Month: September 2017

ഇന്‍ഫോസിസ് ചെയര്‍മാന്‍ നന്ദന്‍ നിലേകനി ശബളം സ്വീകരിക്കില്ല

രാംനാഥ് ചാവ്‌ല
മുംബൈ: ഇന്‍ഫോസിസ് ചെയര്‍മാനായി സ്ഥാനം ഏറ്റെടുത്ത നന്ദന്‍ നിലേകനി കമ്പനിയില്‍നിന്നു ശബളം സ്വീകരിക്കില്ല. ഇന്‍ഫോസിസില്‍ നിലേകനിക്ക് 0.93 ശതമാനം ഓഹരികളാണ് നിലവിലുള്ളത്. 2014ല്‍ ഡയറക്ടറായിരുന്ന സമയത്ത് 34 ലക്ഷം രൂപയാണ് നിലേകനി ശബളമായി സ്വീകരിച്ചിരിക്കുന്നത്. വിശാല്‍ സിക്ക സിഇഒ സ്ഥാനം രാജിവച്ചതിനെ തുടര്‍ന്നാണ് നിലേകനി വീണ്ടും ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തത്.

ജിഎസ്ടി ഏകീകരണത്തോടെ മരുന്ന് വില കുറയും

അളക ഖാനം
ന്യൂഡല്‍ഹി: രാജ്യത്ത് വില്‍ക്കുന്ന എല്ലാ മരുന്നുകള്‍ക്കും അഞ്ച് ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്താന്‍ തീരുമാനം. ജിഎസ്ടി നടപ്പിലാക്കിയപ്പോള്‍ ഉണ്ടായ വില അപാകതക്ക് ഇതോടെ പരിഹാരമാവും. തീരുമാനം നടപ്പിലാവുന്നതോടെ മരുന്ന് വിലയില്‍ വലിയ കുറവുണ്ടാവും.
വില്‍പ്പന നടത്തുന്ന 73 ശതമാനം മരുന്നുകള്‍ക്ക് 12 ശതമാനം ജിഎസ്ടിയും 27 ശതമാനം മരുന്നുകള്‍ക്ക് 5 ശതമാനം ജിഎസ്ടിയും ഏര്‍പ്പെടുത്താനായിരുന്നു തീരുമാനം. ഇതിനായി സര്‍ക്കാര്‍ തെരഞ്ഞെടുത്തത് കേന്ദ്ര എക്‌സൈസ് ആന്റ് കസ്റ്റംസ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്തിറക്കിയ ജീവന്‍ രക്ഷാമരുന്നുകളുടെ പട്ടികയായിരുന്നു. ഇതില്‍ പല മരുന്നുകളും ഇപ്പോള്‍ നിലവിലില്ല. ഇത് വന്‍ വിമര്‍ശത്തിന് കാരണമായിരുന്നു. തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രശ്‌നത്തില്‍ ഇടപെട്ടത്.
ഇത് ഏറ്റവും കൂടുതല്‍ പ്രയോജനം ചെയ്യുന്നത് കേരളത്തിലെ ജനങ്ങള്‍ക്കാവും. സംസ്ഥാനത്ത് ഇതുമൂലം പ്രതിവര്‍ഷം 700 കോടി രൂപയുടെ പ്രയോജനം ഉണ്ടാവുമെന്നാണ് കരുതുന്നത്. അതേസമയം സംസ്ഥാനത്ത് കടുത്ത മരുന്ന് ക്ഷാമത്തിന് സാധ്യത ഉണ്ടാവുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. മരുന്നിന് അഞ്ച് ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തുന്നതോടെ പഴയ വിലയിലുളള മരുന്നുകള്‍ മുന്‍ വിലയില്‍ വില്‍ക്കാനാവില്ല.
രാജ്യത്ത് വില്‍ക്കുന്ന എല്ലാ മരുന്നുകള്‍ക്കും അഞ്ച് ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അതായത് 12 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തിയിരുന്ന മരുന്നുകള്‍ക്ക് ഏഴ് ശതമാനം ജിഎസ്ടി വിലകുറച്ചു. ഇതോടെ മരുന്ന് വിലയില്‍ വന്‍ കുറവുണ്ടാവും.

