Month: November 2017

നടി അനു ഇമ്മാനുവലിന്റെ ഗ്ലാമര്‍ രംഗങ്ങള്‍ വൈറലാവുന്നു

അളക ഖാനം
അതീവ ഗ്ലാമറസായി നടി അനു ഇമ്മാനുവല്‍. ഒരു തെലുങ്കു ചിത്രത്തിന്റെ ട്രെയിലറിലാണ് താരത്തിന്റെ ഗ്ലാമര്‍ പ്രദര്‍ശനം. ജ്യോതി കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗോപി ചന്ദാണ് നായകന്‍. റാഷി ഖന്ന, ജഗപതി ബാബു തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തില്‍ ഗോപിചന്ദു മൊത്തുള്ള ലിപ് ലോക്ക് രംഗം ഷൂട്ടിംഗ് സമയത്തു തന്നെ വൈറലായി മാറിയിരുന്നു. ആക്ഷന് പ്രാധാന്യം നല്‍കുന്ന ചിത്രത്തിന്റെ ടീസറുകളും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.
ബാലതാരമായി മലയാളത്തില്‍ അരങ്ങേറിയ അനു നാനി നായകനായി എത്തിയ മജ്‌നുവിലൂടെയാണ് തെലുങ്കില്‍ ഹരിശ്രീ കുറിച്ചത്. മജ്‌നുവിലും ലിപ് ലോക്ക് ചുംബന രംഗം ഉണ്ടായിരുന്നു. തെലുങ്കില്‍ വളരെയേറെ ഗ്ലാമറായാണ് താരം പ്രത്യക്ഷപ്പെടുന്നത്. വിശാല്‍ നായകനായ തുപ്പരിവാളനിലും അനുവായിരുന്നു നായിക.

 

