Month: November 2018

ലോകം കീഴടക്കാന്‍ 2.0

ഫിദ-
റിലീസിന് മുമ്പ് 490 കോടി നേടി കുതിക്കുകയാണ് രജനികാന്ത് ചിത്രം 2.0. 543 കോടി മുതല്‍ മുടക്കുള്ള ചിത്രം അഡ്വാന്‍സ് ബുക്കിംഗ്, സാറ്റലൈറ്റ് റൈറ്റ് തുടങ്ങിയവയിലൂടെയാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. പ്രീ റിലീസിംഗ് ബിസിനസില്‍ ബാഹുബലി 2ന്റെ റെക്കാഡാണ് 2.0 തകര്‍ത്തത്. സാറ്റ്‌ലൈറ്റ് അവകാശത്തിന് 120 കോടിയും ഡിജിറ്റല്‍ അവകാശത്തിന് 80 കോടിയും ലഭിച്ചു. വടക്കേ ഇന്ത്യയിലെ വിതരണ അവകാശം 60 കോടിക്കും ആന്ധ്രയിലേത് 70 കോടിക്കും കര്‍ണാകടത്തിലേത് 25 കോടിക്കും കേരളത്തിലേത് 15 കോടിക്കുമാണ് വിറ്റുപോയത്. ഇതുകൂടാതെ പ്രീബുക്കിംഗിലൂടെ 120 കോടി രൂപയും ലഭിച്ചു കഴിഞ്ഞു. ലോകമെമ്പാടും 10000 സ്‌ക്രീനുകളിലാണ് 2.0 റിലീസ് ചെയ്യുക. ഇതോടെ ഏറ്റവും കൂടുതല്‍ സ്‌ക്രീനുകളില്‍ റിലീസ് ചെയ്യുന്ന തമിഴ് സിനിമ എന്ന റെക്കാഡും 2.0 സ്വന്തമാക്കും.

ഫ്രീ കാര്‍ കെയര്‍ ക്ലിനിക്കുമായി ഹ്യുണ്ടായി

ഫിദ-
കൊച്ചി: ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡിന്റെ ദേശീയതല ഫ്രീ കാര്‍ കെയര്‍ ക്ലിനിക്കിന്റെ 27ാമത് എഡിഷന്‍ ആരംഭിച്ചു. ഇതോടനുബന്ധിച്ച് നവംബര്‍ 27വരെ ഇന്ത്യയിലെ 1,309 ഡീലര്‍ഷിപ്പുകളിലും സര്‍വീസ് പോയിന്റുകളിലുമായി കസ്റ്റമര്‍ കണക്ട് പ്രോഗ്രാം സംഘടിപ്പിക്കും. ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ചതും അനുയോജ്യവുമായ സേവനം ലഭ്യമാക്കുകയും പരസ്പരമുള്ള ബന്ധം സുദൃഢമാക്കുകയുമാണ് ലക്ഷ്യമെന്ന് ഹ്യൂണ്ടായ് മോട്ടോറിന്റെ ലക്ഷ്യം.
ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന മികച്ച സേവനത്തിന്റെ കരുത്തില്‍ ജെ.ഡി. പവര്‍ കസ്റ്റമര്‍ സര്‍വീസ് ഇന്‍ഡക്‌സില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി ഒന്നാംസ്ഥാനത്ത് ഹ്യൂണ്ടായ് ആണുള്ളത്. സൗജന്യ 50 പോയിന്റ് ചെക്കപ്പ്, പാര്‍ട്‌സുകള്‍ക്ക് പത്തു ശതമാനം ഡിസ്‌കൗണ്ട്, ലേബര്‍ ചാര്‍ജുകള്‍ക്ക് 30 ശതമാനം വരെ ഡിസ്‌കൗണ്ട്, ദിവസേന പത്തു ഫ്രീ വാറന്റ് എന്നീ ഓഫറുകള്‍ ഫ്രീ കെയര്‍ ക്ലിനിക്കിലൂടെ ഉപഭോക്താക്കള്‍ക്ക് നേടാം.