 

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച കൂപ്പ് കൂത്തി

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തികവളര്‍ച്ച 5.7 ശതമാനത്തിലേക്ക് കൂപ്പുകുത്തി. മൂന്നുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഏപ്രില്‍ മുതല്‍ ജൂണ്‍വരെയുള്ള ആദ്യപാദവര്‍ഷത്തിലെ കണക്കാണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞവര്‍ഷം ഇക്കാലയളവില്‍ ഇത് 7.9 ശതമാനമായിരുന്നു. കേന്ദ്ര സ്ഥിതിവിവരക്കണക്ക് കാര്യാലയമാണ് മൊത്ത ആഭ്യന്തര ഉത്പാദന കണക്കുകള്‍ പുറത്തുവിട്ടത്.
2014 ജനുവരിമാര്‍ച്ചിലാണ് വളര്‍ച്ചനിരക്കില്‍ ഇതിലും വലിയ ഇടിവുണ്ടായത് (4.6 ശതമാനം). ചരക്ക്‌സേവന നികുതി (ജി.എസ്.ടി.) സമ്പ്രദായം നടപ്പാക്കുന്നത് മുന്‍കൂട്ടിക്കണ്ട് ഉത്പാദനം കുറച്ചതും നോട്ട് അസാധുവാക്കലിന്റെ ആഘാതവുമാണ് വളര്‍ച്ചനിരക്കില്‍ ഇത്തവണ ഇടിവുണ്ടാക്കിയത്.
ഇക്കാര്യത്തില്‍ ചൈന ഇന്ത്യക്ക് മുന്നിലാണ്. ഇത് രണ്ടാം തവണയാണ് ഇന്ത്യ ചൈനയ്ക്ക് പിന്നിലാകുന്നത്. 6.9 ശതമാനമാണ് കഴിഞ്ഞ രണ്ട് പാദങ്ങളിലും ചൈനയുടെ വളര്‍ച്ചനിരക്ക്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനപാദത്തില്‍ (ജനുവരിമാര്‍ച്ച്) 6.1 ശതമാനം ആയിരുന്നു ഇന്ത്യയുടെ ആഭ്യന്തര വളര്‍ച്ചനിരക്ക്. ജൂലായ് ഒന്നിന് ജി.എസ്.ടി. നിലവില്‍വരുന്നത് മുന്‍കൂട്ടിക്കണ്ട് ഉത്പാദിപ്പിച്ച സാധനങ്ങള്‍ വിറ്റഴിക്കുന്നതിനാണ് സ്ഥാപനങ്ങള്‍ ഊന്നല്‍നല്‍കിയത്. ഇത് ഉത്പാദനത്തില്‍ വന്‍ കുറവുണ്ടാക്കി. ഉത്പാദനനിരക്ക് മുന്‍വര്‍ഷത്തെ 10.7 ശതമാനത്തില്‍നിന്ന് 1.2 ശതമാനമായി കുറഞ്ഞു. ഇതാണ് വളര്‍ച്ചനിരക്കില്‍ പ്രതിഫലിച്ചത്. ജി.എസ്.ടി. നിരക്കുകളെക്കുറിച്ചുള്ള അനിശ്ചിതത്വം കാര്‍, വസ്ത്രം, നിത്യോപയോഗ വസ്തുക്കള്‍ തുടങ്ങിയവയുടെ ഉത്പാദനം കുറക്കാന്‍ നിര്‍മാതാക്കളെ നിര്‍ബന്ധിതരാക്കി.

 

വളര്‍ച്ചാ നിരക്ക് കുറഞ്ഞതിലൂടെ 4.5 ലക്ഷം കോടിയുടെ നഷ്ടം: കപില്‍ സിബല്‍

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: വളര്‍ച്ചാ നിരക്ക് മൂന്നു ശതമാനം കുറഞ്ഞതിലൂടെ 4 മുതല്‍ 4.5 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് രാജ്യത്തിനുണ്ടായതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. വളര്‍ച്ചാ നിരക്ക് 5.7 ശതമാനമായി ഇടിഞ്ഞതിന്റെ ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുത്തേ മതിയാകൂവെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പറഞ്ഞു.
നോട്ട് പിന്‍വലിക്കല്‍ രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണ്. ഇതുവഴി പണക്കാരെല്ലാം അവരുടെ കള്ളപ്പണം മാറ്റിയെടുത്തു. കള്ളപ്പണത്തിന്റെ 99.68 ശതമാനവും മാറ്റിയെടുത്തു. ബഹുഭൂരിപക്ഷം ആളുകളും പ്രതിമാസം 10,000 രൂപ വരുമാനമുള്ളവരാണ്. അതൊന്നും കള്ളപ്പണമല്ല. അവരൊക്കെ നിയമാനുസൃതം സമ്പാദിച്ച പണം സര്‍ക്കാര്‍ നിശ്ചലമാക്കി.
തൊഴില്‍ മേഖല തകര്‍ത്തു, തൊഴിലാളികളുടെ ജീവിതം തകര്‍ത്തു, നിര്‍മ്മാണ മേഖല, കര്‍ഷകര്‍, ചെറുകിട വ്യാപാരികള്‍ എന്നിവരെല്ലാം പ്രതിസന്ധിയിലായി. അത്്ിലൂടെ സര്‍ക്കാര്‍ എന്ത് നേടിയെന്നും കപില്‍ സിബില്‍ ചോദിച്ചു.

