കൊച്ചി തുറമുഖത്ത് കണ്ടെയ്‌നര്‍ നീക്കത്തില്‍ വന്‍ കുതിപ്പ്

കൊച്ചി തുറമുഖത്ത് കണ്ടെയ്‌നര്‍ നീക്കത്തില്‍ വന്‍ കുതിപ്പ്

ഗായത്രി
കൊച്ചി: കൊച്ചി തുറമുഖം നടപ്പു വര്‍ഷം കുതിക്കുന്നത് പുതിയ ഉയരത്തിലേക്ക്. കഴിഞ്ഞമാസം കണ്ടെയ്‌നര്‍ നീക്കം 50,000 ടി.ഇ.യു കടന്നു മുന്നേറി. ആദ്യമായാണ് കണ്ടെയ്‌നര്‍ നീക്കം ഒരുമാസം 50,000 കവിയുന്നത്. 50,842 ടി.ഇ.യു കണ്ടെയ്‌നറുകള്‍ ആഗസ്റ്റില്‍ കൊച്ചി തുറമുഖം കൈകാര്യം ചെയ്തു. 2016 ആഗസ്റ്റിലേക്കാള്‍ 7,000 ടി.ഇ.യു ഓളം അധികമാണിത്. നടപ്പു വര്‍ഷം ഏപ്രില്‍ ആഗസ്റ്റ് കാലയളവില്‍ മൊത്തം ചരക്കുനീക്കത്തിലുണ്ടായ വര്‍ദ്ധന 20 ശതമാനമാണ്. 11.93 മില്യണ്‍ മെട്രിക് ടണ്‍ ചരക്ക് ഇക്കാലയളവില്‍ കൊച്ചി വഴി കടന്നുപോയി. കണ്ടെയ്‌നര്‍ നീക്കം 13 ശതമാനം വര്‍ദ്ധിച്ച് 2.27 ലക്ഷം ടി.ഇ.യുവിലുമെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം തൊട്ടുമുമ്പത്തെ വര്‍ഷത്തേക്കാള്‍ 13.2 ശതമാനം വര്‍ദ്ധനയോടെ 25.01 മില്യണ്‍ മെട്രിക് ടണ്‍ ചരക്കാണ് കൊച്ചി കൈകാര്യം ചെയ്തത്. ഇത് സര്‍വകാല റെക്കാഡാണ്. 17 ശതമാനം മുന്നേറ്റവുമായി 4.91 ലക്ഷം ടി.ഇ.യു (ട്വന്റി ഫൂട്ട് ഇക്വിലന്റ് യൂണിറ്റ്) കണ്ടെയ്‌നറുകളും കഴിഞ്ഞവര്‍ഷം കൊച്ചിയിലെത്തി. ഏഴ് മാസങ്ങള്‍ കൂടി ശേഷിക്കേ, നടപ്പു വര്‍ഷം പുതിയ ഉയരം കുറിക്കാമെന്നാണ് കൊച്ചിയുടെ പ്രതീക്ഷ. ഈവര്‍ഷം മൊത്തം 28.5 മില്യണ്‍ മെട്രിക് ടണ്‍ ചരക്കുകളും 5.50 ലക്ഷം ടി.ഇ.യു കണ്ടെയ്‌നറുകളും കൈകാര്യം ചെയ്യുകയാണ് ലക്ഷ്യം. പെട്രോളിയം ഉത്പന്നങ്ങളാണ് കൊച്ചി തുറമുഖം ഏറ്റവുമധികം കൈകാര്യം ചെയ്യുന്നത് എന്നിരിക്കേ, എറണാകുളം അമ്പലമുഗളില്‍ ബി.പി.സി.എല്ലിന്റെ റിഫൈനറി വിപുലീകരണ പദ്ധതി (ഐ.ആര്‍.ഇ.പി) പൂര്‍ത്തിയാകുമ്പോള്‍ ചരക്കുനീക്കത്തില്‍ പുത്തനുണര്‍വുണ്ടാകുമെന്ന് കൊച്ചി തുറമുഖ ട്രസ്റ്റ് വിലയിരുത്തുന്നു.

 

Post Your Comments Here ( Click here for malayalam )
Press Esc to close