Month: February 2022

നല്ല സിനിമയുടെ നിര്‍മ്മിതിക്ക് കോടികളല്ല ആശയമാണ് അനിവാര്യം: കെ ജയകുമാര്‍ ഐ.എ.എസ്.

പി ആര്‍ സുമേരന്‍-
ഏതൊരു കലാരൂപവും മനുഷ്യന് ആത്മവിശ്വാസവും ജീവിത വിശ്വാസവും തരുന്നതായിരിക്കണം. ആ ഒരര്‍ത്ഥത്തില്‍ ‘വെള്ളരിക്കാപ്പട്ടണം’ നമുക്ക് ആത്മവിശ്വാസം തരുന്ന ചിത്രമാണെന്ന് പ്രശസ്ത കവിയും ഗാനരചയിതാവുമായ കെ ജയകുമാര്‍ ഐ.എ.എസ്. പറഞ്ഞു.

പ്രായഭേദമന്യേ എല്ലാവര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന പാട്ടാണ് ചിത്രത്തിലെ ‘ഓടും കുതിര ചാടും കുതിര വെള്ളം കണ്ടാല്‍…’ എന്ന ഞാനെഴുതിയ ഗാനം.


പൊതുവെ ഗാനരചയിതാക്കള്‍ക്ക് ലളിതമായ വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ സാഹിത്യഭംഗി കുറയ്‌ക്കേണ്ടിവരും. പക്ഷേ ഈ ഗാനത്തിന് സംഗീതത്തോടൊപ്പം ലളിതമായ വാക്കുകളും ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും സാന്നിധ്യം വളരെ മനോഹരമാക്കിയിട്ടുണ്ട്.

ഗാനത്തിന്റെ ചിത്രീകരണം തന്നെയാണ് ഈ സിനിമയുടെ മറ്റൊരു ഹൈലൈറ്റ്.
ഈ ഗാനം തന്നെയാണ് ചിത്രത്തിന്റെ ആത്മാവും. വളച്ചുകെട്ടലുകളില്ലാതെ ലളിതമായി കഥ പറയുന്ന ചിത്രമാണ് ‘വെള്ളരിക്കാപ്പട്ടണം’.
ഏതൊരാള്‍ക്കും പുതിയ കാര്യം ചെയ്യാന്‍ ആത്മവിശ്വാസവും ധൈര്യവും നല്‍കുന്ന ചിത്രം കൂടിയാണ് ‘വെള്ളരിക്കാപ്പട്ടണം’. കുട്ടികള്‍ക്കുള്ള പാട്ടെഴുതാന്‍ എനിക്ക് കഴിയും എന്ന് പ്രേക്ഷകരെ ബോധ്യപ്പെടുത്താന്‍ കൂടിയുള്ള അവസരമായി ഞാന്‍ ഈ ഗാനത്തെ കാണുന്നു.

നല്ല ചിത്രങ്ങളുണ്ടാകുന്നതിന് കോടികളുടെ മുതല്‍ മുടക്കല്ല വേണ്ടത് അതിന് വളരെ ലളിതമായി ആശയം പ്രകടിപ്പിക്കാന്‍ കഴിയണം. ‘വെള്ളരിക്കാപ്പട്ടണം’ അത്തരത്തില്‍ വിജയകരമായി രൂപപ്പെടുത്തിയ ചിത്രം കൂടിയാണെന്നും കെ ജയകുമാര്‍ ചൂണ്ടിക്കാട്ടി.

എത്രയെത്ര ഭാവസുന്ദരഗാനങ്ങളാണ് കെ ജയകുമാര്‍ മലയാളികള്‍ക്ക് സമ്മാനിച്ചത്. കാലങ്ങളോളം തലമുറകള്‍ മൂളിനടക്കുന്ന സുന്ദരഗാനങ്ങള്‍.

ഒരു വടക്കന്‍ വീരഗാഥയിലെ ‘ചന്ദനലേപ സുഗന്ധം…’, ‘കളരിവിളക്ക്…’, ‘പക്ഷേ’യിലെ ‘മൂവന്തിയായ്…’, ‘സൂര്യാംശു…’, ‘കിഴക്കുണരും പക്ഷി’യിലെ ‘സൗപര്‍ണ്ണികാമൃതം…’, ‘മഴ’യിലെ ‘എത്രമേല്‍ മണമുള്ള…’, തുടങ്ങി നൂറ് കണക്കിന് സൂപ്പര്‍ഹിറ്റ് ഗാനങ്ങളാണ് ആ തൂലികയില്‍നിന്ന് നമുക്ക് ലഭിച്ചത്.

ഇതിനിടെ കുട്ടികള്‍ക്കായി ഒത്തിരി ആല്‍ബങ്ങളും പാട്ടുകളും രചിച്ചിട്ടുണ്ട്. ആ കുട്ടിപ്പാട്ടുകളില്‍ നിന്നെല്ലാം ഏറെ പുതുമയും ലളിതവുമാണ് ‘വെള്ളരിക്കാപ്പട്ടണത്തിലെ ഈ പാട്ട്.

കുട്ടിപ്പാട്ടുകള്‍ എഴുതുമ്പോള്‍ നമ്മള്‍ ആ കുട്ടിക്കാലത്തേക്ക് മടങ്ങിയാല്‍ സുന്ദരമായ കുട്ടിപ്പാട്ടുകള്‍ എഴുതാമെന്നാണ് കെ ജയകുമാര്‍ പറയുന്നത്.
കുട്ടിപ്പാട്ടുകളോട് തനിക്കേറെ ഇഷ്ടമുണ്ടെന്നും അദ്ദേഹം പറയുന്നു.

മംഗലശ്ശേരി മൂവീസിന്റെ ബാനറില്‍ മോഹന്‍ കെ കുറുപ്പ് നിര്‍മ്മിച്ച് നവാഗത സംവിധായകന്‍ മനീഷ് കുറുപ്പാണ് ‘വെള്ളിക്കാപ്പട്ടണം’ സംവിധാനം ചെയ്യുന്നത്.

ഈ പ്രമോ സോങ്ങിന് മുമ്പ് ചിത്രത്തിന്റേതായി പുറത്തുവിട്ട ഗാനങ്ങള്‍ ഇതിനോടകം ഹിറ്റുകളായി മാറിയിട്ടുണ്ട്. ചിത്രത്തിലെ അഞ്ച് പാട്ടുകളില്‍ രണ്ട് പാട്ടുകള്‍ കെ ജയകുമാര്‍ ഐ. എ. എസും മൂന്ന് പാട്ടുകള്‍ സംവിധായകന്‍ മനീഷ് കുറുപ്പുമാണ് രചിച്ചിരിക്കുന്നത്.

അഭിനേതാക്കള്‍- ടോണി സിജിമോന്‍, ജാന്‍വി ബൈജു, ഗൗരി ഗോപിക, ബിജു സോപാനം, ജയന്‍ ചേര്‍ത്തല, എം ആര്‍ ഗോപകുമാര്‍, കൊച്ചുപ്രേമന്‍, ആല്‍ബര്‍ട്ട് അലക്‌സ്, ടോം ജേക്കബ്.

ക്യാമറ- ധനപാല്‍, സംഗീതം- ശ്രീജിത്ത് ഇടവന, പി ആര്‍ ഒ- പി ആര്‍ സുമേരന്‍.

 

‘വെള്ളരിക്കാപ്പട്ടണത്തിലെ ‘ഓടും കുതിര ചാടും കുതിര…’ ജനശ്രദ്ധ നേടി

മംഗലശ്ശേരി മൂവീസിന്റെ ബാനറില്‍ മോഹന്‍ കുറുപ്പ് നിര്‍മ്മിച്ച് മനീഷ് കുറുപ്പ് സംവിധാനം ചെയ്യുന്ന ‘വെള്ളരിക്കാപ്പട്ടണം’ എന്ന ചിത്രത്തിലെ ‘ഓടും കുതിര ചാടും കുതിര…’ എന്നാരംഭിക്കുന്ന രസകരമായ പ്രൊമോഷന്‍ സോങ്ങ് ജനശ്രദ്ധ നേടി.

മാതൃഭൂമി മ്യൂസിക് സോങ്ങ്‌സ് ആണ് ഈ ഗാനം റിലീസ് ചെയ്തത്. പ്രശസ്ത സിനിമാ സംവിധായകന്‍ വിനയന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ ഗാനം പുറത്തു വിട്ടത്.

