Month: November 2018

കാലാവധി കഴിഞ്ഞ മരുന്നുകള്‍ വിറ്റഴിക്കുന്നു

ഗായത്രി-
കൊച്ചി: കാലഹരണപ്പെട്ട മരുന്നുകളും സംസ്ഥാനത്ത് വിറ്റഴിക്കുന്നു. മരുന്നുകള്‍ക്കും ഗുളികകള്‍ക്കും മേല്‍ പതിച്ചിട്ടുള്ള കാലാവധി തീയതി തിരുത്തി പുതിയ സീല്‍ പതിച്ചാണ് വില്‍പ്പന. വിറ്റഴിയാതെ പോകുന്ന മരുന്നുകള്‍ പുതിയതെന്ന രീതിയില്‍ വീണ്ടും മെഡിക്കല്‍ സ്‌റ്റോറുകളിലെത്തിച്ചാണ് ഈ മരുന്നുകൊള്ള. കാലഹരണപ്പെട്ട മരുന്നുകള്‍ സംസ്‌കരിക്കണമെന്നാണ് നിബന്ധന. സംസ്‌കരണത്തിനെന്നും പറഞ്ഞ് മെഡിക്കല്‍ സ്‌റ്റോറുകളില്‍ നിന്ന് ഉത്പാദന കമ്പനികള്‍ തിരിച്ചെടുക്കുന്ന മരുന്നുകള്‍ കാലാവധി തീയതി മാറ്റി വീണ്ടും മെഡിക്കല്‍ സ്‌റ്റോറുകളിലെത്തുന്നത് ആരും അറിയുന്നില്ല. 1.15 ലക്ഷം കോടി രൂപയുടെ മരുന്നാണ് ഓരോ വര്‍ഷവും കേരളത്തില്‍ മാത്രം വിറ്റഴിക്കുന്നത്. നാല് ലക്ഷത്തോളം മരുന്നുകളാണ് വ്യത്യസ്ത കമ്പനികള്‍ വില്‍ക്കുന്നത്. ഇതില്‍ 12,000ത്തോളം മരുന്നുകള്‍ മാത്രമേ ഗുണപരിശോധനയ്ക്ക് വിധേയമാക്കുന്നുള്ളൂ.
ഗുണനിലവാരമില്ലാത്തതും കാലഹരണപ്പെട്ടതുമായ മരുന്നുകള്‍ സംസ്‌കരിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടത് ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗമാണ്. പരിശോധന നിര്‍ജീവമായതാണ് മരുന്നുകൊള്ളക്കാര്‍ക്ക് അനുഗ്രഹമായത്. ഐ.എം.എയുടെ പാലക്കാട്ടുള്ള ഒരു സംസ്‌കരണ യൂണിറ്റാണ് കാലഹരണപ്പെട്ട മരുന്നുകള്‍ സംസ്‌കരിക്കുന്നതിന് സംസ്ഥാനത്ത് ആകെ പ്രവര്‍ത്തിക്കുന്നത്. രണ്ടാമതൊന്ന് തിരുവനന്തപുരം ജില്ലയില്‍ സ്ഥാപിക്കാനുള്ള ശ്രമം നടന്നെങ്കിലും എതിര്‍പ്പുകള്‍ മൂലം നടന്നില്ല. പഴയതിനെ പുതിയതാക്കി മാറ്റുന്ന ജാലവിദ്യ ഡല്‍ഹിയില്‍ വ്യാപകമായപ്പോള്‍ സംഗതി കോടതി കയറി. ഡല്‍ഹി ഹൈക്കോടതി ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറലിനോട് വിശദീകരണം തേടിയിരിക്കുകയാണ്.
സംസ്ഥാനത്ത് ആശുപത്രികളിലെ ഫാര്‍മസിയടക്കം 20,000 മെഡിക്കല്‍ ഷോപ്പുകളാണുള്ളത്. ഇതില്‍ കാലഹരണപ്പെട്ട മരുന്നുകള്‍ കണ്ടെത്തിയ രണ്ടായിരത്തോളം ഷോപ്പുകള്‍ ജില്ലാതല അസിസ്റ്റന്റ് ഡ്രഗ്‌സ് കണ്‍ട്രോളര്‍മാര്‍ സസ്‌പെന്‍ഡ് ചെയ്തു. അഞ്ഞൂറിലധികം ഉടമകള്‍ക്കെതിരെ കേസെടുത്തു.
‘കാലാവധി തീരുന്നതിന് രണ്ട് മാസം മുമ്പ് തന്നെ മരുന്ന് ഉപയോഗത്തില്‍ നിന്ന് മാറ്റണം. ഉപയോഗപ്രദമായ വിഷമാണ് മരുന്ന്. അത് കാലാവധി കഴിഞ്ഞാല്‍ തീര്‍ത്തും വിഷമായി മാറും. അത് വില്‍ക്കുകയോ, ഉപയോഗിക്കുകയോ ചെയ്യുന്നത് കുറ്റകരമാണ്.

