Month: September 2017

മക്‌ഡൊണാള്‍ഡിന്റെ 169 റസ്‌റ്റോറന്റുകള്‍ക്ക് ഇന്ന് പൂട്ടുവീഴും

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലുള്ള മക്‌ഡൊണാള്‍ഡിന്റെ 169 റസ്‌റ്റോറന്റുകള്‍ക്ക് ഇന്ന് പൂട്ടുവീഴും.
ബ്രാന്‍ഡ് നെയിമോ ട്രേഡ് മാര്‍ക്കോ ഉപയോഗിക്കാന്‍ സെപ്റ്റംബര്‍ ആറ് മുതല്‍ കൊണാട്ട് പ്ലെയ്‌സ് റസ്‌റ്റോറന്റ് ലിമിറ്റഡിന് അനുമതിയില്ലാത്തതിനാലാണിത്.
യുഎസ് ആസ്ഥാനമായുള്ള മക്‌ഡൊണാള്‍ഡ് ഫ്രാഞ്ചൈസി എഗ്രിമെന്റ് റദ്ദാക്കിയിരുന്നു. കമ്പനിയുടെ നടപടിക്കെതിരെ സിപിആര്‍എല്‍ എംഡി വിക്രം ബക്ഷി നാഷണല്‍ കമ്പനി ട്രിബ്യൂണലിനെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളി. റസ്‌റ്റോറന്റുകള്‍ പൂട്ടുന്നതോടെ പ്രത്യക്ഷമായും പരോക്ഷമായും 10,000 പേരെ ബാധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. സപ്ലയേഴ്‌സ് മുതല്‍ ബിസിനസ് അസോസിയേറ്റ്‌സിനുവരെ തൊഴില്‍ നഷ്ടമാകും.

നായകനായി സണ്ണി വെയ്ന്‍

ഗായത്രി
പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന കുഞ്ഞുണ്ണി കുണ്ഠിതനാണ് എന്ന സിനിമയില്‍ സണ്ണി വെയ്ന്‍ നായകന്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് സണ്ണി വെയ്ന്‍ തന്റെ ഫേസ്ബുക്കിലൂടെയാണ് പുറത്ത് വിട്ടത്. നവീന്‍ ടി മണിലാല്‍ തിരക്കഥ ഒരുക്കുന്ന ചിത്രം പ്രിസം എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ പ്രേംലാല്‍ പട്ടാഴി, അനുരാജ് രാജന്‍, രതീഷ് രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ജിഷ്ണു ആര്‍ നായര്‍, അശ്വിന്‍ പ്രകാശ് എന്നിവരാണ്. തിരക്കഥ. ചിത്രത്തില്‍ അരുണ്‍ മുരളീധരന്‍ സംഗീതം നിര്‍വഹിക്കുന്നു. ചിത്രത്തിനെ പരിചയപ്പെടുത്തികൊണ്ട് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ട കോമിക് സ്ട്രിപ്പ് ഇതിനോടകം വൈറലായിരുന്നു.
സിനിമയുടെ മറ്റ് വിശദാശങ്ങളൊന്നും ഇതുവരെ പുറത്ത് വിട്ടിട്ടില്ല. പുറത്തിറങ്ങി അധികം വൈകാതെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ് സിനിമയുടെ മോഷന്‍ പോസ്റ്റര്‍.

