Month: July 2017

എസ്ബിഐ പലിശ നിരക്ക് കുറച്ചു

വിഷ്ണു പ്രതാപ്

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ സേവിംഗ്‌സ് ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ചു.
ഒരു കോടി രൂപയോ അതില്‍ കുറവോ അക്കൗണ്ടിലുള്ളവര്‍ക്ക് 3.5 ശതമാനമായിരിക്കും ഇനി പലിശ ലഭിക്കുക. നിലവില്‍ ഇത് നാല് ശതമാനമായിരുന്നു.
ഒരു കോടി രൂപ്ക്കുമുകളില്‍ നിക്ഷേപമുള്ളവരുടെ പലിശ നിരക്ക് നിലവിലെ നാല് ശതമാനംതന്നെ തുടരും.
എസ്ബി അക്കൗണ്ടിലെ പലിശ നിരക്ക് കുറച്ചതോടെ എസ്ബിഐയുടെ ഓഹരി വില കുതിച്ചു. 4.75 ശതമാനമാണ് ഓഹരി വിലയിലെ നേട്ടം. എസ്ബിഐയുടെ സേവിങ്‌സ് അക്കൗണ്ടുകളില്‍ 90 ശതമാനത്തിലും ഒരു കോടി രൂപയ്ക്ക് താഴെയാണ് ബാലന്‍സുള്ളത്.

 

‘കാന്തന്‍ ദ ലവര്‍ ഓഫ് കളര്‍’ ഓണത്തിന്

 

രാംനാഥ് ചാവ്‌ല

പ്രശസ്ത സാമൂഹിക പ്രവര്‍ത്തക ദയാബായിയുടെ ജിവിതം വെള്ളിത്തിരയിലേക്ക്. ദയാബായി മുഖ്യ കഥാപാത്രമാകുന്ന മലയാള ചലച്ചിത്രം ‘കാന്തന്‍ ദ ലവര്‍ ഓഫ് കളര്‍’ ചിത്രീകരണം പൂര്‍ത്തിയായി. ചിത്രം ഓണത്തിന് തിയറ്ററുകളിലെത്തും.
വയനാട്ടിലെ നെങ്ങറ കോളനിയിലെ അടിയാന്‍ വിഭാഗത്തില്‍പ്പെട്ട ആദിവാസി ഊരുകളിലെ ജീവിതത്തിന്റെ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്. കര്‍ഷക ജീവിതത്തിലെ പ്രതിസന്ധി, പ്രകൃതി ചൂഷണം, വരള്‍ച്ച, ദാരിദ്ര്യം, കപട പരിസ്ഥിതി വാദം എന്നിങ്ങനെയുള്ള വിഷയങ്ങളെല്ലാം 90 മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമയില്‍ കടന്നുവരുന്നു. ‘ഇത്തിയാമ്മ’ എന്ന മുത്തശ്ശിയായാണ് ദയാബായിയുടെ വേഷം. കടബാധ്യതയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കര്‍ഷക കുടുംബത്തിലെ അവശേഷിക്കുന്ന കാന്തന്‍ എന്ന 12 വയസ്സുകാരന്റെ സംരക്ഷണ ചുമതല ഏറ്റെടുക്കുന്ന എഴുപതുകാരിയാണ് ഇത്തിയാമ്മ.
നിറത്തിന്റെയും കുലത്തിന്റെയും പേരില്‍ അധഃകൃതരെന്ന് മുദ്രകുത്തി കൂടെ യാത്ര ചെയ്യാന്‍, കൂടെ സംസാരിക്കാന്‍ അവകാശം നിഷേധിക്കപ്പെടുന്നവരുടെ കഥയാണ് സിനിമ പറയുന്നത്.
നിരവധി ഹ്രസ്വസിനിമകള്‍ ഒരുക്കിയ കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി ഷെരീഫ് ഈസയാണ് ചിത്രത്തിന്റെ സംവിധായകന്‍. ആദിമധ്യാന്തം’ എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് 2012ലെ ജൂറി പുരസ്‌കാര ജേതാവായ മാസ്റ്റര്‍ പ്രജിത്തും പ്രധാന വേഷത്തിലെത്തുന്നുണ്ട്. വയനാട്ടിലെ തിരുനെല്ലിയാണ് പ്രധാന ലൊക്കേഷന്‍.