ആദ്യമായി ഒരു വനിത ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായേക്കും

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി ആദ്യമായി ഒരു വനിത നിയമിക്കപ്പെട്ടേക്കും. ലോകബാങ്കിലെ സാമ്പത്തിക വിദഗ്ധയായ പൂനം ഗുപ്തയുടെ പേരാണ് പരിഗണനയിലുള്ളതെന്നാണ് സൂചന. ‘ജെ.പി മോര്‍ഗനി’ലെ ചീഫ് ഇന്ത്യ ഇക്കണോമിസ്റ്റ് സാജിദ് ചിനോയ്, ‘ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസി’ലെ പ്രഫസര്‍ കൃഷ്ണമൂര്‍ത്തി സുബ്രമണ്യം എന്നിവരുടെ പേരും പരിഗണിക്കുന്നുണ്ട്. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന അരവിന്ദ് സുബ്രമണ്യത്തിന്റെ കാലാവധി ആഗസ്റ്റില്‍ അവസാനിച്ചതോടെ ഈ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. ആദ്യം അരവിന്ദ് സുബ്രമണ്യത്തെ മൂന്നു വര്‍ഷത്തേക്കായിരുന്നു നിയമിച്ചത്.
പിന്നീട് ഒരു വര്‍ഷം നീട്ടി നല്‍കുകയായിരുന്നു. ഇദ്ദേഹത്തിന്റെ പിന്‍ഗാമിയെ കണ്ടെത്താന്‍ റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ ബിമല്‍ ജലാനിന്റെ നേതൃത്വത്തില്‍ സമിതി രൂപവത്കരിച്ചിട്ടുണ്ട്.

ശബരിമല നടവരുമാനം; മൂന്നു ദിവസത്തെ നഷ്ടം 7.27 കോടി രൂപ

ഗായത്രി-
കൊച്ചി: വൃശ്ചികം ഒന്നു മുതല്‍ മൂന്ന് ദിവസത്തെ കണക്കില്‍ ശബരിമലയിലെ നടവരുമാനത്തില്‍ 7.27 കോടിയുടെ നഷ്ടം. കഴിഞ്ഞ സീസണില്‍ 11,91,87,940 രൂപ ലഭിച്ച സ്ഥാനത്ത് ഇക്കുറിയത് 4,64,93,705 രൂപ. പ്രധാനപ്പെട്ട എല്ലാ വഴിപാട് ഇനങ്ങളിലും പ്രകടമായ കുറവാണുള്ളത്. കഴിഞ്ഞ സീസണില്‍ ഇതേ ദിവസങ്ങളില്‍ അരവണ വിറ്റുവരവില്‍ 5.09 കോടി ലഭിച്ചപ്പോള്‍ 3.32 കോടിയുടെ നഷ്ടം വരുത്തി ഇക്കുറി 1.76 കോടിയായി കുറഞ്ഞു. അപ്പം വില്‍പ്പനയില്‍ 43.22 ലക്ഷത്തിന്റെയും അഭിഷേകത്തിലൂടെ 3.28 ലക്ഷത്തിന്റെയും കാണിക്കയിനത്തില്‍ 1.29 കോടിയുടെയും മുറിവാടക ഇനത്തില്‍ 23.28 ലക്ഷത്തിന്റെയും സംഭാവനയിനത്തില്‍ 8.97 ലക്ഷത്തിന്റെയും കുറവാണുണ്ടായത്. ഓരോ വര്‍ഷവും ശരാശരി 10 ശതമാനത്തിലേറെ വര്‍ദ്ധനവ് ഉണ്ടാകുന്ന സ്ഥാനത്താണ് കടുത്ത നിയന്ത്രണങ്ങള്‍ കാരണം വരുമാനത്തിലെ ഈ നഷ്ടം.

