Month: November 2018

എയര്‍ ടെല്ലിന്റെ ഒടിയന്‍ സിം വിപണിയില്‍

കൊച്ചി: മോഹന്‍ലാല്‍ നായകനാകുന്ന ‘ഒടിയന്‍’ സിനിമയുടെ പേരില്‍ എയര്‍ടെല്‍ മൊബൈല്‍ സിം കാര്‍ഡ് പുറത്തിറക്കി. ‘ഒടിയനെ കാണൂ’ എന്ന മത്സരത്തിലെ വിജയികള്‍ക്ക് മോഹന്‍ലാലിനെ നേരിട്ട് കാണാനും അവസരം ലഭിക്കും. എയര്‍ടെല്‍ ടിവി ആപ്പിലൂടെ ഒടിയനുമായി ബന്ധപ്പെട്ട വിശേഷങ്ങളും മറ്റും സൗജന്യമായി കാണാം. എയര്‍ടെല്‍ ടിവി ഉപഭോക്താക്കള്‍ക്ക് ചോദ്യോത്തര പരിപാടിയില്‍ പങ്കെടുത്ത് ഒടിയന്‍ സിനിമക്കുള്ള ടിക്കറ്റും നേടാമെന്ന് ഭാരതി എയര്‍ടെല്‍ കേരളം, തമിഴ്‌നാട് സി.ഇ.ഒ മനോജ് മുരളി പറഞ്ഞു.
എയര്‍ടെല്‍ വരിക്കാര്‍ക്ക് ഫോണില്‍ 199 രൂപക്ക് മുകളില്‍ റീചാര്‍ജ് ചെയ്ത് മത്സരത്തില്‍ പങ്കെടുക്കാം. ഒടിയന്‍ സിം വാങ്ങി ഡിസംബര്‍ ഒന്നിനും 31നും ഇടയില്‍ 178 രൂപക്ക് റീചാര്‍ജ് ചെയ്തും പങ്കെടുക്കാം. ഏറ്റവും മികച്ച സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഒടിയന്‍ ഒരുക്കിയതെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. 400 തിയേറ്ററുകളില്‍ ഒടിയന്‍ റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

എസ്.ബി.ഐ സ്ഥിരനിക്ഷേപങ്ങളുടെ പലിശ ഉയര്‍ത്തി

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: എസ്.ബി.ഐ വിവിധ മെച്യൂരിറ്റികളിലുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ 0.05 മുതല്‍ 0.10 ശതമാനം വരെ ഉയര്‍ത്തി. ഒരു കോടി രൂപയില്‍ താഴെ വരുന്ന നിക്ഷേപങ്ങളുടെ പലിശയാണ് ഉയര്‍ത്തിയത്. പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വന്നു. ഇതുപ്രകാരം, ഒന്നു മുതല്‍ രണ്ടുവര്‍ഷത്തില്‍ താഴെ വരെയുള്ള നിക്ഷേപങ്ങളുടെ പലിശ 6.70 ശതമാനത്തില്‍ നിന്ന് 6.80 ശതമാനമായി ഉയര്‍ന്നു. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള നിരക്ക് 7.20 ശതമാനത്തില്‍ നിന്നുയര്‍ന്ന് 7.30 ശതമാനവുമായി. രണ്ടു മുതല്‍ മൂന്നുവര്‍ഷത്തില്‍ താഴെ വരെയുള്ള നിക്ഷേപങ്ങളുടെ നിരക്ക് 6.75 ശതമാനത്തില്‍ നിന്ന് 6.80 ശതമാനമായാണ് ഉയര്‍ത്തിയത്. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള നിരക്ക് 7.25 ശതമാനത്തില്‍ നിന്ന് 7.30 ശതമാനവുമാക്കിയിട്ടുണ്ട്.

