രാജ്യത്ത് വലിയ സാമ്പത്തിക മാന്ദ്യമുണ്ടെന്ന് തുറന്ന് സമ്മതിച്ച് നീതി ആയോഗ്

രാജ്യത്ത് വലിയ സാമ്പത്തിക മാന്ദ്യമുണ്ടെന്ന് തുറന്ന് സമ്മതിച്ച് നീതി ആയോഗ്

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: രാജ്യത്ത് വലിയ സാമ്പത്തിക മാന്ദ്യമുണ്ടെന്ന് തുറന്ന് സമ്മതിച്ച് നീതി ആയോഗ്. കഴിഞ്ഞ 70 വര്‍ഷത്തിനിടെ അഭിമുഖീകരിക്കാത്ത സാഹചര്യമാണ് സര്‍ക്കാര്‍ ഇപ്പോള്‍ നേരിടുന്നതെന്നും അസാധാരണമായ ഈ പ്രതിഭാസത്തെ അസാധരണ രീതിയില്‍ നേരിടേണ്ടിവരുമെന്നും നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ പറഞ്ഞു.
സാമ്പത്തിക മേഖലയില്‍ പണലഭ്യതയുടെ പ്രശ്‌നമുണ്ട്. സമ്പദ്‌വ്യവസ്ഥയിലെ സ്വകാര്യ നിക്ഷേപം ദുര്‍ബലമാണ്. 70 വര്‍ഷത്തിനിടെ അഭിമുഖീകരിക്കാത്ത സാഹചര്യമാണ് സര്‍ക്കാര്‍ ഇപ്പോള്‍ നേരിടുന്നത്. സാമ്പത്തിക മേഖല മുഴുവനും പ്രതിസന്ധിയിലാണ്, ആരെയും ആരും വിശ്വസിക്കുന്നില്ല. അസാധാരണ സാഹചര്യത്തില്‍ അസാധാരണമായ നടപടികള്‍ സ്വീകരിക്കേണ്ടിവന്നേക്കാം. സ്വകാര്യമേഖലയുടെ ഈ അവിശ്വാസം മാറ്റിയെടുക്കാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരും സ്വകാര്യമേഖലയും തമ്മിലുള്ള അവിശ്വാസത്തിന്റെ പ്രശ്‌നമല്ലിത്. ആരും ആര്‍ക്കും വായ്പ നല്‍കാന്‍ തയാറാകുന്നില്ല. എല്ലാവരും പണത്തിനുമേല്‍ അടയിരിക്കുകയാണ്. അതിനാല്‍ സമ്പദ്‌വ്യവസ്ഥ മുന്നോട്ട് ചലിക്കുന്നില്ലെന്നും രാജീവ് കുമാര്‍ അഭിപ്രായപ്പെട്ടു.
200914 കാലത്തെ അനിയന്ത്രിതമായ പണ വിതരണവും വായ്പ നല്‍കലുമാണ് ഇതിന് കാരണമെന്നാണ് രാജീവ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. ഇത് വലിയ തോതില്‍ നിഷ്‌ക്രിയ ആസ്തി വര്‍ധിക്കാനിടയാക്കി. നിഷ്‌ക്രിയ ആസ്തി ക്രമാതീതമായി വര്‍ധിച്ചത് ബാങ്കുകളുടെ വായ്പ നല്‍കല്‍ ശേഷം കുറച്ചു. ഇതിനിടയില്‍ സമാന്തര ബാങ്കുകള്‍ വ്യാപകമായി വായ്പ നല്‍കുന്ന നിലയുണ്ടായി. ബാങ്ക് ഇതര ധന സ്ഥാപനങ്ങള്‍ക്ക് ഈ സാഹചര്യം കൈകാര്യം ചെയ്യാനായില്ല.
നോട്ട് നിരോധനവും ജി എസ് ടിയും ഇന്‍സോള്‍വന്‍സി ആന്റ് ബാങ്ക്‌റപ്റ്റ്‌സി കോഡും കാര്യങ്ങളെ മാറ്റിമറിച്ചു. നേരത്തെ 35 ശതമാനം പണവിനിമയമുണ്ടായിരുന്നത് ഇപ്പോള്‍ ഇതിലും വളരെ താഴെയാണ്. നോട്ട് നിരോധനവും ജി എസ് ടിയുമെല്ലാം സങ്കീര്‍ണമായ സാഹചര്യമാണുണ്ടാക്കിയതെന്നും രാജീവ് കുമാര്‍ പറഞ്ഞു.

 

Post Your Comments Here ( Click here for malayalam )
Press Esc to close