Month: September 2017

മഹീന്ദ്രയുടെ ഡ്രൈവറില്ലാ ട്രാക്ടര്‍ വിപണിയില്‍

ഗായത്രി
മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ ആദ്യ ഡ്രൈവറില്ലാ ട്രാക്ടര്‍ വിപണിയില്‍. കാര്‍ഷികരംഗത്ത് ഉത്പാദന ക്ഷമത കൂട്ടുന്നതിനും ചെലവ് കുറക്കുന്നതിനും ഇതിലൂടെ സാധിക്കുമെന്നാണ് കരുതപ്പെടുന്നത്. ഡ്രൈവറില്ലാ ട്രാക്ടര്‍ അവതരിപ്പിച്ചതോടെ ട്രാക്ടര്‍ വിപണിയിലെ മുന്‍പന്തിക്കാരായിരിക്കുകയാണ് മഹീന്ദ്ര. ഇന്ത്യയില്‍ മറ്റൊരു കമ്പനിക്കും അവകാശപ്പെടാനില്ലാത്ത നേട്ടമാണിത്.
നിലവില്‍ വിപണിയിലുള്ള എല്ലാ മഹീന്ദ്ര ട്രാക്ടറുകളിലേക്കും ഈ സാങ്കേതികവിദ്യ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളാണ് കമ്പനി നടത്തിക്കൊണ്ടിരിക്കുന്നത്. മഹീന്ദ്ര ഈ ട്രാക്ടര്‍ ലോകവിപണിയെക്കൂടി മനസ്സില്‍വെച്ചാണ് പുറത്തിറക്കിയിരിക്കുന്നത്. വരും നാളുകളില്‍ ഈ ട്രാക്ടറുകള്‍ കാര്‍ഷിര രംഗത്ത് വിപ്ലവകരമായ മാറ്റം വരുത്തുമെന്നാണ് കരുതപ്പെടുന്നത്.

ഇന്ത്യന്‍ വാഹന കമ്പോളത്തില്‍ കണ്ണൂംനട്ട് ചെറി

വിഷ്ണു പ്രതാപ്
ഇന്ത്യന്‍ വാഹന കമ്പോളത്തില്‍ നോട്ടമിട്ട് ചൈനീസ് കമ്പനിയായ ചെറിയും. നിലവില്‍ ഇവിടെയുള്ള ഏതെങ്കിലും ലോക്കല്‍ ബ്രാന്‍ഡുമായി ചേര്‍ന്ന് ചെറി അരങ്ങേറ്റം കുറിക്കാനാണ് കമ്പനിയുടെ നീക്കം. രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളിലൊന്നായ ടാറ്റയുമായി ചേര്‍ന്നാകും ചെറിയുടെ അരങ്ങേറ്റമെന്നാണ് സൂചന. നിലവില്‍ ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ബ്രീട്ടീഷ് ആഡംബര ബ്രാന്‍ഡായ ജഗ്വാര്‍ ലാന്‍ഡ് റോവറിന്റെ ചൈനീസ് പങ്കാളികൂടിയാണ് ചെറി. ഇതെ സഹകരണം ടാറ്റയുമായി ഇന്ത്യയിലും ആവര്‍ത്തിച്ച് വിപണി പിടിക്കുകയാണ് ചെറിയുടെ ലക്ഷ്യം. ചെറു വാഹനങ്ങളില്‍ അതികായരായ മാരുതി സുസുക്കിക്ക് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ ഇതിലൂടെ ചെറിക്ക് സാധിക്കും. ചൈനയിലെ ആഭ്യന്തര വില്‍പ്പന ഇടിഞ്ഞ സാഹചര്യത്തിലാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്ക് ചേക്കേറാന്‍ ചെറി തീരുമാനമെടുത്തത്. നിലവില്‍ ചൈനയില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന കാറുകളില്‍ മുന്‍നിരയിലുള്ളവരാണ് ചെറി ഇന്റര്‍നാഷ്ണല്‍.

