സിനിമാ പോസ്റ്ററൊട്ടിപ്പുകാരന്‍.. നടന്‍.. സംവിധായകന്‍… ‘ഓലക്കൊട്ടക’യുടെ രചയിതാവ്

സിനിമാ പോസ്റ്ററൊട്ടിപ്പുകാരന്‍.. നടന്‍.. സംവിധായകന്‍… ‘ഓലക്കൊട്ടക’യുടെ രചയിതാവ്

എം.എം. കമ്മത്ത്- 
അഞ്ചല്‍: ‘ഹൃദയം’ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ ഒരു ചെറുപ്പക്കാരന്‍ ചുവരില്‍ ഒട്ടിക്കുന്ന വിഡിയോ ഷെയര്‍ ചെയ്തുകൊണ്ട് വിനീത് ശ്രീനിവാസന്‍ കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കില്‍ ഇട്ട പോസ്റ്റ് വയറലായിരുന്നു.

 

വിനീത് ശ്രീനിവാസന്‍ കുറിച്ചു. ‘സുധീഷിനെ വര്‍ഷങ്ങളായി പരിചയമുണ്ട്. പോസ്റ്റര്‍ ഒട്ടിക്കുന്ന ജോലി ചെയ്യുന്നയാളാണ്. സുധീഷ് മഞ്ഞപ്പാറയുടെ ‘ഓലക്കൊട്ടക’ എന്ന പുസ്തകം ഇപ്പോള്‍ വിപണിയിലുണ്ട്. നോവല്‍ കയ്യില്‍ക്കിട്ടാന്‍ കാത്തിരിക്കുന്നു’ എന്ന്.

 

17 വര്‍ഷം സിനിമാ പോസ്റ്റര്‍ ഒട്ടിക്കുകയും തിയറ്ററുകളില്‍ ക്ലീനിങ് ഉള്‍പ്പെടെയുള്ള ജോലികള്‍ നോക്കുകയും ചെയ്ത സുധീഷ് മഞ്ഞപ്പാറ തന്റെ ജീവിതം തന്നെയാണ് ‘ഓലക്കൊട്ടക’ എന്ന നോവലില്‍ എഴുതിയിരിക്കുന്നത്. ഇവിടെ അഞ്ചല്‍, മഞ്ഞപ്പാറ, പാറവിള പുത്തന്‍ വീട്ടില്‍ സുകുമാരന്‍ ആചാരിയുടെയും രാജമ്മയുടെയും മകന്‍ സുധീഷ് മഞ്ഞപ്പാറ, സിനിമ ന്യൂസ് ഏജന്‍സിയോട് തന്റെ മനസ്സ് തുറക്കുകയാണ്.

‘എവിടെ തുടങ്ങണം, എങ്ങനെ തുടങ്ങണം എന്ന് എനിക്കറിയില്ല. കാരണം പിന്നിലേക്ക് നോക്കുമ്പോള്‍ പിന്നിട്ട വഴികളില്‍ കയ്പ്പും മധുരവും ഏറിയ ഒരുപാട് അനുഭവങ്ങള്‍…
ഞാന്‍ ഒരു എഴുത്തുകാരനല്ല. സാഹചര്യമാണ് എന്നെ ഒരെഴുത്തുകാരന്‍ ആക്കിയത്. ആയതിനാല്‍ വലിയ എഴുത്തുകാരെ പോലുള്ള സാഹിത്യഭാഷ എനിക്കറിയില്ല. വല്യമ്മച്ചി (അമ്മുമ്മ)യുടെ മുറുക്കാന്‍ കടയിലെ ചാക്ക് ബോര്‍ഡില്‍, സമീപത്തെ തീയേറ്ററുകളായ ഐശ്വര്യയുടെയും അനുപമയുടെയും ഈര്‍ക്കില്‍ കുത്തി വച്ച സിനിമ പോസ്റ്റര്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്.
വീട്ടിനടുത്ത് കോട്ടുക്കല്‍ അനു സിനി ഹൗസ് എന്ന ഓലക്കോട്ടകയില്‍ നിന്നാണ്സിനിമ കണ്ടു വളര്‍ന്നത്. കാലക്രമേണ എപ്പോഴോ എന്റെ മനസ്സില്‍ സിനിമ ഒരു ഹരമായികടന്നുകയറി.