പ്രേക്ഷകര്‍ കാത്തിരുന്ന ദുല്‍ഖറിന്റെ ചിത്രം

 

പ്രേക്ഷകര്‍ ഏറെ ആരാധനയോടെ കാത്തിരുന്ന ദുല്‍ഖര്‍ സല്‍മാന്റെ കുഞ്ഞിന്റെ ചിത്രം വൈറലാവുന്നു. ദുല്‍ഖറും അമാലും കുഞ്ഞ് മറിയം അമീറക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ് ഇതിനകം തന്നെ വൈറലായിമാറിയത്. എന്നാല്‍ മകള്‍ മറിയം അമീറ തന്നെയാണോ അതെന്ന് ദുല്‍ഖര്‍ വ്യക്തമാക്കിയിട്ടില്ല.
മെയില്‍ കുഞ്ഞുണ്ടായ സന്തോഷവും കുഞ്ഞിന്റെ പേരുമൊക്കെ തന്റെഫേസ്ബുക്ക് പേജിലൂടെ ദുല്‍ഖര്‍ തന്നെയാണ് പുറത്തു വിട്ടത്. ദുല്‍ഖറിന്റെ പിറന്നാള്‍ ദിനത്തിലാണ് കുഞ്ഞിനും അമാലിനുമൊപ്പമുള്ള ചിത്രം ഫെയ്‌സ്ബുക്കിലൂടെ പ്രചരിക്കുന്നത്.
കുറഞ്ഞ കാലം കൊണ്ട് മലയാളത്തില്‍ ഏറെ ആരാധകരെ കിട്ടിയ യുവതാരമാണ് ദുല്‍ഖര്‍. മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. 2011 ഡിസംബറിലായിരുന്നു ദുല്‍ഖറിന്റെ വിവാഹം.

 

ഇനി ഇലക്ട്രിക് കാറുകളുടെ കാലം

 

രാംനാഥ് ചാവ്‌ല

സാന്‍ഫ്രാന്‍സികോ: മലിനീകരണം കുറവുള്ള ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കാന്‍ കാര്‍ നിര്‍മാതാക്കളുടെ നീക്കം. ഇക്കാര്യത്തില്‍ ഏറെ മുന്നോട്ട് പോയ കമ്പനിയാണ് ടെസ്‌ല. മോഡല്‍ 3 എന്ന തങ്ങളുടെ പുതിയ കാറിനെ രംഗത്തിറക്കി വാഹന വിപണിയെ ഒരിക്കല്‍ കൂടി ഞെട്ടിക്കാനാണ് ടെസ്‌ലയുടെ നീക്കം.
കാറിനെ സ്വയം നിയന്ത്രിക്കുന്ന സെല്‍ഫ് െ്രെഡവിങ് സിസ്റ്റമുള്‍പ്പടെയുള്ള ആധുനിക സൗകര്യങ്ങളുമായാണ് ടെസ്‌ല വിപണിയിലേക്ക് എത്തുന്നത്. 15 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റമുള്‍പ്പടെയുള്ള സംവിധാനങ്ങള്‍ ഇന്റീരിയറില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ടെസ്‌ലയുടെ മോഡല്‍ എസിന് താഴെ വരുന്ന കാറാണ് മോഡല്‍ 3. അമേരിക്കന്‍ വിപണിയില്‍ കാറിന്റെ ബുക്കിംഗിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
അഞ്ച് സീറ്റുള്ള സെഡാന്‍ അതാണ് ടെസ്‌ലയുടെ മോഡല്‍ 3. അതിവേഗ ചാര്‍ജിങ്ങാണ് കാറിന്റെ പ്രധാന പ്രത്യേകതകളിലൊന്ന്. 20 മുതല്‍ 30 മിനുട്ട് വരെ ചാര്‍ജ് ചെയ്താല്‍ 346 കി.മീറ്റര്‍ വരെ കാറിന് സഞ്ചരിക്കാന്‍ കഴിയുമെന്നാണ് ടെസ്‌ലയുടെ അവകാശവാദം. ആറ് സെക്കന്‍ഡ് കൊണ്ട് ഈ കരുത്തന്‍ 100 കി.മീറ്റര്‍ വേഗത കൈവരിക്കും. 22.5 ലക്ഷമാണ് അമേരിക്കന്‍ വിപണിയിലെ കാറിന്റെ വില.