വായനക്കാരെ തൊട്ടുണര്‍ത്തി ‘ചെപ്പും പന്തും’

ഫിദ
യുവ എഴുത്തുകാരന്‍ ദേവദാസ് വിഎമ്മിന്റെ ചെപ്പും പന്തും എന്ന നോവല്‍ ചര്‍ച്ചയാവുന്നു. ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ഈ കൃതി മലയാളസാഹിത്യത്തിന് പുത്തന്‍ പ്രതീക്ഷകള്‍ നല്‍കുന്നതാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. വ്യത്യസ്തമായ ശൈലി ഈ നോവലിനെ പരമ്പരാഗത നോവലില്‍ നിന്നും വേറിട്ട് നിര്‍ത്തുന്നു.
‘ചെപ്പും പന്തും’ എന്ന കൃതിയിലൂടെ ഒരു വായനക്കാരന്‍ അസ്വസ്ഥനാവുന്നുണ്ടെങ്കില്‍ അത് ഒരു എഴുത്തുകാരനെ സംബന്ധിച്ചെടുത്തോളം അദ്ദേഹത്തിന്റെ വിജയമാണ്. വായനക്കാരന്റെ മനസ്സിനെ ഉലച്ചുകൊണ്ടല്ലാതെ ഈ കൃതിയിലെ ഒരു കഥാപാത്രവും മുന്നോട്ടു പോകുന്നില്ലെന്നത് ശ്രദ്ധേയമാണ്.
രണ്ടു വ്യത്യസ്ത കാലഘട്ടങ്ങളിലായി ഒരിടത്തു ജീവിച്ച രണ്ട് മനുഷ്യന്മാരുടെ ജീവിതങ്ങള്‍ എന്ന് ഒരൊറ്റ വരിയിലൊതുക്കാവുന്നതല്ല ഈ നോവല്‍. അതിനപ്പുറം വലിയൊരു ലോകത്തേക്ക് ഈ പുസ്തകം വായനക്കാരെ കൊണ്ടെത്തിക്കും. എന്തായാലും വരും ദിവസങ്ങളില്‍ ചെപ്പും പന്തും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടുമെന്ന കാര്യം ഉറപ്പ്.

 

സ്റ്റാര്‍ വാര്‍ ഇന്‍ ബോക്‌സോഫീസ്

ഗായത്രി
കേരളത്തിലെ ബോക്‌സോഫീസുകളില്‍ ഇനി അപൂര്‍വ താരയുദ്ധം. നടി ആക്രമിക്കപ്പെട്ട കേസില്‍ തടവിലായ ദിലീപും, മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യരും തമ്മിലുള്ള ആദ്യ നേര്‍ക്കുനേര്‍ പോരാട്ടത്തിനാണ് മലയാള സിനിമ സാക്ഷ്യം വഹിക്കുന്നത്. മഞ്ജു വാര്യരുടെ ഉദാഹരണം സുജാത, ദിലീപിന്റെ രാമലീല എന്നിവ എത്തുന്നത് ഈ ഒരു ത്രില്ലിലാണ്. വിവാഹത്തിന് മുന്‍പോ വേര്‍പിരിയല്‍ കഴിഞ്ഞോ ഇരുവരുടെയും ചിത്രങ്ങള്‍ ഒരുമിച്ചെത്തിയിട്ടില്ല. അതിനാല്‍ തന്നെ ഇങ്ങനെയൊരു സാഹചര്യത്തില്‍ ഇരുവരും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ വിജയം ആര്‍ക്കൊപ്പം എന്നത് ആരാധകരെയും ആകാംക്ഷയിലാക്കുന്നു.
നവാഗതനായ പ്രവീണ്‍ സി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉദാഹരണം സുജാത. സുജാത എന്ന കേന്ദ്ര കഥാപാത്രമാണ് മഞ്ജു. കോളനിയില്‍ ജീവിക്കുന്ന മഞ്ജു വാര്യര്‍ തികച്ചും വ്യത്യസ്തവും വിശ്വസനീയവുമായ രൂപ മാറ്റമാണ് സുജാതക്കായി നടത്തിയിരിക്കുന്നത്.
ജൂലൈയില്‍ റിലീസിനൊരുങ്ങിയിരുന്ന ചിത്രമാണ് രാമലീല. എന്നാല്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതോടെ റിലീസ് വൈകി. നടന് ജാമ്യം കിട്ടിയ ശേഷം റിലീസ് ചെയ്യാമെന്ന് തീരുമാനിച്ചെങ്കിലും മൂന്നു തവണ ജാമ്യം നിഷേധിക്കപ്പെട്ടതോടെ ഇനിയും റിലീസ് വൈകിക്കേണ്ടയെന്ന് തീരുമാനിക്കുകയായിരുന്നു. ആദ്യം റിലീസ് തീയതി പ്രഖ്യാപിച്ചത് രാമലീലയുടെ അണിയറ പ്രവര്‍ത്തകരാണ് അതിന് പിന്നാലെയാണ് ഉദാഹരണം സുജാതയുടെ തീയതി പ്രഖ്യാപിച്ചത്. ദിലീപ് ചിത്രത്തിനൊപ്പം മഞ്ജു വാര്യര്‍ റിലീസ് പ്രഖ്യാപിച്ചത് ആരാധകര്‍ സംശയത്തോടെയാണ് വീക്ഷിക്കുന്നത്. ദിലീപിനെതിരായ ആരോപണങ്ങള്‍ ഈ അവസരത്തില്‍ സുജാതയ്ക്ക് ഗുണം ചെയ്യുമെന്ന പ്രതീക്ഷയാണ് ഇതിന് പിന്നിലെന്ന് ആരാധകര്‍ ആരോപിക്കുന്നു.