പാന്‍ കാര്‍ഡിന് അച്ഛന്റെ പേര് നിര്‍ബന്ധമില്ല

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ (പാന്‍) കാര്‍ഡിനായി അപേക്ഷിക്കുമ്പോള്‍ അച്ഛന്റെ പേര് നിര്‍ബന്ധമാണെന്ന ചട്ടം സെന്‍ട്രല്‍ ബോര്‍ഡ് ഒഫ് ഡയറക്ട് ടാക്‌സസ് (സി.ബി.ഡി.ടി) ഒഴിവാക്കി. അമ്മ, ‘സിംഗിള്‍ പാരന്റ്’ ആയിട്ടുള്ളവര്‍ക്ക് പാന്‍ കാര്‍ഡ് നേടാന്‍ ബുദ്ധിമുട്ടുണ്ടായിരുന്ന ചട്ടമാണ് ഒഴിവാക്കിയത്. പുതിയ ചട്ടം ഡിസംബര്‍ അഞ്ചിന് പ്രാബല്യത്തില്‍ വരും. തുടര്‍ന്ന്, പാന്‍ കാര്‍ഡിനായുള്ള അപേക്ഷയില്‍ അപേക്ഷകര്‍ക്ക് അച്ഛന്റെയോ അമ്മയുടെയോ പേര് ഉപയോഗിക്കാം.
പ്രതി സാമ്പത്തിക വര്‍ഷം രണ്ടരലക്ഷം രൂപയോ അതിനുമുകളിലോ സാമ്പത്തിക ഇടപാട് നടത്തുന്ന സ്ഥാപനങ്ങള്‍ നിര്‍ബന്ധമായും പാന്‍ കാര്‍ഡ് നേടണമെന്നും സി.ബി.ഡി.ടി വ്യക്തമാക്കിയിട്ടുണ്ട്. മേയ് 31നകം ഇതിനായുള്ള അപേക്ഷ സമര്‍പ്പിക്കണം. പണമിടപാടുകള്‍ കൃത്യമായി നിരീക്ഷിക്കാനും നികുതി വെട്ടിപ്പ് കണ്ടെത്താനും ആദായ നികുതി വകുപ്പിന് സഹായകമാകുമെന്ന് വിലയിരുത്തിയാണ് ഈ നിര്‍ദേശം.

ബൈക്കിന്റെ കഥയുമായി ‘വണ്ടി’ പ്രദര്‍ശനത്തിനെത്തുന്നു

ഫിദ-
വ്യത്യസ്തമായ ബൈക്കിന്റെ കഥയുമായി ഒരു തമിഴ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നു. ‘വണ്ടി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഈ മാസം 23ന് തിയറ്ററുകളിലെത്തും. രജീഷ് ബാലയാണ് സംവിധായകന്‍. റൂബി ഫിലിംസിന്റെ ബാനറില്‍ ഹാഷിര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ വിദ്ദാര്‍ത്ഥ്, ചാന്ദിനി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘മൈന’ എന്ന ഹിറ്റ് തമിഴ് ചത്രത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ വിദ്ദാര്‍ത്ഥ് വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ തമിഴകത്ത് ശ്രദ്ധേയനായ നടനാണ്. ജോണ്‍ വിജയ്, കിഷോര്‍, ശ്രീറാം എന്നിവര്‍ക്ക് പുറമെ തമിഴിലെ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
‘ഡുട്ടു’ എന്ന ബൈക്ക് ചെന്നൈ സിറ്റിയില്‍ പോലീസുകാര്‍ക്കുണ്ടാക്കുന്ന നൂലാമാലകളാണ് സിനിമയുടെ ഇതിവൃത്തം. മലയാളി കൂടിയായ രാജീഷ്ബാലയുടെ ആദ്യ സിനിമയാണ് ‘വണ്ടി’. ഛായാഗ്രഹണം രാഗേഷ് നാരായണന്‍ നിര്‍വഹിച്ചിരിക്കുന്നു. എഡിറ്റിംഗ് റിസാല്‍ ജൈനി. വ്യത്യസ്തമായ ശൈലിയില്‍ ചിത്രീകരിച്ച് ഈ ചിത്രം പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിക്കുമെന്നാണ് അണിയറ ശില്‍പ്പികളുടെ പ്രതീക്ഷ.

ഇിടിഎഫുമായി വീണ്ടും കേന്ദ്ര സര്‍ക്കാര്‍

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരി പങ്കാളിത്തം കുറച്ച്, വരുമാനം മെച്ചപ്പെടുത്തുകയും ധനക്കമ്മി കുറക്കുകയും ലക്ഷ്യമിടുന്ന എക്‌സ്‌ചേഞ്ച് ട്രേഡ് ഫണ്ടുമായി (ഇ.ടി.എഫ്) വീണ്ടും കേന്ദ്രസര്‍ക്കാര്‍. സെന്‍ട്രല്‍ പബഌക് സെക്ടര്‍ എന്റര്‍െ്രെപസസ് (സി.പി.എസ്.ഇ) ഇ.ടി.എഫിന്റെ നാലാംപതിപ്പ് അടുത്തവാരം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കും. 14,000 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം.
സി.പി.എസ്.ഇ ഇ.ടി.എഫിന്റെ ആദ്യ മൂന്നു പതിപ്പിലൂടെ സര്‍ക്കാര്‍ 11,500 കോടി രൂപ സമാഹരിച്ചിരുന്നു. 2014 മാര്‍ച്ചിലെ ഒന്നാംപതിപ്പിലൂടെ 3,000 കോടി രൂപയും 2017 ജനുവരിയിലെ രണ്ടാംപതിപ്പിലൂടെ 6,000 കോടി രൂപയും 2017 മാര്‍ച്ചിലെ മൂന്നാംപതിപ്പിലൂടെ 2,500 കോടി രൂപയുമാണ് ലഭിച്ചത്. ഇതിനുപുറമേ, ഈവര്‍ഷം ജൂണില്‍ 22 കമ്പനികളുടെ ഓഹരികളുള്‍പ്പെടുത്തി അവതരിപ്പിച്ച ഭാരത് 22 ഇ.ടി.എഫിലൂടെ 8,400 കോടി രൂപയും സര്‍ക്കാര്‍ നേടിയിരുന്നു.
മ്യൂച്വല്‍ഫണ്ടുകളുടെ മാതൃകയിലാണ് സി.പി.എസ്.ഇ ഇ.ടി.എഫിന്റെ പ്രവര്‍ത്തനം. അടുത്തവാരം പുറത്തിറക്കുന്ന ഇ.ടി.എഫിന്റെ ഇഷ്യൂ വിലയില്‍ 3.5 മുതല്‍ നാല് ശതമാനം വരെ ഡിസ്‌കൗണ്ട് നേടാന്‍ നിക്ഷേപകര്‍ക്ക് അവസരമുണ്ട്. എന്‍.ടി.പി.സി ഉള്‍പ്പെടെ 11 കമ്പനികളുടെ ഓഹരികളാണ് പുതിയ ഇ.ടി.എഫിലുള്ളത്.

‘ഗ്ലോബല്‍ ആയുര്‍വേദ സമ്മിറ്റ്’ 21 മുതല്‍ കൊച്ചിയില്‍

ഗായത്രി-
കൊച്ചി: ആയുര്‍വേദത്തെ ആഗോള ചികിത്സാ ശാസ്ത്രമാക്കി ഉയര്‍ത്തുക, കേരളത്തെ ആരോഗ്യ സുരക്ഷാ കേന്ദ്രമാക്കുക എന്നിവ ലക്ഷ്യമിട്ട് സി.ഐ.ഐ സംഘടിപ്പിക്കുന്ന ‘ഗ്ലോബല്‍ ആയുര്‍വേദ സമ്മിറ്റ്’ 21 മുതല്‍ 23വരെ ഹോട്ടല്‍ ലെ മെറിഡിയനില്‍ നടക്കും. 21ന് ഉച്ചക്ക് 2.30ന് കേന്ദ്ര വാണിജ്യ മന്ത്രാലയ അഡിഷണല്‍ സെക്രട്ടറി സുധാന്‍ഷു പാണ്ഡേയുടെ പ്രഭാഷണത്തോടെ ഉച്ചകോടി ആരംഭിക്കും. 22ന് രാവിലെ പത്തിന് മന്ത്രി ഇ.പി. ജയരാജന്‍ ഉച്ചകോടി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് രണ്ടു ദിവസങ്ങളിലായി പ്രമുഖര്‍ സംബന്ധിക്കുന്ന പഌനറി സെഷനുകളുണ്ടാകും.
നിലവില്‍ 440 കോടി ഡോളറാണ് ആഗോള ആയുര്‍വേദ വിപണിയുടെ മൂല്യം. ഇത് മൂന്നു വര്‍ഷത്തിനകം 1,200 കോടി ഡോളറാക്കി ഉയര്‍ത്താനുള്ള ആശയങ്ങളും പദ്ധതികളും മുന്നോട്ടുവയ്ക്കുകയാണ് ഉച്ചകോടിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് സി.ഐ.ഐ കേരള ചെയര്‍മാനും ധാത്രി ആയുര്‍വേദ മാനേജിംഗ് ഡയറക്ടറുമായ ഡോ. എസ്. സജികുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. യുവ സംരംഭകരില്‍ നിന്ന് ആശയങ്ങള്‍ തേടി സി.ഐ.ഐ നടത്തിയ ആയുര്‍സ്റ്റാര്‍ട്ട് മത്സരത്തിലൂടെ തിരഞ്ഞെടുത്ത പത്ത് ആശയങ്ങള്‍ ഉച്ചകോടിയില്‍ വെഞ്ച്വര്‍, ഏഞ്ചല്‍ നിക്ഷേപകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കും.
കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ആയുര്‍വേദത്തെ ഉള്‍പ്പെടുത്തുക, കേന്ദ്രസംസ്ഥാന നയങ്ങള്‍ വിപണി സൗഹാര്‍ദ്ദമാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉച്ചകോടിയിലൂടെ ഉന്നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

 

ഫഹദിന്റെ നായികയായി സായി പല്ലവി

ഫിദ-
പ്രേമത്തിലെ മലര്‍ മിസ്സായി എത്തിയ സായി പല്ലവി ചെറിയ ഇടവേളക്ക് ശേഷം വീണ്ടും മലയാളത്തിലേക്ക് ഫഹദ് ഫാസിലാണ് ചിത്രത്തിലെ നായകന്‍. നവാഗതനായ വിവേകാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈമയൗ എന്ന ശ്രദ്ധേയ ചിത്രത്തിനു ശേഷം പി.എഫ് മാത്യൂസ് തിരക്കഥയെഴുതുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഇതിനോടകം തന്നെ ഊട്ടിയില്‍ ആരംഭിച്ചു. ചിത്രത്തിന് ഇതു വരെയും പേരിട്ടിട്ടില്ല
അതുല്‍ കുല്‍ക്കര്‍ണി, പ്രകാശ് രാജ്, സുരഭി, സുദേവ് നായര്‍, രഞ്ജി പണിക്കര്‍, ലെന എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റൊമാന്റിക്ക് ത്രില്ലറായ ചിത്രത്തില്‍ സായി പല്ലവിയും ഫഹദ് ഫാസിലും ത്രില്ലിംഗ് ആക്ഷന്‍ രംഗത്തില്‍ എത്തുന്നുണ്ട്. ദുല്‍ഖര്‍ സല്‍മാന്റെ കലിയാണ് സായി ഏറ്റവും ഒടുവില്‍ അഭിനയിച്ച മലയാള ചിത്രം.

 