 

2019 ല്‍ ആറുകോടി മൊബൈല്‍ കണക്ഷനുകള്‍ ഉപക്ഷിക്കപ്പെടും

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: രാജ്യത്ത് ആറുകോടി മൊബൈല്‍ കണക്ഷനുകള്‍ 2019 ല്‍ ഉപക്ഷിക്കപ്പെടും എന്ന് റിപ്പോര്‍ട്ട്. നിലവില്‍ ഇരട്ട സിം ഉപയോഗിക്കുന്ന ടെലികോം ഉപയോക്താക്കള്‍ ഒന്നായി ചുരുക്കും എന്നതാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രണ്ടര ലക്ഷം മുതല്‍ മൂന്ന് ലക്ഷം വരെ ഉപയോക്താക്കളുടെ എണ്ണം അടുത്ത ആറ് മാസത്തിനുള്ളില്‍ കുറയാന്‍ സാധ്യതയുണ്ടെന്നാണ് സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (സി ഓ എ ഐ) ഡയറക്ടര്‍ ജനറല്‍ രാജന്‍ മാത്യു പറഞ്ഞിരുന്നു. റിപ്പോര്‍ട്ട് അനുസരിച്ച് പലപ്പോഴും ആളുകള്‍ ഡ്യുവല്‍ സിം കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കാരണം ടെലികോം കമ്പനികള്‍ വ്യത്യസ്തങ്ങളായ നിരക്കുകളും സൗജന്യങ്ങളും നല്‍കുന്നതാണ്. അതേസമയം, ഇന്റര്‍നെറ്റ് ഡേറ്റ, ഫോണ്‍വിളി, എസ്എംഎസ് എന്നിവയെല്ലാം അണ്‍ലിമിറ്റഡ് ഓഫറില്‍ ഇന്ന് കുറഞ്ഞ നിരക്കില്‍ ഒരേ കമ്പനി തന്നെ നല്‍കിവരുന്നുമുണ്ട്. ഒറ്റ നമ്പറില്‍ തന്നെ എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതിനാല്‍ ഒരു നമ്പര്‍ തന്നെ ധാരാളം എന്ന കാഴ്ചപ്പാട് വളര്‍ന്നുവരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ ഇത്തരം ഒരു അവസ്ഥ ടെലികോം രംഗത്തെ മത്സരം കൂടുതല്‍ രൂക്ഷമാക്കാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്.

എട്ടുകോടിയും കഴിഞ്ഞ് മ്യൂച്വല്‍ഫണ്ട് പോര്‍ട്ട്‌ഫോളിയോ

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ഇന്ത്യയില്‍ മ്യൂച്വല്‍ഫണ്ട് പോര്‍ട്ട്‌ഫോളിയോകളുടെ എണ്ണം പുതിയ ഉയരത്തില്‍. നടപ്പുവര്‍ഷം ഒക്‌ടോബര്‍ വരെയുള്ള കണക്കുപ്രകാരം എട്ട് കോടി മ്യൂച്വല്‍ഫണ്ട് പോര്‍ട്ട്‌ഫോളിയോകള്‍ ഇന്ത്യയിലുണ്ട്. ഈ വര്‍ഷം ഏപ്രില്‍ഒക്‌ടോബറില്‍ മാത്രം പുതുതായി 77 ലക്ഷം പോര്‍ട്ട്‌ഫോളിയോകള്‍ ചേര്‍ക്കാന്‍ ഈ രംഗത്തെ കമ്പനികള്‍ക്ക് കഴിഞ്ഞു. അസോസിയേഷന്‍ ഒഫ് മ്യൂച്വല്‍ഫണ്ട്‌സ് ഇന്‍ ഇന്ത്യയുടെ (ആംഫി) കണക്കുപ്രകാരം 41 മ്യൂച്വല്‍ഫണ്ട് സ്ഥാപനങ്ങളാണ് രാജ്യത്തുള്ളത്.
2018 മാര്‍ച്ചുവരെയുള്ള കണക്കനുസരിച്ച് മ്യൂച്വല്‍ഫണ്ട് പോര്‍ട്ട്‌ഫോളിയോകള്‍ 7.13 കോടിയായിരുന്നു. 1.60 കോടി മ്യൂച്വല്‍ഫണ്ട് അക്കൗണ്ടുകളാണ് നിലവിലുള്ളത്. 2016-17ല്‍ ഇത് 67 ലക്ഷവും 2015-16ല്‍ 59 ലക്ഷവുമായിരുന്നു. ഓരോ അക്കൗണ്ടുടമയ്ക്കും ഒന്നോ അതിലേറെയോ പോര്‍ട്ട്‌ഫോളിയോകളുണ്ടാകും. ചെറുകിട നിക്ഷേപകരില്‍ നിന്നുള്ള റീട്ടെയില്‍ നിക്ഷേപകരുടെ എണ്ണത്തില്‍ മികച്ച വര്‍ദ്ധനയാണ് കാണുന്നതെന്നും അസോസിയേഷന്‍ വ്യക്തമാക്കി.
81,000 കോടി രൂപ നിക്ഷേപമാണ് ഈവര്‍ഷം മ്യൂചല്‍ഫണ്ടുകളിലേക്ക് ഒഴുകിയത്. ഇതില്‍, 75,000 കോടിയും നേടിയത് ഇക്വിറ്റിസ്‌കീമുകളാണ്. അതേസമയം, കടപ്പത്രങ്ങളിലെ ഒരുവിഭാഗമായ ഇന്‍കം സ്‌കീമില്‍ നിന്ന് ഈവര്‍ഷം 1.23 ലക്ഷം കോടി രൂപ കൊഴിഞ്ഞു. ഗോള്‍ഡ് ഇ.ടി.എഫുകള്‍ക്ക് 290 കോടി രൂപയും നഷ്ടപ്പെട്ടു.