സാമ്പത്തിക പ്രസിസന്ധി രൂക്ഷം

ഗായത്രി
കൊച്ചി: സംസ്ഥാനത്തു സാമ്പത്തികപ്രതിസന്ധി രൂക്ഷം. അടുത്തമാസത്തെ ശമ്പളവും പെന്‍ഷനും നല്‍കാന്‍ പണമില്ലാതായതോടെ ട്രഷറി നിയന്ത്രണം കര്‍ശനമാക്കി. ജീവനക്കാരുടെ ശമ്പളത്തില്‍നിന്നു പിടിച്ച പ്രോവിഡന്റ് ഫണ്ട് പോലും നല്‍കേണ്ടതില്ലെന്നു ധനവകുപ്പിന്റെ നിര്‍ദേശം.
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള ബില്ലുകള്‍ ഇന്നു സമര്‍പ്പിക്കണമെന്നിരിക്കേ, അതു കൈകാര്യം ചെയ്യുന്ന സ്പാര്‍ക് സോഫ്റ്റ്‌വേറിന്റെ പ്രവര്‍ത്തനവും മന്ദഗതിയിലായി. ക്രിസ്മസിന് ഇക്കുറിയും മുന്‍കൂര്‍ശമ്പളം ഉണ്ടാവില്ലെന്നാണു ധനവകുപ്പ് നല്‍കുന്ന സൂചന. സാമ്പത്തികപ്രതിസന്ധി രൂക്ഷമായതോടെ പദ്ധതി ഫണ്ടു കള്‍ക്കു നേരത്തേ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. നിലവില്‍ അതു നിക്ഷേപം പിന്‍വലിക്കുന്നതിന് ഉള്‍പ്പെടെ ബാധകമാക്കി. ജീവനക്കാരുടെ പി.എഫ്, സറണ്ടര്‍ വിഹിതങ്ങളൊന്നും തല്‍ കാലം നല്‍കേണ്ടതില്ലെന്നാണു ട്രഷറികള്‍ക്കു ധനവകുപ്പ് ഇന്നലെ നല്‍കിയ നിര്‍ദേശം. ഇതോടെ ഇടപാടുകാര്‍ നിരാശരായി മടങ്ങി. ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ ഒരു ബില്ലും പാസാക്കേണ്ടെന്നും നിക്ഷേപം പരമാവധി സ്വീകരിക്കാനുമാണു നിര്‍ദേശം.
ഈവര്‍ഷമെങ്കിലും ക്രിസ്മസിനു മുന്‍കൂര്‍ശമ്പളം പുനരാരംഭിക്കണമെന്ന ധനമന്ത്രിയുടെ ആഗ്രഹം അസ്ഥാനത്താകും. രണ്ടുമാസത്തെ ശമ്പളത്തിനും പെന്‍ഷനും മറ്റു ക്ഷേമ പെന്‍ഷനുകള്‍ക്കുമായി 8,500 കോടി രൂപ വേണ്ടിവരും. വിപണിയില്‍നിന്നു പരമാവധി വായ്പ എടുത്തുകഴിഞ്ഞു.
കഴിഞ്ഞ ഓണക്കാലത്തുമാത്രം 8,500 കോടി രൂപയാണു വായ്പയെടുത്തത്. ആകെ 21,227.95 കോടി രൂപയാണു (കടപ്പത്രം ഉള്‍പ്പെടെ) വായ്പയെടുക്കാന്‍ അനുമതി. അതില്‍ 14,400 കോടി എടുത്തുകഴിഞ്ഞു. അടുത്തമാസം വായ്പയെടുക്കാന്‍ പരിമിതിയുള്ള സാഹചര്യത്തില്‍ മറ്റ് ഇടപാടുകള്‍ക്ക് കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തും. ഈമാസത്തെ ശമ്പളത്തിനു മാത്രം 5,500 കോടി രൂപ വേണം.
അതിനുള്ള എല്ലാ മാര്‍ഗവും അടഞ്ഞനിലയിലാണു സര്‍ക്കാര്‍. കെ.എസ്.എഫ്.ഇയില്‍നിന്ന് എടുത്ത പണം ചെലവായി. മറ്റു പൊതുമേഖലാസ്ഥാപനങ്ങളില്‍നിന്നു വായ്പക്കു ശ്രമിക്കുന്നുണ്ട്. റിസര്‍വ് ബാങ്ക് നിയന്ത്രണമുള്ളതിനാല്‍ സഹകരണ ബാങ്കുകളില്‍നിന്നു വായ്പയെടുക്കാനാവില്ല. ബിവറേജസ് കോര്‍പറേഷനില്‍ മാത്രമാണ് ആകെയുള്ള പ്രതീക്ഷ.
ജി.എസ്.ടി. വന്നതോടെ നികുതി വരുമാനത്തിലുണ്ടായ ഇടിവാണു സര്‍ക്കാരിനെ കടുത്ത പ്രതിസന്ധിയിലാക്കിയത്. സര്‍ക്കാരിന്റെ അനാവശ്യച്ചെലവുകളും അധികരിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

ജീവന്‍ രക്ഷാമരുന്നുകളില്‍ വ്യാജന്‍ സുലഭം

രാംനാഥ് ചാവ്‌ല
ജനീവ: ലോകരാജ്യങ്ങള്‍ മാരക രോഗങ്ങളുടെ പിടിയിലമരുമ്പോള്‍ ഞട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന. ലഭ്യമാകുന്ന ജീവന്‍രക്ഷാ മരുന്നുകളിലും മറ്റ് മരുന്നുകളിലും പത്തിലൊന്നും വ്യാജമാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തല്‍. ഇത് രോഗങ്ങള്‍ക്കുള്ള ചികിത്സ അസാധ്യമാക്കുന്നുവെന്ന് മാത്രമല്ല ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.ലോകാരോഗ്യ സംഘടനാ ഡയറക്ടര്‍ ജനറല്‍ അദ്‌നോം ഗബ്രിയീസസ് ആണ് ഈ വിവരം വ്യക്തമാക്കിയത്.
2013മുതല്‍ ലോകാരോഗ്യ സംഘടന നടത്തി വന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ആന്റിബയോട്ടിക്കുകളടക്കം ഒരു വര്‍ഷം 1,500ലേറെ വ്യാജമരുന്നുകള്‍ ലോകരാജ്യങ്ങളില്‍ നിര്‍മ്മിക്കപ്പെടുന്നുണ്ടെന്നായിരുന്നു അന്നത്തെ കണക്ക്. ആകെ 42ശതമാനം മരുന്നുകള്‍ ഇത്തരത്തില്‍ നിര്‍മ്മിക്കപ്പെടുമ്പോള്‍ ഇതില്‍ 21 ശതമാനവും ആഫ്രിക്കന്‍ മേഖലയില്‍ നിന്നാണെന്നും റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.