മാരുതി സുസുക്കി മൂന്ന് സി.എന്‍.ജി മോഡലുകള്‍ പുറത്തിറക്കി

ഗായത്രി-
കൊച്ചി: ടാക്‌സി വിപണി കീഴടക്കാനായി മാരുതി സുസുക്കി മൂന്ന് സി.എന്‍.ജി മോഡലുകള്‍ അവതരിപ്പിച്ചു. ഓള്‍ട്ടോ, സെലെറിയോ, ഡിസയര്‍ എന്നിവയുടെ സി.എന്‍.ജി പതിപ്പുകളാണ് വിപണിയിലെത്തിയത്. പോപ്പുലര്‍ വെഹിക്കിള്‍സ് ആന്റ് സര്‍വീസസ് സംഘടിപ്പിച്ച ചടങ്ങില്‍ മാരുതി സുസുക്കി റീജിയണല്‍ മാനേജര്‍ പീറ്റര്‍ ഐപ്പ്, ടാക്‌സി ഓപ്പറേറ്രേഴ്‌സ് അസോസിയേഷന്‍ ഒഫ് കേരള പ്രസിഡന്റ് അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് പുത്തന്‍ മോഡലുകള്‍ വിപണിയിലിറക്കി.
ടൂര്‍ എച്ച്1, എച്ച്2, എച്ച്3 സീരിസിലാണ് വാഹനങ്ങള്‍ അവതരിപ്പിച്ചത്. ഓള്‍ട്ടോക്ക് 4.56 ലക്ഷം രൂപ, സെലെറിയോക്ക് 5.40 ലക്ഷം രൂപ, ഡിസയറിന് 6.97 ലക്ഷം രൂപ എന്നിങ്ങനെയാണ് ഓണ്‍റോഡ് വില.

നോട്ടു നിരോധനം; ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത സാമ്പത്തിക പരീക്ഷണം

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി:
നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രിയുടെ മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍. രാജ്യത്തിന്റെ സമ്പദ് രംഗത്തെ പിന്നോട്ടടിച്ച കിരാത നടപടിയായിരുന്നു നോട്ട് നിരോധനമെന്നും രാജ്യത്തിന് അതുണ്ടാക്കിയത് കടുത്ത സാമ്പത്തിക ആഘാതമായിരുന്നെന്നും അദ്ദേഹം പറയുന്നു.
അരവിന്ദ് സുബ്രഹ്മണ്യത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ‘ദ ചലഞ്ചസ് ഓഫ് ദ മോദി ജെയ്റ്റ്‌ലി ഇക്കോണമി’ എന്ന പുസ്തകത്തിലാണ് നോട്ട് നിരോധനം സംബന്ധിച്ച രൂക്ഷ വിമര്‍ശനങ്ങളുള്ളത്. നോട്ടു നിരോധനം നടക്കുന്ന കാലത്ത് പ്രധാനമന്ത്രിയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു അരവിന്ദ് സുബ്രഹ്മണ്യന്‍. നോട്ട് നിരോധനം സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ടടിച്ചു എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകാനിടയില്ലെന്നും. അതുണ്ടാക്കിയ ആഘാതം എത്രത്തോളമുണ്ട് എന്ന കാര്യത്തിലാണ് ചര്‍ച്ചകള്‍ നടക്കുന്നതെന്നും അരവിന്ദ് സുബ്രഹ്മണ്യന്‍ ചൂണ്ടിക്കാട്ടുന്നു. നോട്ട് നിരോധനത്തിനു മുന്‍പുണ്ടായിരുന്ന എട്ട് ശതമാനത്തില്‍നിന്ന് 6.8 ശതമാനത്തിലേക്ക് സാമ്പത്തിക വളര്‍ച്ചാനിരക്ക് ഇടിഞ്ഞു. ഉയര്‍ന്ന പലിശനിരക്ക്, ജിഎസ്ടി, ഇന്ധനവിലക്കയറ്റം തുടങ്ങി ഇക്കാലയളവിലുണ്ടായ മറ്റു സംഭവങ്ങളും ഇതിന് കാരണമായി.
ഉപയോഗത്തിലുണ്ടായിരുന്ന 86 ശതമാനം നോട്ടുകളാണ് പൊടുന്നനെ പിന്‍വലിക്കപ്പെട്ടത്. മൊത്തം ആഭ്യന്തര ഉത്പാദനത്തെ വളര്‍ച്ചയെ ഇത് ബാധിച്ചു. വളര്‍ച്ചാ നിരക്കില്‍ മുമ്പേ നിലനിന്നിരുന്ന ഇടിവിനെ ഇത് രൂക്ഷമാക്കിയെന്നും അദ്ദേഹം പറയുന്നു.
നോട്ടു നിരോധനം പ്രാഥമികമായി ബാധിച്ചത് അസംഘടിത മേഖലയെയാണ്. എന്നാല്‍, ഈ മേഖലയിലുണ്ടാകുന്ന ഏതൊരു ചലനവും സംഘടിത മേഖലയെയും ബാധിക്കും എന്നതിനാല്‍ നോട്ടു നിരോധനത്തിന്റെ സാമ്പത്തിക ആഘാതം വലുതാണ്. ആധുനിക ഇന്ത്യയുടെ ചരിത്രത്തില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത സാമ്പത്തിക പരീക്ഷണമായിരുന്നു നോട്ടു നിരോധനമെന്നും അരവിന്ദ് സുബ്രഹ്മണ്യന്‍ പറയുന്നു.
സാധാരണ ഗതിയില്‍ ഒരു രാജ്യവും സ്വീകരിക്കാത്ത ഒരു നടപടിയായിരുന്നു ഇത്. യുദ്ധം, പരിധിവിട്ട നായണപ്പെരുപ്പം, സാമ്പത്തിക പ്രതിസന്ധി, രാഷ്ട്രീയ കലാപം തുടങ്ങി അസാധാരണ സാഹചര്യങ്ങളില്‍ മാത്രമാണ് പൊടുന്നനെയുള്ള നോട്ടുനിരോധനം നടപ്പാക്കാറുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ബ്രക്‌സിറ്റ് ബ്രിട്ടനില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കും