സിനിമാ സംവിധായകന്‍ വിനയന്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ…

‘വെള്ളരിക്കാപ്പട്ടണം’ സിനിമയുടെ പുതിയ ഗാനം ഇവിടെ റിലീസ് ചെയ്യുന്നു.
സിനിമയിലേക്കു കടന്നു വരുന്ന പുതിയ കലാകാരന്മാരെ നമ്മള്‍ പ്രോത്സാഹിപ്പിക്കണം…
പ്രിയമുള്ള മനീഷ് കുറുപ്പിനും ‘വെള്ളരിക്കാപ്പട്ടണം’ ടീമിനും ആശംസകള്‍….’

ഈ ചിത്രത്തിലെ അഞ്ച് പാട്ടുകളില്‍ രണ്ട് പാട്ടുകള്‍ പ്രശസ്ത ഗാനരചയിതാവ് കെ. ജയകുമാറും മൂന്ന് പാട്ടുകള്‍ സംവിധായകന്‍ മനീഷ് കുറുപ്പുമാണ് രചിച്ചിരിക്കുന്നത്.


ഇതിന് മുന്‍പ് പുറത്തുവിട്ട ഗാനങ്ങള്‍ ഇതിനോടകം സംഗീതാസ്വാദകരുടെ മനം കവര്‍ന്നുകഴിഞ്ഞു. സോഷ്യല്‍മീഡിയയില്‍ തരംഗമായി ആ ഗാനങ്ങള്‍ ഇപ്പോഴും നിറഞ്ഞുനില്‍ക്കുകയാണ്.

ജീവിതഗന്ധിയായ പ്രമേയമൊരുക്കിയ ചിത്രമാണ് ‘വെള്ളരിക്കാപ്പട്ടണം’. സമൂഹത്തില്‍ നിന്ന് നഷ്ടമായിക്കൊണ്ടിരിക്കുന്ന മൂല്യങ്ങളെ ചിത്രം ചൂണ്ടിക്കാട്ടുകയാണ്.
പരാജയങ്ങളെ ജീവിത വിജയങ്ങളാക്കി മാറ്റുന്ന അതിജീവനത്തിന്റെ കഥയാണ് ‘വെള്ളരിക്കാപ്പട്ടണം’ പറയുന്നത്.

കൃഷിയും അനുബന്ധ പ്രവര്‍ത്തനങ്ങളിലൂടെയുമാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. പക്ഷേ കൃഷി മാത്രമല്ല സിനിമ പറയുന്നത്, ചെറുപ്പക്കാരുടെ സ്വതന്ത്ര ചിന്താഗതിയും സ്വയം കണ്ടെത്തുന്ന പുതുവഴിയിലൂടെ ജീവിത വിജയം നേടിയെടുക്കുന്ന അനുഭവങ്ങള്‍ കൂടി ചിത്രം പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നുണ്ട്.

എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിപ്പിക്കുന്നതിനോടൊപ്പം യുവാക്കള്‍ക്ക് മോട്ടിവേഷന്‍ നല്‍കുന്ന ഒട്ടേറെ മുഹൂര്‍ത്തങ്ങളും വെള്ളരിക്കാപ്പട്ടണത്തില്‍ ഒരുക്കിയിട്ടുണ്ടെന്ന് സംവിധായകന്‍ പറഞ്ഞു.

സസ്‌പെന്‍സും ആക്ഷനും ത്രില്ലും ഒക്കെ പ്രേക്ഷകരെ രസിപ്പിക്കുംവിധം സിനിമയിലുണ്ട്. എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിപ്പിക്കുന്നതിനോടൊപ്പം യുവാക്കള്‍ക്ക് മോട്ടിവേഷന്‍ നല്‍കുന്ന ഒട്ടേറെ മുഹൂര്‍ത്തങ്ങളും ‘വെള്ളരിക്കാപ്പട്ടണ’ത്തില്‍ ഒരുക്കിയിട്ടുണ്ടെന്നും സംവിധായകന്‍ മനീഷ് കുറുപ്പ് ചൂണ്ടിക്കാട്ടി.
‘ജീവിത സാഹചര്യങ്ങളെ പച്ചയായി അവതരിപ്പിക്കുന്ന ഒരു ഫീല്‍ ഗുഡ് മോട്ടിവേഷണല്‍ ചിത്രമാണ് ‘വെള്ളരിക്കാപ്പട്ടണം’. പ്രണയവും, കുടുംബ ജീവിതത്തിന്റെ ആത്മബന്ധങ്ങളും ചിത്രം ചര്‍ച്ചചെയ്യുന്നുണ്ട്’ എന്ന് മനീഷ് കുറുപ്പ് പറയുന്നു.

വെള്ളായണി, ആലപ്പുഴ, പത്തനാപുരം, പുനലൂര്‍ എന്നിവിടങ്ങളിലായിരുന്നു ‘വെള്ളരിക്കാപ്പട്ടണ’ത്തിന്റെ ചിത്രീകരണം.

മുന്‍മന്ത്രിമാരായ കെ കെ ശൈലജയും വി എസ് സുനില്‍കുമാറും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നതും ‘വെള്ളരിക്കാപ്പട്ടണ’ത്തിന്റെ പുതുമയാണ്.

അഭിനേതാക്കള്‍ ടോണി സിജിമോന്‍, ജാന്‍വി ബൈജു, ഗൗരി ഗോപിക, ബിജു സോപാനം, ജയന്‍ ചേര്‍ത്തല, എം ആര്‍ ഗോപകുമാര്‍, കൊച്ചുപ്രേമന്‍, ജയകുമാര്‍, ആദര്‍ശ് ചിറ്റാര്‍, ദീപു നാവായിക്കുളം, കവിത, മഞ്ജു പുനലൂര്‍, സൂരജ് സജീവ്.

ഛായാഗ്രഹണം- ധനപാല്‍, സംഗീതം- ശ്രീജിത്ത് ഇടവന, ഗാനരചന- കെ. ജയകുമാര്‍, മനീഷ് കുറുപ്പ്, സംവിധാനസഹായികള്‍- വിജിത്ത് വേണുഗോപാല്‍, അഖില്‍ ജെ പി, ജ്യോതിഷ് ആരംപുന്ന, മേക്കപ്പ്- ഇര്‍ഫാന്‍ ഇമാം, സതീഷ് മേക്കോവര്‍, സ്റ്റില്‍സ്- അനീഷ് വീഡിയോക്കാരന്‍, കളറിസ്റ്റ്- മഹാദേവന്‍, സി. ജിവിഷ്ണു പുളിയറ, മഹേഷ് കേശവ്, ടൈറ്റില്‍ ഡിസൈന്‍- സുധീഷ് കരുനാഗപ്പള്ളി, ടെക് സപ്പോര്‍ട്ട്- ബാലു പരമേശ്വര്‍, പി.ആര്‍.ഒ.- പി.ആര്‍. സുമേരന്‍, പരസ്യകല- കൃഷ്ണപ്രസാദ് കെ.വി., സെക്കന്റ് യൂണിറ്റ് ക്യാമറ- വരുണ്‍ ശ്രീപ്രസാദ്, മണിലാല്‍, സൗണ്ട് ഡിസൈന്‍- ഷൈന്‍ പി. ജോണ്‍, ശബ്ദമിശ്രണം- ശങ്കര്‍ എന്നിവരാണ് ‘വെള്ളരിക്കാപ്പട്ടണ’ത്തിന്റെ അണിയറപ്രവര്‍ത്തകര്‍.

‘ആദിവാസി’ രണ്ടാമത്തെ പോസ്റ്റര്‍ റിലീസായി

ലോകത്തില്‍ ഏറ്റവും വെറുക്കപ്പെട്ട സെല്‍ഫിയുമായി ‘ആദിവാസി’ എന്ന ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റര്‍ റിലീസായി.

ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിടെ എടുത്ത സെല്‍ഫി ഏറെ ചര്‍ച്ചയായിരുന്നു.

ഉടന്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്റെ ട്രീസറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു…

മധുവിന്റെ ജീവിതം പ്രമേയമാകുന്ന സിനിമ ‘ആദിവാസി’. ഏരിസിന്റെ ബാനറില്‍ കവിയും ഹോളിവുഡ് സംവിധായകനുമായ ഡോ. സോഹന്‍ റോയ് നിര്‍മ്മിക്കുന്നു.

ശരത് അപ്പാനി പ്രധാന വേഷത്തില്‍ അഭിനയിച്ച ഈ സിനിമയുടെ കഥയെഴുതി സംവിധാനം ചെയ്യുന്നഥ് വിജീഷ് മണിയാണ്.
മധുവിന്റെ കൊലപാതക കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ട് എന്ന ബന്ധുക്കളുടെ ആരോപണം നിലനില്‍ക്കെയാണ് പോസ്റ്റര്‍ റിലീസായത്.