പഠനത്തില്‍ ഞാന്‍ എപ്പോഴും എല്ലാ സ്റ്റാന്‍ഡുകളിലും പിന്‍ ബെഞ്ചില്‍ ആയിരുന്നു. വീട്ടിനടുത്ത്അശോകണ്ണന്‍വാടകയ്ക്ക് താമസിക്കാന്‍ വന്നുതിയേറ്ററിലെ പോസ്റ്റര്‍ ഒട്ടിപ്പ്കാരനായിരുന്നു അദ്ദേഹം. എങ്ങനെയും പത്താം ക്ലാസ് പരീക്ഷ കഴിയാന്‍ കാത്തിരുന്നു. 1999 ലെ പരീക്ഷ കഴിഞ്ഞ് അശോകണ്ണനോടൊപ്പം ഞാനും തിയേറ്ററില്‍ പോയി. വല്ലാത്ത ആശ്ചര്യവും സന്തോഷവും ആയിരുന്നു കാരണം ടിക്കറ്റെടുക്കാതെ എത്ര സിനിമ വേണമെങ്കിലും കാണാം.
മൂത്രപ്പുര കഴുകലും പോസ്റ്റര്‍ ഒട്ടിക്കലും ആയിരുന്നു എന്റെ ജോലി.

സെക്കന്‍ഡ് ഷോ കേട്ട് ഇടുങ്ങിയ പോസ്റ്റര്‍ മുറിയില്‍ കിടക്കുമ്പോള്‍ എന്നെങ്കിലും ഞാന്‍ അഭിനയിച്ച സിനിമയുടെ പോസ്റ്റര്‍ എനിക്ക് ഒട്ടിക്കണം അത് ഈ തിയേറ്ററില്‍ കളിക്കണം. എന്ന് ഞാന്‍ സ്വപ്നങ്ങള്‍ നെയ്തു കൂട്ടി. സ്വപ്നം കാണുന്നത് പോലെയല്ലല്ലോ ജീവിതം. പത്താം ക്ലാസിലെ റിസള്‍ട്ട് വന്നു തോറ്റു സിനിമ ഭ്രാന്ത് കണ്ടു നാട്ടുകാര്‍ എന്നെ കളിയാക്കിസിനിമ ഭ്രാന്തനെന്ന് മുദ്രകുത്തി.

കൂടെ പഠിച്ചവര്‍ അധ്യാപകര്‍ രക്ഷകര്‍ത്താക്കള്‍ എന്നിവരുടെ മുന്നില്‍ ‘എ’ പടത്തിലെ പോസ്റ്ററുമായി ഞാന്‍ ജീവച്ഛവമായി നിന്ന കാലം എല്ലാവരുടെയും നടുവില്‍ ഞാനൊരു സര്‍ക്കസിലെ കോമാളിയെ പോലെ നിന്നു.
ചുറ്റും നിന്നവര്‍ കളിയാക്കി കൈകൊട്ടി ചിരിച്ചു. അപ്പനും അമ്മച്ചിയും ചേച്ചിയും അനിയനും ഒന്നും പറയുന്നത് ഞാന്‍ അനുസരിച്ചിരുന്നില്ല.

ഒടുവില്‍ മദ്രാസിലേക്ക് വണ്ടി കയറി. വിശദമായി ഓലകോട്ടകയിലെ പേജുകള്‍ നിങ്ങളോട് കഥ പറയും. എന്റെ സിനിമ തീയറ്ററിലെ പോസ്റ്റര്‍ ഒട്ടിപ്പ്, ജീവിതത്തിലെ അനുഭവങ്ങള്‍, നേരില്‍കണ്ട് കഥാപാത്രങ്ങള്‍, രാത്രിയിലെ കാഴ്ചകള്‍ ഞാന്‍ കണ്ട ലോകം, ഒക്കെ നിങ്ങള്‍ക്ക് എന്റെ ‘ഓലക്കൊട്ടക’ എന്ന ഈ നോവലില്‍ കാണാന്‍ കഴിയും.

ഒരു സി ക്ലാസ് തീയറ്ററിന്റെ പശ്ചാത്തലത്തിലാണ് ഈ നോവല്‍ തുടങ്ങുന്നത്.