അളക ഖാനം-
ലണ്ടന്‍: ബ്രക്‌സിറ്റ് ബ്രിട്ടനില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മുന്നറിയിപ്പ്. 2007ലുണ്ടായ സാമ്പത്തിക മാന്ദ്യത്തെക്കാളും വലിയ പ്രതിസന്ധിയായിരിക്കും ബ്രിട്ടനെ കാത്തിരിക്കുന്നത്. യു.കെയുടെ സാമ്പത്തിക വളര്‍ച്ച നിരക്ക് എട്ട്് ശതമാനത്തിലേക്ക് താഴുമെന്നും മുന്നറിയിപ്പുണ്ട്.
ബ്രിട്ടീഷ് പൗണ്ടിന്റെ മൂല്യത്തിലും കുറവുണ്ടാകുമെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രവചിക്കുന്നുണ്ട്. 25 ശതമാനത്തന്റെ വരെ ഇടിവ് പൗണ്ടിലുണ്ടാവുമെന്നാണ് ബാങ്ക് വ്യക്തമാക്കുന്നത്. 2023ഓടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടു വരുമെന്നാണ് പ്രവചനം.
ബ്രക്‌സിറ്റ് നടപ്പിലായാല്‍ ലോക വ്യാപാര സംഘടനയുടെ നിയമങ്ങള്‍ക്ക് അനുസൃതമായാവും ബ്രിട്ടന്‍ പ്രവര്‍ത്തിക്കുക. 2022 വരെ പുതിയ വ്യാപാര കരാറുകളിലൊന്നും ബ്രിട്ടന്‍ ഏര്‍പ്പെടില്ല. യുറോപ്യന്‍ രാജ്യങ്ങളുമായുള്ള വ്യാപാര കരാറുകളെല്ലാം റദ്ദാവും. ഇതെല്ലാം ബ്രിട്ടന് തിരിച്ചടിയാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഓഹരി സൂചികകളും രൂപയും നേട്ടത്തില്‍

ഫിദ-
കൊച്ചി: കനത്ത ചാഞ്ചാട്ടത്തിനൊടുവില്‍ ഇന്ത്യന്‍ ഓഹരി സൂചികകളും രൂപയും ഇന്നലെ നേട്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കി. സെന്‍സെക്‌സ് 159 പോയിന്റുയര്‍ന്ന് 35,513ലും നിഫ്റ്റി 57 പോയിന്റ് നേട്ടവുമായി 10,685ലുമാണ് വ്യാപാരാന്ത്യത്തിലുള്ളത്. ഇന്‍ഫോസിസ്, ബജാജ് ഫിന്‍സെര്‍വ്, ഗെയില്‍, ടി.സി.എസ്., ഭാരത് പെട്രോളിയം എന്നിവയാണ് നേട്ടമുണ്ടാക്കിയ പ്രമുഖ കമ്പനികള്‍. യെസ് ബാങ്ക്, ഹീറോ മോട്ടോകോര്‍പ്പ്, സണ്‍ഫാര്‍മ എന്നിവയാണ് നഷ്ടം നേരിട്ട പ്രമുഖര്‍.
ക്രൂഡോയില്‍ വിലയിടിവും ഡോളര്‍ വന്‍തോതില്‍ വിറ്റുമറിച്ച കയറ്റുമതിക്കാരുടെ നീക്കവുമാണ് രൂപക്ക് ഇന്നലെ നേട്ടമായത്. ഡോളറിനെതിരെ പത്തു പൈസ മുന്നേറി 70.77ലാണ് രൂപ ഇപ്പോഴുള്ളത്. തിങ്കളാഴ്ച ഡോളറിനെതിരെ രൂപ 18 പൈസയുടെ നഷ്ടം നേരിട്ടിരുന്നു.

സ്വിഫ്റ്റ് വില്‍പ്പന 20 ലക്ഷം യൂണിറ്റുകള്‍ കടന്നു

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്കായ സ്വിഫ്റ്റിന്റെ വില്‍പ്പന 20 ലക്ഷം യൂണിറ്റുകള്‍ കടന്നു. വിപണിയിലെത്തി 13ാം വര്‍ഷമാണ് സ്വിഫ്റ്റിന്റെ ഈ നേട്ടം. 2005 മേയിലായിരുന്നു സ്വിഫ്റ്റിന്റെ വിപണി പ്രവേശം. വിപണിയില്‍ എത്തിയതു മുതല്‍ ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിയുന്ന അഞ്ച് കാറുകളുടെ പട്ടികയില്‍ ഒരു ദശാബ്ദക്കാലം സ്വിഫ്റ്റ് ഉണ്ടായിരുന്നു. 2010 സെപ്തംബറില്‍ അഞ്ച് ലക്ഷം യൂണിറ്റുകളുടെയും 2013 സെപ്തംബറില്‍ പത്ത് ലക്ഷം യൂണിറ്റുകളുടെയും വില്‍പനനേട്ടം സ്വന്തമാക്കിയ സ്വിഫറ്റ്, 2016 മാര്‍ച്ചിലാണ് 15 ലക്ഷം യൂണിറ്റുകളെന്ന നാഴികക്കല്ല് പിന്നിട്ടത്.
ഡിമാന്റ്് ഏറിയ പശ്ചാത്തലത്തില്‍ നടപ്പുവര്‍ഷം ഏപ്രില്‍-ഒക്‌ടോബറില്‍ സ്വിഫ്റ്റിന്റെ ഉത്പാദനം മാരുതി സുസുക്കി 2017-18ലെ സമാന കാലയളവിനേക്കാള്‍ 45 ശതമാനം ഉയര്‍ത്തിയിരുന്നു. 1.39 ലക്ഷം യൂണിറ്രുകളാണ് ഈവര്‍ഷം ഒക്‌ടോബര്‍ വരെയുള്ള ഉത്പാദനം. ഏപ്രില്‍ഒക്‌ടോബറില്‍ 36 ശതമാനം വില്പന വളര്‍ച്ചയും സ്വിഫ്റ്റ് കുറിച്ചിരുന്നു.