അപ്പാനി ശരത്തിനോടൊപ്പം ചന്ദ്രന്‍ മാരി, വിയാന്‍, മുരുകേഷ് ഭുതുവഴി, മുത്തുമണി, രാജേഷ് ബി, പ്രകാശ് വാടിക്കല്‍, റോജി പി കുര്യന്‍, വടികയമ്മ, ശ്രീകുട്ടി, അമൃത, മാസ്റ്റര്‍ മണികണ്ഠന്‍, ബേബി ദേവിക തുടങ്ങിയവരും അഭിനയിക്കുന്നു.

പ്രൊഡക്ഷന്‍ ഹൗസ് അനശ്വര ചാരിറ്റബിള്‍ ട്രസ്റ്റ്, ഛായാഗ്രാഹണം- പി മുരുഗേശ്, എഡിറ്റര്‍- ബി ലെനിന്‍, സംഭാഷണം, ഗാനരചന- ചന്ദ്രന്‍ മാരി, സംഗീതം- രതീഷ് വേഗ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- മാരുതി ക്രിഷ്, ആര്‍ട്ട് ഡയറക്ടര്‍- കൈലാഷ്, മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂര്‍, കോസ്റ്റ്യൂമര്‍- ബുസി ബേബിജോണ്‍,
സൗണ്ട് ഡിസൈന്‍- ഗണേഷ് മാരാര്‍, ലൈന്‍ പ്രൊഡ്യൂസര്‍- വിയാന്‍, പ്രൊജക്റ്റ് ഡിസൈനര്‍- ബാദുഷ, സ്റ്റില്‍സ്- രാമദാസ് മാത്തൂര്‍, പി ആര്‍ ഒ- എ എസ് ദിനേശ്.

‘അവള്‍ക്കൊപ്പം’ ടൈറ്റില്‍ പോസ്റ്ററും കാസ്റ്റിംങ് കോളും ഒരുമിച്ച് റിലീസ് ചെയ്തു

ഒരു സംഭവ കഥയെ ആസ്പദമാക്കി ഒരുക്കിയ ‘ശുഭരാത്രി’ എന്ന ചിത്രത്തിനു ശേഷം മറ്റൊരു സംഭവ കഥയെ പശ്ചാത്തലമാക്കി കെ.പി. വ്യാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘അവള്‍ക്കൊപ്പം’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും കാസ്റ്റിംങ് കോളും ഒരുമിച്ച് റിലീസ് ചെയ്തു.

യു കെ സ്റ്റുഡിയോസിന്റെ സഹകരണത്തോടെ ഫിലിം ക്രാഫ്റ്റ് അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍, സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ഉണ്ടാവുന്ന മാനസികാരോഗ്യപരമായ എല്ലാകാര്യങ്ങളിലും പരിഹാരം കാണാന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥയാണ് നായിക കഥാപാത്രം.

ICDS പ്രോജക്ടിന് കീഴില്‍ ഒരു സൈക്കോസോഷ്യല്‍ കൗണ്‍സിലറായ ഈ യുവതി, തന്റെ ജോലിക്കിടയില്‍ പരിചയപ്പെടുന്ന ഒരു പെണ്‍കുട്ടിക്ക് വേണ്ടി നടത്തുന്ന പോരാട്ടത്തിന്റെ കഥ പറയുന്ന ചിത്രമാണ് ‘അവള്‍ക്കൊപ്പം’.

മലയാളത്തിലെ പ്രമുഖ നായിക മുഖ്യ വേഷത്തില്‍ അഭിനയിക്കുന്ന ഈ ചിത്രത്തില്‍ തുല്യ പ്രാധാന്യമുള്ള വേഷത്തില്‍ അഭിനയിക്കാന്‍ ഒമ്പതിനും പതിനൊന്നിനും ഇടയില്‍ പ്രായമുള്ള വെളുത്ത മെലിഞ്ഞ പെണ്‍ക്കുട്ടിയെ ആവശ്യമുണ്ട്. ഒപ്പം, പത്ത് വയസ്സുളള ഒരു ആണ്‍കുട്ടിക്കും അഭിനയിക്കാന്‍ അവസരമുണ്ട്. വിവധ സൈസിലുള്ള എഡിറ്റ് ചെയ്യാത്ത ഫോട്ടോകളും 35 സെക്കന്റില്‍ കവിയാത്ത വീഡിയോയും മാര്‍ച്ച് ഒന്നിന് മുമ്പ് kpvyasanfilmmaker@gmail.com എന്ന മെയില്‍ ഐഡിയില്‍ അയയ്ക്കുക.

പി ആര്‍ ഒ- എ എസ് ദിനേശ്.

‘ഭീഷ്മ പര്‍വ്വംത്തിലെ ശ്രീനാഥ് ഭാസി പാടിയ ‘പറുദീസ…’ എന്നാരംഭിക്കുന്ന ഗാനം റിലീസായി

മെഗാസ്റ്റാര്‍ മമ്മുട്ടിയെ നായകനാക്കി അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്ന് തിരക്കഥയെഴുതി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ‘ഭീഷ്മ പര്‍വ്വം’ എന്ന ചിത്രത്തിലെ ശ്രീനാഥ് ഭാസി പാടിയ ‘പറുദീസ…’ എന്നാരംഭിക്കുന്ന ഗാനം റിലീസായി.
ഗാനത്തിന്റെ വരികള്‍ വിനായക് ശശികുമാര്‍ ആണ് ഒരുക്കിയിരിക്കുന്നത്.

ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മാര്‍ച്ച് 3ന് ചിത്രം തീയെറ്ററുകളിലെത്തും.

അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അമല്‍ നീരദ് തന്നെയാണ് ‘ഭീഷ്മ പര്‍വ്വം’ എന്ന ചിത്രത്തിന്റെ നിര്‍മ്മാണം. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍ അരുണ്‍ ഉണ്ണികൃഷ്ണന്‍ & അബിന്‍ തോമസ് ബിജു.

ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, നെടുമുടി വേണു, അബു സലിം, പദ്മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ജിനു ജോസഫ്, സുദേവ് നായര്‍, കെ.പി.എ.സി. ലളിത, നദിയ മൊയ്തു, ലെന, തബു, ശ്രിന്ദ, വീണ നന്ദകുമാര്‍, തുടങ്ങി വലിയ താരനിരയാണ് അണിനിരക്കുന്നത്.

ഛായാഗ്രഹണം- ആനന്ദ് സി. ചന്ദ്രന്‍, എഡിറ്റിംഗ്- വിവേക് ഹര്‍ഷന്‍, സംഗീതം- സുഷിന്‍ ശ്യാം, രചന- അമല്‍ നീരദ് & ദേവദത്ത് ഷാജി, അഡീഷണല്‍ സ്‌ക്രിപ്റ്റ്- രവിശങ്കര്‍, അഡീഷണല്‍ ഡയലോഗ്- RJ മുരുകന്‍, വരികള്‍- റഫീഖ് അഹമ്മദ്, വിനായക് ശശികുമാര്‍, ടീസര്‍ സംഗീതം മിക്‌സിംഗ്- അബിന്‍ പോള്‍, പ്രൊഡക്ഷന്‍ ഡിസൈന്‍- സുനില്‍ ബാബു, ജോസഫ് നെല്ലിക്കല്‍, വസ്ത്രാലങ്കാരം- സമീറ സനീഷ്, സൗണ്ട് ഡിസൈന്‍- തപസ് നായക്, പ്രൊഡക്ഷന്‍ സൗണ്ട്- അജീഷ് ഓമനക്കുട്ടന്‍, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, സ്റ്റണ്ട് ഡയറക്ടര്‍- സുപ്രീം സുന്ദര്‍, കൊറിയോഗ്രാഫര്‍മാര്‍- സുമേഷ് & ജിഷ്ണു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീപക് പരമേശ്വരന്‍, അസോസിയേറ്റ് ഡയറക്ടര്‍- ലിനു ആന്റണി, സ്റ്റില്‍സ്- ഹാസിഫ് ആബിദ ഹക്കീം, ഡിസൈന്‍- ഓള്‍ഡ്‌മോങ്‌സ്.