കൊച്ചിയില്‍ ഫാര്‍മ പാര്‍ക്ക് സ്ഥാപിക്കും

ഗായത്രി
കൊച്ചി: പ്രതിവര്‍ഷം 1000 കോടിയുടെ മരുന്ന് ഉല്‍പാദനം ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പ് കൊച്ചിയില്‍ ഫാര്‍മ പാര്‍ക്ക് സ്ഥാപിക്കുന്നു. അമ്പലമുകളില്‍ ഫാക്ടിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിര്‍ദിഷ്ട പെട്രോകെമിക്കല്‍ പാര്‍ക്കിനോട് ചേര്‍ന്ന് ഫാര്‍മ പാര്‍ക്ക് യാഥാര്‍ഥ്യമാകുന്നതോടെ അവശ്യ മരുന്ന് വില ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷ.
സംസ്ഥാനത്ത് പ്രതിവര്‍ഷം 6000, 8000 കോടിയുടെ മരുന്ന് വില്‍ക്കുന്നുണ്ടെന്നാണ് കണക്ക്. എന്നാല്‍, പൊതുമേഖലയിലുള്ള ഏക മരുന്ന് നിര്‍മാണ കമ്പനിയായ കേരള സ്‌റ്റേറ്റ് ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സില്‍ പ്രതിവര്‍ഷം 40 കോടിയോളം രൂപയുടെ മരുന്നേ നിര്‍മിക്കുന്നുള്ളൂ. ബഹുരാഷ്ട്ര കമ്പനികള്‍ നിര്‍മിച്ച് വിപണിയിലെത്തിക്കുന്ന ഭൂരിഭാഗം മരുന്നുകള്‍ക്കും അമിത വില നല്‍കേണ്ടിവരുന്നു. തദ്ദേശീയമായി ഉല്‍പാദിപ്പിച്ചാല്‍ ഗുണമേന്മയുള്ള മരുന്ന് കുറഞ്ഞവിലക്ക് ലഭ്യമാക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ.
മരുന്ന് നിര്‍മാണത്തിന് നാലു ഫാക്ടറികളാകും പാര്‍ക്കിലുണ്ടാവുക. കിഫ്ബിയില്‍നിന്നാണ് പദ്ധതിക്ക് ഫണ്ട് ലഭ്യമാക്കുന്നത്. കേരള ജനറിക് എന്ന പേരിലാകും വിപണിയിലിറക്കുക. ഇതോടൊപ്പം പ്രതിവര്‍ഷം 150 കോടിയുടെ മരുന്ന് ഉല്‍പാദിപ്പിക്കാവുന്ന വിധം കെ.എസ്.ഡി.പിയുടെ ശേഷി ഉയര്‍ത്താനും പദ്ധതിയുണ്ട്. പെട്രോകെമിക്കല്‍ ഉപോല്‍പന്നങ്ങള്‍ മരുന്ന് നിര്‍മാണത്തിന് ഉപയോഗിക്കാനുള്ള സൗകര്യം കണക്കിലെടുത്താണ് പെട്രോകെമിക്കല്‍ പാര്‍ക്കിന് സമീപത്തെ സ്ഥലം തെരഞ്ഞെടുത്തത്. ഫാക്ടില്‍നിന്ന് ഏറ്റെടുക്കുന്ന 600 ഏക്കറില്‍ 450 ഏക്കറില്‍ പെട്രോകെമിക്കല്‍ പാര്‍ക്കും 150 ഏക്കറില്‍ ഫാര്‍മ പാര്‍ക്കും സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്.