റെയില്‍വേയുടെ 1.95 ലക്ഷം മൊബൈല്‍ കണക്ഷനുകള്‍ ജിയോയിലേക്ക്

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ജനുവരി ഒന്ന് മുതല്‍ റെയില്‍വേ ജീവനക്കാരുടെ മൊബൈല്‍ കണക്ഷന്‍ ജിയോയിലേക്ക് മാറും. ജീവനക്കാരുടെ 1.95 ലക്ഷം കണക്ഷനുകളാണ് എയര്‍ടെലില്‍ നിന്ന് ജിയോയിലേക്ക് മാറുന്നത്. എയര്‍ടെലില്‍ നിന്നാണ് കണക്ഷനുകള്‍ മാറുന്നത്. കഴിഞ്ഞ ആറ് വര്‍ഷമായി എയര്‍ടെല്ലായിരുന്നു സേവനം നല്‍കിയിരുന്നത്. ഒരു വര്‍ഷം 100 കോടി രൂപയാണ് ബില്ലിനത്തില്‍ അടച്ച് വന്നിരുന്നത്. എന്നാല്‍ ജിയോയിലേക്ക് മാറുന്നതോടെ, ജിയോയുടെ വാഗ്ദാനം ചെയ്ത പാക്കേജ് പ്രകാരം ബില്‍ തുക 35 ശതമാനം കുറയുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. റെയില്‍വേയുടെ ജീവനക്കാരെ വിവിധ വിഭാഗങ്ങളായി തിരിച്ചാണ് ജിയോയുടെ പാക്കേജുകള്‍ നടപ്പാക്കുക.

കേരളത്തില്‍ പുതുതായി 1,731 പമ്പുകള്‍

ഗായത്രി-
കൊച്ചി: പെട്രോളിനും ഡീസലിനും ഡിമാന്റേറിയ പശ്ചാത്തലത്തില്‍ കേരളത്തില്‍ (മാഹിയില്‍ ഉള്‍പ്പെടെ) കൂടുതല്‍ പമ്പുകള്‍ തുറക്കാന്‍ പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐ.ഒ.സി), ഭാരത് പെട്രോളിയം (ബി.പി.സി.എല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം (എച്ച്.പി.സി.എല്‍) എന്നിവ തീരുമാനിച്ചു. നിലവില്‍, മൂന്നു കമ്പനികള്‍ക്കും കൂടി 2,005 പമ്പുകള്‍ കേരളത്തിലുണ്ട്. പുതുതായി 1,731 പമ്പുകളാണ് തുറക്കുക.
771 എണ്ണം ഗ്രാമങ്ങളിലും 960 എണ്ണം റെഗുലര്‍ (നഗര, അര്‍ധനഗര) മേഖലയിലുമാണ് തുറക്കുകയെന്ന് ഐ.ഒ.സി കേരള റീട്ടെയില്‍ സെയില്‍ മേധാവിയും ജനറല്‍ മാനേജരുമായ നവീന്‍ ചരണ്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പമ്പുകള്‍ തുറക്കാന്‍ താത്പര്യമുള്ളവര്‍ ഡിസംബര്‍ 24നകം ഓണ്‍ലൈനായി അപേക്ഷിക്കണം. തുടര്‍ന്ന്, ഭൂമി ലഭ്യമാക്കുന്ന മുറക്ക് പമ്പുകള്‍ തുറക്കും. 21നും 60നും ഇടയില്‍ പ്രായമുള്ളവരും മിനിമം പത്താംക്ലാസ് യോഗ്യതയും ഉള്ളവരായിരിക്കണം അപേക്ഷകര്‍. അപേക്ഷരുടെ പേരില്‍ ക്രിമിനല്‍ കേസുകളും ഉണ്ടാവരുത്.
സ്വന്തമായി ഭൂമിയുള്ളവര്‍ക്ക് ആദ്യം ലൈസന്‍സ് നല്‍കും. നഗരങ്ങളില്‍ സ്ഥലം ലഭ്യമാക്കിയാല്‍ പമ്പിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ കമ്പനി നിര്‍മ്മിച്ച് നല്‍കും. ഗ്രാമീണ മേഖലകളില്‍ സ്റ്റാന്‍ഡ്, ഡിസ്‌പെന്‍സിംഗ് യൂണിറ്റ് എന്ന കമ്പനി ലഭ്യമാക്കും. ബാക്കി സൗകര്യങ്ങള്‍ ഡീലര്‍ ഒരുക്കണം.