മലയാളിയുടെ സ്റ്റാര്‍ട്ട് അപ്പ് സംരംഭത്തിന് 192 കോടിയുടെ നിക്ഷേപം

വിഷ്ണു പ്രതാപ്
ജെനോമിക്‌സ് റിസര്‍ച്ച് സ്റ്റാര്‍ട്ട്അപ്പായ ‘മെഡ്‌ജെനോം ലാബ്‌സി’ന് 192 കോടി രൂപയുടെ മൂലധന നിക്ഷേപം. മലയാളിയായ സാം സന്തോഷാണ് ഇതിന് നേതൃത്വം നല്‍കുന്നത്. കമ്പനിക്ക് ലഭിക്കുന്ന മൂന്നാം റൗണ്ട് നിക്ഷേപമാണ് ഇത്. സെക്വയ, സോഫിന എന്നീ നിക്ഷേപക സ്ഥാപനങ്ങളില്‍ നിന്നടക്കമാണ് ഫണ്ട് ലഭിച്ചത്.
ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണനും കമ്പനിയില്‍ മുതല്‍മുടക്കി. സോഡിയസ് ക്യാപ്പിറ്റല്‍, കോഗ്‌നിസന്റ് മുന്‍ സി.ഇ.ഒ. ലക്ഷ്മി നാരായണന്‍ എന്നിവരും മുതല്‍മുടക്കിയിട്ടുണ്ട്. ‘കാല്‍സോഫ്റ്റ്’ എന്ന പേരിലുള്ള സ്വന്തം ഐ.ടി. കമ്പനി 2009ല്‍ വിറ്റൊഴിഞ്ഞ ശേഷമാണ് സാം സന്തോഷ് ജെനോമിക്‌സ് രംഗത്തേക്ക് ചുവടുവച്ചത്. ‘സൈജെനോം ലാബ്‌സ്’ എന്ന പേരില്‍ കൊച്ചി ആസ്ഥാനമായാണ് ആദ്യ കമ്പനി തുടങ്ങിയത്.

ഇന്ത്യയുടെ ലക്ഷ്യം വികസനം: പ്രധാനമന്ത്രി

അളക ഖാനം
ഷിയാമെന്‍: വികസനമാണ് ഇന്ത്യ ലക്ഷ്യം വെക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനായി രാജ്യാന്തര തലത്തില്‍ വിവിധ രാജ്യങ്ങളുമായി കൈകോര്‍ക്കും. എല്ലാവരുടെയും കൈകളില്‍ വികസനമെത്തണം. ഇതാണ് ഇന്ത്യയുടെ അജണ്ട എന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ബ്രിക്‌സ് ഉച്ചകോടിയുടെ രണ്ടാം ദിനത്തില്‍ ഡയലോഗ് ഓഫ് എമര്‍ജിംഗ് മാര്‍ക്കറ്റ് ആന്റ്് ഡെവലപ്പിംഗ് കണ്‍ട്രി സിസ്റ്റം സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭീകരവാദം, സൈബര്‍ സുരക്ഷ, ദുരന്തനിവാരണ മാനേജ്‌മെന്റ് അടക്കമുള്ള കാര്യങ്ങളില്‍ അംഗരാജ്യങ്ങള്‍ സഹകരണം ശക്തമാക്കണം. വികസനം ലക്ഷ്യമാക്കി വേണം പ്രവര്‍ത്തിക്കേണ്ടത്. ഇന്ത്യയുടെ ‘സബ്കാ സാത് സബ്കാ വികാസ്’ മുദ്രാവാക്യം മാതൃകയില്‍ പുതിയ വികസന സ്വപ്‌നങ്ങള്‍ മുന്നോട്ടുവെക്കണമെന്നും മോദി പറഞ്ഞു.