സാമ്പത്തിക വികസനത്തിന് ഇന്ത്യയും യുഎസും ഒരുമിച്ച് നില്‍ക്കണം: ഇവാന്‍ക ട്രംപ്

വിഷ്ണു പ്രതാപ്
ഹൈദരാബാദ്: ലോകത്തെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളായ ഇന്ത്യക്കും യു.എസിനും ഒരുമിച്ച് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാവുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകളും പ്രസിഡന്റിന്റെ ഉപദേശകയുമായ ഇവാങ്ക ട്രംപ് സാമ്പത്തിക വികസനത്തിനും, തീവ്രവാദത്തിനെതിരെ പോരാടാനും സുരക്ഷ സഹകരണം വര്‍ധിപ്പിക്കാനും ഇരുരാജ്യങ്ങള്‍ക്കും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കും. ഇന്ത്യ സന്ദര്‍ശിക്കുന്നതില്‍ താന്‍ എറെ ആവേശത്തിലാണെന്നും ഇവിടത്തെ വ്യത്യസ്ത സംസ്‌കാരങ്ങള്‍ തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും ഇവാന്‍ക പറഞ്ഞു.
ഇവാന്‍കക്ക് ഹൈദരാബാദിലെ ഫലാക്‌നുമ കൊട്ടാരത്തില്‍ പ്രധാനമന്ത്രി അത്താഴ വിരുന്ന് ഒരുക്കുന്നുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഭക്ഷണ മുറിയെന്ന വിശേഷണമുള്ള ഫലക്‌നുമ കൊട്ടാരത്തിലെ നൈസാമിന്റെ ഭക്ഷണമുറിയിലാണ് അത്താഴ വിരുന്ന്. പ്രസിദ്ധമായ ഹൈദരാബാദ് ബിരിയാണി ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധയിടങ്ങളിലെ വ്യത്യസ്ഥമായ ഭക്ഷണവിഭവങ്ങള്‍ ഇവിടെ ഒരുക്കും.
ഹൈദരാബാദില്‍ നടക്കുന്ന ആഗോള സംരംഭക ഉച്ചകോടിയില്‍ പങ്കെടുക്കാനായാണ് അവര്‍ ഇന്ത്യയിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് ഇവാങ്ക ഇന്ത്യയിലെത്തിയിരിക്കുന്നത്. ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി യുഎസില്‍ നിന്നെത്തുന്ന പ്രതിനിധികളുടെ സംഘത്തെ നയിക്കുന്നത് ഇവാങ്ക ട്രംപാണ്. മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയാണ് ജിഇഎസ് ആരംഭിച്ചത്. ഇതാദ്യമായാണ് ജിഇഎസ് ഇന്ത്യയില്‍ നടക്കുന്നത്. നീതി ആയോഗാണ് പരിപാടിയുടെ സംഘാടകര്‍.

കെട്ടിട നികുതി നല്‍കുന്നവരില്‍നിന്ന് ഇനി ഫയര്‍ ടാക്‌സും പിരിക്കും

ഗായത്രി
തിരു: ഫയര്‍ സര്‍വീസിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് കെട്ടിട നികുതി നല്‍കുന്നവരില്‍നിന്ന് ഫയര്‍ ടാക്‌സ് പിരിക്കാന്‍ നിര്‍ദേശം. പുതിയ കേരള ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വിസസ് ബില്ലിലാണ് അഗ്‌നിശമന സേനയുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ളവരില്‍നിന്ന് കെട്ടിടനികുതിയുടെ മൂന്നുശതമാനത്തില്‍ കുറയാത്ത തുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തീ നികുതിയായി പിരിക്കണമെന്ന നിര്‍ദേശമുള്ളത്. നിലവില്‍ കെട്ടിടനിര്‍മാണത്തിന് അഗ്‌നിശമനസേന വകുപ്പിന്റെ എന്‍.ഒ.സി ആവശ്യമില്ലാത്തവക്ക് നികുതി നല്‍കേണ്ടതില്ല. ഇതുസംബന്ധിച്ച കരട് ബില്ല് അഗ്‌നിശമനസേന മേധാവി ടോമിന്‍ ജെ. തച്ചങ്കരി ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി സുബ്രതോ വിശ്വാസിന് കൈമാറി. നിയമവകുപ്പിന്റെ അംഗീകാരത്തോടുകൂടി ജനുവരിയില്‍ ബില്ല് നിയമസഭയില്‍ അവതരിപ്പിക്കുമെന്നാണ് സൂചന.
തീപിടിത്തമുണ്ടായാല്‍ സേനയുടെ പ്രവര്‍ത്തനങ്ങളെല്ലാം സൗജന്യമായിരിക്കും. സ്വകാര്യ വ്യക്തിയുടെ അധീനതയിലുള്ള വെള്ളം, വാഹനം തുടങ്ങിയവ തീപിടിത്തമുണ്ടായാല്‍ അഗ്‌നിശമന സേനക്ക് ഉപയോഗിക്കാം. ജല അതോറിറ്റിയും കോര്‍പറേഷനും ഇവ സൗജന്യമായി നല്‍കാനും നിയമം മൂലം വ്യവസ്ഥ ചെയ്യും. ഫയര്‍ സേഫ്റ്റി ക്ലിയറന്‍സ് രണ്ടുവര്‍ഷമാക്കി മാറ്റിയിട്ടുണ്ട്. 100 മുറിയില്‍ കൂടുതലുള്ള ഹോട്ടലുകള്‍, 1000 പേരില്‍ കൂടുതല്‍ ഇരിക്കാന്‍ കഴിയുന്ന സിനിമ തിയറ്ററുകള്‍, 50 മീറ്ററിലേറെ ഉയരമുള്ള കെട്ടിടങ്ങള്‍ തുടങ്ങിയവക്ക് ഒരു അഗ്‌നി ശമന ഉദ്യോഗസ്ഥനെ സ്ഥിരമായി കെട്ടിട ഉടമതന്നെ നിയോഗിക്കണം. തീ തടയല്‍ സംഘം രൂപവത്കരിക്കണമെന്ന ശുപാര്‍ശയും ബില്ലിലുണ്ട്. കെട്ടിടങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അഗ്‌നിശമനസേനയില്‍നിന്നുള്ള ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വൈകുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് തീ തടയല്‍ സംഘം വേണമെന്ന ആവശ്യം മുന്നോട്ടുവെച്ചിരിക്കുന്നത്. തീപിടുത്തമോ ദുരന്തമോ ഉണ്ടായെന്ന വ്യാജസന്ദേശം നല്‍കുന്നവര്‍ക്കെതിരെ മൂന്നുമാസം തടവും 10,000 രൂപ പിഴയും ബില്‍ നിര്‍ദേശിക്കുന്നു.