മമ്മൂട്ടി, മോഹന്‍ലാല്‍ ഹിറ്റ് ചിത്രങ്ങളിലെ ബാലതാരം ‘വെള്ളരിക്കാപ്പട്ടണ’ത്തില്‍ നായകന്‍…

മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ ‘പളുങ്ക്’, ‘ഭ്രമരം’, ‘മായാവി’, ‘ചോട്ടാ മുംബൈ’ എന്നീ ചിത്രങ്ങളില്‍ ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച യുവനടന്‍ ടോണി സിജിമോന്‍ നായകനിരയിലേക്ക്.

മംഗലശ്ശേരി മൂവീസിന്റെ ബാനറില്‍ മോഹന്‍ കെ കുറുപ്പ് നിര്‍മ്മിച്ച് നവാഗത സംവിധായകന്‍ മനീഷ് കുറുപ്പ് ഒരുക്കിയ ‘വെള്ളരിക്കാപ്പട്ടണം’ എന്ന പുതിയ ചിത്രത്തിലൂടെയാണ് ഒരു കാലത്ത് മലയാളികളുടെ പ്രിയ ബാലതാരമായിരുന്ന ടോണി സിജിമോന്‍ നായകനാകുന്നത്.

ഏറെ സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രമേയമാണ് ‘വെള്ളരിക്കാപ്പട്ടണത്തിന്റേത്. അത്തരമൊരു പോസിറ്റീവ് ചിന്തയൊരുക്കുന്ന ചിത്രത്തിലൂടെ നായകനിരയിലേക്ക് എത്തുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ടോണി സിജിമോന്‍ പറഞ്ഞു. ഒന്നിനോടും താല്‍പര്യമില്ലാതെ അലസമായി ജീവിതം തള്ളിനീക്കുന്ന പുത്തന്‍ തലമുറയ്ക്ക് ഒരു പുതിയ ദിശാബോധം നല്‍കുന്ന സിനിമയാണ് ‘വെള്ളരിക്കാപ്പട്ടണം’.

നമുക്ക് ചുറ്റുമുള്ള ജീവിത സാധ്യതകളെ പ്രയോജനപ്പെടുത്തി മുന്നേറിയാല്‍ ഏതൊരു പരാജിതന്റെയും ജീവിതം വിജയിക്കുമെന്നാണ് ഈ ചിത്രം സൂചിപ്പിക്കുന്നത്.

നല്ല പ്രമേയം, അതിലേറെ മികച്ച അവതരണം ‘വെള്ളരിക്കാപ്പട്ടണത്തിലൂടെ നായകനാകുന്നതില്‍ തനിക്ക് അഭിമാനമുണ്ടെന്നും ടോണി സിജിമോന്‍ പറഞ്ഞു.

സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായിരുന്ന ‘പളുങ്ക്’, ‘മാടമ്പി’, ‘ചോട്ടാമും ബൈ’, ‘മായാവി’, ‘ഹലോ’, ‘ഭ്രമരം’ തുടങ്ങിയ ചിത്രങ്ങളില്‍ ബാലതാരമായാണ് ടോണി സിജിമോന്‍ സിനിമയിലേക്കെത്തുന്നത്. ഈ ചിത്രങ്ങളിലെല്ലാം തന്നെ ഏറെ ശ്രദ്ധേയമായ കഥാപാത്രങ്ങളായിരുന്നു ടോണിയുടേത്.

ചാനല്‍ ഷോകളില്‍ ബാലതാരമായി തിളങ്ങിയ ഈ കൊച്ചുമിടുക്കനെ മമ്മൂട്ടി ചിത്രമായ ‘പളുങ്കിലൂടെ സംവിധായകന്‍ ബ്ലെസിയാണ് ബിഗ്‌സ്‌ക്രീനിലേക്ക് കൊണ്ടുവരുന്നത്. പിന്നീട് ഹിറ്റ് ചിത്രങ്ങളിലൊക്കെ ബാലതാരമായി തിളങ്ങി.

നല്ല ചിത്രങ്ങളുടെ ഭാഗമാകുക, നല്ല കഥാപാത്രങ്ങളാകുക, അതാണ് എന്റെ അഗ്രഹം. സിനിമയെ ഏറെ ഇഷ്ടപ്പെടുന്ന ടോണി സിജിമോന്‍ പറയുന്നു.

മമ്മൂക്കയ്ക്കും ലാലേട്ടനുമൊപ്പം അഭിനയിക്കുവാന്‍ കഴിയുക ഏത് ആര്‍ട്ടിസ്റ്റിന്റെയും വലിയ സ്വപ്നമാണ്. ഭാഗ്യം കൊണ്ട് എനിക്കതിന് സാധിച്ചു. ആ മഹാനടന്മാരുടെ ചിത്രങ്ങളുടെ ഭാഗമാകാന്‍ കഴിഞ്ഞത് തന്നെ വലിയ അനുഗ്രഹമായി കാണുന്നു.

സിനിമയിലേക്ക് വഴി തുറന്നുതന്ന സംവിധായകന്‍ ബ്ലസ്സി സാറിനോട് എന്നും കടപ്പാടുണ്ടായിരിക്കുമെന്നും ടോണി സിജിമോന്‍ പറഞ്ഞു.

എഞ്ചിനീയറിംഗ് ബിരുദം നേടിയ ടോണി ഇപ്പോള്‍ തിരുവനന്തപുരം ഇന്‍ഫോസിസില്‍ ജോലി ചെയ്യുകയാണ്.

‘വെള്ളരിക്കാപ്പട്ടണത്തിലൂടെ മുന്‍മന്ത്രിമാരായ കെ കെ ശൈലജയും, വി എസ് സുനില്‍കുമാറും ആദ്യമായി വെള്ളിത്തിരയിലെത്തുകയാണ്. അതും ഈ സിനിമയുടെ മറ്റൊരു പുതുമയാണ്.

യുവനടിമാരായ ജാന്‍വി ബൈജുവും, ഗൗരി ഗോപികയുമാണ് നായികമാര്‍. ചിത്രത്തിലെ ഗാനങ്ങള്‍ പ്രശസ്ത കവിയും, ഗാനരചയിതാവുമായ കെ ജയകുമാര്‍ ഐ.എ.എസ്സ് ആണ് രചിച്ചിരിക്കുന്നത് ഒപ്പം സംവിധായകന്‍ മനീഷ് കുറുപ്പും ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്.

അഭിനേതാക്കള്‍- ടോണി സിജിമോന്‍, ജാന്‍വി ബൈജു, ഗൗരി ഗോപിക, ബിജു സോപാനം, ജയന്‍ ചേര്‍ത്തല, എം ആര്‍ ഗോപകുമാര്‍, കൊച്ചുപ്രേമന്‍,ആല്‍ബര്‍ട്ട് അലക്‌സ്, ടോം ജേക്കബ്, ജയകുമാര്‍, ആദര്‍ശ് ചിറ്റാര്‍, ദീപു നാവായിക്കുളം, കവിത, മഞ്ജു പുനലൂര്‍, അജയ് വിഷ്ണു, മാസ്റ്റര്‍ സൂരജ്, മാസ്റ്റര്‍ അഭിനന്ദ്, മാസ്റ്റര്‍ അഭിനവ്.

ക്യാമറ- ധനപാല്‍, സംഗീതം- ശ്രീജിത്ത് ഇടവന, പി ആര്‍ ഒ- പി ആര്‍ സുമേരന്‍.

 

‘ആറ്റുവഞ്ഞിപ്പൂക്കള്‍’ വാലന്റൈന്‍സ് സ്‌പെഷ്യല്‍ പ്രണയഗാനം റിലീസായി

 

മലയാളത്തിലെ യുവതാരങ്ങളായ ടോണി സിജിമോനെയും ജാന്‍വി ബൈജുവിനെയും പ്രണയജോഡികളാക്കി യുവസംവിധായകന്‍ ശ്യാം മംഗലത്ത് സംവിധാനം ചെയ്ത, ‘ആറ്റുവഞ്ഞിപ്പൂക്കള്‍’ എന്ന പ്രണയഗാനം റിലീസായി.

ഒട്ടേറെ പ്രമുഖ സംവിധായകരുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച ശ്യാം മംഗലത്ത് ഒരുക്കിയ ഈ പ്രണയഗാനം സംഗീതാസ്വാദകര്‍ നെഞ്ചിലേറ്റിക്കഴിഞ്ഞു.

പ്രണയത്തിന്റെ നോവും നൊമ്പരവും ഇഴപിരിയാതെ പോകുന്ന ആര്‍ദ്രമായൊരു പ്രണയഗാനമാണ് ആറ്റുവഞ്ഞിപ്പൂക്കളിലൂടെ ഒഴുകിയെത്തുന്നത്.