 

കാന്‍ബറ ഓണം സെപ്റ്റംബര്‍ 16ന്

ഫിദ
സിംഗപ്പൂര്‍: കാന്‍ബറ കമ്മ്യുണിറ്റി ക്ലബ് ഇന്ത്യന്‍ ആക്ടിവിറ്റി കൗണ്‍സില്‍ ഓണാഘോഷം സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 16 ന് കാന്‍ബറ കമ്മ്യുണിറ്റി ക്ലബ് മള്‍ട്ടി പര്‍പ്പസ് ഹാളില്‍ രാവിലെ പതിനൊന്നു മണിയോടെ ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കമാകും. ഓണക്കളികളും, തിരുവാതിര, നാടന്‍പാട്ടുകള്‍, വടം വലി, ഓണസദ്യയുമെല്ലാം കോര്‍ത്തിണക്കിയ ആഘോഷ പരിപാടികളാണ് ഇക്കുറിയും കാന്‍ബറ ഓണത്തിന് ഒരുക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 9758 1153, 6755 6369

സ്വിസ് ട്രെയിനുകള്‍ ഉടന്‍ ഇന്ത്യന്‍ ട്രാക്കിലും ഓടും

ന്യൂഡല്‍ഹി: ട്രാക്കുകളില്‍ വശങ്ങളിലേക്ക് ചെരിയാന്‍ സാധിക്കുന്ന തരം ട്രെയിന്‍ കോച്ചുകള്‍ നിര്‍മിക്കാന്‍ ഇന്ത്യ സ്വിറ്റ്‌സര്‍ലാന്‍ഡുമായി കരാറില്‍ ഒപ്പുവച്ചു. ചരിഞ്ഞ എന്‍ജിനുകളാണ് സ്വിസ് ട്രെയിനുകളുടെ പ്രത്യേകത. സ്വിറ്റ്‌സര്‍ലന്‍ഡ്, ജര്‍മനി, യുകെ, ഇറ്റലി, പോര്‍ച്ചുഗല്‍, ചൈന, റഷ്യ, സ്ലൊവേനിയ തുടങ്ങി 11 രാജ്യങ്ങളിലാണ് ഇത്തരം ട്രെയിനുകള്‍ ഇപ്പോള്‍ നിലവിലുള്ളത്. സാധാരണ ട്രെയിനുകളെക്കാള്‍ സുഖകരമായ യാത്രയാണ് ഈ ട്രെയിനുകള്‍ ഉറപ്പ് നല്‍കുന്നത്. സീറ്റുകളില്‍ മൃദുവായ കൈപ്പിടികളും, നിന്ന് യാത്രചെയ്യുന്നവര്‍ക്ക് ബാലന്‍സ് തെറ്റാതിരിക്കാനുള്ള സൗകര്യങ്ങളുമുള്ളതാണ് ഇത്തരം ട്രെയിനുകള്‍. ചെറിയ വളവുകളില്‍ ഇരുവശങ്ങളിലേക്കും ചെരിയാന്‍ കഴിയുന്ന കോച്ചുകള്‍ നിര്‍മിക്കാനാണ് ഇരു രാജ്യങ്ങളും കരാര്‍. റെയില്‍വേ വൈദ്യുതീകരണവും ടണല്‍ നിര്‍മാണവുമടക്കമുള്ള കാര്യങ്ങളാണ് ഈ കരാറിലുള്ളത്. സ്വിറ്റ്‌സര്‍ലന്‍ഡ് പാരിസ്ഥിതിക വകുപ്പുമായും, ഗതാഗതവകുപ്പുമായുമാണ് ഇന്ത്യ കരാര്‍ ഒപ്പിട്ടിരിക്കുന്നത്.

വമ്പന്‍ ഓഫറുമായി എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥികള്‍ക്കും സേനാ അംഗങ്ങള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും വമ്പന്‍ ഓഫറുകളുമായി എയര്‍ ഇന്ത്യ. സീറ്റുകളുടെ ലഭ്യത അനുസരിച്ച് തെരഞ്ഞെടുക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് അമ്പത് ശതമാനം വരെ നിരക്കില്‍ ഇളവ് നല്‍കുമെന്നാണ് എയര്‍ ന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ ഒന്നു മുതലാണ് ഓഫര്‍ നിലവില്‍ വന്നത്. യാത്രയ്ക്ക് ഏഴുദിവസമെങ്കിലും മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ഓഫറുകള്‍ ലഭിക്കുക. എയര്‍ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജ് വഴിയാണ് ഓഫര്‍ പ്രഖ്യാപിച്ചത്. ആഭ്യന്തര സര്‍വ്വീസുകളിലെ എക്കണോമി ക്ലാസുകളിലാണ് ഓഫര്‍ ലഭ്യമാകുക. ടിക്കറ്റുകള്‍ എയര്‍ഇന്ത്യയുടെ ബുക്കിങ് ഓഫീസുകള്‍, കോള്‍ സെന്ററുകള്‍, വെബ്‌സൈറ്റ് എന്നിവ മുഖേന ബുക്ക് ചെയ്യാം.