രാവുകളും പകലുകളും കടന്നു നാടും നഗരവും പിന്നിട്ട് റിലീസാകുന്ന സിനിമയുടെ പോസ്റ്റര്‍ ഒട്ടിച്ച തിരികെയെത്തി രാവിലെ തിയേറ്ററിലെ ജോലികള്‍ തീര്‍ത്തു ഉറക്കച്ചടവില്‍ മോണിംഗ് ഷോ കാണാന്‍ കാണികളോട് ഒപ്പം കൂടുമ്പോള്‍ സിനിമ വിജയിക്കണം… വിജയിക്കണമെന്ന് ഉള്ള പ്രാര്‍ത്ഥനയാണ് മനസ്സില്‍.

കാണികള്‍ ഹര്‍ഷാരവങ്ങളും പൊട്ടിച്ചിരികളും മനസ്സില്‍ വല്ലാത്തൊരു കുളിരുകോരി അണിയും. പടം മോശമാണെന്ന് അറിഞ്ഞാല്‍ ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെ ആകും തിയേറ്ററും പരിസരവും. അത് വല്ലാതെ നീറുന്ന കാഴ്ചയാണ്.

ഇടയ്ക്കിടെയുള്ള പത്താംക്ലാസ് തരം പരീക്ഷയില്‍ ഒടുവില്‍ റിസള്‍ട്ട് വന്നു ഞാന്‍ ജയിച്ചു. പലരുടെയും കാല് പിടിച്ച് ഒരുപാട് കഷ്ടപ്പെട്ട് ഒന്ന് രണ്ട് സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയി അഭിനയിച്ചു.

‘എലിപ്പത്തായം’, ‘സ്വയംവരം’, ‘കൊടിയേറ്റം’, ‘ഒരേ കടല്‍’, ‘അഗ്‌നിസാക്ഷി’, ‘ശാന്തം’, ‘കളിയാട്ടം’ തുടങ്ങിയ ചിത്രങ്ങള്‍ എന്നെ തിരുവനന്തപുരത്തെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ എത്തിച്ചു. സ്ഥിരം ഡെലികേറ്റ് ആയിരുന്ന ഞാന്‍ അവിടെ നിന്നുമാണ് സിനിമാ പഠനം ആരംഭിച്ചത്.

സിനിമാ പോസ്റ്റര്‍ ഒട്ടിപ്പ്കാരെ കുറിച്ചുള്ള ഡോക്യുമെന്ററി ചെയ്യുവാനുള്ള ആഗ്രഹം മനസ്സില്‍ പൊന്തിവന്നു. ഒരിക്കല്‍പോലും ക്യാമറക്കണ്ണിലൂടെ നോക്കിയിട്ടില്ലാത്ത ഞാനെങ്ങനെ ഡോക്യുമെന്ററി സംവിധാനം ചെയ്യും? നിരന്തരമായ പരിശ്രമത്തിനൊടുവില്‍ ഇഷ്ട സംവിധായകനായ ശ്യാമപ്രസാദ് സാറിനെ കാണാനിടയായി. ആഗ്രഹം അദ്ദേഹത്തെ അറിയിച്ചു. ഞാനുണ്ട് കൂടെ ധൈര്യമായിട്ട് മുന്നോട്ടു പൊയ്‌ക്കോളൂ. പൂജ മുതല്‍ സര്‍ എന്റെ ഒരു വിളിപ്പുറത്ത് ഉണ്ടായിരുന്നു.

ഒറ്റപ്പെടുത്തല്‍, കുറ്റപ്പെടുത്തല്‍, സാമ്പത്തികം, സമയത്ത് കാല് മാറുക, എന്നീ പ്രശ്‌നങ്ങളെ അഭിമുഖീകരിച്ചു വിരലിലെണ്ണാവുന്ന സുഹൃത്തുക്കളുമായി ഒന്നര വര്‍ഷത്തിനു ശേഷം എന്റെ ഡോക്യുമെന്ററി പൂര്‍ത്തീകരിച്ചു.

കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള തീയറ്ററിലെ പോസ്റ്റര്‍ ഒട്ടിപ്പ് കാരും ചലച്ചിത്ര മേഖലയില്‍ നിന്ന് സുരേഷ് ഗോപി, മേനക, റസൂല്‍പൂക്കുട്ടി, ജി. സുരേഷ് കുമാര്‍, രാജീവ് നാഥ്, രാജീവ് അഞ്ചല്‍, ലിബര്‍ട്ടി ബഷീര്‍ എല്ലാത്തിനുമുപരിയായി തുടക്കം മുതല്‍ ഒടുക്കം വരെ കൂടെ നിന്ന ശ്യാമപ്രസാദ് സാര്‍ ഉള്‍പ്പെടെയുള്ളവര്‍ അണിനിരന്ന ‘കഥയില്‍ ഇല്ലാത്തവര്‍’ എന്ന ഡോക്യുമെന്ററി പുറത്തിറങ്ങി. വലുതും ചെറുതുമായ ഒട്ടനവധി ചലച്ചിത്രോത്സവങ്ങളില്‍ പ്രദര്‍ശിപ്പിച്ചു രണ്ടുമൂന്നു അവാര്‍ഡുകളും കരസ്ഥമാക്കി. എന്റെ സിനിമ യാത്ര വീണ്ടും തുടര്‍ന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് എഴുതിയ നോവലുമായി സംവിധായകന്‍ ജയരാജ് സാറിന്റെ അടുത്തെത്തി അദ്ദേഹത്തിന് എന്റെ നോവലും എഴുതിയ ശൈലിയും ഇഷ്ടപ്പെട്ടു. വര്‍ഷങ്ങള്‍ കഴിഞ്ഞു ‘ഭയാനകം’ എന്ന ചിത്രത്തില്‍ സാറിന്റെ അസിസ്റ്റന്റുകളില്‍ ഒരാളായി പ്രവര്‍ത്തിക്കാന്‍ എനിക്ക് ഭാഗ്യം ലഭിച്ചു. അഭിനയത്തോടുള്ള എന്റെ ആഗ്രഹം മനസ്സിലാക്കിയ അദ്ദേഹം എനിക്ക് ചെറിയൊരു വേഷവും തന്നു.

വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ എഴുതിയ നോവല്‍ പുസ്തകമാക്കാന്‍ അദ്ദേഹം പറഞ്ഞു. പുസ്തകമായി കാണുവാന്‍ ഒരുപാട് അലഞ്ഞു വര്‍ഷങ്ങളോളം എന്റെ അലച്ചില്‍ കണ്ടിട്ടാവാം ദൈവം എന്നെ ഗ്രീന്‍ ബുക്‌സില്‍ എത്തിച്ചു. പിന്നിലേക്കു നോക്കുമ്പോള്‍ ഒരുപാട് മുഖങ്ങള്‍ മനസ്സില്‍ തെളിയുന്നു.

ഒന്നുമല്ലാതിരുന്ന എന്നെ ഇവിടെ വരെ എത്തിച്ച ചില മുഖങ്ങള്‍ പ്രിയ അശോകണ്ണന്‍, അഞ്ചല്‍ അര്‍ച്ചന തിയേറ്റര്‍ ഉടമ ശ്രീ രവീന്ദ്രന്‍ മുതലാളി, അഞ്ചല്‍ വര്‍ഷ തിയേറ്റര്‍ ഉടമ ശ്രീ വിജയകുമാര്‍ സര്‍, വിനീത് ശ്രീനിവാസന്‍ ചേട്ടന്‍, ടിനിടോം ചേട്ടന്‍, പ്രിയപ്പെട്ട ഓസ്‌കാര്‍ റസൂല്‍പൂക്കുട്ടി സര്‍, ജി എസ് വിജയന്‍ സാര്‍, എല്ലാറ്റിനുമുപരിയായി അന്നും ഇന്നും എന്നും കൂടെ നില്‍ക്കുന്ന ശ്യാമ പ്രസാദ് സര്‍, ജയരാജ് സാര്‍, രഞ്ജി പണിക്കര്‍ സാര്‍ എല്ലാവരോടുമുള്ള നന്ദി പറഞ്ഞാല്‍ തീരില്ല. ‘ഓലക്കൊട്ടക’ എന്റെ ജീവിതത്തിന്റെ ഒരു ഭാഗമാണ്. ‘ഓലക്കൊട്ടക’ക്ക് ആമുഖം എഴുതിയത് ജയരാജ് സാറാണ്.

