണ വിപണിയില്‍ പ്രതാപം വീണ്ടെടുത്ത് സാരികള്‍

ഓണ വിപണിയില്‍ പ്രതാപം വീണ്ടെടുത്ത് സാരികള്‍

ഫിദ-
ഓണക്കോടിയില്ലാതെ ഓണമില്ല. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും പ്രത്യേക വസ്ത്രശേഖരവുമായി ഓണക്കാല തിരക്കിലേക്ക് വസ്ത്രവ്യാപാരികള്‍ കടന്നുകഴിഞ്ഞു. ഓണക്കാലത്ത് 50 ശതമാനത്തോളം കച്ചവടം അധികമായി നടക്കും. പ്രളയം തകര്‍ത്ത വിപണിക്ക് ഓണക്കച്ചവടത്തിലാണ് പ്രതീക്ഷ.
ഞൊടിയിടയില്‍ ട്രെന്‍ഡ് മാറിമറിയുന്ന സ്ത്രീകളുടെ വസ്ത്രവിപണിയില്‍ ഓണക്കാലത്ത് സാരി പ്രതാപം വീണ്ടെടുക്കും. ഓണക്കാലത്ത് സാരി വില്‍പ്പന ഉയരുമെന്ന് വ്യാപാരികള്‍ പറയുന്നു. ഡിസൈനര്‍, ഫാന്‍സി, ലിനന്‍ സാരികള്‍ക്ക് ആവശ്യക്കാര്‍ ഏറെയുണ്ട്. കോട്ടണ്‍ സാരികള്‍ക്കും ആവശ്യക്കാരുണ്ട്. ആര്‍ട്ട് സില്‍ക്, സെമി ജ്യൂട്ട് ഫ്‌ലോറല്‍ പ്രിന്റഡ് സാരികള്‍ക്കും വിപണിയുണ്ട്. 600 മുതല്‍ 2500 രൂപവരെയുള്ള സാരികള്‍ക്കാണ് വില്‍്പ്പന കൂടുതല്‍.
പരമ്പരാഗതമായ കൈത്തറിയാല്‍ നിര്‍മിച്ചതും കൈകളാല്‍ നെയ്‌തെടുത്തതുമായ സാരികള്‍ക്കും ആവശ്യക്കാര്‍ കൂടുതലാണ്. പാരമ്പര്യത്തനിമയും പുത്തന്‍ ട്രെന്‍ഡുകളും ഒത്തുചേരുന്നവയാണ് ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്നത്. സാരികള്‍, സല്‍വാര്‍ സെറ്റുകള്‍, കുര്‍ത്തികള്‍, എത്ത്‌നിക് സ്‌കര്‍ട്ടുകള്‍, ലെഹങ്കകള്‍, സെറ്റ് മുണ്ട്, കിഡ്‌സ് വെയര്‍ എന്നിവയുടെ പുതിയ മോഡലുകള്‍ ഓണത്തിന് വിപണിയിലെത്തിയിട്ടുണ്ട്.
പ്രൗഢവും ലളിതവും ആകര്‍ഷകവുമായ മോഡലുകള്‍ എല്ലാവരും വിപണിയിലിറക്കിയിട്ടുണ്ട്. പ്രമുഖ വസ്ത്രശാലകളും തങ്ങളുടേത് മാത്രമായ പ്രത്യേകതരം ഡിസൈനുകളും വിപണിയിലിറക്കിയിട്ടുണ്ട്. ചിങ്ങം മുതല്‍ കല്യാണവിപണി ഉയര്‍ന്നിട്ടുണ്ട്.
കാഞ്ചീപുരം, ബനാറസ്, എന്നിവയാണ് മണവാട്ടിമാരുടെ പ്രിയപ്പെട്ട സാരികള്‍. ഭാരം കുറഞ്ഞ സില്‍വര്‍ ടിഷ്യൂ സാരികളാണ് മറ്റൊരു പുതുമ. ഇവ മറ്റു വിശേഷാവസരങ്ങളിലും ഉപയോഗിക്കാനാകും. ബ്ലൗസുകളിലെ വൈവിധ്യവും വിപണിയുടെ പുതുമയാണ്. ഡിസൈനര്‍ ബ്ലൗസുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയുണ്ട്. മിക്ക വസ്ത്രശാലകളിലും റെഡിമെയ്ഡ് ബ്ലൗസ് ശേഖരമുണ്ട്. കലംകാരി, ത്രെഡ് വര്‍ക്ക് ബ്ലൗസുകള്‍ ആവശ്യത്തിനനുസരിച്ച് തെരഞ്ഞെടുക്കാം.

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | site maintained by : HEDONE SERVICES