കേരളത്തില്‍ പുതുതായി 1,731 പമ്പുകള്‍

കേരളത്തില്‍ പുതുതായി 1,731 പമ്പുകള്‍

ഗായത്രി-
കൊച്ചി: പെട്രോളിനും ഡീസലിനും ഡിമാന്റേറിയ പശ്ചാത്തലത്തില്‍ കേരളത്തില്‍ (മാഹിയില്‍ ഉള്‍പ്പെടെ) കൂടുതല്‍ പമ്പുകള്‍ തുറക്കാന്‍ പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐ.ഒ.സി), ഭാരത് പെട്രോളിയം (ബി.പി.സി.എല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം (എച്ച്.പി.സി.എല്‍) എന്നിവ തീരുമാനിച്ചു. നിലവില്‍, മൂന്നു കമ്പനികള്‍ക്കും കൂടി 2,005 പമ്പുകള്‍ കേരളത്തിലുണ്ട്. പുതുതായി 1,731 പമ്പുകളാണ് തുറക്കുക.
771 എണ്ണം ഗ്രാമങ്ങളിലും 960 എണ്ണം റെഗുലര്‍ (നഗര, അര്‍ധനഗര) മേഖലയിലുമാണ് തുറക്കുകയെന്ന് ഐ.ഒ.സി കേരള റീട്ടെയില്‍ സെയില്‍ മേധാവിയും ജനറല്‍ മാനേജരുമായ നവീന്‍ ചരണ്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പമ്പുകള്‍ തുറക്കാന്‍ താത്പര്യമുള്ളവര്‍ ഡിസംബര്‍ 24നകം ഓണ്‍ലൈനായി അപേക്ഷിക്കണം. തുടര്‍ന്ന്, ഭൂമി ലഭ്യമാക്കുന്ന മുറക്ക് പമ്പുകള്‍ തുറക്കും. 21നും 60നും ഇടയില്‍ പ്രായമുള്ളവരും മിനിമം പത്താംക്ലാസ് യോഗ്യതയും ഉള്ളവരായിരിക്കണം അപേക്ഷകര്‍. അപേക്ഷരുടെ പേരില്‍ ക്രിമിനല്‍ കേസുകളും ഉണ്ടാവരുത്.
സ്വന്തമായി ഭൂമിയുള്ളവര്‍ക്ക് ആദ്യം ലൈസന്‍സ് നല്‍കും. നഗരങ്ങളില്‍ സ്ഥലം ലഭ്യമാക്കിയാല്‍ പമ്പിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ കമ്പനി നിര്‍മ്മിച്ച് നല്‍കും. ഗ്രാമീണ മേഖലകളില്‍ സ്റ്റാന്‍ഡ്, ഡിസ്‌പെന്‍സിംഗ് യൂണിറ്റ് എന്ന കമ്പനി ലഭ്യമാക്കും. ബാക്കി സൗകര്യങ്ങള്‍ ഡീലര്‍ ഒരുക്കണം.

Post Your Comments Here ( Click here for malayalam )
Press Esc to close