പ്രണയത്തിന്റെ വിരഹവും സാന്ത്വനവുമൊക്കെ ഒപ്പിയെടുക്കുന്ന സുന്ദരമായ ഫ്രെയിമും ഈ ഗാനത്തില്‍ ഒരുക്കിയിട്ടുണ്ട്. ഏറെക്കാലത്തിന് ശേഷം മലയാളികളില്‍ പ്രണയത്തിന്റെ വസന്തമൊരുക്കുന്ന അനുഭവം കൂടിയാണ് ഈ ഗാനം.

ഏറെ പുതുമയും വ്യത്യസ്തവുമായ പ്രമേയത്താലും ഇതിനകം ശ്രദ്ധ നേടിയ ‘വെള്ളരിക്കാപ്പട്ടണം’ എന്ന പുതിയ സിനിമയിലെ കേന്ദ്രകഥാപാത്രങ്ങളാണ് ടോണി സിജിമോനും ജാന്‍വി ബൈജുവും.

നവാഗത ഗാനരചയിതാവ് ബിന്ദു പി മേനോന്റെ വരികള്‍ക്ക് യുവസംഗീത സംവിധായകന്‍ പ്രശാന്ത് മോഹന്‍ എം പി യാണ് സംഗീതം നല്‍കിയിരിക്കുന്നത്.

തെന്നിന്ത്യന്‍ സംഗീത ലോകത്തെ ഭാവഗായകനും മലയാളികളുടെ പ്രണയഗാനങ്ങളുടെ പ്രിയപ്പെട്ട പാട്ടുകാരനുമായ ഉണ്ണിമേനോനുമാണ് ആറ്റുവഞ്ഞിപ്പൂക്കള്‍ ആലപിച്ചിരിക്കുന്നത്. ഉണ്ണിമേനോന്‍ ആലപിച്ചിട്ടുള്ള പ്രണയഗാനങ്ങളുടെ പട്ടികയിലെ മറ്റൊരു സ്‌നേഹാര്‍ദ്രഗാനം കൂടിയാണ് ആറ്റുവഞ്ഞിപ്പൂക്കള്‍.

ബാനര്‍- ബ്ലിസ്‌റൂട്ട്‌സ് പ്രസന്റ്‌സ്, സംവിധാനം- ശ്യാം മംഗലത്ത്, നിര്‍മ്മാണം- രൂപേഷ് ജോര്‍ജ്ജ്, ഗാനര- ചനബിന്ദു പി മേനോന്‍, സംഗീതം- പ്രശാന്ത് മോഹന്‍ എം പി, ആലാപനം- ഉണ്ണി മേനോന്‍, ക്യാമറ- അമല്‍, സുമേഷ്, വൈഷ്ണവ്, എഡിറ്റര്‍- അനില്‍ ലോട്ടസ് ഐ, മേക്കപ്പ്- അരുണ്‍ വെള്ളികോത്ത്, അസിസ്റ്റന്റ് ഡയറക്ടര്‍-മനീഷ് കണ്ണന്‍, ആര്‍ട്ട്- സുജിത്ത് കെ എസ്, സ്റ്റില്‍സ്- അമല്‍ സി എസ്, പി ആര്‍ ഒ- പി ആര്‍ സുമേരന്‍.

സിനിമാ പോസ്റ്ററൊട്ടിപ്പുകാരന്‍.. നടന്‍.. സംവിധായകന്‍… ‘ഓലക്കൊട്ടക’യുടെ രചയിതാവ്

എം.എം. കമ്മത്ത്- 
അഞ്ചല്‍: ‘ഹൃദയം’ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ ഒരു ചെറുപ്പക്കാരന്‍ ചുവരില്‍ ഒട്ടിക്കുന്ന വിഡിയോ ഷെയര്‍ ചെയ്തുകൊണ്ട് വിനീത് ശ്രീനിവാസന്‍ കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കില്‍ ഇട്ട പോസ്റ്റ് വയറലായിരുന്നു.

 

വിനീത് ശ്രീനിവാസന്‍ കുറിച്ചു. ‘സുധീഷിനെ വര്‍ഷങ്ങളായി പരിചയമുണ്ട്. പോസ്റ്റര്‍ ഒട്ടിക്കുന്ന ജോലി ചെയ്യുന്നയാളാണ്. സുധീഷ് മഞ്ഞപ്പാറയുടെ ‘ഓലക്കൊട്ടക’ എന്ന പുസ്തകം ഇപ്പോള്‍ വിപണിയിലുണ്ട്. നോവല്‍ കയ്യില്‍ക്കിട്ടാന്‍ കാത്തിരിക്കുന്നു’ എന്ന്.

 

17 വര്‍ഷം സിനിമാ പോസ്റ്റര്‍ ഒട്ടിക്കുകയും തിയറ്ററുകളില്‍ ക്ലീനിങ് ഉള്‍പ്പെടെയുള്ള ജോലികള്‍ നോക്കുകയും ചെയ്ത സുധീഷ് മഞ്ഞപ്പാറ തന്റെ ജീവിതം തന്നെയാണ് ‘ഓലക്കൊട്ടക’ എന്ന നോവലില്‍ എഴുതിയിരിക്കുന്നത്. ഇവിടെ അഞ്ചല്‍, മഞ്ഞപ്പാറ, പാറവിള പുത്തന്‍ വീട്ടില്‍ സുകുമാരന്‍ ആചാരിയുടെയും രാജമ്മയുടെയും മകന്‍ സുധീഷ് മഞ്ഞപ്പാറ, സിനിമ ന്യൂസ് ഏജന്‍സിയോട് തന്റെ മനസ്സ് തുറക്കുകയാണ്.

‘എവിടെ തുടങ്ങണം, എങ്ങനെ തുടങ്ങണം എന്ന് എനിക്കറിയില്ല. കാരണം പിന്നിലേക്ക് നോക്കുമ്പോള്‍ പിന്നിട്ട വഴികളില്‍ കയ്പ്പും മധുരവും ഏറിയ ഒരുപാട് അനുഭവങ്ങള്‍…
ഞാന്‍ ഒരു എഴുത്തുകാരനല്ല. സാഹചര്യമാണ് എന്നെ ഒരെഴുത്തുകാരന്‍ ആക്കിയത്. ആയതിനാല്‍ വലിയ എഴുത്തുകാരെ പോലുള്ള സാഹിത്യഭാഷ എനിക്കറിയില്ല. വല്യമ്മച്ചി (അമ്മുമ്മ)യുടെ മുറുക്കാന്‍ കടയിലെ ചാക്ക് ബോര്‍ഡില്‍, സമീപത്തെ തീയേറ്ററുകളായ ഐശ്വര്യയുടെയും അനുപമയുടെയും ഈര്‍ക്കില്‍ കുത്തി വച്ച സിനിമ പോസ്റ്റര്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്.
വീട്ടിനടുത്ത് കോട്ടുക്കല്‍ അനു സിനി ഹൗസ് എന്ന ഓലക്കോട്ടകയില്‍ നിന്നാണ്സിനിമ കണ്ടു വളര്‍ന്നത്. കാലക്രമേണ എപ്പോഴോ എന്റെ മനസ്സില്‍ സിനിമ ഒരു ഹരമായികടന്നുകയറി.

പഠനത്തില്‍ ഞാന്‍ എപ്പോഴും എല്ലാ സ്റ്റാന്‍ഡുകളിലും പിന്‍ ബെഞ്ചില്‍ ആയിരുന്നു. വീട്ടിനടുത്ത്അശോകണ്ണന്‍വാടകയ്ക്ക് താമസിക്കാന്‍ വന്നുതിയേറ്ററിലെ പോസ്റ്റര്‍ ഒട്ടിപ്പ്കാരനായിരുന്നു അദ്ദേഹം. എങ്ങനെയും പത്താം ക്ലാസ് പരീക്ഷ കഴിയാന്‍ കാത്തിരുന്നു. 1999 ലെ പരീക്ഷ കഴിഞ്ഞ് അശോകണ്ണനോടൊപ്പം ഞാനും തിയേറ്ററില്‍ പോയി. വല്ലാത്ത ആശ്ചര്യവും സന്തോഷവും ആയിരുന്നു കാരണം ടിക്കറ്റെടുക്കാതെ എത്ര സിനിമ വേണമെങ്കിലും കാണാം.
മൂത്രപ്പുര കഴുകലും പോസ്റ്റര്‍ ഒട്ടിക്കലും ആയിരുന്നു എന്റെ ജോലി.