ആപ്പിളിനെ സ്വാഗതം ചെയ്ത് കേന്ദ്രം

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: ടെക് ഭീമനായ ആപ്പിളിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയില്‍ നിര്‍മാണശാല സ്ഥാപിക്കുന്നതിന് എല്ലാവിധ സൗകര്യങ്ങളും ചെയ്യുമെന്ന് വ്യവസായ വകുപ്പ് മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. ഇതുസംബന്ധിച്ച അപേക്ഷ ആപ്പിള്‍ നല്‍കിയാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നല്ലൊരു അപേക്ഷ ആപ്പിളില്‍ നിന്ന് ലഭിച്ച് അവരെ സ്വീകരിക്കുന്നതില്‍ തടസമില്ല. ആപ്പിള്‍ ലോകത്തിലെ പ്രമുഖ ബ്രാന്‍ഡുകളിലൊന്നാണ്. കമ്പനി എന്തെങ്കിലും പ്രശ്‌നങ്ങള്‍ നേരിടുന്നെങ്കില്‍ അത് പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാണെന്നും സുരേഷ് പ്രഭു പറഞ്ഞു.
നേരത്തെ ഇന്ത്യയില്‍ നിര്‍മാണശാല ആരംഭിക്കുന്നത് ആപ്പിള്‍ കേന്ദ്രസര്‍ക്കാറിന്റെ അനുമതി തേടിയിരുന്നു. നിര്‍മാണശാല സ്ഥാപിക്കുന്നതിനായി നിലവിലെ നിയമങ്ങളില്‍ ആപ്പിള്‍ ഇളവ് തേടിയിരുന്നു. എന്നാല്‍, ഇത് നല്‍കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചതോടെ പദ്ധതി അനിശ്ചിതമായി നീളുകയായിരുന്നു.