എന്‍എച്ച്എസ് നഴ്‌സുമാരെയും തെറാപ്പിസ്റ്റുകളെയും നിയമിക്കാനൊരുങ്ങുന്നു

അളക ഖാനം
ജിപിമാരുടെയും നഴ്‌സുമാരുടെയും ക്ഷാമം പരിഹരിക്കാന്‍ അടിയന്തര നിയമനത്തിന് നിയമിക്കാനൊരുങ്ങിയിരിക്കുകയാണ് എന്‍എച്ച്എസ്. പരിശീലനം ലഭിച്ച വിദേശ ജിപിമാരെയും മറ്റു സ്റ്റാഫുകളെയും നിയമിക്കാനാണ് പദ്ധതി എന്നാണ് സൂചന. ഇതിനായി 100 മില്യണ്‍ പൗണ്ട് വകയിരുത്തിയെന്നാണറിയാന്‍ സാധിച്ചത്. ജിപിമാര്‍ക്ക് പുറമെ നഴ്‌സുമാര്‍, തെറാപ്പിസ്റ്റുകള്‍ തുടങ്ങിയ അനുബന്ധ ജീവനക്കാരെയും ഇതേ രീതിയില്‍ റിക്രൂട്ട് ചെയ്യുമെന്നാണ് ലഭിച്ച വിവരം. അന്താരാഷ്ട്ര തലത്തില്‍ വിജ്ഞാപനമിറക്കിക്കൊണ്ട് നിയമനം നടത്താനാണ് നീക്കം. 2020ഓടെ 5000 ജിപിമാരെ നിയമിക്കാനുള്ള പദ്ധതിയുടെ ഭാഗമായുള്ള ഈ നിര്‍ദേശത്തിലൂടെ 3000ത്തോളം വിദേശ ഡോക്ടര്‍മാരെ നിയമിക്കും. സ്വന്തമായി ജിപിമാരെ പരിശീലിപ്പിച്ച് നിയമിക്കുന്ന രീതി തുടരുമെന്നാണ് റിപ്പോര്‍ട്ട്.

ചൈനീസ് കമ്പനികളുടെ സ്മാര്‍ട്ട്‌ഫോണുകള്‍ക്കെതിരെ വ്യാപക പ്രചരണം

രാംനാഥ് ചാവ്‌ല
ന്യൂഡല്‍ഹി: ചൈനീസ് കമ്പനികളുടെ സ്മാര്‍ട്ട്‌ഫോണുകള്‍ക്കെതിരെ വ്യാജവര്‍ത്തകള്‍ പ്രചരിക്കുന്നു. രാജ്യത്തിന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് കീഴില്‍ ഇന്ത്യയില്‍ പ്ലാന്റ് തുടങ്ങിയ ചൈനീസ് കമ്പനികള്‍ക്കെതിരെ വ്യാജവാര്‍ത്തകള്‍ വ്യപകമായി പ്രചരിക്കുന്നത്. പുതുതായി തുടങ്ങിയ ഒരു സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയും കച്ചവടം കുറഞ്ഞ മറ്റു കമ്പനികളുമാണ് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നതിന് മുന്നില്‍ നില്‍ക്കുന്നതെന്നാണ് സൂചന. വ്യാജ വാര്‍ത്തക്കെതിരെ കമ്പനികള്‍ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
രാജ്യത്ത് മാസത്തില്‍ ഏകദേശം 70 ലക്ഷം സ്മാര്‍ട്ട്‌ഫോണുകളാണ് വില്‍ക്കപ്പെടുന്നത്. ഇതില്‍ 60 ശതമാനവും ഈ നാല് കമ്പനികളുടെ ഫോണുകളാണ്. രാജ്യസുരക്ഷയെ മുന്‍നിര്‍ത്തിയാണ് ഇവര്‍ക്കെതിരെ ആരോപണം. ഉപഭോക്താക്കളുടെ രഹസ്യവിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന സംശയത്തെ തുടര്‍ന്ന് ചൈനീസ് കമ്പനികള്‍ ഉള്‍പ്പെടെയുള്ള 30 മൊബൈല്‍ ഫോണ്‍ കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നേരത്തെ നോട്ടീസ് അയച്ചിരുന്നു. ചൈനീസ് കമ്പനികളായ വിവോ, ഓപ്പോ, ഷവോമി, ജിയോണി എന്നിങ്ങനെ നിരവധി കമ്പനികള്‍ ഈ ലിസ്റ്റിലുണ്ട്. ചൈനീസ് കമ്പനികള്‍ക്കു പുറമെ ആപ്പിള്‍, സാംസംങ് തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികള്‍ക്കും മൈക്രോമാക്‌സ് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ കമ്പനികള്‍ക്കും കേന്ദ്ര ഐടി മന്ത്രാലയം നോട്ടീസ് അയച്ചിരുന്നു. നോട്ടിസിനു മറുപടി നല്‍കാന്‍ കമ്പനികള്‍ക്ക് ഓഗസ്റ്റ് 28 വരെയാണ് സമയം അനുവദിച്ചിരുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച് മിക്ക സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളും കേന്ദ്രസര്‍ക്കാരിന് വ്യക്തമായ മറുപടി നല്‍കിയെന്നാണ് അറിയുന്നത്. ഇന്ത്യയില്‍ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പനയില്‍ നാലാം സ്ഥാനത്ത് നില്‍ക്കുന്ന ഓപ്പോയാണ് ഇതു സംബന്ധിച്ച് ആദ്യം പ്രതികരിച്ചത്. ഓപ്പോയുടെ ഇന്ത്യന്‍ ഉപഭോക്താക്കളുടെ ഡാറ്റകളെല്ലാം സുരക്ഷിതമാണെന്ന് കമ്പനി വക്താവ് ഔദ്യോഗികമായി അറിയിച്ചു. ഇന്ത്യയിലെ നിയമങ്ങള്‍ അനുസരിച്ചാണ് ഓപ്പോ പ്രവര്‍ത്തിക്കുന്നത്. ഉപഭോക്താക്കളില്‍ നിന്ന് അനുമതി വാങ്ങിയതിനു ശേഷമാണ് ഡാറ്റ ഉപയോഗിക്കുന്നത്. സിംഗപ്പൂരിലാണ് ഓപ്പോയുടെ സെര്‍വറുകള്‍ സ്ഥാപിച്ചിരിക്കുന്നത്. സെര്‍വറുകള്‍ പൂര്‍ണ സുരക്ഷിതമാണെന്നും ഓപ്പോ വക്താവ് അറിയിച്ചു. ഇക്കാര്യത്തില്‍ അധികൃതര്‍ പരിശോധന നടത്തിവരികയാണ്. നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ പിഴ ശിക്ഷ ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകും.