സെക്കന്‍ഡ് ഷോ കേട്ട് ഇടുങ്ങിയ പോസ്റ്റര്‍ മുറിയില്‍ കിടക്കുമ്പോള്‍ എന്നെങ്കിലും ഞാന്‍ അഭിനയിച്ച സിനിമയുടെ പോസ്റ്റര്‍ എനിക്ക് ഒട്ടിക്കണം അത് ഈ തിയേറ്ററില്‍ കളിക്കണം. എന്ന് ഞാന്‍ സ്വപ്നങ്ങള്‍ നെയ്തു കൂട്ടി. സ്വപ്നം കാണുന്നത് പോലെയല്ലല്ലോ ജീവിതം. പത്താം ക്ലാസിലെ റിസള്‍ട്ട് വന്നു തോറ്റു സിനിമ ഭ്രാന്ത് കണ്ടു നാട്ടുകാര്‍ എന്നെ കളിയാക്കിസിനിമ ഭ്രാന്തനെന്ന് മുദ്രകുത്തി.

കൂടെ പഠിച്ചവര്‍ അധ്യാപകര്‍ രക്ഷകര്‍ത്താക്കള്‍ എന്നിവരുടെ മുന്നില്‍ ‘എ’ പടത്തിലെ പോസ്റ്ററുമായി ഞാന്‍ ജീവച്ഛവമായി നിന്ന കാലം എല്ലാവരുടെയും നടുവില്‍ ഞാനൊരു സര്‍ക്കസിലെ കോമാളിയെ പോലെ നിന്നു.
ചുറ്റും നിന്നവര്‍ കളിയാക്കി കൈകൊട്ടി ചിരിച്ചു. അപ്പനും അമ്മച്ചിയും ചേച്ചിയും അനിയനും ഒന്നും പറയുന്നത് ഞാന്‍ അനുസരിച്ചിരുന്നില്ല.

ഒടുവില്‍ മദ്രാസിലേക്ക് വണ്ടി കയറി. വിശദമായി ഓലകോട്ടകയിലെ പേജുകള്‍ നിങ്ങളോട് കഥ പറയും. എന്റെ സിനിമ തീയറ്ററിലെ പോസ്റ്റര്‍ ഒട്ടിപ്പ്, ജീവിതത്തിലെ അനുഭവങ്ങള്‍, നേരില്‍കണ്ട് കഥാപാത്രങ്ങള്‍, രാത്രിയിലെ കാഴ്ചകള്‍ ഞാന്‍ കണ്ട ലോകം, ഒക്കെ നിങ്ങള്‍ക്ക് എന്റെ ‘ഓലക്കൊട്ടക’ എന്ന ഈ നോവലില്‍ കാണാന്‍ കഴിയും.

ഒരു സി ക്ലാസ് തീയറ്ററിന്റെ പശ്ചാത്തലത്തിലാണ് ഈ നോവല്‍ തുടങ്ങുന്നത്.

രാവുകളും പകലുകളും കടന്നു നാടും നഗരവും പിന്നിട്ട് റിലീസാകുന്ന സിനിമയുടെ പോസ്റ്റര്‍ ഒട്ടിച്ച തിരികെയെത്തി രാവിലെ തിയേറ്ററിലെ ജോലികള്‍ തീര്‍ത്തു ഉറക്കച്ചടവില്‍ മോണിംഗ് ഷോ കാണാന്‍ കാണികളോട് ഒപ്പം കൂടുമ്പോള്‍ സിനിമ വിജയിക്കണം… വിജയിക്കണമെന്ന് ഉള്ള പ്രാര്‍ത്ഥനയാണ് മനസ്സില്‍.

കാണികള്‍ ഹര്‍ഷാരവങ്ങളും പൊട്ടിച്ചിരികളും മനസ്സില്‍ വല്ലാത്തൊരു കുളിരുകോരി അണിയും. പടം മോശമാണെന്ന് അറിഞ്ഞാല്‍ ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെ ആകും തിയേറ്ററും പരിസരവും. അത് വല്ലാതെ നീറുന്ന കാഴ്ചയാണ്.

ഇടയ്ക്കിടെയുള്ള പത്താംക്ലാസ് തരം പരീക്ഷയില്‍ ഒടുവില്‍ റിസള്‍ട്ട് വന്നു ഞാന്‍ ജയിച്ചു. പലരുടെയും കാല് പിടിച്ച് ഒരുപാട് കഷ്ടപ്പെട്ട് ഒന്ന് രണ്ട് സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയി അഭിനയിച്ചു.

‘എലിപ്പത്തായം’, ‘സ്വയംവരം’, ‘കൊടിയേറ്റം’, ‘ഒരേ കടല്‍’, ‘അഗ്‌നിസാക്ഷി’, ‘ശാന്തം’, ‘കളിയാട്ടം’ തുടങ്ങിയ ചിത്രങ്ങള്‍ എന്നെ തിരുവനന്തപുരത്തെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ എത്തിച്ചു. സ്ഥിരം ഡെലികേറ്റ് ആയിരുന്ന ഞാന്‍ അവിടെ നിന്നുമാണ് സിനിമാ പഠനം ആരംഭിച്ചത്.

സിനിമാ പോസ്റ്റര്‍ ഒട്ടിപ്പ്കാരെ കുറിച്ചുള്ള ഡോക്യുമെന്ററി ചെയ്യുവാനുള്ള ആഗ്രഹം മനസ്സില്‍ പൊന്തിവന്നു. ഒരിക്കല്‍പോലും ക്യാമറക്കണ്ണിലൂടെ നോക്കിയിട്ടില്ലാത്ത ഞാനെങ്ങനെ ഡോക്യുമെന്ററി സംവിധാനം ചെയ്യും? നിരന്തരമായ പരിശ്രമത്തിനൊടുവില്‍ ഇഷ്ട സംവിധായകനായ ശ്യാമപ്രസാദ് സാറിനെ കാണാനിടയായി. ആഗ്രഹം അദ്ദേഹത്തെ അറിയിച്ചു. ഞാനുണ്ട് കൂടെ ധൈര്യമായിട്ട് മുന്നോട്ടു പൊയ്‌ക്കോളൂ. പൂജ മുതല്‍ സര്‍ എന്റെ ഒരു വിളിപ്പുറത്ത് ഉണ്ടായിരുന്നു.

ഒറ്റപ്പെടുത്തല്‍, കുറ്റപ്പെടുത്തല്‍, സാമ്പത്തികം, സമയത്ത് കാല് മാറുക, എന്നീ പ്രശ്‌നങ്ങളെ അഭിമുഖീകരിച്ചു വിരലിലെണ്ണാവുന്ന സുഹൃത്തുക്കളുമായി ഒന്നര വര്‍ഷത്തിനു ശേഷം എന്റെ ഡോക്യുമെന്ററി പൂര്‍ത്തീകരിച്ചു.

കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള തീയറ്ററിലെ പോസ്റ്റര്‍ ഒട്ടിപ്പ് കാരും ചലച്ചിത്ര മേഖലയില്‍ നിന്ന് സുരേഷ് ഗോപി, മേനക, റസൂല്‍പൂക്കുട്ടി, ജി. സുരേഷ് കുമാര്‍, രാജീവ് നാഥ്, രാജീവ് അഞ്ചല്‍, ലിബര്‍ട്ടി ബഷീര്‍ എല്ലാത്തിനുമുപരിയായി തുടക്കം മുതല്‍ ഒടുക്കം വരെ കൂടെ നിന്ന ശ്യാമപ്രസാദ് സാര്‍ ഉള്‍പ്പെടെയുള്ളവര്‍ അണിനിരന്ന ‘കഥയില്‍ ഇല്ലാത്തവര്‍’ എന്ന ഡോക്യുമെന്ററി പുറത്തിറങ്ങി. വലുതും ചെറുതുമായ ഒട്ടനവധി ചലച്ചിത്രോത്സവങ്ങളില്‍ പ്രദര്‍ശിപ്പിച്ചു രണ്ടുമൂന്നു അവാര്‍ഡുകളും കരസ്ഥമാക്കി. എന്റെ സിനിമ യാത്ര വീണ്ടും തുടര്‍ന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് എഴുതിയ നോവലുമായി സംവിധായകന്‍ ജയരാജ് സാറിന്റെ അടുത്തെത്തി അദ്ദേഹത്തിന് എന്റെ നോവലും എഴുതിയ ശൈലിയും ഇഷ്ടപ്പെട്ടു. വര്‍ഷങ്ങള്‍ കഴിഞ്ഞു ‘ഭയാനകം’ എന്ന ചിത്രത്തില്‍ സാറിന്റെ അസിസ്റ്റന്റുകളില്‍ ഒരാളായി പ്രവര്‍ത്തിക്കാന്‍ എനിക്ക് ഭാഗ്യം ലഭിച്ചു. അഭിനയത്തോടുള്ള എന്റെ ആഗ്രഹം മനസ്സിലാക്കിയ അദ്ദേഹം എനിക്ക് ചെറിയൊരു വേഷവും തന്നു.

വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ എഴുതിയ നോവല്‍ പുസ്തകമാക്കാന്‍ അദ്ദേഹം പറഞ്ഞു. പുസ്തകമായി കാണുവാന്‍ ഒരുപാട് അലഞ്ഞു വര്‍ഷങ്ങളോളം എന്റെ അലച്ചില്‍ കണ്ടിട്ടാവാം ദൈവം എന്നെ ഗ്രീന്‍ ബുക്‌സില്‍ എത്തിച്ചു. പിന്നിലേക്കു നോക്കുമ്പോള്‍ ഒരുപാട് മുഖങ്ങള്‍ മനസ്സില്‍ തെളിയുന്നു.

ഒന്നുമല്ലാതിരുന്ന എന്നെ ഇവിടെ വരെ എത്തിച്ച ചില മുഖങ്ങള്‍ പ്രിയ അശോകണ്ണന്‍, അഞ്ചല്‍ അര്‍ച്ചന തിയേറ്റര്‍ ഉടമ ശ്രീ രവീന്ദ്രന്‍ മുതലാളി, അഞ്ചല്‍ വര്‍ഷ തിയേറ്റര്‍ ഉടമ ശ്രീ വിജയകുമാര്‍ സര്‍, വിനീത് ശ്രീനിവാസന്‍ ചേട്ടന്‍, ടിനിടോം ചേട്ടന്‍, പ്രിയപ്പെട്ട ഓസ്‌കാര്‍ റസൂല്‍പൂക്കുട്ടി സര്‍, ജി എസ് വിജയന്‍ സാര്‍, എല്ലാറ്റിനുമുപരിയായി അന്നും ഇന്നും എന്നും കൂടെ നില്‍ക്കുന്ന ശ്യാമ പ്രസാദ് സര്‍, ജയരാജ് സാര്‍, രഞ്ജി പണിക്കര്‍ സാര്‍ എല്ലാവരോടുമുള്ള നന്ദി പറഞ്ഞാല്‍ തീരില്ല. ‘ഓലക്കൊട്ടക’ എന്റെ ജീവിതത്തിന്റെ ഒരു ഭാഗമാണ്. ‘ഓലക്കൊട്ടക’ക്ക് ആമുഖം എഴുതിയത് ജയരാജ് സാറാണ്.

എന്റെ അനുഭവങ്ങള്‍ ഞാന്‍ കണ്ട കാഴ്ചകള്‍ നേരില്‍ കണ്ട ജീവിക്കുന്ന കഥാപാത്രങ്ങള്‍… എന്റെ ഭ്രാന്തിനു തുള്ളുകയും എന്നെ സഹിക്കുകയും ചെയ്ത പ്രിയ പത്‌നി ശരണ്യ.

17 വര്‍ഷത്തെ കയ്പ്പും മധുരവും തന്ന് എന്നെ വളര്‍ത്തിയ അനുഭവങ്ങളെ നന്ദി. ഒരു സിനിമ പോസ്റ്ററൊട്ടിപ്പുകാരനായതില്‍ ഞാന്‍ അഭിമാനിക്കുന്നു.
കൂടെ നില്‍ക്കാം എന്ന് പറഞ്ഞ് സമയത്ത് പിന്‍മാറിയ സുഹൃത്തുക്കളെ… എന്റെ തെറ്റുകള്‍ എന്താണെന്ന് പറഞ്ഞ് മനസ്സിലാക്കി തരാതെ എന്നെ കളിയാക്കിയ, ഭ്രാന്തനെന്നു മുദ്രകുത്തിയ പ്രിയപ്പെട്ടവരെ, ഈ പുസ്തകം അവര്‍ക്കായി കാഴ്ചവയ്ക്കുന്നു. കാരണം അവരാണ് എന്നെ ഇവിടെവരെ എത്തിച്ചത്…’ എന്ന് സുധീഷ് സിനിമ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.

സിനിമയിലെപ്പോലെ ട്വിസ്റ്റുകള്‍ ഒട്ടേറെയുള്ള ജീവിതമാണ് സുധീഷിന്റേത്. മദ്രാസിലേക്കു നാടുവിട്ടാല്‍ സിനിമാക്കാരനാകാമെന്നു കേട്ട് പണ്ട് അങ്ങനെ ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. പിന്നീട് നാട്ടിലേക്ക് തിരിച്ചെത്തി സിനിമ പോസ്റ്റര്‍ ഒട്ടിപ്പ് തുടരുകയും, അതിനിടെ സര്‍ക്കാര്‍ ജോലി ലഭിക്കുകയും ചെയ്തു. ഇപ്പോള്‍ കോഴിക്കോട് ഫറോക്ക് ഇ.എസ്.ഐ. ആശുപത്രിയില്‍ നഴ്‌സിങ് അസിസ്റ്റന്റായി പ്രവര്‍ത്തിച്ചു വരികയാണ് സുധീഷ്.
സുധീഷ് മികച്ച ഗായകനും ചിത്രകാരനും കൂടിയാണ്.

ഇതിനോടകം സുധീഷ്, രണ്ട് തിരക്കഥകള്‍ പൂര്‍ത്തിയാക്കി. പുതിയ നോവല്‍ സിനിമയാക്കുവാനും തയ്യാറെടുക്കുന്നു.
കൂടാതെ, താന്‍ അഭിനയിച്ച ഒരു സിനിമയുടെ പോസ്റ്റര്‍ സ്വന്തമായി ഒട്ടിക്കണമെന്ന് ആഗ്രഹമുണ്ടെന്നും സുധീഷ് പറഞ്ഞു.

സുധീഷിന്റെ എല്ലാ സ്വപ്നങ്ങളും ആഗ്രഹങ്ങളും സഫലമാക്കാന്‍ കൂട്ടായി ഭാര്യ ശരണ്യയും മക്കളായ ഭാഗ്യലക്ഷ്മിയും യാദവും കൂടെത്തന്നെയുണ്ട്.

Note: ‘ഓലക്കൊട്ടക’ എന്ന പുസ്തകം ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്.
‘ഓലക്കൊട്ടക’ എന്ന പുസ്തകം ആവശ്യമുള്ളവര്‍ 9847359861 എന്ന നമ്പറില്‍ ബന്ധപ്പെടുക.

 

‘റൂട്ട് മാപ്പി’ലെ രണ്ടാമത്തെ ലിറിക്കല്‍ വീഡിയോ ഗാനമെത്തി

കൊച്ചി: ലോക്ഡൗണ്‍ പ്രതിസന്ധികള്‍ക്കിടയിലും ചിത്രീകരണം പൂര്‍ത്തിയാക്കിയ പുതിയ ചിത്രം ‘റൂട്ട് മാപ്പ്’ എന്ന ചിത്രത്തിലെ രണ്ടാമത്തെ ലിറിക്കല്‍ വീഡിയോ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

സൈന മ്യൂസിക്കിലൂടെയാണ് ‘എന്ന പാപ്പാ…’ (Gethu Song) എന്നാരംഭിക്കുന്ന രണ്ടാമത്തെ ലിറിക്കല്‍ വീഡിയോ ഗാനം റിലീസായത്.

മലയാളത്തിലെ യുവസംവിധായകന്‍ സൂരജ് സുകുമാര്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് ‘റൂട്ട് മാപ്പ്’.

പത്മശ്രീ മീഡിയയുടെ ബാനറില്‍ ശബരീനാഥ് ജി യാണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘പാവം ഐ എ ഐവാച്ചന്‍’, പ്രേക്ഷക ശ്രദ്ധ നേടിയ ‘ബോബനും മോളിയും’ എന്ന ചിത്രങ്ങളിലൂടെ ബാലതാരമായെത്തിയ ഗോപു കിരണാണ് ഗാനരംഗത്തിലെ കേന്ദ്ര കഥാപാത്രം.

ട്രിപ്പിള്‍ ലോക്ഡൗണ്‍ സമയത്ത് എല്ലാ സര്‍ക്കാര്‍ ചട്ടങ്ങളും പാലിച്ചായിരുന്നു ഇപ്പോള്‍ പുറത്തിറങ്ങിയ ഈ ഗാനത്തിന്റെ ചിത്രീകരണം ചെന്നൈയില്‍ നടന്നത്.