പുത്തന്‍ ലാപ്‌ടോപ്പുമായി ലെനോവോ

ന്യൂഡല്‍ഹി: പുത്തന്‍ ലാപ്‌ടോപ്പുമായി ചൈനീസ് കമ്പനി ലെനോവോ. ‘യോഗ’ സീരീസ് ലാപ്‌ടോപ്പുകളാണ് കമ്പനിയുടെ പുത്തന്‍ ഉല്‍പ്പന്നം. യോഗ 720, യോഗ 520 എന്നിവയാണവ. യോഗ 720ക്ക് 74,500 രൂപയും യോഗ 520ക്ക് 39,600 രൂപയുമാണ് വില. അലുമിനിയത്തില്‍ കൊത്തിയെടുത്ത, വണ്ണം തീരെ കുറഞ്ഞ ബോഡി, ഏഴാംതലമുറ ഇന്റല്‍ കോര്‍ ഐ7 പ്രൊസസര്‍, ഉയര്‍ന്ന ഗ്രാഫിക്‌സ്, ഒന്നരക്കിലോ മാത്രം ഭാരം, എച്ച്.ഡി ഡിസ്പ്‌ളേ, ഡോള്‍ബി ഓഡിയോ സംവിധാനം എന്നിങ്ങനെയാണ് സവിശേഷതകള്‍.

 

സ്വര്‍ണ്ണവില കുറയുമെന്ന് സൂചന

 

മുംബൈ: ഇന്ത്യന്‍ വിപണിയില്‍ ഇനി സ്വര്‍ണത്തിന് കുറയുന്നതായി സൂചന. ഇറക്കുമതി തീരുവ കുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണിത്. ഓഗസ്റ്റ് 2013 വരെ ഘട്ടംഘട്ടമായി 10 ശതമാനം ഇറക്കുമതി തീരുവ കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. ജൂലൈ ഒന്നു മുതല്‍ ജിഎസ്ടിയുടെ ഭാഗമായി വില്‍പ്പന നികുതി കൂട്ടിയ സാഹചര്യത്തിലാണ് ഇപ്പോള്‍ ഇറക്കുമതി തീരുവ കുറക്കാനുള്ള തീരുമാനത്തിന് പിന്നില്‍ എന്നാണ് അറിയാന്‍ കഴിഞ്ഞത്. പുതിയ നടപടിയിലൂടെ സ്വര്‍ണ കള്ളക്കടത്ത് തടയാനാവുമെന്നും കണക്കുകൂട്ടുന്നു. സ്വര്‍ണത്തിനുള്ള ഇറക്കുമതി തീരുവ കുറക്കണമെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയമാണ് ധനമന്ത്രാലയത്തിനോട് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

വിപണി കീടക്കാന്‍ മെഴ്‌സിഡസ് കൂപ്പേ

 

ന്യൂഡല്‍ഹി: വിപണി കീടക്കാന്‍ മെഴ്‌സിഡസ് കൂപ്പേ. ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ മെഴ്‌സിഡെസ് ബെന്‍സിന്റെ പുതിയ ജി.എല്‍.സി 43 4 മാറ്റിക് കൂപ്പേയാണ് ഇതിനകം തന്നെ ഇന്ത്യന്‍ വിപണിയിലെത്തിയത്. മെഴ്‌സിഡെസ് ഇന്ത്യയില്‍ അവതരിപ്പിക്കുന്ന നാലാമത്തെ എ.എം.ജി ബ്രാന്റ് മോഡലാണിത്. മൂന്ന് ലിറ്റര്‍ ബൈടര്‍ബോ വി6 എന്‍ജിനാണ് കാറിനെ നിയന്ത്രിക്കുന്നത്. 367 എച്ച്.പി കരുത്തും പരമാവധി 520 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കുമുള്ള എന്‍ജിനാണിത്. 9 സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍.
പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ ദൂരം കൈവരിക്കാന്‍ വെറും 4.9 സെക്കന്റ്് മതി. മണിക്കൂറില്‍ 250 കിലോമീറ്ററാണ് പരമാവധി വേഗം. മെഴ്‌സിഡെസിന്റെ വലിയ ലോഗോയോടു കൂടിയ വലിയ ക്രോം ഗ്രില്ലാണ് ഈ കൂപ്പേയുടെ മുന്‍ഭാഗത്തെ മുഖ്യ ആകര്‍ഷണം. ഔഡിയുടെ എസ് 5 ആണ് വിപണിയിലെ പ്രധാന എതിരാളി. എക്‌സ്‌ഷോറൂം വില 74.80 ലക്ഷം രൂപ.