 

കൊച്ചി തുറമുഖത്ത് കണ്ടെയ്‌നര്‍ നീക്കത്തില്‍ വന്‍ കുതിപ്പ്

ഗായത്രി
കൊച്ചി: കൊച്ചി തുറമുഖം നടപ്പു വര്‍ഷം കുതിക്കുന്നത് പുതിയ ഉയരത്തിലേക്ക്. കഴിഞ്ഞമാസം കണ്ടെയ്‌നര്‍ നീക്കം 50,000 ടി.ഇ.യു കടന്നു മുന്നേറി. ആദ്യമായാണ് കണ്ടെയ്‌നര്‍ നീക്കം ഒരുമാസം 50,000 കവിയുന്നത്. 50,842 ടി.ഇ.യു കണ്ടെയ്‌നറുകള്‍ ആഗസ്റ്റില്‍ കൊച്ചി തുറമുഖം കൈകാര്യം ചെയ്തു. 2016 ആഗസ്റ്റിലേക്കാള്‍ 7,000 ടി.ഇ.യു ഓളം അധികമാണിത്. നടപ്പു വര്‍ഷം ഏപ്രില്‍ ആഗസ്റ്റ് കാലയളവില്‍ മൊത്തം ചരക്കുനീക്കത്തിലുണ്ടായ വര്‍ദ്ധന 20 ശതമാനമാണ്. 11.93 മില്യണ്‍ മെട്രിക് ടണ്‍ ചരക്ക് ഇക്കാലയളവില്‍ കൊച്ചി വഴി കടന്നുപോയി. കണ്ടെയ്‌നര്‍ നീക്കം 13 ശതമാനം വര്‍ദ്ധിച്ച് 2.27 ലക്ഷം ടി.ഇ.യുവിലുമെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം തൊട്ടുമുമ്പത്തെ വര്‍ഷത്തേക്കാള്‍ 13.2 ശതമാനം വര്‍ദ്ധനയോടെ 25.01 മില്യണ്‍ മെട്രിക് ടണ്‍ ചരക്കാണ് കൊച്ചി കൈകാര്യം ചെയ്തത്. ഇത് സര്‍വകാല റെക്കാഡാണ്. 17 ശതമാനം മുന്നേറ്റവുമായി 4.91 ലക്ഷം ടി.ഇ.യു (ട്വന്റി ഫൂട്ട് ഇക്വിലന്റ് യൂണിറ്റ്) കണ്ടെയ്‌നറുകളും കഴിഞ്ഞവര്‍ഷം കൊച്ചിയിലെത്തി. ഏഴ് മാസങ്ങള്‍ കൂടി ശേഷിക്കേ, നടപ്പു വര്‍ഷം പുതിയ ഉയരം കുറിക്കാമെന്നാണ് കൊച്ചിയുടെ പ്രതീക്ഷ. ഈവര്‍ഷം മൊത്തം 28.5 മില്യണ്‍ മെട്രിക് ടണ്‍ ചരക്കുകളും 5.50 ലക്ഷം ടി.ഇ.യു കണ്ടെയ്‌നറുകളും കൈകാര്യം ചെയ്യുകയാണ് ലക്ഷ്യം. പെട്രോളിയം ഉത്പന്നങ്ങളാണ് കൊച്ചി തുറമുഖം ഏറ്റവുമധികം കൈകാര്യം ചെയ്യുന്നത് എന്നിരിക്കേ, എറണാകുളം അമ്പലമുഗളില്‍ ബി.പി.സി.എല്ലിന്റെ റിഫൈനറി വിപുലീകരണ പദ്ധതി (ഐ.ആര്‍.ഇ.പി) പൂര്‍ത്തിയാകുമ്പോള്‍ ചരക്കുനീക്കത്തില്‍ പുത്തനുണര്‍വുണ്ടാകുമെന്ന് കൊച്ചി തുറമുഖ ട്രസ്റ്റ് വിലയിരുത്തുന്നു.