ചന്തപ്പുരയുടെ മനസറിഞ്ഞ് ഓട്ടര്‍ഷ

ഗായത്രി-
കണ്ണൂര്‍ ജില്ലയിലെ ഒരു നാട്ടിന്‍ പുറത്തിന്റെ നന്മയും നൈര്‍മ്മല്യവും വിളിച്ചു പറയുകയാണ് ഛായാഗ്രാഹകന്‍ സുജിത് വാസുദേവിന്റെ രണ്ടാമത്തെ ചിത്രമായ ‘ഓട്ടര്‍ഷ’. ജെയിംസ് ആന്റ് ആലീസിനു ശേഷം സുജിത് വാസുദേവ് നിര്‍മ്മിച്ച് അദ്ദേഹം തന്നെ ഛായാഗ്രഹണം നിര്‍വഹിച്ച് സംവിധാനം ചെയ്ത ഓട്ടര്‍ഷയെ പ്രേക്ഷകര്‍ താല്‍പ്പര്യത്തൊടെയാണ് നോക്കിക്കാണുന്നത്.
കണ്ണൂരിലെ ചന്തപ്പുര ഓട്ടോ സ്റ്റാന്‍ഡിലെത്തി ഒരു ഓട്ടോ പിടിക്കണം. സ്റ്റാന്‍ഡിലെ ഏക വനിതാ െ്രെഡവറായ അനിതയുടെ (അനുശ്രീ) ഓട്ടോയില്‍ കയറാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മറ്റ് ഓട്ടോക്കാര്‍ മോശമായതുകൊണ്ടല്ല, ഓട്ടര്‍ഷയുടെ കഥ പറയേണ്ടത് അനിത തന്നെയാണ്. ജീവിക്കാന്‍ വേണ്ടി ഓട്ടോറിക്ഷയുമായി നിരത്തിലിറങ്ങിയതാണ് അനിത. മഹീന്ദ്രയുടെ പുതിയ ഓട്ടോയുമായി ചന്തപ്പുര സ്റ്റാന്‍ഡിലെത്തുന്ന അനിതയെ ഇരു കൈയും നീട്ടി സ്വീകരിക്കുകയാണ് സഹപ്രവര്‍ത്തകരായ ഓട്ടോ തൊഴിലാളികള്‍. സ്‌നേഹം മാത്രം കൈമുതലായ ഓട്ടോ സഹപ്രവര്‍ത്തകര്‍ക്കൊപ്പം നന്മ വഴിയിലൂടെയാണ് ഓട്ടര്‍ഷയുടെ യാത്ര. പതിവ് ആണിടങ്ങളിലേക്കുള്ള പെണ്ണിന്റെ കടന്നുചെല്ലല്‍ കളിയാക്കലുകളില്ലാതെ ഏറെ പക്വതയോടെയാണ് ഓര്‍ട്ടഷ ആവിഷ്‌കരിക്കുന്നത്. നാട്ടിന്‍ പുറങ്ങളിലെ സ്ത്രീ ഓട്ടോ െ്രെഡവറെ തങ്ങളിലൊരാളായി കാണുന്ന സഹപ്രവര്‍ത്തകരെക്കുറിച്ചും തന്നോളം പോന്നവളാണ് അവള്‍ എന്ന തിരിച്ചറിവുകളും ഓട്ടര്‍ഷ പങ്കുവെക്കുന്നുണ്ട്.