മജീദ് മജീദി കേരള രാജ്യാന്തര ചലച്ചിത്രമേള ജൂറി ചെയര്‍മാന്‍

ഗായത്രി-
ഇരുപത്തി മൂന്നാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ജൂറി ചെയര്‍മാനായി വിഖ്യാത ചലച്ചിത്രകാരന്‍ മജീദ് മജീദി എത്തും. ഐ.എഫ്.എഫ്.കെ.യുടെ അന്താരാഷ്ട്ര മത്സരവിഭാഗം ജൂറി ചെയര്‍മാനായാണ് മജീദി എത്തുക. തമിഴ് സംവിധായകനായ വെട്രിമാരന്‍, മറാത്തി സംവിധായകനായ ഉമേഷ് കുല്‍ക്കര്‍ണി, ഫിലിപ്പിനോ സംവിധായകനായ അഡോല്‍ഫോ അലിക്‌സ് ജൂനിയര്‍ എന്നിവരാണ് മറ്റ് ജൂറി അംഗങ്ങള്‍.
ജൂറി ഫിലിംസ് വിഭാഗത്തില്‍ മജീദിയുടെ വിവാദ ചിത്രം ‘മുഹമ്മദ് ദി മെസഞ്ചര്‍ ഒഫ് ഗോഡ്’ മേളയില്‍ പ്രദര്‍ശിപ്പിക്കും. കൂടാതെ വെട്രിമാരന്റെ വടചെന്നൈ, ഉമേഷ് കുല്‍ക്കര്‍ണിയുടെ ഹൈവേ, അഡോല്‍ഫോ അലിക്‌സ് ജൂനിയറിന്റെ ഡാര്‍ക്ക് ഈസ് ദ നൈറ്റ് എന്നിവയും പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.
പ്രവാചകനായ മുഹമ്മദ് നബിയുടെ ബാല്യകാലം ആവിഷ്‌കരിക്കുന്ന ചിത്രമാണ് ‘മുഹമ്മദ് ദി മെസഞ്ചര്‍ ഒഫ് ഗോഡ്’. 2015 ല്‍ പുറത്തിറങ്ങിയ ഈ ചിത്രം ഇറാനിയന്‍ സിനിമയുടെ ചരിത്രത്തില്‍ തന്നെ നിര്‍മ്മിച്ച ഏറ്റവും ചെലവേറിയ ചിത്രമായിരുന്നു. എ.ആര്‍. റഹ്മാനാണ് സംഗീതം.

ഹോം ഡെലിവറി സംവിധാനവുമായി ഇനി സപ്ലൈകോയും

ഗായത്രി-
കൊച്ചി: സൂപ്പര്‍മാര്‍ക്കറ്റുകളുടെ വില്‍പ്പനാ തന്ത്രങ്ങളോട് ഏറ്റമുട്ടാന്‍ ഹോം ഡെലിവറി സംവിധാനവുമായി ഇനി സപ്ലൈകോയും. കേരളപ്പിറവിയോട് അനുബന്ധിച്ചാണ് ഹോം ഡെലിവറി സംവിധാനത്തിന് സപ്ലൈകോ തുടക്കമിട്ടത്. പനമ്പിള്ളി നഗറിലെ സപ്ലൈകോയിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പിലാക്കിയത്. ഒരു ഫോണ്‍ കോള്‍ മാത്രം മതി, നിശ്ചിത കിലോമീറ്റര്‍ പരിധിയില്‍ അരമണിക്കൂറിനുള്ളില്‍ സാധനങ്ങളെത്തും. സര്‍ക്കാര്‍ നിശ്ചയിച്ച സബ്‌സിഡിയോടെത്തന്നെയാണ് സാധനങ്ങള്‍ വിതരണം ചെയ്യുന്നത്. 2000 രൂപയുടെ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുമ്പോഴാണ് ഹോം ഡെലിവറി സംവിധാനം തുടക്കത്തില്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കുക. 20 രൂപയാണ് വീട്ടുപടിക്കല്‍ സാധനവുമായി എത്തുന്ന സപ്ലൈകോയുടെ ഓട്ടോ സര്‍വീസ് ചാര്‍ജ് നല്‍കേണ്ടി വരിക. സബ്‌സിഡിയോടെ സാധനങ്ങള്‍ വീട്ടിലെത്തുന്നതോടെ ക്യൂ നില്‍ക്കുകയോ കടയിലെത്തുകയോ വേണ്ട എന്നതാണ് ആളുകളെ ആകര്‍ഷിക്കുന്നത്.