 

കുറഞ്ഞനിരക്കിലുള്ള രണ്ട് വാര്‍ഷിക പദ്ധതികളുമായി ബിഎസ്എന്‍എല്‍

വിഷ്ണു പ്രതാപ്
കൊച്ചി: ഓണ സമ്മാനമായി ബിഎസ്എന്‍എല്ലിന്റെ കുറഞ്ഞനിരക്കിലുള്ള രണ്ട് വാര്‍ഷിക ലാന്‍ഡ്‌ലൈന്‍ പദ്ധതികള്‍. ഗ്രാമപ്രദേശങ്ങളിലെ വരിക്കാര്‍ക്കുള്ള 1200 രൂപയുടെ വാര്‍ഷിക സ്‌കീമും നഗരപ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ക്കുള്ള 1500 രൂപയുടെ വാര്‍ഷിക സ്‌കീമുമാണ് അവ. ഈ സ്‌കീമിലൂടെ ബിഎസ്എന്‍എല്‍ നെറ്റ്‌വര്‍ക്കിലേക്ക് വിളിക്കുന്ന ഓരോ യൂണിറ്റ് വിളിക്കും ഒരുരൂപയും മറ്റു ഓപ്പറേറ്റര്‍മാരുടെ നെറ്റ്വര്‍ക്കിലേക്ക് 1.20 രൂപയും ഈടാക്കും. ഞായറാഴ്ചകളില്‍ പൂര്‍ണമായും മറ്റ് ദിവസങ്ങളില്‍ രാത്രി ഒമ്പതുമുതല്‍ രാവിലെ ഏഴുവരെയും രാജ്യത്തുള്ള ഏതു നമ്പറിലേക്കുള്ള വിളികള്‍ ഈ പദ്ധതികളില്‍ സൗജന്യമായിരിക്കും. ഓണം ഓഫറുകളായി പ്രഖ്യാപിച്ചിട്ടുള്ളവയില്‍ സെപ്തംബര്‍ ഏഴുവരെ 20, 30, 55, 60, 110 രൂപയുടെ പ്രീപെയ്ഡ് ടോപ്അപ്പുകള്‍ക്ക് മുഴുവന്‍ സംസാരമൂല്യം ലഭിക്കും. 120, 160, 220 രൂപയുടെ ടോപ്അപ്പുകള്‍ക്ക് 130, 180, 250 രൂപയുടെ സംസാരമൂല്യമുണ്ടാകും. ഈ കാലയളവില്‍ 68 രൂപയ്ക്ക് ഒരു ജിബി ഡാറ്റയും ബിഎസ്എന്‍എല്‍ നെറ്റ്വര്‍ക്കിലേക്ക് പരിധിയില്ലാത്ത വിളികളും മറ്റു ഓപ്പറേറ്റര്‍മാരുടെ നെറ്റ് വര്‍ക്കിലേക്ക് 68 മിനിറ്റ് വിളിയും നടത്താവുന്ന രണ്ടു ദിവസം വാലിഡിറ്റിയുള്ള സ്‌പെഷ്യല്‍ താരിഫ് വൌച്ചറും ലഭ്യമാകുമെന്നും അധികൃതര്‍ അറിയിച്ചു.