നിബിന്‍ രചന നിര്‍വ്വഹിച്ച ഈ ഗാനം യുവ സംഗീതഞ്ജന്‍ യു എസ് ദീക്ഷ് ആണ് സംഗീതം നല്‍കി ആലപിച്ചിരിക്കുന്നത്. വളരെ രസകരമായിട്ടാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. ഏറെ പുതുമയുള്ള ഈ ഗാനം സംഗീതപ്രേമികള്‍ ഏറ്റെടുത്തുകഴിഞ്ഞു. ഗാനം റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു.

ഒരു ലേക്ഡൗണ്‍ അനുഭവത്തെ പ്രമേയമാക്കി അവതരിപ്പിക്കുന്ന ചിത്രമാണ് ‘റൂട്ട് മാപ്പ്’. ഏറെ കൗതുകരമായ സംഭവത്തെ സസ്‌പെന്‍സും കോമഡിയും ചേര്‍ത്ത് അവതരിപ്പിക്കുകയാണ്.

ചെന്നൈ, തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. കോവിഡ് പശ്ചാത്തലത്തില്‍ സൂരജ് സുകുമാര്‍ നായരും, അരുണ്‍ ആര്‍ പിള്ളയും ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ആഷിക് ബാബു, അരുണ്‍ ടി ശശി, എന്നിവരാണ് ‘റൂട്ട്മാപ്പിന്’ ക്യാമറ ചലിപ്പിച്ചത്.

മക്ബൂല്‍ സല്‍മാന്‍, സുനില്‍ സുഗത, നാരായണന്‍കുട്ടി, ഷാജു ശ്രീധര്‍, ആനന്ദ് മന്മഥന്‍, ഗോപു കിരണ്‍, നോബി മാര്‍ക്കോസ്, ദീപക് ദിലീപ്, സിന്‍സീര്‍, പൂജിത, ബിഗ് ബോസിലൂടെ ശ്രദ്ധേയയായ എയ്ഞ്ചല്‍ തോമസ്, ശ്രുതി, രാജേശ്വരി, അപര്‍ണ വിവേക്, ബേബി ഭദ്ര, സംവിധായകനായ ഡിജോ ജോസ് ആന്റണി തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. പി ആര്‍ സുമേരന്‍ (പി ആര്‍ ഒ).

ട്രാന്‍സ് ജെന്‍ഡേഴ്‌സിന്റെ ജീവിതത്തെ ആസ്പദമാക്കി ‘ഹോര്‍മോണ്‍’; പോസ്റ്ററുകള്‍ റിലീസ് ചെയ്തു

എം.എം. കമ്മത്ത്
കൊച്ചി: ട്രാന്‍സ് ജെന്‍ഡേഴ്‌സിന്റെ ജീവിതത്തെ ആസ്പദമാക്കി ‘ഹോര്‍മോണ്‍’ എന്ന ചിത്രത്തിന്റെ മലയാളം, തമിഴ്, ഇംഗ്ലീഷ് പോസ്റ്ററുകള്‍ പ്രശസ്ത താരങ്ങള്‍ അവരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ റിലീസ് ചെയ്തു.

ആലാപ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ചന്ദു മണ്‍റോ നിര്‍മ്മിച്ച് ആരിഷ് വിജയ് സംവിധാനം ചെയ്യുന്ന ‘ഹോര്‍മോണ്‍’ എന്ന ചിത്രത്തിന്റെ പോസ്റ്ററാണ് റിലീസ് ചെയ്തത്.

‘ഒരു സിനിമയുടെ കഥ എഴുതാന്‍ വേണ്ടിയാണു ഞാനും എന്റെ സുഹൃത്ത് ഷനൂഫും കൂടി കേരളത്തിലെ 18 ഓളം ട്രാന്‍സ്ജന്‍ഡേഴ്‌സ് ആയി കോണ്‍ടാക്ട് ചെയ്തത്. അത് മുതല്‍ അവരെ കൂടുതല്‍ പഠിക്കണം എന്ന് തോന്നി. അവരുടെ ബാല്യം മുതലുള്ള മാറ്റങ്ങള്‍ മനസ്സിലാക്കുകയുണ്ടായി.

അവരുടെ ദുഃഖങ്ങള്‍ ഞങ്ങളുടെ വല്ലാതെ മനസ്സിനെ അലട്ടുകയുണ്ടായി. അതുവരെ അവരെക്കുറിച്ച് ഉണ്ടായിരുന്ന കാഴ്ചപ്പാട് മാറി. അവര്‍ എങ്ങനെ ഇങ്ങനെ ആയി എന്ന് ആരും ചിന്തിക്കുന്നില്ല. അവരെ മനസ്സിലാക്കുവാനോ, ഉള്‍ക്കൊള്ളുവനോ ആരും ശ്രമിക്കുന്നില്ല എന്നത് വിഷമകരമായ ഒന്നാണ്.

വലിച്ചു കീറാനൊരു മാംസപിണ്ഡമല്ല…. ജീവനുള്ള മനുഷ്യരാണ്! ഈ ഭൂമിയുടെ അവകാശികളില്‍ ഒന്ന്.! ട്രാന്‍സ്.
അവഗണനയും അവഹേളനവും നിറഞ്ഞ ജീവിതം അനുഭവിച്ചു വന്ന ട്രാന്‍സ് കമ്മ്യൂണിറ്റിയിലുള്ള സഹോദരിമാരുടെ ജീവിതത്തെ ആസ്പദമാക്കി ചെയ്യുന്ന സിനിമയുടെ പോസ്റ്റര്‍ ആണിത്. സമൂഹത്തില്‍ മുന്നിലേക്ക് വരേണ്ടവരാണ് ട്രാന്‍സ് കമ്മ്യൂണിറ്റിയിലുള്ളവര്‍. അവര്‍ക്കു വേണ്ടി അവതരിപ്പിക്കന്ന സിനിമയാണ് ‘ഹോര്‍മോണ്‍’. അവര്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന തോന്നലാണ് ഈ ഒരു പ്രൊജക്ടിന് കാരണം’ എന്ന് സംവിധായകന്‍ ആരിഷ് വിജയ് പറഞ്ഞു.

ഈ ചിത്രത്തിന്റെ പ്രമോ സോംങും ഉടന്‍ റിലീസ് ചെയ്യും. ഷനൂഫ് ഉളിക്കലിന്റെ വരികള്‍ക്ക് ശബരി സംഗീതം ചെയ്ത് അന്‍വര്‍ സാദത്തും ശ്രുതി കുഞ്ഞുമോളും ചേര്‍ന്ന് ആലപിച്ചിരിക്കുന്ന ഗാനമാണ് ഉടനെ പുറത്തിറങ്ങുക. തമിഴില്‍ ഡോ. കിരുതിയ്യ ഗാനരചന നിര്‍വഹിച്ചിരിക്കുന്നു.

ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ഷനൂഫ് ഉളിക്കല്‍, ക്യാമറ- രജിത്ത് (അഡ്മിന്‍ ഫിലിംസ്), എഡിറ്റര്‍- രജിന്‍ കെ.ആര്‍, സംഗീതം ശബരി, ഗായകര്‍- അന്‍വര്‍ സാദത് & ശ്രുതി കുഞ്ഞുമോള്‍.
മലയാളം വരികള്‍- ഷനൂഫ്, തമിഴ് വരികള്‍- ഡോ. കിരുതിയ്യ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അപ്പു സൂരജ് മണ്‍റോ, പ്രൊഡക്ഷന്‍ മാനേജര്‍- അരുണാക്ഷന്‍ അഴീക്കോട്, മേക്കപ്പ്- ഷിനോജ് കണ്ണൂര്‍, കോസ്റ്റ്യൂം- അര്‍ജ്ജുന്‍ അഴീക്കോട്, അസോസിയേറ്റ് ഡയറക്ടര്‍സ്- അജിന്റോ ആന്റപ്പന്‍, അന്‍സാബ് കണ്ണൂര്‍.
കോ പ്രൊഡ്യൂസര്‍- ജോബ് യോഹന്നാന്‍, തീം & തിരക്കഥ- ഷനൂഫ് & ആരിഷ്, പോസ്റ്റര്‍- ചിന്ദു മണ്‍റോ & മനോജ് രാജാമണി, വാര്‍ത്ത പ്രചരണം- എം.എം. കമ്മത്ത്.