കേരളം വിളയിക്കാന്‍ 1500 കോടി

ഗായത്രി-
കൊച്ചി: സംസ്ഥാനത്തെ തെങ്ങിന്‍തോട്ടങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് രൂപം കൊടുത്ത ‘കേരഗ്രാമം’ പദ്ധതിക്ക് പുതുജീവന്‍. 250 ഹെക്ടര്‍ വിസ്തൃതിയിലുള്ള 79 കേരഗ്രാമങ്ങളാണ് പദ്ധതിപ്രകാരം ഈ വര്‍ഷം സജ്ജമാക്കാനൊരുങ്ങുന്നത്. ഇതിനായി 1500 കോടിരൂപയാണ് അനുവദിച്ചിട്ടുള്ളത്.
2017 ജൂലായിലാണ് കേരഗ്രാമം പദ്ധതി ആവിഷ്‌കരിച്ചത്. എന്നാല്‍ ധനകാര്യവകുപ്പ് വേണ്ടത്ര ഫണ്ടനുവദിക്കാതിരുന്നതിനാല്‍ പദ്ധതി മുടന്തുകയായിരുന്നു. പ്രാരംഭഘട്ടത്തില്‍ 100 കോടി മാത്രമാണ് അനുവദിച്ചിരുന്നത്. പദ്ധതി പ്രകാരം പത്തിരട്ടി വരെ നാളികേര ഉത്പാദനം വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം. ഇതിനായി വിപുലമായ പദ്ധതികളും സഹായങ്ങളും ലഭ്യമാക്കും. കൃഷി പരിപാലനം, നാളികേര സംസ്‌കരണ, ജൈവവള ഉല്‍പാദന യൂണിറ്റുകള്‍ക്ക് സഹായം, കര്‍ഷകര്‍ക്ക് വിവിധ ഇന്‍ഷ്വറന്‍സ് പദ്ധതികള്‍, കുള്ളന്‍തെങ്ങുകളുടെ പ്രദര്‍ശനത്തോട്ടമൊരുക്കല്‍ തുടങ്ങിയവയ്ക്ക് സഹായം ലഭിക്കും. കേരഗ്രാമം പദ്ധതി നടപ്പാക്കുന്ന കൃഷിഭവനുകളുമായാണ് വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ടത്. ഫോണ്‍ 04712334989.

തെങ്ങുകൃഷി വളരട്ടെ
നിലവില്‍ സംസ്ഥാനത്ത് 7.81 ലക്ഷം ഹെക്ടറിലാണ് തെങ്ങുകൃഷിയുള്ളത്. പത്തുവര്‍ഷത്തിനുള്ളില്‍ ഇത് 9.25 ലക്ഷം ഹെക്ടറിലേക്ക് വ്യാപിപ്പിക്കും. ഇതോടെ ഉത്പാദനക്ഷമത ഹെക്ടറിന് 6889 തേങ്ങ എന്ന നിലയില്‍നിന്ന് 8500ല്‍ എത്തുമെന്നാണ് കരുതുന്നത്. നാളികേര ഉത്പാദനത്തില്‍ കേരളം എട്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സാഹചര്യത്തില്‍ നാളികേര വികസന കൗണ്‍സിലിന് രൂപംനല്‍കാന്‍ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചിരുന്നു.