 

അജയ് വിപിന്‍ നാനാവതി സിന്‍ഡിക്കേറ്റ് ബാങ്ക് ചെയര്‍മാന്‍

അളക ഖാനം
മംഗളൂരു: അജയ് വിപിന്‍ നാനാവതി സിന്‍ഡിക്കേറ്റ് ബാങ്കിന്റെ ചെയര്‍മാനായി സ്ഥാനമേറ്റു. അമേരിക്കയിലെ വിര്‍ജീനിയ ടെക് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള കെമിക്കല്‍ എന്‍ജിനിയറിംഗ് ബിരുദധാരിയായ അജയ്, 1988ല്‍ ‘3എം’ എന്ന സ്ഥാപനത്തിലൂടെയാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. മൂന്നു പതിറ്റാണ്ടോളം 3എമ്മില്‍ സേവനമനുഷ്ഠിച്ച അദ്ദേഹം അമേരിക്ക, സിംഗപ്പൂര്‍, ഇസ്രയേല്‍, ഓസ്റ്റിന്‍ എന്നിവിടങ്ങളിലും പ്രവര്‍ത്തിച്ചു. 3 എമ്മില്‍ നിന്ന് വിരമിച്ചശേഷം ഗ്ലോബല്‍ ചാനല്‍ സര്‍വീസസ് ആന്റ് യു.എസ് അറ്റ്‌ലാന്റിക് പസഫിക് ഓപ്പറേഷന്‍സിന്റെ ഡയറക്ടറായി പ്രവര്‍ത്തിച്ചു.
നിലവില്‍ അലികോണ്‍ സര്‍വീസസിന്റെ ഡയറക്ടര്‍ ബോര്‍ഡംഗമായ അദ്ദേഹം ഒട്ടേറെ ചെറുകിട ഇടത്തരം സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുടെ ഉപദേഷ്ടാവും ഏയ്ഞ്ചല്‍ ഇന്‍വെസ്റ്ററുമാണ്.

സാംസംങ് ഗ്യാലക്‌സി നോട്ട് 8നായുള്ള പ്രീ ബുക്കിംങ് ആരംഭിച്ചു

പുതിയ സാംസംങ് ഗ്യാലക്‌സി നോട്ട് 8നായുള്ള പ്രീ ബുക്കിംങ് ഇന്ത്യയില്‍ തുടങ്ങി. കമ്പനിയുടെ വെബ്‌സൈറ്റ് വഴിയാണ് ബുക്കിംആരംഭിച്ചത്. പേര് ഇമെയില്‍ അഡ്രസ്, മൊബൈല്‍ നമ്പര്‍, പിന്‍കോഡ് എന്നിവയാണ് ഗ്യാലക്‌സി നോട്ട് 8 ബുക്കിങിനായി ആവശ്യമുള്ളത്. ബുക്ക് ചെയ്തവര്‍ക്ക് പിന്നീടുള്ള വിവരങ്ങള്‍ അതാത് സമയം അറിയിക്കും. സെപ്റ്റംബര്‍ അവസാനത്തോടെ ഫോണുകള്‍ വില്‍പനക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. സെപ്റ്റംബര്‍ 12ന് പുറത്തിറങ്ങാനിരിക്കുന്ന ആപ്പിള്‍ 8 ആയിരിക്കും ഗ്യാലക്‌സി നോട്ട് 8ന്റെ വിപണിയിലെ മുഖ്യ എതിരാളി.