 

പ്ലേബോയ് മാഗസിന്‍ സ്ഥാപകന്‍ ഹഗ് എം.ഹെഫ്‌നര്‍ അന്തരിച്ചു

അളക ഖാനം
കലിഫോര്‍ണിയ: പ്ലേബോയ് മാഗസിന്‍ സ്ഥാപകന്‍ ഹഗ് എം.ഹെഫ്‌നര്‍ (91) അന്തരിച്ചു. 1953ലാണ് അമേരിക്കയില്‍ പ്ലേബോയ് കമ്പനി സ്ഥാപിച്ചത്. ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ സ്ഥാപനമായി ഇതിനെ വളര്‍ത്തിയെടുത്തും ഹഗിന്റെ പരിശ്രമമായിരുന്നു.
മാധ്യമ, സാംസ്‌കാരിക മേഖലയില്‍ വേറിട്ട വഴി വെട്ടിത്തെളിച്ച പിതാവ് ഏറെ അസാധാരണവും സമ്മര്‍ദ്ദപരവുമായി ജീവിതമാണ് നയിച്ചതെന്ന് മകനും പ്ലേബോയ് എന്റര്‍െ്രെപസസ് ചീഫ് ക്രിയേറ്റീവ് ഓഫീസറുമായ കൂപ്പര്‍ പറഞ്ഞു.
സംസാര സ്വാതന്ത്ര്യം, പൗരാവകാശങ്ങള്‍, ലൈംഗിക സ്വാതന്ത്ര്യം തുടങ്ങിയ മേഖലകളില്‍ എല്ലാം മുഖ്യശബ്ദമാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും കൂപ്പര്‍ ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ വിയോഗം കുടുംബത്തിനും പ്ലേബോയ് എന്റര്‍െ്രെപസസിനും തീരാനഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.

 

ഋതം പുരസ്‌കാരം പ്രവാഹിനിക്ക്

ഫിദ
തിരു: ശ്രീ ഋഷിയുടെ നവാഗത കവയിത്രിക്കുള്ള 2017 ലെ ഋതം പുരസ്‌കാരം പ്രവാഹിനിക്ക്. ‘ഉപ്പു പൂക്കും മരം’ എന്ന കവിതാസമാഹാരത്തിനാണ് അവാര്‍ഡ് ലഭിച്ചത്. ഡോ. ഋഷിസാഗര്‍, ഡോ.മാധവന്‍കുട്ടി, ഡോ. എലിസബത്ത് എന്നിവരടങ്ങിയ അവാര്‍ഡ് സജഡ്ജിംഗ് കമ്മിറ്റിയാണ് പുരസ്‌കാരയോഗ്യമായ കൃതി തെരഞ്ഞെടുത്തത്.
വെള്ളിയാഴ്ച വിജയദശമി ദിനത്തില്‍ തിരുവനന്തപുരം ചെന്തിട്ട തിയോസഫിക്കല്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പ്രശസ്ത കവി ശ്രീ പ്രഭാവര്‍മ്മ ഉപഹാരം നല്‍കും. ഋഷി സാഗര്‍ അധ്യക്ഷത വഹിക്കും. ശ്രീ. പി. നാരായണക്കുറുപ്പ് മുഖ്യാതിഥി ആയിരിക്കും.