കേരള സോപ്‌സിന്റെ പുതിയ ഉത്പന്നങ്ങളും ഉടന്‍ വിപണിയിലിറക്കും

ഫിദ-
കൊച്ചി: കേരള സോപ്‌സിനെ കൂടുതല്‍ ജനകീയമാക്കാന്‍ വ്യവസായ വകുപ്പ് ഇടപെടുന്നു. ഹാന്‍ഡ് വാഷ് ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങളും ഉടന്‍ വിപണിയിലിറക്കും. പ്രതിസന്ധികളെ അതിജീവിച്ച് ലാഭത്തിലേക്ക് കടക്കുകയാണ് കേരള സോപ്‌സ്. കൂടുതല്‍ ജനകീയമാക്കുക വഴി മലബാറില്‍ മാത്രമായുള്ള കേരള സോപ്‌സിന്റെ വിപണി തെക്കന്‍ കേരളത്തിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് വ്യവസായ വകുപ്പിന്റെ ലക്ഷ്യം. ചൈന, ആഫ്രിക്ക, തായ്‌ലാന്റ് എന്നിവിടങ്ങള്‍ക്ക് പുറമെ കൂടുതല്‍ രാജ്യാന്തര വിപണി കണ്ടെത്തി വ്യാപാര ശൃംഖല വിപുലപ്പെടുത്തും. അടുത്തിടെ വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജന്‍ കോഴിക്കോട്ടെ കേരള സോപ്‌സില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

തൊഴിലാളികള്‍ക്ക് കാന്‍സര്‍; സാംസങ് കമ്പനി ക്ഷമ ചോദിച്ചു

അളക ഖാനം-
സിയോള്‍: സാംസങ് ഇലക്‌ട്രോണിക്‌സിന്റെ ഫാക്ടറികളില്‍ പ്രവര്‍ത്തിച്ചതിനു ശേഷം കാന്‍സര്‍ പിടിപ്പെട്ട ജോലിക്കാരോട് കമ്പനി ക്ഷമ ചോദിച്ചു. 10 വര്‍ഷത്തിലേറെ നീണ്ട തര്‍ക്കത്തിനൊടുവിലാണ് കമ്പനി കുറ്റസമ്മതം നടത്തിയത്.
രോഗബാധ മൂലം ദുരിതമനുഭവിക്കുന്ന ജോലിക്കാരോടും കുടുംബാംഗങ്ങളോടും ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് കമ്പനിയുടെ കോ പ്രസിഡന്റ് കിം കിനാം അറിയിച്ചു. അര്‍ധചാലക, എല്‍.സി.ഡി ഫാക്ടറികളില്‍ ആവശ്യമായ ആരോഗ്യ സുരക്ഷ ഒരുക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
സാംസങ്ങിന്റെ അര്‍ധചാലക ഡിസ്‌പ്ലേ ഫാക്ടറികളിലെ 240 ജോലിക്കാര്‍ക്ക് ജോലിയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ ബാധിച്ചുവെന്നാണ് കണക്ക്. ഇവരില്‍ 80 പേര്‍ മരിച്ചു. 16തരം കാന്‍സറുകള്‍, ചില അപൂര്‍വ രോഗങ്ങള്‍, ഗര്‍ഭഛിദ്രം, ജോലിക്കാരുടെ മക്കള്‍ക്ക് ജന്‍മനാ രോഗങ്ങള്‍ എന്നിവ ബാധിച്ചിരുന്നു. 1984 നും വളരെ പഴക്കമേറിയ പ്ലാന്റുകളിലായിരുന്നു തൊഴിലാളികള്‍ ജോലി എടുത്തിരുന്നതെന്നും ആരോപണമുണ്ട്.

 

ബാല ഭാസ്‌കറിന്റെ മരണം; അന്വേഷണമാവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി

ഫിദ-
തിരു: വയലിനിസ്റ്റ് ബാല ഭാസ്‌കറിന്റെ മരണത്തില്‍ അന്വേഷണമാവശ്യപ്പെട്ട് പിതാവ് ഉണ്ണി ഡി.ജി.പിക്ക് പരാതി നല്‍കി.
മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പരാതിയില്‍ പറയുന്നു. െ്രെഡവറുടെയും ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെയും മൊഴികളില്‍ വൈരുധ്യമുണ്ട്. സാമ്പത്തിക ഇടപാട് സംബന്ധിച്ച ചില സംശയങ്ങളും കുടുംബം ഉന്നയിക്കുന്നുണ്ട്.
വാഹനാപകടത്തില്‍ പരിക്കേറ്റ് തിരുവനന്തപുരം സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ബാലഭാസ്‌കര്‍ ഒക്ടോബര്‍ രണ്ടിനാണ് മരിച്ചത്. ബാലഭാസ്‌കറിന്റെ മകള്‍ തേജസ്വിനി ബാല(2) അപകട സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.
മകളുടെ പേരിലുള്ള വഴിപാടുകള്‍ക്കായി 23നു തൃശൂര്‍ക്കു പോയ കുടുംബം ക്ഷേത്രദര്‍ശനം കഴിഞ്ഞ് 24നു രാത്രിയോടെ തിരിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം.