‘ഗ്ലോബല്‍ ആയുര്‍വേദ സമ്മിറ്റ്’ 21 മുതല്‍ കൊച്ചിയില്‍

‘ഗ്ലോബല്‍ ആയുര്‍വേദ സമ്മിറ്റ്’ 21 മുതല്‍ കൊച്ചിയില്‍

ഗായത്രി-
കൊച്ചി: ആയുര്‍വേദത്തെ ആഗോള ചികിത്സാ ശാസ്ത്രമാക്കി ഉയര്‍ത്തുക, കേരളത്തെ ആരോഗ്യ സുരക്ഷാ കേന്ദ്രമാക്കുക എന്നിവ ലക്ഷ്യമിട്ട് സി.ഐ.ഐ സംഘടിപ്പിക്കുന്ന ‘ഗ്ലോബല്‍ ആയുര്‍വേദ സമ്മിറ്റ്’ 21 മുതല്‍ 23വരെ ഹോട്ടല്‍ ലെ മെറിഡിയനില്‍ നടക്കും. 21ന് ഉച്ചക്ക് 2.30ന് കേന്ദ്ര വാണിജ്യ മന്ത്രാലയ അഡിഷണല്‍ സെക്രട്ടറി സുധാന്‍ഷു പാണ്ഡേയുടെ പ്രഭാഷണത്തോടെ ഉച്ചകോടി ആരംഭിക്കും. 22ന് രാവിലെ പത്തിന് മന്ത്രി ഇ.പി. ജയരാജന്‍ ഉച്ചകോടി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് രണ്ടു ദിവസങ്ങളിലായി പ്രമുഖര്‍ സംബന്ധിക്കുന്ന പഌനറി സെഷനുകളുണ്ടാകും.
നിലവില്‍ 440 കോടി ഡോളറാണ് ആഗോള ആയുര്‍വേദ വിപണിയുടെ മൂല്യം. ഇത് മൂന്നു വര്‍ഷത്തിനകം 1,200 കോടി ഡോളറാക്കി ഉയര്‍ത്താനുള്ള ആശയങ്ങളും പദ്ധതികളും മുന്നോട്ടുവയ്ക്കുകയാണ് ഉച്ചകോടിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് സി.ഐ.ഐ കേരള ചെയര്‍മാനും ധാത്രി ആയുര്‍വേദ മാനേജിംഗ് ഡയറക്ടറുമായ ഡോ. എസ്. സജികുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. യുവ സംരംഭകരില്‍ നിന്ന് ആശയങ്ങള്‍ തേടി സി.ഐ.ഐ നടത്തിയ ആയുര്‍സ്റ്റാര്‍ട്ട് മത്സരത്തിലൂടെ തിരഞ്ഞെടുത്ത പത്ത് ആശയങ്ങള്‍ ഉച്ചകോടിയില്‍ വെഞ്ച്വര്‍, ഏഞ്ചല്‍ നിക്ഷേപകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കും.
കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ആയുര്‍വേദത്തെ ഉള്‍പ്പെടുത്തുക, കേന്ദ്രസംസ്ഥാന നയങ്ങള്‍ വിപണി സൗഹാര്‍ദ്ദമാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉച്ചകോടിയിലൂടെ ഉന്നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

 

Post Your Comments Here ( Click here for malayalam )
Press Esc to close