 

വെളിച്ചെണ്ണ വില കുതിക്കുന്നു

ഗായത്രി
കോട്ടയം: വെളിച്ചെണ്ണ വില റെക്കാഡും തകര്‍ത്ത് മുന്നേറുന്നു. പച്ചത്തേങ്ങാ ക്ഷാമം മൂലം മാസങ്ങളായി വെളിച്ചെണ്ണ വില കുതിച്ചുയരുകയാണ്. ചില്ലറ വിപണിയില്‍ ലിറ്ററിനു വില 200 രൂപ കടന്നു. ബ്രാന്‍ഡഡ് വെളിച്ചെണ്ണയ്ക്ക് 250 രൂപവരെ കൊടുക്കണം.
ഇതേസമയം, സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ ഒരു പായ്ക്കറ്റ് ശബരി വെളിച്ചെണ്ണക്ക് 90 രൂപ മാത്രമാണ് വില. എന്നാല്‍, ആവശ്യത്തിന് ശബരി വെളിച്ചെണ്ണ സപ്ലൈകോയില്‍ എത്തിച്ച്, പൊതുവിപണി വില പിടിച്ചു നിറുത്താന്‍ സര്‍ക്കാരിന് കഴിയുന്നില്ല. മാസാവനമായിട്ടും മിക്ക ഔട്ട്‌ലൈറ്റുകളിലും ശബരി വെളിച്ചെണ്ണ എത്തിയിട്ടില്ല. ലഭിക്കുന്ന ശബരി വെളിച്ചെണ്ണ ജീവനക്കാര്‍ തിരിമറി നടത്തി മറിച്ചുവില്ക്കുന്നുവെന്ന ആക്ഷേപവുമുണ്ട്. സബ്‌സിഡി സാധനങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കളുടെ റേഷന്‍ കാര്‍ഡ് നമ്പര്‍ സപ്ലൈകോ ഔട്ട്‌ലെറ്റുകളിലെ കമ്പ്യൂട്ടറിലുണ്ട്. ഇത് എടുത്ത് വെളിച്ചെണ്ണ വിതരണം ചെയ്തതായി കണക്കില്‍ കാണിച്ച് പൊതു വിപണിയില്‍ മറിച്ചു വില്‍ക്കുകയാണെന്നാണ് പരാതി.
കഴിഞ്ഞ ഏതാനും നാളുകളായി കൊച്ചിയില്‍ വെളിച്ചെണ്ണ വില ക്വിന്റലിന് 19,000 രൂപയാണ്. കഴിഞ്ഞവര്‍ഷത്തെ ശരാശരി വിലയായ 13,000 14,000 രൂപ നിരക്കില്‍ നിന്നാണ് ഈ കുതിപ്പ്.

51 ഇനം ഔഷധങ്ങളുടെ വില കുറച്ചു

വിഷ്ണു പ്രതാപ്
മുംബൈ: 51 ഇനം ഔഷധങ്ങളുടെ വില വെട്ടിക്കുറച്ചു. ക്ഷയം, പ്രമേഹം, ജാപ്പനീസ് എന്‍സഫലൈറ്റിസ്, മീസില്‍സ്‌റൂബെല്ല, കോളോണ്‍ കാന്‍സര്‍ എന്നീ രോഗങ്ങള്‍ക്കുള്ള ഔഷധങ്ങളുടെ വിലയാണ് വെട്ടിക്കുറച്ചത്. ആറു മുതല്‍ 53 വരെ ശതമാനമാണു വിലക്കുറവ്. നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അഥോറിറ്റി ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു.
വന്‍കുടലിലും മലദ്വാരത്തിലുമുണ്ടാകുന്ന കാന്‍സറിനുള്ള ഓക്‌സാലിപ്ലാറ്റിന്‍, അനസ്തീഷ്യയില്‍ ഉപയോഗിക്കുന്ന സെവോഫ്‌ലൂറേന്‍, വിറ്റാമിന്‍ കെ വണ്‍, മോര്‍ഫീന്‍, ക്ലോറോകിന്‍ തുടങ്ങിയവ വിലനിയന്ത്രണം വന്നവയില്‍ പെടുന്നു.
മീസില്‍സ്‌റൂബെല്ല വാക്‌സിന്‍, ക്ഷയത്തിനുള്ള ബിസിജി വാക്‌സിന്‍, ജാപ്പനീസ് എന്‍സെഫലൈറ്റിസിനുള്ള വാക്‌സിന്‍ എന്നിവ്ക്കും വിലകുറച്ചു. ഗ്ലൂക്കോസ്, കാത്സ്യം ഗ്ലൂക്കോണേറ്റ്, പൊട്ടാസ്യം പെര്‍മാംഗനേറ്റ്, നേത്രരോഗങ്ങള്‍ക്കുള്ള പൈലോകാര്‍പിന്‍, പ്രമേഹരോഗികള്‍ക്കുള്ള വാഗ്‌ലിബോസ്‌മെറ്റ്‌ഫോര്‍മിന്‍ഗ്ലിമെ്രെപഡ് സംയുക്തങ്ങള്‍, ഡൈക്ലോഫെനാക്, ഹൃദ്രോഗികള്‍ക്കുവേണ്ട ഡൈജോക്‌സിന്‍, ബാക്ടീരിയാബാധയ്‌ക്കെതിരായ സെഫ്ട്രിയാക്‌സോണ്‍ തുടങ്ങിയവയും വിലനിയന്ത്രണ പട്ടികയില്‍ വന്നു.ഈ പട്ടികയില്‍ വരുന്ന ഔഷധങ്ങള്‍ക്കു പ്രതിവര്‍ഷം 10 ശതമാനം വിലവര്‍ധനയേ അനുവദിക്കൂ.