എന്റെ അനുഭവങ്ങള്‍ ഞാന്‍ കണ്ട കാഴ്ചകള്‍ നേരില്‍ കണ്ട ജീവിക്കുന്ന കഥാപാത്രങ്ങള്‍… എന്റെ ഭ്രാന്തിനു തുള്ളുകയും എന്നെ സഹിക്കുകയും ചെയ്ത പ്രിയ പത്‌നി ശരണ്യ.

17 വര്‍ഷത്തെ കയ്പ്പും മധുരവും തന്ന് എന്നെ വളര്‍ത്തിയ അനുഭവങ്ങളെ നന്ദി. ഒരു സിനിമ പോസ്റ്ററൊട്ടിപ്പുകാരനായതില്‍ ഞാന്‍ അഭിമാനിക്കുന്നു.
കൂടെ നില്‍ക്കാം എന്ന് പറഞ്ഞ് സമയത്ത് പിന്‍മാറിയ സുഹൃത്തുക്കളെ… എന്റെ തെറ്റുകള്‍ എന്താണെന്ന് പറഞ്ഞ് മനസ്സിലാക്കി തരാതെ എന്നെ കളിയാക്കിയ, ഭ്രാന്തനെന്നു മുദ്രകുത്തിയ പ്രിയപ്പെട്ടവരെ, ഈ പുസ്തകം അവര്‍ക്കായി കാഴ്ചവയ്ക്കുന്നു. കാരണം അവരാണ് എന്നെ ഇവിടെവരെ എത്തിച്ചത്…’ എന്ന് സുധീഷ് സിനിമ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.

സിനിമയിലെപ്പോലെ ട്വിസ്റ്റുകള്‍ ഒട്ടേറെയുള്ള ജീവിതമാണ് സുധീഷിന്റേത്. മദ്രാസിലേക്കു നാടുവിട്ടാല്‍ സിനിമാക്കാരനാകാമെന്നു കേട്ട് പണ്ട് അങ്ങനെ ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. പിന്നീട് നാട്ടിലേക്ക് തിരിച്ചെത്തി സിനിമ പോസ്റ്റര്‍ ഒട്ടിപ്പ് തുടരുകയും, അതിനിടെ സര്‍ക്കാര്‍ ജോലി ലഭിക്കുകയും ചെയ്തു. ഇപ്പോള്‍ കോഴിക്കോട് ഫറോക്ക് ഇ.എസ്.ഐ. ആശുപത്രിയില്‍ നഴ്‌സിങ് അസിസ്റ്റന്റായി പ്രവര്‍ത്തിച്ചു വരികയാണ് സുധീഷ്.
സുധീഷ് മികച്ച ഗായകനും ചിത്രകാരനും കൂടിയാണ്.

ഇതിനോടകം സുധീഷ്, രണ്ട് തിരക്കഥകള്‍ പൂര്‍ത്തിയാക്കി. പുതിയ നോവല്‍ സിനിമയാക്കുവാനും തയ്യാറെടുക്കുന്നു.
കൂടാതെ, താന്‍ അഭിനയിച്ച ഒരു സിനിമയുടെ പോസ്റ്റര്‍ സ്വന്തമായി ഒട്ടിക്കണമെന്ന് ആഗ്രഹമുണ്ടെന്നും സുധീഷ് പറഞ്ഞു.

സുധീഷിന്റെ എല്ലാ സ്വപ്നങ്ങളും ആഗ്രഹങ്ങളും സഫലമാക്കാന്‍ കൂട്ടായി ഭാര്യ ശരണ്യയും മക്കളായ ഭാഗ്യലക്ഷ്മിയും യാദവും കൂടെത്തന്നെയുണ്ട്.

Note: ‘ഓലക്കൊട്ടക’ എന്ന പുസ്തകം ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്.
‘ഓലക്കൊട്ടക’ എന്ന പുസ്തകം ആവശ്യമുള്ളവര്‍ 9847359861 എന്ന നമ്പറില്‍ ബന്ധപ്പെടുക.

 

Post Your Comments Here ( Click here for malayalam )
Press Esc to close