 

പോഡ് ടാക്‌സി പദ്ധതി ഉടനെന്ന് കേന്ദ്രം

 

ന്യൂഡല്‍ഹി: പൊതു ഗതാഗത സംവിധാനം ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി അതിവേഗ പദ്ധതികള്‍ നടപ്പാക്കാന്‍ നീതി ആയോഗ് ശുപാര്‍ശ ചെയ്തു. മെട്രോയും ലൈറ്റ് മെട്രോയും ഒക്കെ കഴിഞ്ഞ് ഇനി മലയാളികള്‍ ചര്‍ച്ച ചെയ്യുക ആകാശ ടാക്‌സികളെ കുറിച്ചാകും. ഗതാഗതക്കുരുക്കിന് എന്താണ് പ്രതിവിധിയെന്നും വേഗത്തില്‍ ലക്ഷ്യം പിടിക്കാന്‍ എന്താണ് വഴിയെന്നും തിരയുന്നവര്‍ക്കുള്ള സന്തോഷ വാര്‍ത്തയായിരക്കും ഇത്.
പദ്ധതിയുമായി മുന്നോട്ടുപോകുന്നതിന്റെ ഭാഗമായി ആറംഗ വിദഗ്ധ സമിതിയെ ഗതാഗത മന്ത്രാലയം നിയമിച്ചുകഴിഞ്ഞു. പ്രത്യേക റോപ് വേകളുടെ സഹായത്തോടെ ആകാശത്ത് കൂടെ പറക്കുന്ന ടാക്‌സിയാണ് ഈ പോഡ് ടാക്‌സി. നടപ്പാക്കാനുദേശിക്കുന്ന ഗതാഗത സംവിധാനത്തെക്കുറിച്ച് കൂടുതല്‍ പ്രായോഗിക പരീക്ഷണം നടത്താന്‍ ഗതാഗത മന്ത്രാലയും അനുമതി നല്‍കിയിട്ടുണ്ട്.
റിപ്പോര്‍ട്ടുകള്‍ അനുസരിച്ചു ആദ്യഘട്ടത്തില്‍ ബാന്ദ്ര മുതല്‍ മുംബൈയിലെ കുര്‍ള കോംപ്ലക്‌സ് വരെയും, രാജസ്ഥാനില്‍ അജ്മീര്‍ മുതല്‍ അജ്മീര്‍ ദര്‍ഗ വരെയുമാണ് പോഡ് ടാക്‌സി സര്‍വീസുകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. അഞ്ചു കിലോമീറ്ററിന് താഴേയാണ് ഇവയുടെ ദൂരം ഉണ്ടാകുക. മഹാരാഷ്ടയും, രാജസ്ഥാനെയും കൂടാതെ ജയ്പൂര്‍, ഡെറാഡൂണ്‍, തിരുവനന്തപുരം, ഗുഡ്ഗാവ് എന്നിടങ്ങളിലാണ് പോഡ് ടാക്‌സി സര്‍വീസുകള്‍ തുടങ്ങാന്‍ ഉദ്യേശിക്കുന്നത്. യാത്രക്കാരുടെ സുരക്ഷക്കായിരിക്കും മുഗണന നല്‍കുകയെന്ന് നീതി ആയോഗുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു.
റോഡില്‍ നിന്ന് 10 മീറ്ററിന് ഉയരത്തില്‍ പ്രത്യേക റോപ് വേയുടെ സഹായത്തോടെ സഞ്ചരിക്കുന്ന ചെറിയ ടാക്‌സി രൂപത്തിലുള്ള വാഹനമാണ് പോഡ് ടാക്‌സി. ഇതിനു ഡ്രൈവര്‍ ഉണ്ടാകുകയില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പ്രത്യേകം ക്രമീകരിച്ച സഞ്ചാര പാതയില്‍ ഇവ തനിയെ സഞ്ചരിക്കും. സ്പീഡ് മണിക്കൂറില്‍ 60 കിലോമീറ്റര്‍ ആയിരിക്കും. മെട്രോ നിര്‍മാണത്തിന് 250 കോടി ഓരോ കിലോമീറ്ററിനും ചിലവ് വരുമ്പോള്‍ പോഡ് ടാക്‌സിക്ക് 50 കോടി രൂപയാണ്. എന്നാല്‍ ഓരോ പോഡിലും കൂടിയത് 5 ആളുകള്‍ക്ക് മാത്രമേ യാത്ര ചെയ്യാനാകൂ.