പൈനാപ്പിളിന് വിലയിടിയുന്നു

ഗായത്രി
കൊച്ചി: ഉല്‍പ്പാദനത്തിലുണ്ടായ വര്‍ധന മൂലം പൈനാപ്പിളിന് വിലയിടിഞ്ഞു. ഒരാഴ്ച മുമ്പുവരെ പഴം പൈനാപ്പിളിനു കിലോക്ക് 2224ഉം പച്ചക്ക് 23,25 രൂപ വരെയുമായിരുന്നു വില. എന്നാല്‍, പച്ചക്ക് 1516ഉം പഴത്തിന് 1415 ഉം ആയിരുന്നു ഇന്നലത്തെ വില.
ഒരാഴ്ചക്കുളളില്‍ ഏഴു മുതല്‍ പത്തു രൂപയുടെ വരെ കുറവാണുണ്ടായിരിക്കുന്നത്. കടുത്ത വേനലില്‍ തോട്ടങ്ങളില്‍ ഉണക്ക് ബാധിക്കുന്നതിനു മുമ്പ് വിളവെടുക്കാനുള്ള കര്‍ഷകരുടെ ശ്രമമാണ് വിപണിയിലേക്ക് പൈനാപ്പിള്‍ കൂടുതലായി എത്താന്‍ കാരണം. ഇത്തവണ കാലവര്‍ഷം നന്നായി ലഭിച്ചതും ഉല്‍പ്പാദനം വര്‍ധിക്കാന്‍ കാരണമായി. വിപണിയിലേക്ക് പൈനാപ്പിള്‍ കൂടുതലായി എത്തിയതോടെ സ്വാഭാവികമായി വിലയിടിയുകയായിരുന്നു.
എന്നാല്‍, ചില്ലറവില കിലോക്ക് 3035 നിരക്കിലാണ്. നവംബര്‍ മുതല്‍ ജനുവരി വരെയാണ് ഏറ്റവും കൂടുതല്‍ ഉല്‍പ്പാദനം നടക്കുന്നത്. ഇക്കാലയളവില്‍ സാധാരണയായി വില കുറയാറുണ്ടെന്ന് വ്യാപാരികള്‍ പറഞ്ഞു. ഇതിനു പുറമെ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ തണുപ്പ് ആരംഭിച്ചതും വിലയെ ബാധിച്ചിട്ടുണ്ട്.
സാമ്പത്തികമേഖലയിലെ നിയന്ത്രണങ്ങള്‍ ഡല്‍ഹിയുള്‍പ്പെടെയുള്ള നഗരങ്ങളില്‍ പൈനാപ്പിള്‍ വിപണിയേയും സാരമായി ബാധിച്ചുവെന്ന് വ്യാപാരികള്‍ പറഞ്ഞു. രാജ്യത്തെതന്നെ പ്രധാന പൈനാപ്പിള്‍ മാര്‍ക്കറ്റായ വാഴക്കുളത്തുനിന്ന് ഏറ്റവും കൂടുതല്‍ ലോഡ് കയറ്റിപ്പോകുന്നത് മുംബൈ മാര്‍ക്കറ്റിലേക്കാണ്. മുംബൈ മാര്‍ക്കറ്റില്‍ വിലയിലുണ്ടാകുന്ന വ്യത്യാസം ഉടന്‍ വാഴക്കുളം മാര്‍ക്കറ്റിലും പ്രതിഫലിക്കും.