മണ്ഡലകാല വിപണിയില്‍ കോടികളുടെ നഷ്ടം

മണ്ഡലകാല വിപണിയില്‍ കോടികളുടെ നഷ്ടം

ഗായത്രി-
കൊച്ചി: യുവതീ പ്രവേശനത്തെച്ചൊല്ലി ശബരിമല സംഘര്‍ഷ ഭരിതമായതോടെ, മണ്ഡലകാല വിപണിയില്‍ അനക്കമില്ലാതായി. മാല, പൂജാ ദ്രവ്യങ്ങള്‍, ഇരുമുടി സാധനങ്ങള്‍ തുടങ്ങിയവക്ക് കഴിഞ്ഞ തവണത്തേതിന്റെ പത്ത് ശതമാനം പോലും ഡിമാന്‍ഡില്ല. ഭയപ്പാട് മൂലം ശബരിമലക്ക് പോകാന്‍ ആളുകള്‍ മടിക്കുന്നതാണ് കച്ചവടത്തെ ബാധിച്ചത്.
തുലാമാസത്തിന് രണ്ടാഴ്ചമുന്നേ മൊത്ത വ്യാപാര കേന്ദ്രങ്ങളില്‍ ചില്ലറക്കച്ചവടക്കാര്‍ സാധനങ്ങള്‍ കൊണ്ടുപോകുന്നതാണ് പതിവ്. മൊത്തക്കച്ചവടക്കാര്‍ക്ക് മാത്രം കച്ചവടത്തില്‍ രണ്ട് കോടിയോളം രൂപയുടെ കുറവുണ്ടായി. തുലാമാസ പൂജാസമയങ്ങളിലുണ്ടായ സംഘര്‍ഷവും ചിത്തിര ആട്ട വിശേഷത്തിന് നടതുറന്നപ്പോഴുള്ള പ്രശ്‌നങ്ങളും വില്‍പ്പനയെ തളര്‍ത്തി.
റിവ്യൂ ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ തീരുമാനമുണ്ടായതിന് ശേഷം സാധനങ്ങള്‍ എടുത്താല്‍ മതിയെന്നായിരുന്നു ചെറുകിട വ്യാപാരികളുടെ തീരുമാനം. എന്നാല്‍, തീരുമാനം കോടതി മണ്ഡലകാലം അവസാനിച്ച ശേഷം പരിഗണിക്കാന്‍ മാറ്റിയതോടെ, ഇക്കുറി സാധനങ്ങള്‍ എടുത്തിട്ട് കാര്യമില്ലെന്ന് ചെറുകിട കച്ചവടക്കാര്‍ പറയുന്നു.
ശബരിമല മണ്ഡലകാല സീസണ്‍ അനുബന്ധിച്ചുള്ള മാല, നെയ്യ്, തേങ്ങ, ഇരുമുടിക്കെട്ട്, തോര്‍ത്ത് മുണ്ട് എന്നിവയുടെ കച്ചവടത്തില്‍ സംസ്ഥാനത്ത് പത്ത് കോടിയോളം രൂപയുടെ കുറവു വന്നിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്. സീസണ്‍ തുടങ്ങുന്ന ആദ്യ ആഴ്ചയില്‍ 50,000 മുതല്‍ ആളുകളാണ് കേരളത്തില്‍ നിന്ന് മലകയറുന്നത്. മാലയും പൂജാ സാധനങ്ങളും വസ്ത്രങ്ങളും ഇരുമുടിക്കെട്ടിനുള്ള സാമഗ്രികളും അടക്കം 1,500 മുതല്‍ 2,000 രൂപവരെ ശരാശരി ചെലവ് വരും.

Post Your Comments Here ( Click here for malayalam )
Press Esc to close