മണ്ഡലകാല വിപണിയില്‍ കോടികളുടെ നഷ്ടം

ഗായത്രി-
കൊച്ചി: യുവതീ പ്രവേശനത്തെച്ചൊല്ലി ശബരിമല സംഘര്‍ഷ ഭരിതമായതോടെ, മണ്ഡലകാല വിപണിയില്‍ അനക്കമില്ലാതായി. മാല, പൂജാ ദ്രവ്യങ്ങള്‍, ഇരുമുടി സാധനങ്ങള്‍ തുടങ്ങിയവക്ക് കഴിഞ്ഞ തവണത്തേതിന്റെ പത്ത് ശതമാനം പോലും ഡിമാന്‍ഡില്ല. ഭയപ്പാട് മൂലം ശബരിമലക്ക് പോകാന്‍ ആളുകള്‍ മടിക്കുന്നതാണ് കച്ചവടത്തെ ബാധിച്ചത്.
തുലാമാസത്തിന് രണ്ടാഴ്ചമുന്നേ മൊത്ത വ്യാപാര കേന്ദ്രങ്ങളില്‍ ചില്ലറക്കച്ചവടക്കാര്‍ സാധനങ്ങള്‍ കൊണ്ടുപോകുന്നതാണ് പതിവ്. മൊത്തക്കച്ചവടക്കാര്‍ക്ക് മാത്രം കച്ചവടത്തില്‍ രണ്ട് കോടിയോളം രൂപയുടെ കുറവുണ്ടായി. തുലാമാസ പൂജാസമയങ്ങളിലുണ്ടായ സംഘര്‍ഷവും ചിത്തിര ആട്ട വിശേഷത്തിന് നടതുറന്നപ്പോഴുള്ള പ്രശ്‌നങ്ങളും വില്‍പ്പനയെ തളര്‍ത്തി.
റിവ്യൂ ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ തീരുമാനമുണ്ടായതിന് ശേഷം സാധനങ്ങള്‍ എടുത്താല്‍ മതിയെന്നായിരുന്നു ചെറുകിട വ്യാപാരികളുടെ തീരുമാനം. എന്നാല്‍, തീരുമാനം കോടതി മണ്ഡലകാലം അവസാനിച്ച ശേഷം പരിഗണിക്കാന്‍ മാറ്റിയതോടെ, ഇക്കുറി സാധനങ്ങള്‍ എടുത്തിട്ട് കാര്യമില്ലെന്ന് ചെറുകിട കച്ചവടക്കാര്‍ പറയുന്നു.
ശബരിമല മണ്ഡലകാല സീസണ്‍ അനുബന്ധിച്ചുള്ള മാല, നെയ്യ്, തേങ്ങ, ഇരുമുടിക്കെട്ട്, തോര്‍ത്ത് മുണ്ട് എന്നിവയുടെ കച്ചവടത്തില്‍ സംസ്ഥാനത്ത് പത്ത് കോടിയോളം രൂപയുടെ കുറവു വന്നിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്. സീസണ്‍ തുടങ്ങുന്ന ആദ്യ ആഴ്ചയില്‍ 50,000 മുതല്‍ ആളുകളാണ് കേരളത്തില്‍ നിന്ന് മലകയറുന്നത്. മാലയും പൂജാ സാധനങ്ങളും വസ്ത്രങ്ങളും ഇരുമുടിക്കെട്ടിനുള്ള സാമഗ്രികളും അടക്കം 1,500 മുതല്‍ 2,000 രൂപവരെ ശരാശരി ചെലവ് വരും.

നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

ഗായത്രി-
കൊച്ചി: കൗരവര്‍, കോട്ടയം കുഞ്ഞച്ചന്‍, നീലഗിരി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ പഴയകാല നടി അഞ്ജു മരിച്ചുവെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജപ്രചരണം. പ്രചരണം ശക്തമാകുന്നതിനിടെ പ്രതികരണവുമായി അഞ്ജു തന്നെ രംഗത്തെത്തി.
സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണ്. വാര്‍ത്ത കുടുംബത്തെയും എന്നെയും മാനസികമായി തളര്‍ത്തുന്നു. നിരവധി പേര്‍ക്ക് മുമ്പ് സമാന സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇപ്പോഴാണ് താന്‍ ഇത് അനുഭവിക്കുന്നതെന്നും അഞ്ജു പ്രതികരിച്ചു.
തമിഴില്‍ ഉതിര്‍പ്പൂക്കള്‍ എന്ന ചിത്രത്തിലൂടെയാണ് അഞ്ജു സിനിമയിലെത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ബാലതാരമായി തിളങ്ങി. ഓളങ്ങള്‍ എന്ന ചിത്രത്തില്‍ അംബികയുടെ മകളായി വേഷമിട്ടത് അഞ്ജുവായിരുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരുടെ നായികയുമായിട്ടുണ്ട്.