പുകയിലെ ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കടകളില്‍ കുട്ടികളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്ക്

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കടകളില്‍ ചോക്ലേറ്റ്, മിഠായികള്‍, ബിസ്‌ക്കറ്റ്, കോള തുടങ്ങിയവ വില്‍ക്കുന്നത് തടയുന്നതിനുള്ള സംവിധാനമൊരുക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം. പുകയിലെ ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കടകളില്‍ കുട്ടികളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തരുതെന്നും ഇത്തരം കടകള്‍ക്ക് ലൈസന്‍സ് നല്‍കുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നുമാണ് കേന്ദ്രത്തിന്റെ നിര്‍ദേശത്തില്‍ പറയുന്നത്. പുകയിലെ ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് സംബന്ധിച്ച നിയന്ത്രണങ്ങളിലൂടെ പുകയില വില്‍പ്പനയും നിയന്ത്രണത്തിലെത്തിക്കാന്‍ സാധിക്കുമെ്ന്നാണ് കേന്ദ്രത്തിന്റെ നീക്കം.

സൗദിയില്‍ സ്ത്രീകള്‍ക്കും വാഹനമോടിക്കാം

അളക ഖാനം
റിയാദ്: സൗദിയില്‍ സ്ത്രീകള്‍ക്കും വാഹന ലൈസന്‍സ്. സല്‍മാന്‍ രാജവാണ് സൂപ്രധാനമായ ഈ തീരുമാനം കൈക്കൊണ്ടത്. ആഭ്യന്തര, ധന, തൊഴില്‍, സാമൂഹികകാര്യ വകുപ്പുകളുടെ പ്രാതിനിധ്യത്തോടെ ഉന്നതതല സമിതിയും രൂപീകരിച്ചു. 30 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. ശനിയാഴ്ച നടന്ന ദേശീയ ദിനാഘോഷത്തില്‍ റിയാദ് കിങ് ഫഹദ് സ്‌റ്റേഡിയത്തില്‍ ആദ്യമായി നൂറുകണക്കിനു വനിതകളും ഒത്തുകൂടിയതു ശ്രദ്ധേയ മാറ്റമായി വിലയിരുത്തപ്പെട്ടിരുന്നു. നേരത്തെ, സ്ത്രീപുരുഷന്മാര്‍ പൊതുചടങ്ങുകളില്‍ ഒരുമിച്ച് ഒത്തുകൂടുന്നതിനു കര്‍ശന വിലക്ക് ഉണ്ടായിരുന്നു.

 