2000 രൂപയുടെ നോട്ട് പിന്‍വലിക്കുന്ന കാര്യം അറിയില്ലെന്ന് കേന്ദ്ര മന്ത്രി

 

ന്യൂഡല്‍ഹി: 2000 രൂപയുടെ നോട്ട് പിന്‍വലിക്കുന്നതിനെ കുറിച്ച് അറിയില്ലെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി സന്തോഷ് കുമാര്‍ ഗാന്‍വാര്‍. 2000 രൂപയുടെ നോട്ട് പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ക്കിടയാണ് ധനകാര്യ സഹമന്ത്രിയുടെ പ്രതികരണം.
2000 രൂപയുടെ നോട്ട് പിന്‍വലിക്കുന്നതിനെ കുറിച്ച് വാര്‍ത്തകളൊന്നുമില്ല. 200 രൂപയുടെ നോട്ട് വൈകാതെ പുറത്തിറക്കുമെന്നും മന്ത്രി അറിയിച്ചു. 2000 രൂപ നോട്ടുകള്‍ അച്ചടിക്കുന്നതില്‍ കുറവു വന്നിട്ടുള്ള വിഷയം പ്രത്യേകം പരിശോധിക്കേണ്ടതാണ്. ഇക്കാര്യത്തില്‍ ആര്‍.ബി.ഐ ആണ് കൂടുതല്‍ വിശദീകരണം നല്‍കേണ്ടതെന്നും സന്തോഷ്‌കുമാര്‍ പറഞ്ഞു.
2000 രൂപ നോട്ട് അച്ചടി നിര്‍ത്തിയത് സംബന്ധിച്ച പ്രതിപക്ഷം രാജ്യസഭയില്‍ വിശദീകരണം ആവശ്യപ്പെട്ടെങ്കിലും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി മറുപടി നല്‍കാതെ ഒഴിഞ്ഞുമാറുകയായിരുന്നു. അഞ്ച് മാസം മുമ്പ് തന്നെ 2000 രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്തിയെന്നും ഇത് പിന്‍വലിക്കാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു നേരത്തെയുള്ള വാര്‍ത്തകള്‍.

ജെഫ് ബെസോസ് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍

 

വാഷിംഗ്ടണ്‍: ആമസോണ്‍ സി.ഇ.ഒ ജെഫ് ബെസോസ് ലോകത്തിലെ സമ്പന്നരില്‍ ഒന്നാം സ്ഥാനത്ത്. മൈക്രോസ്ഥാപകന്‍ ബില്‍ഗേറ്റ്‌സിനെ മറികടന്നാണ് ബസോസ് ഈ നേട്ടം കൈവരിച്ചത്. ആമസോണിന്റെ ഓഹരികളുടെ വിലയില്‍ 2.5 ശതമാനത്തിന്റെ വര്‍ധനയുണ്ടായതാണ് ഈ നേട്ടത്തിനാധാരം. ഫോബ്‌സ് മാസികയാണ് ഇതുസംബന്ധിച്ച പുതിയ കണക്കുകള്‍ പുറത്ത് വിട്ടത്.
ഈ വര്‍ഷത്തില്‍ ആമസോണിലെ വില്‍പ്പന 23 ശതമാനം വര്‍ധിപ്പിച്ചിരുന്നു. വില്‍പ്പന സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 16 ശതമാനത്തില്‍ നിന്ന് 24 ശതമാനമായി വര്‍ധിച്ചത്. 53കാരനായ ബെസോസിന് ആമസോണില്‍ 17 ശതമാനം ഓഹരികളാണ് നിലവിലുള്ളത്. 500 ബില്യണ്‍ ഡോളറില്‍ കൂടുതലാണ് ഇവയുടെ ഇപ്പോഴത്തെ മൂല്യം.