ഡിജിറ്റല്‍ പണമിടപാടിലേക്ക് ആകര്‍ഷിക്കാന്‍ ക്യൂആര്‍

ഫിദ
കൂടുതല്‍ വ്യാപാരികളെ ഡിജിറ്റല്‍ പണമിടപാടിലേക്ക് നയിക്കാന്‍ ലക്ഷ്യമിട്ട് ക്വിക്ക് റെസ്‌പോണ്‍സ് കോഡ് അധിഷ്ഠിത പണമിടപാട് സംവിധാനമായ ഇന്ത്യ ക്യൂആറിന് തുടക്കമാവുന്നു. കാര്‍ഡ് സൈ്വപ് ചെയ്ത് പണമടക്കാനുള്ള പി.ഒ.എസ് ടെര്‍മിനല്‍ കടയിലും ഡെബിറ്റ്കാര്‍ഡ് കയ്യിലും ഇല്ലെങ്കിലും ഏതെങ്കിലും ബാങ്കിന്റെ ഡെബിറ്റ് കാര്‍ഡുള്ളവര്‍ക്ക് മൊബൈല്‍ ഫോണുപയോഗിച്ച് പണമിടപാട് നടത്താന്‍ വഴിയൊരുക്കുന്ന സംവിധാനമാണ് ഇന്ത്യ ക്യൂആര്‍.
കേന്ദ്ര സര്‍ക്കാറിന്റെ താല്‍പര്യമനുസരിച്ച് മാസ്റ്റര്‍കാര്‍ഡ്, വിസ, റൂപേ, അമേരിക്കന്‍ എക്‌സ്പ്രസ് എന്നീ കാര്‍ഡ് പേമെന്റ് ധനകാര്യ സേവനദാതാക്കള്‍ ചേര്‍ന്നാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്. യൂനിഫൈഡ് പേമെന്റ് ഇന്റര്‍ഫെയ്‌സ് അധിഷ്ഠിത ഭീം ആപ്പിനുശേഷം ഡിജിറ്റല്‍ പണമിടപാട് ലക്ഷ്യമാക്കി നടത്തുന്ന സുപ്രധാന ചുവടുവെപ്പാണിത്. ഏതെങ്കിലും ബാങ്ക് നല്‍കുന്ന മാസ്റ്റര്‍കാര്‍ഡ്, വിസ, റൂപെ, അമേരിക്കന്‍ എക്‌സ്പ്രസ് എന്നിയുടെ ഏതിന്റെയെങ്കിലും കാര്‍ഡുള്ളവര്‍ക്ക് ഇതനുസരിച്ച് ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പണമടക്കാം. ഇതിനായി സ്മാര്‍ട്ട് ഫോണിലേക്ക് പണമടവ് സൗകര്യമുള്ള ബാങ്കിന്റെ ആപ് ഡൗണ്‍ലോഡ് ചെയ്താല്‍ മാത്രം മതിയാവും. വ്യാപാരിക്ക് ക്യൂ.ആര്‍ കോഡ് ഉണ്ടെങ്കില്‍ ആപ് ഉപയോഗിച്ച് സ്‌കാന്‍ ചെയ്തശേഷം അക്കൗണ്ടില്‍നിന്ന് നേരിട്ട് വ്യാപാരിയുടെ അക്കൗണ്ടിലേക്ക് പണമടക്കാം.
പി.ഒ.എസ് ടെര്‍മിനല്‍ സ്ഥാപിക്കാന്‍ മുതല്‍മുടക്ക് ആവശ്യമുണ്ടെങ്കില്‍ ചെറിയ ചെലവില്‍ ക്യൂആര്‍ കോഡിന്റെ പ്രിന്റ് ഔട്ട് സ്ഥാപിച്ചാല്‍ മതിയെന്നത് കൂടുതല്‍ വ്യാപാരികളെ ഇതിലേക്ക് ആര്‍ഷിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെയും റിസര്‍വ് ബാങ്കിന്റെയും പ്രതീക്ഷ.

 

ജനമനസ്സ് കീഴടക്കി സ്വിഫ്റ്റ് ഡിസയര്‍

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: വാഹനവില്‍പ്പനയില്‍ മാരുതിയുടെ പുതിയ സ്വിഫ്റ്റ് ഡിസയര്‍ ഒന്നാം സ്ഥാനത്ത്. വാഹനനിര്‍മാതാക്കളുടെ സംഘടനയായ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് (സിയാം) പുറത്തുവിട്ട റിപ്പോര്‍ട്ടനുസരിച്ച് ഓഗസ്റ്റില്‍ 26,140 സ്വിഫ്റ്റ് ഡിസയര്‍ കാറുകളാണ് നിരത്തിലിറങ്ങിയത്. അതേസമയം, 21,521 ആള്‍ട്ടോ കാറുകളാണ് നിരത്തിലിറങ്ങിയത്. ഓഗസ്റ്റില്‍ ഏറ്റവുമധികം വിറ്റഴിച്ച പത്തു മോഡലുകളില്‍ ഏഴെണ്ണവും മാരുതി സുസുകിയുടേതാണ്. ശേഷിക്കുന്ന മൂന്നു മോഡലുകള്‍ ഹ്യുണ്ടായിയുടെയും.